UPDATES

ട്രെന്‍ഡിങ്ങ്

കായംകുളം താപവൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടുവര്‍ഷം; കേരളത്തിനു പ്രയോജനം കിട്ടേണ്ട ഒരു പദ്ധതി തകര്‍ക്കുന്നതിങ്ങനെ

നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ഏക താപവൈദ്യുത നിലയവും കേരളത്തിനു നഷ്ടപ്പെടും; അഴിമുഖം എക്‌സ്‌ക്ലൂസീവ്‌

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാവുമ്പോള്‍ ജലവൈദ്യുത വൈദ്യുത പദ്ധതികള്‍ ഇതിനു പരിഹാരം കാണാന്‍ ഉതകുന്നതല്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കായംകുളം താപ വൈദ്യുതിനിലയത്തിന്റെ ഉത്പാദനം രണ്ട് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുന്നത്. കടുത്ത വേനലിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്ന കേരളം കനത്ത വൈദ്യുതി പ്രതിസന്ധിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നിരിക്കെ, കേരളത്തിന് സ്വന്തമായ താപവൈദ്യുതി നിലയം പ്രവര്‍ത്തിപ്പിക്കാനുള്ള യാതൊരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടാവുന്നില്ല. നിലവില്‍ വൈദ്യുതി വാങ്ങാതിരിക്കുമ്പോള്‍ തന്നെ സര്‍ക്കാര്‍ എന്‍ടിപിസിക്ക് കരാര്‍ പ്രകാരം നല്‍കിയത് 500 കോടിയിലധികം രൂപ. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ നല്‍കിയ തുകയാണിത്. 2023 വരെയാണ് കേരളം എന്‍ടിപിസിയുമായി കരാര്‍ ഒപ്പു വച്ചിരിക്കുന്നത്. കായംകുളം താപനിലയത്തിന്റെ നിലവിലെ അവസ്ഥയിലേക്കും അതിന് വഴിവച്ച കാരണങ്ങളിലേക്കും.

1999-ലാണ് കായംകുളം താപവൈദ്യുതി നിലയം പ്രവര്‍ത്തനമാരംഭിക്കുന്നത്. കേരളത്തിലെ ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയെ തരണം ചെയ്യാനുതകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം തുടങ്ങുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് പകരം കേരളത്തിനാവശ്യമായ വൈദ്യുതി സംസ്ഥാനത്തിനകത്തു തന്നെ ഉത്പാദിപ്പിക്കാമെന്നായിരുന്നു കണക്കു കൂട്ടല്‍. ജലവൈദ്യുതിക്കു പുറമെ താപനിലയത്തില്‍ നിന്നുള്ള വൈദ്യുതിയും കൂടിയാവുമ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുന്ന വൈദ്യുതിയുടെ അളവ് പരിമിതപ്പെടുത്താമെന്നായിരുന്നു ഉദ്യോഗസ്ഥരുടേയും സര്‍ക്കാരിന്റേയും പ്രതീക്ഷ. ഇതനുസരിച്ച് കേരള സര്‍ക്കാര്‍ താപനിലയവുമായി കരാര്‍ വച്ചു. തുടക്ക സമയത്ത് തമിഴ്‌നാടിനും പ്രയോജനപ്പെടുന്ന തരത്തിലായിരുന്നു നിലയത്തിന്റെ പ്രവര്‍ത്തനം. തമിഴ്‌നാട് സര്‍ക്കാരുമായും എന്‍ടിപിസി കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ഇത് അധിക കാലം നീണ്ടില്ല. പിന്നീട് കേരളത്തിന് മാത്രം ഉപയോഗപ്പെടുന്നതായിരിക്കണം താപനിലയത്തിലെ വൈദ്യുതി എന്ന തീരുമാനത്തില്‍ കെഎസ്ഇബി എത്തിയതോടെ തമിഴ്‌നാടുമായുള്ള കരാര്‍ എന്‍ടിപിസി ഉപേക്ഷിച്ചു. അങ്ങനെ എന്‍ടിപിസിയുടെ കായംകുളം നിലയവുമായി പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് വെച്ച ഏക സംസ്ഥാനമായി കേരളം. എന്നാല്‍ കേരളം വൈദ്യുതി വാങ്ങാന്‍ വിസമ്മതിച്ചതോടെ നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രമുള്ള സ്ഥാപനമായി കായംകുളം താപ നിലയം മാറി.

ntpc-1

താപവൈദ്യുതി നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുമെന്ന കാരണത്താലാണ് സംസ്ഥാനം വൈദ്യുതി വാങ്ങാത്തത്. നാഫ്ത ഇന്ധനമാക്കി പ്രവര്‍ത്തിക്കുന്ന നിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് യൂണിറ്റിന് 5.20 രൂപ മുതല്‍ 6.20 രൂപ വരെയാണ് ഈടാക്കുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നാല് രൂപയ്ക്ക് വൈദ്യുതി ലഭിക്കുന്നതിനാല്‍ കൂടുതല്‍ പണം നല്‍കി എന്‍ടിപിസിയുടെ വൈദ്യുതി സ്വീകരിക്കേണ്ട ആവശ്യം കേരളത്തിനില്ല. എന്നാല്‍ വേനല്‍ കടുത്താല്‍ മറ്റ് സംസ്ഥാനങ്ങളില്‍ വൈദ്യതി പ്രതിസന്ധി രൂക്ഷമാവുന്നതോടെ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വേണ്ടത്ര വൈദ്യുതി ലഭിക്കണമെന്നില്ല. ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി വാങ്ങുന്നത് കേരളത്തിലെ വൈദ്യുതി കമ്മി ഇല്ലാതാക്കാനുള്ള സുസ്ഥിര പരിഹാര മാര്‍ഗവുമല്ല. ആ സ്ഥിതിക്ക് കേരളത്തിലുള്ള വൈദ്യുതി ഉത്പാദന കേന്ദ്രത്തിന്റെ പോരായ്മകള്‍ പരിഹരിച്ച് ചുരുങ്ങിയ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള സ്ഥിരമായ ഒരു സോഴ്‌സ് ആക്കി അതിനെ മാറ്റുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഒരിടപെടലിനും മാറി മാറി വന്ന സര്‍ക്കാരുകള്‍ തയ്യാറായില്ല. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിലോ എന്‍ടിപിസിയിലോ സമ്മര്‍ദ്ദം ചെലുത്താനും കേരളത്തില്‍ നിന്ന് ശ്രമങ്ങളുണ്ടായില്ല. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്നിട്ടു കൂടി സ്വന്തം മണ്ഡലത്തില്‍ തന്നെയുള്ള വൈദ്യുതി നിലയത്തിനായി എന്തെങ്കിലും ചെയ്യുന്ന കാര്യത്തില്‍ കെസി വേണുഗോപാലും പരാജയപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭരിക്കുന്നത് ഒരേ മുന്നണിയായിരുന്നിട്ടുകൂടി ഈ സാഹചര്യത്തെ മുതലെടുക്കാന്‍ യുഡിഎഫ് സര്‍ക്കാരിനുമായില്ല.

കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം എന്നതായിരുന്നു ആദ്യ പദ്ധതി. കായംകുളത്ത് 1100 ഏക്കര്‍ ഭൂമി ഏറ്റെടുത്തതും ഈ ഉദ്ദേശത്തിലാണ്. എന്നാല്‍ പിന്നീട് പ്രദേശവാസികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നിരന്തര സമ്മര്‍ദ്ദം വന്നതോടെ കല്‍ക്കരിയില്‍ നിന്ന് നാഫ്ത്തയിലേക്ക് മാറി. കല്‍ക്കരി ഇന്ധനമാക്കിയാലുണ്ടാവുന്ന മലിനീകരണവും തുടര്‍ന്നുണ്ടാവുന്ന വിപത്തുകളും ചൂണ്ടിക്കാട്ടിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ‘കല്‍ക്കരി ഇന്ധനമാക്കിയാല്‍ യൂണിറ്റിന് 1.80 രൂപയ്ക്ക് വൈദ്യുതി നല്‍കാമായിരുന്നു. എന്നാല്‍ നാഫ്ത് താരതമ്യേന വില കൂടിയ ഇന്ധനമാണ്. ഇതുപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്കും വില കൂടും. ഇപ്പോള്‍ നാഫ്ത്തയുടെ വില കുറച്ചിട്ടുണ്ട്. എന്നാലും അഞ്ച് രൂപയില്‍ കുറച്ച് വൈദ്യുതി നല്‍കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ല‘- എന്‍.ടി.പി.സി.യിലെ മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമ്മാക്കി .

ntpc-5

നാഫ്ത്തയ്ക്ക് പകരം ഗ്യാസ് ഉപയോഗിക്കുകയാണെങ്കില്‍ കാര്യങ്ങളില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ തീരനിവാസികളുടെ എതിര്‍പ്പ് മൂലം എല്‍എന്‍ജി പൈപ്പ് ലൈന്‍ കായംകുളത്തേയ്ക്ക് എത്തിക്കാന്‍ ഇതേവരെ സാധിച്ചിട്ടില്ല. തീരനിവാസികളും രാഷ്ട്രീയ പ്രതിനിധികളും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ എതിര്‍പ്പുമായെത്തിയതോടെ ഇതിനുള്ള സാധ്യതകളടഞ്ഞു. തീരവാസികളെ ബോധവാന്‍മാരാക്കി എല്‍എന്‍ജി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് പകരം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ‘എല്‍എന്‍ജി വന്നാല്‍ സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാവും. നിലവില്‍ സര്‍ക്കാരിന് ഇതില്‍ താത്പര്യമില്ലാത്തതിന് തെറ്റുപറയാനാവില്ല. വിലകുറച്ച് വൈദ്യുതി ലഭ്യമാവുമ്പോള്‍ ആരെങ്കിലും നഷ്ടത്തില്‍ വൈദ്യുതി സ്വീകരിക്കുമോ? നിരക്കില്‍ വ്യത്യാസം വരുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് റഗുലേറ്ററി കമ്മീഷനാണ്. എന്‍ടിപിസിക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല’– താപവൈദ്യുതി നിലയം പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പറഞ്ഞു.

എന്‍ടിപിസിയുടെ കൈവശമുള്ള 1100 ഏക്കര്‍ ഭൂമിയില്‍ 900 ഏക്കര്‍ സ്ഥലത്താണ് താപവൈദ്യുതി നിലയം സ്ഥിതിചെയ്യുന്നത്. 300 ഏക്കറോളം കായല്‍ നികത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് പറഞ്ഞ് അന്ന് എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും കേരളത്തിന്റെ നല്ല ഭാവിയ്ക്ക് വേണ്ടിയുള്ള ഒരു പദ്ധതി എന്ന നിലയ്ക്ക് പിന്നീട് പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഇന്ന് കോടികള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിട സമുച്ചയവും കോടികള്‍ വിലവരുന്ന യന്ത്രസംവിധാനങ്ങളും ഉപയോഗിക്കപ്പെടാതെ കിടക്കുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ ഏക താപവൈദ്യുതി നിലയവും കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തുക. കായംകുളം താപനിലയം യാഥാര്‍ഥ്യമായത് ഏറെ എതിര്‍പ്പുകള്‍ക്കിടയിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയത്തിനതീതമായി യോജിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ്. താപനിലയം കമ്മീഷന്‍ ചെയ്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി എബി വാജ്‌പേയി കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ കൂട്ടായ്മയുടെ പ്രസക്തി വ്യക്തമാക്കുന്നു. ഇന്നത്തെ പല പദ്ധതികളേയും പോലെ കായംകുളം താപനിലയത്തിന്റേയും പ്രതിസന്ധിയ്ക്ക് ഈ കൂട്ടായ്മ ഇല്ലാതെ പോയതും കാരണമായി കാണാതെ വയ്യ.

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍