UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

കവാസകി സീ1000: പരിചയപ്പെടാം ഒരു തെരുവ് പോരാളിയെ

കഴിഞ്ഞ തവണ കവാസകി സീ 800-ന്റെ ടെസ്റ്റ് റൈഡ് വായിച്ച പലരും ചോദിച്ചത് സീ 1000-നെപ്പറ്റിയാണ്. കാരണം ഇന്ത്യയില്‍ കഴിഞ്ഞ കുറെ നാളുകളായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ലിറ്റര്‍ ക്ലാസ് ബൈക്കുകളിലൊന്നാണ് കവാസകി സീ 1000. ഇന്ത്യന്‍ വിപണിയില്‍ ഫെയേര്‍ഡ് ബൈക്കുകള്‍ക്കുള്ളത്ര സ്വീകാര്യത നേക്കഡ് ബൈക്കുകള്‍ക്കില്ലെന്ന് ഒരു ധാരണ നിലവിലുണ്ടായിരുന്നു. പക്ഷേ അടുത്തിടെയായി അതിനെ ഖണ്ഡിക്കുന്ന കാര്യങ്ങളാണ് സംഭവിക്കുന്നത്. പല കമ്പനികളും മിഡില്‍ വെയ്റ്റ് നേക്കഡ് ബൈക്കുകളിറക്കുകയും അവ അപ്രതീക്ഷിതമായ വിജയം നേടുകയും ചെയ്തിരിക്കുന്ന ഈയവസരത്തില്‍ യമഹയും കവാസകിയും പോലെയുള്ള കമ്പനികള്‍ ഒരു പടപ്പുറപ്പാടില്‍ തന്നെയാണ്, ഒരു തെരുവുയുദ്ധം..!

1972-ലാണ് കവാസകി സീ1 എന്ന ബൈക്ക് പുറത്തിറക്കുന്നത്. 903 സിസി ഇന്‍ലൈന്‍ 4 എയര്‍കൂള്‍ഡ് എന്‍ജിനുള്ള ഒരു മസില്‍ബൈക്കായിരുന്നു സീ1. സീ സീരീസില്‍ ഏറ്റവും പഴയ മോട്ടോര്‍സൈക്കിള്‍ ഇതായിരുന്നു. ഇന്നു കാണുന്ന പല കവാസകി സൂപ്പര്‍ബൈക്കുകള്‍ക്കും ശക്തമായുള്ള ഒരു അടിത്തറയുണ്ടാകാന്‍ കാരണം സീ1 എന്ന ക്ലാസിക് ബൈക്കാണ്.

കാഴ്ച

ഒറ്റനോട്ടത്തില്‍ സീ 1000-നെ കാണുന്നവരെല്ലാം പറയുന്ന ഒരു കാര്യമുണ്ട്; ഒരു ഏലിയന്‍ ലുക്കാണ് ചങ്ങാതിക്ക് എന്ന്. ‘ട്രാന്‍സ്‌ഫോമേഴ്‌സ്’ സിനിമയില്‍ നിന്നോ മറ്റോ ഇറങ്ങിവന്നതു പോലെയുള്ള ഒരു രൂപം. വളരെ അഗ്രസീവ് ആയ ഈ രൂപം തോന്നാന്‍ കാരണം സാധാരണ ബൈക്കുകളുടേതില്‍ നിന്നും വ്യത്യസ്തമായി മുന്നിലെ വീലിനോട് ചേര്‍ന്ന്, താഴേക്കിറങ്ങി നില്‍ക്കുന്ന ഹെഡ്‌ലാമ്പ് കളറാണ്. ഈ ഡ്യുവല്‍ ബാരല്‍ പ്രൊജെക്ടര്‍ യൂണിറ്റിന്റെ ഡിസൈന്‍ തന്നെ തുറിച്ചുനോക്കുന്ന രണ്ടു കണ്ണുകള്‍ പോലെയാണ്. യുഎസ്ഡി ഫോര്‍ക്കുകളും 310എം.എം ഫ്‌ളോട്ടിങ്ങ് ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകളുമൊക്കെ സീ 1000-ന്റെ മുന്‍ഭാഗത്തെ കാഴ്ചകളില്‍ ശ്രദ്ധിക്കപ്പെടുന്നവ തന്നെ. വശങ്ങളിലേക്കു വരുമ്പോള്‍ ഇളയ സഹോദരനായ സീ800-നോട് സാമ്യമുള്ള പല കാര്യങ്ങളും സീ1000-ലുണ്ട്. സാബര്‍ടൂത്ത് ഫെന്‍ഡറുകളും മാറ്റ് ഫിനിഷ്ഡ് അലുമിനിയം ഫ്രെയിമും ഒക്കെച്ചേര്‍ന്ന് നേക്കഡ് സ്‌റ്റൈലിനു മാറ്റുകൂട്ടുന്നു. 4:1 അനുപാതത്തിലെത്തുന്ന എക്‌സ്‌ഹോസ്റ്റ് പൈപ്പുകള്‍ മെഗഫോണ്‍ മഫളിലൂടെയാണ് ‘സംസാരിക്കുന്നത്’. പിന്നിലേക്കുയര്‍ന്നു വരുന്ന ടെയ്ല്‍പീസില്‍ ഒരു ചെറിയ സീറ്റു കാണാമെങ്കിലും അതില്‍ ആരെയും ഇരുത്താന്‍ നമുക്കു തോന്നില്ല, കരണം ഇത് സോളോ റൈഡുകള്‍ക്ക് അനുയോജ്യമായ ഒരു ബൈക്കാണ്.

എന്‍ജിന്‍

സീ1000 എന്നാണു പേരെങ്കിലും ആയിരം സിസിയില്‍ നിന്നും ഒരു പൊടിക്ക് കൂടുതലാണ് ഡിസ്പ്‌ളേസ്‌മെന്റ്. 1043 സിസിയാണ് ഇവന്റെ ഡ്യുവല്‍ ഓവര്‍ഹെഡ് ക്യാം, 16 വാല്‍വ്, ഇന്‍ലൈന്‍ 4 ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍. 11,000 ആര്‍പിഎമ്മില്‍ 140.5 ബി എച്ച് പിയാണ് കരുത്ത്. ടോര്‍ക്കാവട്ടെ 7300 ആര്‍പിഎമ്മില്‍ 111 ന്യൂട്ടണ്‍ മീറ്ററും. 6 സ്പീഡ് ഗിയര്‍ബോക്‌സിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒരു സ്ലിപ്പര്‍ ക്ലച്ചാണ് 2016 മുതല്‍ സീ1000നുള്ളത്.

റൈഡ്

സീ1000-നെ സൈഡ് സ്റ്റാന്‍ഡില്‍ നിന്നും നിവര്‍ത്തുമ്പോള്‍ അല്‍പം ഭാരമുള്ള ബൈക്കാണിതെന്ന് തോന്നി. പക്ഷെ കയറിയിരുന്നപ്പോള്‍ ആ തോന്നല്‍ മാറി. കണ്‍സോളിലേക്കൊന്ന് ഓടിച്ചുനോക്കി. ഇത്രയും ലളിതവും രസകരവുമായ ഒരു കണ്‍സോള്‍ ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍ അപൂര്‍വമാണ്. ഒരു മോണോക്രൊമാറ്റിക് ഡിസ്പ്‌ളേയും അതിനു മുകളില്‍ ഒരു ചെറിയ ഗ്രാഫിക് ടാക്കോമീറ്ററും ഏതാനും വാണിങ്ങ് ലാമ്പുകളും… തീര്‍ന്നു..! സ്വിച്ച്ഗിയറുകളും അങ്ങനെ തന്നെ, വളരെ സിമ്പിളാണ്, ബട്ട് പവര്‍ഫുളുമാണ്.

കഥ പറഞ്ഞിരുന്നാല്‍ പോരല്ലോ, കൈവിരലുകള്‍ റൈഡിങ്ങ് ഗ്‌ളൗസിനുള്ളിലേക്ക് തിരുകി ഞാന്‍ സ്റ്റാര്‍ട്ടര്‍ ബട്ടണമര്‍ത്തി, പൗരുഷമുള്ള എക്‌സ്‌ഹോസ്റ്റ് നോട്ടോടെ സീ1000 എന്റെ ആജ്ഞാനുവര്‍ത്തിയായി നിന്നു. ഫസ്റ്റ് ഗിയറില്‍ അല്‍പം സ്‌ട്രെച്ച് ചെയ്തു തന്നെയാണ് രണ്ടാം ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്തത്. പക്ഷേ സെക്കന്‍ഡ് ഗിയറില്‍ ഞാന്‍ പോലുമറിയാതെ ഒരു കുഞ്ഞു വലി നടത്തിയാണ് തേഡ് ഗിയര്‍ ഇടാനായത്. കൊള്ളാലോ ഇവന്‍… പിന്നെ ഒരു ഹരമായി, സീ1000 എന്റെ മോഹങ്ങള്‍ക്കൊത്തു പാഞ്ഞുവന്നു… ഗിയര്‍ ഷിഫ്റ്റുകള്‍ ഒരല്പം കടുപ്പമാണെന്ന് തുടക്കത്തില്‍ തോന്നിയെങ്കിലും അതുമായി ശീലിച്ചുകഴിഞ്ഞാല്‍ ഒരു പ്രശ്‌നമായി തോന്നുകയേ ഇല്ല. 

221 കി.ഗ്രാമാണ് സീ1000-ന്റെ ഭാരമെങ്കിലും നമുക്ക് ഒരിക്കലും അത് തോന്നില്ല. വളരെ അനായാസമായി കൈകാര്യം ചെയ്യാനാവുന്ന ഒരു ഫണ്‍ ടു റൈഡ് ബൈക്ക് തന്നെയാണ് സീ1000.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍