UPDATES

പൂവിളി

കാവ്യാ മാധവനും മഞ്ജു വാര്യരും മാങ്ങാട് രത്നാകരന്റെ യാത്രയില്‍

Avatar

നീലേശ്വരം മലയാള സിനിമയിലെ കാവ്യവസന്തമായ കാവ്യാ മാധവന്റെ നീലേശ്വരം കൂടിയാണ്. കാവ്യ കുട്ടിക്കാലം തൊട്ട് നിറഞ്ഞുനിന്ന ഇടം. കാവ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസമെങ്കിലും മനസ്സുകൊണ്ട് നീലേശ്വരത്താണ്. കാവ്യവളര്‍ന്ന നീലേശ്വരത്തെ വീട്ടിലേക്കു പോയി. ആ വീട് ഉറങ്ങിക്കിടക്കുന്നു. കാവ്യയുടെ ആദ്യകാലത്തെ ഫോട്ടോഗ്രാഫര്‍ കൂടിയായ സെല്‍വരാജ് കയ്യൂരിനെ കാണാന്‍ നീലേശ്വരത്തെ രാഗം സ്റ്റുഡിയോയില്‍ ചെന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാനായിരുന്നു സെല്‍വരാജ്. കയ്യൂര്‍ സമരനായകനും കൊലമരത്തില്‍ നിന്നും ഇറങ്ങിവന്ന വിപ്ലവകാരിയുമായ ചൂരിക്കാടന്‍ കൃഷ്ണന്‍നായരുടെ മകനാണ് സെല്‍വരാജ്. സെല്‍വരാജിന്റെ ജ്യേഷ്ഠന്‍ സുരേന്ദ്രന്‍ നീലേശ്വരം ഏഷ്യാനെറ്റിന്റെ തുടക്കം മുതല്‍ റിപ്പോര്‍ട്ടറായിരുന്നു. വാര്‍ത്താശേഖരണത്തിനിടെ 2002 ഡിസംബര്‍ 3 ന് നീലേശ്വരത്ത് വച്ച് സുരേന്ദ്രന്‍ ഒരപകടത്തില്‍ മരിച്ചു. ഈ യാത്രികന്റെ ഉറ്റ സുഹൃത്തായിരുന്നു സുരേന്ദ്രന്‍. താങ്ങാനാവാത്ത വേര്‍പാട്. കാവ്യാമാധവന്റെ ആദ്യകാല ഫോട്ടോകളെടുത്തത് ശെല്‍വരാജാണ്. കാവ്യ പൂക്കളമിടുന്നതും കലാതിലകപ്പട്ടം അണിഞ്ഞതുമെല്ലാം ശെല്‍വന്‍ പകര്‍ത്തി. ആനുകാലികങ്ങളുടെ മുഖച്ചട്ടയിലും ശെല്‍വന്‍ ക്യാമറകൊണ്ടെഴുതിയ കാവ്യങ്ങള്‍ ഇടംപിടിച്ചു.

സെല്‍വരാജ് കയ്യൂര്‍: വളരെ ചെറുപ്പത്തില്‍, നേഴ്‌സറി മുതല്‍ ഞാന്‍ കാവ്യയുടെ പടങ്ങളെടുത്തു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍… ഭയങ്കര ആവേശമായിരുന്നു അവള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍. അതിനിടയ്ക്ക് രണ്ടുമൂന്നു ചെറിയ ചെറിയ ചാന്‍സുകള്‍ കിട്ടി. ഞാന്‍ കേരള കൗമുദിയില്‍ ഫോട്ടോഗ്രാഫറായി വര്‍ക്ക് ചെയ്യുമ്പോള്‍ വെള്ളിനക്ഷത്രത്തിന്റെ ചുമതലയുള്ള പിറവന്തൂര്‍ സാര്‍ എന്നോട് പറഞ്ഞു, സെല്‍വാ… കാവ്യ കുറച്ചു ഭാവിയുള്ള കുട്ടിയാണ് നീ കുറച്ച് പടങ്ങളെടുത്തുതരണം. അപ്പോള്‍ അവര്‍ ഇവിടെത്തന്നെയുണ്ട്. അപ്പോള്‍ ഞാന്‍ അറുപത് കിലോമീറ്റര്‍ അപ്പുറത്തുള്ള കാക്കടവില്‍ ഇവരെ കൊണ്ടുപോയിട്ട് കുറേ മോഡേണ്‍ ഫോട്ടോയെടുത്തു. വെള്ളിനക്ഷത്രത്തിന്റെ പിന്നത്തെ ലക്കത്തില്‍ അത് കവര്‍ ഫോട്ടോയായിട്ട് വന്നു. അതായത് കാവ്യയുടെ ജീവിതത്തിലെ ആദ്യത്തെ കവര്‍ഫോട്ടോ അതായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാവ്യാ മാധവന്‍: ആദ്യമായിട്ട് പത്രത്തില് എന്റെ ഫോട്ടോ വരുന്നത് രണ്ടുവയസ്സുള്ളപ്പഴാണ്. ഒരു മുണ്ടുടുപ്പിച്ചിട്ട്, എന്റെ വീട്ടിനടുത്തുള്ള കുക്കുവുമുണ്ട്. വെയിലൊക്കെ അടിച്ച് കണ്ണൊക്കെ അടച്ചുപിടിച്ച ഒരു ഫോട്ടോ.. ഈ രാഗം സ്റ്റുഡിയോയ്ക്ക് എന്റെ അഭിനയജീവിതത്തില്‍ വലിയൊരു സ്ഥാനമാണുള്ളത്. സുരേന്ദ്രേട്ടനും സെല്‍വരാജേട്ടനും…..എന്റെ അച്ഛന്റെയും അമ്മേടേയും കല്യാണം എല്ലാം ഷൂട്ട് ചെയ്തത് അവരാണ്. രാഗം സ്റ്റുഡിയോയില്‍ എന്റെ ഒരു വലിയ ഫോട്ടോയുണ്ടായിരുന്നു. നീലേശ്വരം ബസ് സ്റ്റാന്‍ഡിലിറങ്ങി ആരുപോയാലും ഈ ഫോട്ടോ കാണാം. അവസാനം ആ ഫോട്ടോ നമുക്ക് തന്നു… ഞാന്‍ എറണാകുളത്ത് താമസം മാറിയതിനുശേഷം… എപ്പോള്‍ അവിടെ പോയാലും ആ ഫോട്ടോ ഞാന്‍ ചോദിക്കുമായിരുന്നു. സുരേന്ദ്രേട്ടാ എനിക്കീ ഫോട്ടോ തരുമോ എന്ന ചോദ്യത്തിന് നീ വല്യകുഞ്ഞാവുമ്പോള്‍ തരാം… എന്നായിരുന്നു മറുപടി. ഞാന്‍ നീലേശ്വരം വിട്ട് എറണാകുളത്തേക്ക് താമസം മാറുമ്പോള്‍ അവര്‍ എനിക്ക് തന്നത് ആ ഫോട്ടോയാണ്. ആ ഫോട്ടോ എറണാകുളത്ത് നേരത്തെ താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നു. സുരേന്ദ്രേട്ടന്റെ മരണം ഞെട്ടിപ്പിക്കുന്ന ഒരു കാര്യം തന്നെയായിരുന്നു. എപ്പോഴും വിഷമം തന്നെയാണ് അത് ആലോചിക്കുമ്പോള്‍… എന്റെ എത്ര ഫോട്ടോസാ എടുത്തിരിക്കുന്നതെന്നറിയാമോ. പൂരം വരുമ്പോള്‍ വിഷു വരുമ്പോള്‍ ഓണം വരുമ്പോള്‍ അച്ഛനെ വിളിച്ചിട്ട് മാധവേട്ടാ… കുഞ്ഞിനെ റെഡിയാക്കി നിര്‍ത്ത് എന്ന് പറയും.. ഞാനപ്പോള്‍ ഒരു പൂവൊക്കെ പിടിച്ചിട്ട് നിക്കും. ഞാന്‍ ആദ്യമായിട്ട് ഒരു സിനിമയ്ക്ക് വേണ്ടീട്ട് ഇന്റര്‍വ്യൂ നല്‍കുന്നത് ബോബനും മോളിയും സിനിമയാക്കിയപ്പോഴാണ്. അതിലെ മോളിയാവാനായിട്ട്… സെല്‍വരാജേട്ടനാ പറഞ്ഞത്… മാധവേട്ടാ… കുഞ്ഞിന് നിങ്ങള്‍ മേക്കപ്പൊന്നും ഇട്ടുകൊടുക്കണ്ട… കുഞ്ഞിനെ നിങ്ങള്‍ സ്‌കൂളില്‍ വിടില്ലേ… അതുപോലെ കൊണ്ടുപോണം… ഓള് സാധാരണ എങ്ങനാ… അതുപോലെ അവിടെ പോയിട്ട് പെരുമാറണം… ലിപ്സ്റ്റിക്ക് ഒന്നുമിടാതെ എന്നെ കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എല്ലാ പിള്ളേരും ലിപ്സ്റ്റിക്കും റൂഷുമൊക്കെ ഇട്ട്.. ഞാന്‍ കിടന്ന് കരയാന്‍ തുടങ്ങി…. പക്ഷേ അന്ന് എനിക്കാ സെലക്ഷന്‍ കിട്ടിയത്. ‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് അഭിനയിച്ചിട്ടാണ് എന്നെ ആള്‍ക്കാര്‍ അറിയാന്‍ തുടങ്ങിയത്.. എന്റെ മുഖം തിരിച്ചറിയാന്‍ തുടങ്ങിയത്. അന്ന് സെല്‍വരാജേട്ടന്‍ എനിക്കൊരു കത്ത് എഴുതിയിട്ടുണ്ടായിരുന്നു. എന്നെ വളര്‍ത്താന്‍ വേണ്ടീട്ട് എന്റെ കരിയറില് ഒരു ഉയര്‍ച്ചയുണ്ടാക്കാനായിട്ട് ആത്മാത്ഥമായി ശ്രമിച്ചിട്ടുള്ള ആള്‍ക്കാരാണ് സെല്‍വരാജേട്ടനും സുരേന്ദ്രേട്ടനും.  

കാവ്യമാധവനെ കാണാന്‍ കൊച്ചിയിലെ വെണ്ണലയിലുള്ള മാധവം എന്ന വീട്ടിലേക്ക് ചെന്നു. കാവ്യയുടെ അച്ഛന്‍ മാധവനും അമ്മ ശ്യാമളയും വീട്ടിലുണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ അവര്‍ മടിച്ചു. മകള്‍ മാത്രം മതി… ഞങ്ങള്‍ വേണ്ട. മാധവേട്ടന്‍ പറഞ്ഞു. കാവ്യയുടെ നീലേശ്വരത്തെ കുറിച്ചാണ് അറിയേണ്ടതെന്ന് പറഞ്ഞപ്പോള്‍ കാവ്യയുടെ മുഖം വിടര്‍ന്നു. കരിമിഴികള്‍ തിളങ്ങി.  

കാവ്യാ മാധവന്‍: ഇപ്പോള്‍ നിങ്ങള്‍ എന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ തന്നെ എനിക്കാദ്യം ഫീല്‍ ചെയ്യുന്നത് എന്റെ നീലേശ്വരമാണ്… എന്നുവച്ചാല്‍.. ചോദിക്കുന്ന ചോദ്യത്തിന് നീലേശ്വരം ഭാഷയില്‍ ഉത്തരം പറയാനാണ് എളുപ്പം വരുന്നത്. എന്റെ ഇന്റര്‍വ്യൂ കാണുന്നവര്‍ക്കെല്ലാം നീലേശ്വരം തൊടാതെയുള്ള എന്റെയൊരു വര്‍ത്തമാനം അപൂര്‍വ്വമാണ്… അത് നാടിനോടുള്ള ഒരു സ്‌നേഹവും പിന്നെ എന്റെ എല്ലാ ഓര്‍മ്മകളും എല്ലാം നീലേശ്വരത്തല്ലേ… നീലേശ്വരം രാജാറോഡില്‍ തന്നെയാണ് എന്റെ വീട്. ബസ് സ്റ്റാന്‍ഡിന്റെ നേരെ ഓപ്പോസിറ്റാണ്. എനിക്ക് ഒരുവയസ്സൊക്കെയുള്ളപ്പോഴാണ് അച്ഛനും അമ്മയും വേറെ വീടുവച്ചിട്ട് പുതുതായി താമസം മാറിയത്. അതിന് തൊട്ടടുത്തുതന്നെയാണ് ഞങ്ങളുടെ സുപ്രിയ ടെക്‌സ്റ്റൈല്‍സ്. അതിന്റെ തൊട്ടുപുറകിലാണ് എന്റെ സ്‌കൂള്‍… രാജാസ് ഹൈസ്‌കൂള്‍. എന്റെ കുട്ടിക്കാലമെന്ന് പറയുന്നത് വീട്… അച്ഛന്റെ ടെക്‌സ്റ്റൈല്‍സ്… സ്‌കൂള്‍… അപ്പോള്‍ ഇവരുടെ കണ്‍വെട്ടത്ത് തന്നെയാണ് ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും പോയതും വന്നതും… ട്യൂഷന്‍ ക്ലാസാണെങ്കിലും അതിന്റെ കുറച്ചപ്പുറത്താണ്. ഒരു പാട് ഓര്‍മ്മകളുണ്ട്… ഒന്നാം ക്ലാസില്‍ പഠിക്കുമ്പോളാണ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. അതോടുകൂടി നീലേശ്വരത്ത് എനിക്കുണ്ടായ ഒരു താരപരിവേഷം…. നമ്മുടെ നാട്ടിലന്ന് ഒരുപാട് ആള്‍ക്കാരൊന്നും സിനിമയിലൊന്നും വന്നവരുണ്ടായില്ല… അതുകൊണ്ട് ചെറിയൊരു വേഷം ചെയ്തതാണെങ്കില്‍ കൂടി അത് നമ്മുടെ നാട്ടിനെ സംബന്ധിച്ചിടത്തോളം വലിയൊരു വാര്‍ത്തയുള്ളൊരു കാര്യമായിരുന്നു. നമ്മുടെ നാട്ടിലെ ഒരു കുട്ടി സിനിമയില്‍ അഭിനയിച്ചുവെന്നത്. എന്നെ സിനിമാതാരാമായിട്ട് ആരുമങ്ങനെ ട്രീറ്റ് ചെയ്യുകയൊന്നും ചെയ്തിട്ടില്ല. വളരെ സ്‌നേഹത്തോട് കൂടീട്ട്.. എന്നെ പരിചയമില്ലാത്ത ആള്‍ക്കാര് വളരെ അപൂര്‍വ്വമായിരിക്കും നീലേശ്വരത്തെന്ന് തോന്നുന്നു… കാരണം അച്ഛനു പോലും പരിചയമില്ലാത്ത ആള്‍ക്കാരെ വരെ എനിക്ക് പരിചയമായി.     ഞാന്‍ ഒരാളെ പരിചയപ്പെടുമ്പോള്‍ അവരെ മാത്രം പരിചയപ്പെടില്ല… അവരുടെ അച്ഛനെ അമ്മയെ മുത്തച്ഛനെ മുത്തശ്ശിയെ എല്ലാവരെയും ഒന്നിച്ച് പരിചയപ്പെടും. ഞാന്‍ വഴിയില്‍ വച്ച് കാണുമ്പോഴെല്ലാം ഇവരോട് പോയി സംസാരിക്കുമ്പോള്‍ അച്ഛന്‍ അത്ഭുതപ്പെടും… ഇവള്‍ക്കെങ്ങനെ ഇവരെയെല്ലാം പരിചയം. പണ്ടുമുതലേ ഒരുപാട് സുഹൃത്തുക്കളെനിക്കുണ്ടായിരുന്നു..  നീലേശ്വരമെന്ന് പറയുമ്പോള്‍ ആ വഴികളും അമ്പലം, കാവ്, അമ്പലക്കുളം… ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷമാവും എറണാകുളത്തേക്ക് താമസം മാറിയിട്ട്. എന്നാലും നീലേശ്വരത്ത് പോയി കുറച്ചുനേരം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ അത് വല്ലാത്തൊരു ഫീല്‍ ആണ്.. മന്ദമ്പുറത്ത് കാവില്‍ കലശമാണ് പ്രധാനം… കലശത്തില്‍ കലശമുഠായി.. സ്‌കൂള് തുറക്കുന്ന സമയത്താണ് പ്രധാനമായും കലശമുണ്ടാവുക… കലശത്തിന്റെ പ്രധാനം കലശമുഠായി കഴിക്കുകയെന്നത് തന്നെ… കലശമുഠായി എന്ന് പറഞ്ഞാല്‍ പഞ്ചസാരയുടെ പാവില് ഉണ്ടാക്കുന്ന ഒരു സാധനമാണ്. എന്റെ വീട്ടില് ഞാനൊഴികെ മറ്റാരും വലിയ മധുരപ്രിയരല്ല… ഈ മധുരം കംപ്ലീറ്റ് ഞാന്‍ കഴിക്കും… അന്ന് മുഠായി വാങ്ങിക്കുകയെന്ന് പറയുന്നത് ഒരു കൊതിയാണ്. തളിയില്‍ അമ്പലത്തിലാണെങ്കിലും ഉത്സവം… പിന്നീട് നമ്മുടെ നാട്ടിലുള്ളൊരു പൂരം… പൂരമെന്ന് പറയുമ്പോള്‍ തൃശ്ശൂര്‍പൂരമാണ് എല്ലാവരുടെയും മനസ്സില്‍ വരിക… ചെറിയ പെണ്‍കുട്ടികള് ഒമ്പത് ദിവസം വ്രതമെടുത്തിട്ട്… അതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്…. ആ പത്താമത്തെ ദിവസം ഇന്ത്യന്‍ റസ്റ്റാറന്റ് ഹോട്ടലില്‍ ബിരിയാണി കഴിക്കാനുള്ള ഒരു ഓട്ടമുണ്ട്…   

   

കുട്ടിക്കാലത്ത് സിനിമ കണ്ട ഓര്‍മ്മകള്‍ കാവ്യ ഓര്‍മ്മിച്ചെടുത്തു. അന്നൊന്നും താന്‍ മലയാളത്തിലെ നിറസാന്നിദ്ധ്യമാകുമെന്ന് കാവ്യ സ്വപ്നം കണ്ടിരുന്നില്ല. 

കാവ്യാ മാധവന്‍: അച്ഛന്റെ ടെക്‌സ്റ്റൈല്‍ ഷോപ്പില് ഒരു സ്റ്റാച്യു ഉണ്ടായിരുന്നു. നല്ല ഭംഗിയുള്ള ഒരു പെണ്ണായിരുന്നു. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലുമായിരുന്നു അതിന്റെ സാരി മാറ്റുക. അമ്മയാണ് ഇത് ചെയ്യാറ്. അപ്പോള്‍ എല്ലാ വെള്ളിയാഴ്ചയും ഈ ഷോപ്പിലേക്കുള്ള യാത്ര സ്ഥിരമായിരുന്നു.. കാവില്‍ പോയി… അച്ഛന്റെ ഷോപ്പില്‍ പോയി… അന്ന് വിജയലക്ഷ്മി ടാക്കീസില്‍ ഒരു സിനിമ സ്ഥിരമായിരുന്നു. പിന്നെ ഞായറാഴ്ച സെക്കന്റ് ഷോയ്ക്ക് പോകും. വിജയലക്ഷ്മി ടാക്കീസ് നടന്നുപോകാനുള്ള ദൂരമേയുള്ളു. പിന്നെ നിത്യാനന്ദ തീയേറ്ററില്‍ ഞായറാഴ്ച ഫസ്റ്റ് ഷോ. പിന്നെ ശേഖര്‍ ടാക്കീസൊക്കെയുണ്ട്. അത് കുറച്ചുദൂരെയാണ്. ഉള്ളടക്കം ഞാന്‍ കണ്ടത് ശേഖര്‍ ടാക്കീസില്‍ നിന്നാണ്. ഉള്ളടക്കം ഭയങ്കരമായിട്ട് മനസ്സില്‍ നില്‍ക്കുന്നത് കൊണ്ട് ആ സിനിമ കണ്ട സ്ഥലവും നല്ല ഓര്‍മ്മയുണ്ട്.      

അസ്തിത്വത്തിന്റെ വീടാണ് ഭാഷയെങ്കില്‍ കാവ്യയുടെ ഭാഷ നീലേശ്വരം ഭാഷയാണ്. കാവ്യ നീലേശ്വരം ഭാഷയില്‍ സ്വയം അലിഞ്ഞു… 

കാവ്യാ മാധവന്‍: അച്ഛനും അമ്മയും ഞാനുമുള്ള സമയത്ത് അല്ലെങ്കില്‍ എന്റെ നാട്ടില്‍ നിന്ന് ആരെങ്കിലും വരുന്ന സമയത്ത് നമ്മള്‍ ആ ഭാഷയെ സംസാരിക്കൂ… വേറെ ആളുകളോട് സംസാരിക്കുമ്പോള്‍ അവര്‍ക്കത് ഫോളോ ചെയ്യാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് നമ്മളത് മാറ്റുന്നത്. സിനിമയിലുള്ളതായാലും കുറേ വര്‍ഷങ്ങളായിട്ടുള്ള എന്റെ സുഹൃത്തുക്കളുണ്ടല്ലോ… അവരോടെല്ലാം ഞാന്‍ ഓന്‍, ഓള് എന്നെല്ലാം പറഞ്ഞ് തന്നെ സംസാരിക്കും. പക്ഷേ അവര്‍ ആദ്യമൊക്കെ കളിയാക്കി ചിരിച്ചിട്ടുണ്ടായിരുന്നു. എന്ത് പറഞ്ഞ് ഏടാന്നാ… എന്നൊക്കെ പറഞ്ഞ്. പക്ഷേ ഇപ്പോഴങ്ങനത്തെ പ്രശ്‌നമൊന്നുമില്ല.. ഇപ്പോള്‍ ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും.. അവരോടൊക്കെ ഞാന്‍ എന്റെ അതേ ഭാഷയില്‍ തന്നെ സംസാരിക്കൂ… അല്ലാത്ത സ്ഥലത്ത് മാറ്റും… നല്ല ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ പെട്ടെന്ന് ഞാന്‍ നീലേശ്വരത്താണെന്ന് പറഞ്ഞാല്‍ പിന്നെ ആ നല്ല ഭാഷയെല്ലാം പോയി. പക്കാ നീലേശ്വരം ഭാഷയാവും… അത് ആ ഉള്ളില്‍ കിടക്കുന്നതുകൊണ്ടാണ്…   

കാവ്യയുടെ മാത്രമല്ല മഞ്ജുവാര്യരുടെ ആദ്യകാല ഫോട്ടോഗ്രാഫര്‍ കൂടിയാണ് സെല്‍വരാജ്. സെല്‍വരാജ് 1995 ലെടുത്ത മഞ്ജുവാര്യരുടെ ചിത്രം കഥ മാസികയുടെ മുഖച്ചിത്രമായി വന്നതോടുകൂടിയാണ് ആ പ്രതിഭയുടെ ഭാഗ്യം തെളിയുന്നത്. പിന്നീട് ഒരു ദശകകാലം മഞ്ജുവാര്യര്‍ മലയാള സിനിമയുടെ സ്വന്തമായി 

സെല്‍വരാജ്: ഞാന്‍ കേരള കൗമുദിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു സ്റ്റാഫിന്ഒരു സിനിമ കോക്കസ് ഉണ്ടായിരുന്നു. ഇയാളോടൊപ്പം സ്‌കൂട്ടറില്‍ ഞാന്‍ ടൗണിലേക്ക് പോകുകയായിരുന്നു. അപ്പോള്‍ ഇയാള്‍ പറഞ്ഞു. മഞ്ജുവാര്യരുടെ കുറച്ചു പടം തരണം എനിക്കെന്ന്. ഞാന്‍ ചോദിച്ചു എന്തിനാ?… ഞങ്ങള്‍ ഒരു സിനിമ എടുക്കുന്നുണ്ട്… സിനിമ റിലീസ് ചെയ്തിട്ട് ഒരു കൊല്ലം വരെ അവള്‍ വേറൊരു പടത്തിലും അഭിനയിച്ചുകൂടെന്ന് ഒരു ബോണ്ടെഴുതി വയ്ക്കുമെന്ന് പറഞ്ഞു. 

ആ വര്‍ഷം തന്നെ കാഞ്ഞങ്ങാട് വച്ചിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കലോത്സവം നടക്കുന്നു. കവര്‍ ചെയ്യാന്‍ പോയപ്പോള്‍ മഞ്ജുവും അച്ഛനും പറഞ്ഞു.. സാറേ എനിക്കൊരു ചാന്‍സ് വന്നിട്ടുണ്ട്.. ഞാന്‍ ഒ.കെ. പറയാന്‍ പോവുകയാണ്. കോഴിക്കോട് – വയനാട് പ്രദേശങ്ങളിലുള്ളവരാണ്. അവരെന്താണ് ഓഫര്‍ ചെയ്തിട്ടുള്ളതെന്ന് ചോദിച്ചു. പടം റിലീസ് ആയിട്ട് ഒരു കൊല്ലം വരെ വേറൊരു സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല. ഞാന്‍ പറഞ്ഞു നിങ്ങള്‍ ആ പടത്തില്‍ അഭിനയിക്കണ്ട. ഈ കാര്യം നിങ്ങള്‍ക്ക് മുമ്പേ എനിക്കറിയാം. നിങ്ങള്‍ അഭിനയിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ ഭാവി പോകും. പടവും വരില്ല. നിങ്ങള്‍ ബോണ്ട് കൊടുക്കുകയും ചെയ്യും. അതുകൊണ്ട് അവളത് ഡ്രോപ്പ് ചെയ്തു. പിന്നീട് ലോഹിതദാസ് കഥ മാഗസിന്‍ന്‍ കണ്ടു. അതില്‍ നിന്നാണ് മഞ്ജു വാര്യറെ അയാളുടെ പടത്തിലേക്കെടുക്കുന്നത്.         

കാവ്യാമാധവനും മഞ്ജുവാര്യര്‍ക്കുമായി ഈ യാത്രാനുഭവം സമര്‍പ്പിക്കുന്നു. 

(ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത യാത്രയില്‍ നിന്ന്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍