UPDATES

സിനിമ

കാവ്യതലൈവനില്‍ നിന്ന് ഇയ്യോബിന് ചിലത് പഠിക്കാനുണ്ട്

Avatar

എന്‍ രവിശങ്കര്‍

പല തരത്തിലും നമ്മെ അത്ഭുതപ്പെടുത്തുന്ന  ചിത്രമാണ് കാവ്യത്തലൈവന്‍. ഒന്നാമത്തേത്, പ്രമേയം തന്നെ. രണ്ടാമത്, എ.ആര്‍.റഹ്മാന്റെ മനോഹരമായ സംഗീതം. മൂന്ന് അതിനു പുറകില്‍ നടന്നിരുന്ന ഗവേഷണങ്ങള്‍. ഒരു പീരിയഡ് പടമായ  ഇയ്യോബ് അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയിരുന്നതാണല്ലോ. എന്നാല്‍ സ്‌പെക്ടക്കിള്‍ എന്ന തലത്തിനപ്പുറത്തേക്ക് ഒരിക്കലും പോകാതിരുന്ന ആ ചിത്രവുമായി തട്ടിച്ചുനോക്കുമ്പോഴാണ് കാവ്യത്തലൈവന്റെ മനോഹാരിത നമുക്ക് ഒന്നു കൂടി വ്യക്തമാകുന്നത്. സംവിധായകന്‍ വസന്തബാലനും,  തിരക്കഥ/സംഭാഷണം കൈകാര്യം ചെയ്ത ജയമോഹനും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

1920-50 കളില്‍ തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന നാടകസംഘങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കഥ മെനഞ്ഞിട്ടുള്ളത്. താവരത്തിരു ശിവദാസ സ്വാമിയാരുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു നാടകസംഘത്തില്‍ അഭിനയിച്ചിരുന്ന ഗോമതിനായകം പിള്ളയും കാളിയായ ഭാഗവതരും തമ്മില്‍ ഉടലെടുത്ത സ്പര്‍ദ്ധയാണ് ചിത്രത്തിന്റെ കാതല്‍. അഭിനയത്തില്‍ കാളിയപ്പനായി വേഷമിട്ട സിദ്ധാര്‍ത്ഥിനെയാണ് ശിവദാസസ്വാമിയാരായ നാസര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഗോമതിയായി വേഷമിട്ട പൃഥ്വിരാജിന് സഹിക്കുന്നില്ല. നല്ല കുട്ടിയായ ഗോമതിയെക്കാള്‍ സ്വാമിയാര്‍ക്കിഷ്ടം നല്ല കലാകാരനായ കാളിയപ്പനോടാണ്. ഈ അസൂയ വളര്‍ന്ന് ഒടുവില്‍ ഗോമതി ഒരു ചീത്ത മനുഷ്യനായും കാളിയപ്പന് ഒരു സ്വാതന്ത്ര്യസമരസേനാനിയായും വളരുന്നത് വരെയും കാര്യങ്ങളെത്തുന്നു. ഈയൊരു വടംവലി അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന് കഴിയുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ മിടുക്ക്.

അതേസമയം കഥാപാത്രങ്ങള്‍ വാര്‍പ്പുമാതൃകകളാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഗോമതിയെന്ന കഥാപാത്രം വെറും വില്ലനല്ല. അയാളില്‍ നന്മയും തിന്മയും തമ്മിലുള്ള വടംവലി ശക്തമാണ്. കാളിയപ്പനെ ഉപദ്രവിക്കാന്‍ കഴിയുന്നത്ര ശ്രമിക്കുമ്പോഴും കാളിയപ്പന്റെ ഗുണങ്ങള്‍ അയാള്‍ക്ക് അവഗണിക്കാനാവുന്നില്ല. ഒടുവില്‍ കാളിയപ്പനെ, അയാള്‍ തന്നെയാണ് കൊല്ലുന്നത്. എങ്കിലും, അവസാന നിമിഷത്തിലും കാളിയപ്പന്റെ സത്യസന്ധതയും, ആത്മാര്‍ത്ഥതയും മനുഷ്യനെന്ന നിലയിലുള്ള അയാളുടെ ഉയരവും ഗോമതിയെ കീഴടക്കുന്നുണ്ട്. വാരണാസിയില്‍ കാളിയപ്പന്റെ ചിതാഭസ്മം ഒഴുക്കാനായി ഗോമതി പോകുന്നു. കൊലയാളിയും കൊല്ലപ്പെട്ടവനും അവിടെ ഒന്നിച്ചുചേരുന്നു. ചിതാഭസ്മകുംഭത്തോടൊപ്പം ഗോമതിയും ഗംഗയില്‍ മുഴുകി തന്റെ ജീവിതം അവസാനിപ്പിക്കുകയാണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഓര്‍ത്തോര്‍ത്ത് മതിയായേ!- മാറാരോഗങ്ങളുടെ മലയാള സിനിമ
അലിഫ് ഒരു ചോദ്യം ചെയ്യലാണ്
സീരിയല്‍ ചുവയില്‍ പെയ്തിറങ്ങുന്ന വര്‍ഷം
ഇയ്യോബും ബിരിയാണിയും; ഒരു ഡിസൈനര്‍ പടപ്പ്
ഞങ്ങളുടെ വീട്ടിലെ കോമാളികളും മന:ശാസ്ത്രത്തിന്റെ അന്ത്യകൂദാശയും

ഇത്തരമൊരു അന്ത്യം തമിഴ് സിനിമ പോയിട്ട് മലയാള സിനിമയിലെ കച്ചവടസിനിമയില്‍ പോലും നമുക്ക് പ്രതീക്ഷിക്കാനാവില്ല. ഇതുതന്നയാണ് ചിത്രത്തിന്റെ വിജയവും അതിന്റെ സ്ഥായീഭാവവും. മനുഷ്യമനസ്സുകളില്‍ നടക്കുന്ന സംഘര്‍ഷമാണ് അടിസ്ഥാന പ്രമേയം. എല്ലാ കഥാപാത്രങ്ങളും ഈ സംഘര്‍ഷത്തിന്റെ ചൂട് അനുഭവിക്കുന്നു. വ്യക്തിപരമായാലും, സാമൂഹ്യപരമായാലും. ഉദാഹരണത്തിന്, സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട കാലമാണത്. നാടകസംഘങ്ങള്‍ക്കു പോലും ചിന്താക്കുഴപ്പമുണ്ട്. പുരാണ നാടകങ്ങളുമായി മുന്നോട്ട് പോകണോ അതോ പുതിയ കാര്യങ്ങള്‍ പറയുന്ന സാമൂഹ്യനാടകങ്ങള്‍ അവതരിപ്പിക്കണോ എന്നുള്ളത്. ഗോമതി ഒന്നാമത്തെ വിഭാഗത്തിലും കാളിയപ്പന്‍ രണ്ടാമത്തെ വിഭാഗത്തിലും പെടുന്നത് യാദൃശ്ചികതയല്ല.

കുറേ ഗവേഷണങ്ങളും പഴയ നാടകങ്ങളെ കുറിച്ചറിയാവുന്നവരുടെ ഓര്‍മ്മക്കുറിപ്പുകളും വച്ചുകൊണ്ടാണ് കഥ തയ്യാറാക്കിയിട്ടുള്ളത്. അവ്വൈഷണ്‍മുഖം എന്ന പഴയ നാടകപ്രവര്‍ത്തകന്റെ ‘എനതു നാടക വാഴ്‌കൈ’ എന്ന ആത്മകഥയും ചിത്രത്തിന് പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. ചിത്രത്തിലുടനീളം പഴമയുടെ അന്തരീക്ഷം സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. സ്റ്റേജ് ഡിസൈന്‍, മേക്കപ്പ്, കോസ്റ്റ്യൂം ഇവയെല്ലാം നാടകകലയില്‍ നിന്നാണ് വരുന്നത്.

റഹ്മാന്റെ സംഗീതം വികസിച്ചത് ആറുമാസത്തെ സപര്യയിലൂടെയാണെന്ന് പറയപ്പെടുന്നു. ‘വാങ്ക മക്ക വാങ്ക’ എന്നു തുടങ്ങുന്ന ടൈറ്റില്‍ സോംഗ് തൊട്ട് അക്കാലത്തെ പാശ്ചാത്യരീതിയിലുള്ള ‘ഏയ് മിസ്റ്റര്‍ മൈനര്‍ വരെ’ പഴമ തുടിക്കുന്നു. ‘യാരുമില്ലാ തമ്പിയരങ്കിന്‍’ എന്ന പ്രണയഗാനം മധുരം കിനിയുന്നതാണ്. അടുത്തകാലത്ത് കേട്ട റഹ്മാന്‍ ഗാനങ്ങളില്‍ മികച്ചു നില്‍ക്കുന്നവയാണ് ഈ മൂന്നു ഗാനങ്ങളും. ഇതു കൂടാതെ നാടകങ്ങളില്‍ തന്നെ വരുന്ന നിരവധി ഗാനശകലങ്ങളും ഉള്‍പ്പെടുത്താം. പഴയ നാടകങ്ങളുടെ ബീറ്റുകള്‍ ചിത്രത്തിലുടനീളം ഉപയോഗിച്ചിട്ടുണ്ട്.

മിക്കവാറും ഭാഗങ്ങള്‍ സ്റ്റേജ് നാടകങ്ങളായിരിക്കുമ്പോള്‍, അവയുടെ ക്യാമറ വര്‍ക്ക് കുറച്ചു ദുഷ്‌കരമായ കാര്യമാണ്. മാത്രമല്ല, രംഗങ്ങളുടെ ലൈറ്റപ്പ്, ടോണ്‍, ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ടതായി വരുന്നു. മിക്കവാറും രംഗങ്ങള്‍ ഇന്‍ഡോറാണു താനും. നീരവ്ഷായുടെ ക്യാമറ ഇത്തരത്തില്‍ നോക്കിയാല്‍ വളരെ മികച്ചതാണെന്നു പറയാം.

വെയില്‍, അങ്ങാടിത്തെരു എന്നീ നല്ല സിനിമകള്‍ നമുക്ക് തന്ന വസന്തബാലനാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹം നമ്മെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വര്‍ക്ക് ആണെന്നു കൂടി പറയാം.  ചില കാര്യങ്ങളില്‍ വീഴ്ച്ച പറ്റിയിട്ടുണ്ട്. സ്ത്രീകള്‍ ദുര്‍ബലരായി പോയതാണ് ഏറ്റവും മുഖ്യം. രണ്ടു നായികമാരില്‍ രണ്ടുപേരും ദുര്‍ബലരാണ്. ആണില്‍ നിന്നും ഗര്‍ഭം ധരിക്കുകയെന്നതല്ലാതെ ഒരു പെണ്ണിന് വേറെ പണിയൊന്നുമില്ലെന്ന മട്ടിലുള്ള ഡയലോഗുകളുമുണ്ട്. നായികാനടിയുടെ അവസ്ഥ പോലും അതാണ്. കാളിയപ്പനെ പ്രണയിച്ച ജമീന്താറുടെ മകള്‍ മലമുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയാണ്. പിന്നൊരു വീഴ്ച സ്വാതന്ത്ര്യസമരത്തിന്റെ അവതരണത്തിലാണ്. ഇതെല്ലാം ഒരു വമ്പന്‍ ഫോര്‍മുലയ്ക്കു കീഴ്‌പ്പെട്ട അവസ്ഥയായതുകൊണ്ട് വസന്തബാലനെ വെറുതെ വിടാം. സ്റ്റീരിയോ ടൈപ്പില്‍ നിന്നും വിടുതല്‍ നേടുക ദുഷ്‌ക്കരമാണല്ലോ. പതിവുപോലെ, ജാതിപ്രശ്‌നങ്ങള്‍ ഈ ചിത്രത്തെയും സ്പര്‍ശിക്കുന്നില്ല.

പൃഥ്വിരാജ് നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നിരുന്നാലും, ഭാഷ ഒരു പ്രശ്‌നമാണ്. മധുര കേന്ദ്രീകരിച്ച് നടക്കുന്ന കഥയില്‍ മധുരത്തമിഴ് ഉപയോഗിക്കുന്നില്ല എന്നത് ചിത്രത്തിന്റെയും പൃഥ്വിരാജിന്റെയും ഒരു ന്യൂനത തന്നെയാണ്. എങ്കിലും, പൃഥ്വിരാജിന്റെ അര്‍പ്പണമനോഭാവം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. കേരളത്തില്‍ ഇദ്ദേഹം പോലീസും  കള്ളനും കളിക്കുകയാണല്ലോ. അദ്ദേഹത്തിന് കിട്ടിയ നല്ല വേഷം നന്നായി ചെയ്തിരിക്കുന്നു. പ്രത്യേകിച്ച്, നാടകരംഗങ്ങളില്‍. തെലുങ്ക് നടനായ  സിദ്ധാര്‍ത്ഥും കിട്ടിയ അവസരം മുതലാക്കിയിട്ടുണ്ട്. 

ചുരുക്കത്തില്‍, ഈ പടം നമ്മോട് പറയുന്നു. ”വാങ്ക മക്കാ വാങ്ക… ഇന്ത സിനിമ പാത്ത് പോങ്ക…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍