UPDATES

കാഴ്ചപ്പാട്

ഡോ. ജിമ്മി മാത്യു

ട്രെന്‍ഡിങ്ങ്

ഡി-പോപ്പുലേഷൻ അജണ്ട; വാക്സിനല്ല കെടന്നു മുള്ളി ബാപ്പയാണ്, അതായത് ദൈവം

ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ. ഹിന്ദുക്കളേക്കാള്‍ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതല്‍ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത്. വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും

വാക്സിനുകള്‍ ഉപയോഗിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നു എന്ന് പറയുന്നത് ”വര്‍ക്‌സ് ഹ്യൂമന്‍ റൈറ്റ്‌സ് അറ്റ് യുണൈറ്റഡ് നേഷന്‍സ് ”- ”അന്താരാഷ്ട്ര” ഉഡായിപ്പു  ടീം മാത്രം അല്ല. ലോകത്തു പല സ്ഥലത്തും – അറബ് രാഷ്ട്രങ്ങള്‍, ഇന്ത്യയിലെയും കേരളത്തിലേയും ചില സ്ഥലങ്ങളില്‍ ഉള്ളവരും തള്ളുന്ന ഒരു സംഭവം ആണ്. ഇവരൊക്കെ പ്രാന്തന്മാര്‍ എന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങനല്ല. പറയുന്നതില്‍ ഒരു ലോജിക് ഉണ്ട്! നമ്മള്‍ അത് മനസ്സിലാക്കാത്തത് ആണ്. ഡാറ്റ നോക്ക് – ഉഡായിപ്പന്മാര്‍ക്ക് എല്ലാ ഡാറ്റയും വേണ്ട.

അവര്‍ക്ക് വേണ്ട പാറ്റയെ അവര്‍ പിടിച്ചു കൊള്ളും. ഐ മീന്‍ – ഡാറ്റയെ. വാക്‌സിനേഷന്‍ ഏറ്റവും കൂടിയ, ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ, ഏറ്റവും ആരോഗ്യ സൂചികകള്‍ വികസിച്ച സ്ഥലങ്ങളില്‍ അതിഭയങ്കരമായി പോപുലേഷന്‍ കൂടണ്ടേ? പക്ഷെ അങ്ങനെ അല്ല! നേരെ തിരിച്ചാണ്! ഏറ്റവും വാക്‌സിനേഷന്‍ ഉള്ള, ശിശു, മാതൃമരണ നിരക്ക് കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ ജനസംഖ്യ കുറയുകയാണ് സൂര്‍ത്തുക്കളെ, കുറയുക ആണ്. വാക്‌സിനേഷന്‍ കൂടി, വികസനം കൂടി, ശിശു മരണം കുറഞ്ഞു, പെണ്‍ വിദ്യാഭ്യാസം കൂടുമ്പോള്‍ – നമ്മുടെ സംസ്ഥാനത്തെ ചില ജനസംഖ്യ വല്ലാണ്ട് കൂടിയിരുന്ന ജില്ലകളിലടക്കം, ആളുകള്‍ എണ്ണം കുറയുന്നു! ഇന്ത്യയില്‍ ആകമാനം നോക്കിയാല്‍ ഇത് സത്യമാണ്. ഏറ്റവും പിന്നോക്ക സ്ഥലങ്ങളില്‍ ആണ് ജനസംഖ്യ കണ്ടമാനം കൂടുന്നത്! എല്ലാ സമുദായ നേതാക്കള്‍ക്കും സ്വ സമുദായക്കാര്‍ പെറ്റു പെരുകി വളരണം എന്നാണല്ലോ. മൊല്ലാക്ക, മെത്രാച്ചന്‍, മഹര്‍ഷി വര്യന്മാര്‍ അടക്കം പെറ്റു പെരുകല്‍ ആഹ്വാനം നടത്തിയത് നമ്മള്‍ കേട്ടതാണ്. ക്രിസ്ത്യാനികള്‍ മുയലുകളെ പോലെ പെറ്റൊന്നും കൂട്ടേണ്ടന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞപ്പോള്‍ എന്തായിരുന്നു ബഹളം. സഭയുടെ ഗോര്‍ബച്ചേവ് ആണത്രേ ഫ്രാന്‍സിസ് പാപ്പാ. കണ്ടാലും തോന്നും. ഗോര്‍ബച്ചേവ് കമ്മ്യൂണിസത്തോടു ചെയ്തത് അങ്ങേര് സഭയോട് ചെയ്യുമോ എന്നാണു അനുയായികള്‍ ചോദിച്ചത്. അപ്പൊ – വാക്‌സിനേഷന്‍ ആണ് പോപ്പുലേഷന്‍ കുറയാന്‍ കാരണം – ആ ഒരു നിഗമനത്തില്‍ എത്തിയത് വെറുതെ അല്ല. എന്നാല്‍ ‘ബാപ്പയാണ് കിടന്നു മുള്ളി! അബ്ദുല്‍ കാദറോ, ബഷീറോ അല്ല’. വാക്‌സിനേഷന്‍ നിരപരാധി ആണ്.

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലേ – ചെറുപ്പത്തില്‍ കിടന്നു മുള്ളിയ സഖാക്കളെ, സഖികളെ, ഒരിക്കലും കിടന്നു മുള്ളാത്ത ആസ്ഥാന നുണയ നുണച്ചികളെ: ആനപ്പൂട എന്ന കഥയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ വളരെ വ്യക്തമായി ഒരു സീന്‍ വരച്ചു കാട്ടുന്നുണ്ട്. രാവിലെ പായയില്‍ മൂത്രം കാണുന്നുണ്ട്. ഒഴിക്കുന്നത് ബഷീറാണ്. അതായത് – ബഷീര്‍ ആണെന്ന് എല്ലാവരും പറഞ്ഞു ആക്കുന്നു. എന്തുകൊണ്ട് സഹോദരന്‍ അബ്ദുല്‍ കാദര്‍ അല്ല? അവന്‍ ചട്ടുകാലനും എല്ലാരുടെയും കണ്ണിലുണ്ണിയും ആണ്.

എംആര്‍ വാക്‌സിനേഷന്‍; 70 ശതമാനത്തില്‍ കുറഞ്ഞാല്‍ ആരോഗ്യ മേഖലയില്‍ ഗുരുതര പ്രത്യാഘാതം

അബ്ദുള്‍ കാദര്‍ ആണ് എന്നാണു ബഷീറിന്റെ വാദം. അതായത് – ബാപ്പ, ബഷീര്‍, അബ്ദുല്‍ കാദര്‍ എന്ന മഹാന്മാര്‍ ഒരുമിച്ച് ഉറങ്ങാന്‍ കിടക്കുന്നു. രാവിലെ പായയില്‍ അതി പുരാതനവും പുണ്യ പൂരാതനവുമായ സാമാനം കാണുന്നു – മൂത്രം. അബ്ദുല്‍ കാദര്‍ എന്തുകൊണ്ട് ആയിക്കൂടാ? വീട്ടു വേലക്കാരി നങ്ങേലിയുടെ മകന്‍ നത്തു, ദാമു ആണ് ആ വേറൊരു അചിന്തനീയവും എന്നാല്‍ സാധ്യത ഉള്ളതുമായ കാര്യം ധൈര്യ സമേതം പറയുന്നത് : ”കിടന്നു മുള്ളുന്നത് ബഷീറുമല്ല, അബ്ദുല്‍ കാദറും അല്ല – ബാപ്പയാണ് !” അതിനു അവനെ നങ്ങേലി പറമ്പു മുഴുവന്‍ ഓടിച്ചിട്ട് അച്ചാലും മുച്ചാലും തല്ലുന്നുണ്ട്. പക്ഷെ ഇവിടെ ബര്‍ത്ത്‌റേറ്റ് കുറഞ്ഞു, ജന സംഖ്യാ നിയന്ത്രണത്തില്‍ വരാന്‍ ഉള്ള കാരണം – ബാപ്പ ആണ് – അതായത് ദൈവം! സീ – ആദിയില്‍ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു. ആകാശത്തിലെ മണല്‍ തരികളെ പോലെയും, ഭൂമിയിലെ നക്ഷത്രങ്ങളെ പോലെയും പെറ്റു പെരുകിക്കോളാന്‍ പറഞ്ഞു. സൗകര്യത്തിനു തുണിയും കൊടുത്തില്ല നാണവും കൊടുത്തില്ല. ഏദന്‍ തോട്ടം കൊടുക്കുകയും ചെയ്തു. നിറച്ചും തണല്‍ മരങ്ങള്‍, പൊന്തക്കാടുകള്‍. പോരെ പൂരം! മനുഷ്യന്മാര്‍ വാശിയോടെ പെറ്റു പെരുകി. മനുഷ്യര്‍ക്കു തന്നെ പേടി ആയി. ഇണ്ടാസുകള്‍ ഇറങ്ങി. നിരോധും കൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ ഇറങ്ങി. അതും വീര്‍പ്പിച്ചു എഴുപതുകളില്‍ പിള്ളേര്‍ കളിച്ചു. സഞ്ജയ് ഗാന്ധി എന്ന പാവം – ഞൊടിയിടയില്‍ എണ്‍പതു ലക്ഷം ഇന്ത്യന്‍ പുരുഷന്മാരെ പിടിച്ചു വാസ് ഡിഫെറെന്‍സ് എന്ന കുഴല്‍ കട്ട് ചെയ്ത്, ബക്കറ്റും കൊടുത്തു വിട്ടു. ചൈനയില്‍ ഒറ്റ കുട്ടി മതി എന്ന് നിയമം വന്നു.

അതായത് – 1950 -ല്‍ ഒരു ശരാശരി ഇന്ത്യന്‍ സ്ത്രീക്ക് ആറു കുട്ടികള്‍ (ഫെര്‍ട്ടിലിറ്റി റേറ്റ് = 6 ). ഇന്നത് ഏകദേശം 2.5 . ഗുണമുണ്ടായില്ലേ? പിന്നെന്താ? അതേ – 1950 ല്‍ ബംഗ്ലാദേശ് ഫെര്‍ട്ടിലിറ്റി റേറ്റ് = 7. ഇപ്പോഴോ – 2 .6 . ബംഗ്‌ളാദേശ് മുസ്ലിം രാജ്യമാണ്. ത്രികോണവുമില്ല തേങ്ങാക്കൊലയുമില്ലേ, അപ്പോഴോ ?

പാകിസ്ഥാനിലും നല്ല കുറവുണ്ട്. ഏഴില്‍ നിന്നും മുന്നിലേക്ക് താണു. അതിവേഗം പിന്നെയും താഴുന്നു. കുടുംബാസൂത്രണം എന്നും പറഞ്ഞങ് ചെല്ല്, അവന്മാര്‍ വായില്‍ ബോംബിട്ട് പൊട്ടിക്കും. അപ്പൊ അതെങ്ങനെ? ചൈനയുടെ ജനന നിരക്ക് 5.5 ല്‍ നിന്ന് 1.7 ആയി. പക്ഷെ നോക്കു – ഒരു നിര്ബന്ധവും ഇല്ലാതെ ശ്രീ ലങ്കയുടേത് 5 ല്‍ നിന്ന് 1 .9 ആയി ! അതായത് ഉത്തമ പുരുഷ കേസരികള്‍ സ്ത്രീ കേസര്യകളെ – നഗരവല്‍കരണം , വിദ്യാഭ്യാസം , സ്ത്രീ ശാക്തീകരണം , അഭിവൃദ്ധി – ഇവ കൂടുമ്പോള്‍ സ്വാഭാവികമായി കുറയുന്ന ഒന്നാണ് ഈ ജനന നിരക്ക്! ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ. ഹിന്ദുക്കളേക്കാള്‍ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതല്‍ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത്. വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും. അതായത് ഒരു കണക്ക് അനുസരിച്ചു (ആധുനികത ഇതിലും പെട്ടന്ന് വന്നേക്കാം ) 2050 ല്‍ മുസ്ലിങ്ങള്‍ ജനസംഖ്യയുടെ പതിനെട്ടു ശതമാനം ആകും. (പിന്നെ മാറ്റങ്ങള്‍ ഒട്ടു വരികയുമില്ല). ഹിന്ദുക്കള്‍ വെറും മൂന്നു ശതമാനം മാത്രമേ കുറയുകയുള്ളു (ക്രിസ്ത്യാനികളും സിക്കുകാരുമൊക്കെ പിന്നെയും കുറയും എന്ന് സാരം)

ഫേസ്ബുക്കും വാട്സാപ്പും തോല്‍പ്പിച്ച എംആര്‍ വാക്‌സിന്‍: ‘കണ്ണൂരില്‍ ഇത്ര എതിര്‍പ്പ് പ്രതീക്ഷിച്ചില്ല’

ആധുനികത – അത് എവിടെ വരുന്നോ – അവിടെ ജനന നിരക്ക് കുറഞ്ഞിരിക്കും. നമ്മുടെ ഒന്നോ രണ്ടോ കുട്ടികള്‍ വളര്‍ന്നു വലുതാകും എന്ന് കുറഞ്ഞ ശിശു മരണ നിരക്കും, സൗകര്യങ്ങളും, വൈദ്യ ശാസ്ത്രവും മറ്റും മൂലം ആകുമ്പോള്‍ ലോകം ആകമാനം ജനന നിരക്ക് കുറയുന്നു. വേറെ പല കാരണങ്ങളും ഉണ്ടാകാം. കൃഷിക്കാര്‍ കുറയുന്നു. നഗര വാസികള്‍ കൂടുന്നു. കൃഷി സ്ഥലത്തു മക്കള്‍ മുതല്‍ കൂട്ടാണ്. നഗരത്തില്‍ കുറച്ചു മക്കള്‍ മതി. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നൊക്കെ ആളുകള്‍ വിചാരിക്കുന്നു. സ്ത്രീ വിദ്യാഭ്യാസം കൂടുന്നു. സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുന്നു. പെറ്റു പെരുകാന്‍ ഉള്ള ഉപകരണങ്ങള്‍ ആവാന്‍ അവര്‍ വിസമ്മതിക്കുന്നു. ഇപ്പോള്‍ ലോക ജനസംഖ്യ 750 കോടിയോളം ആണ്.  എന്നിട്ടും ശാസ്ത്ര, ആധുനികത വികാസങ്ങള്‍ കാരണം ഉണ്ണാനും ഉടുക്കാനും ഉണ്ട്. ദൈവ കൃപ. ദൈവത്തിന്റെ ഏറ്റവും വലിയ ഒരനുഗ്രഹം ആണ് ശാസ്ത്രം. എങ്കിലും 2000 കോടി ഒക്കെ അതിവേഗം ആയാല്‍ നമ്മള്‍ പട്ടിണി കിടന്നേനെ. വെള്ളത്തിന് വേണ്ടി പോലും അടിച്ചു മരിച്ചു നരകിച്ചേനെ. എന്നാല്‍ ഇപ്പോഴത്തെ ചിന്ത ഗ്രാഫിലെ ഏറ്റവും താഴത്തെ പ്രൊജക്ഷന്‍ അനുസരിച്ചേ ലോക ജനസംഖ്യാ വര്‍ദ്ധിക്കൂ എന്നാണു. അതായത് ഒരു 900 – 1000 കോടിയില്‍ 2075 ഓടെ ലോക ജനസംഖ്യ നിന്ന നില്‍പ്പില്‍ നിന്നേക്കും.

സ്‌തോത്രം – ദൈവത്തിനു സ്‌തോത്രം – എന്നെ എനിക്ക് പറയാനുള്ളു. വാക്‌സിനേഷന്‍ കുറച്ചു, ശിശു മരണ നിരക്ക് കൂട്ടി, സ്ത്രീ വിദ്യാഭ്യാസത്തിനു എതിരെ പട വെട്ടി, ചെയ്യുന്നതൊക്കെ ദൈവത്തിന്റെ മഹത്തായ പരിപാലനങ്ങള്‍ക്കെതിരെ ഉള്ള പിശാചിന്റെ ചെയ്തികള്‍ ആയി കാണേണ്ടി വരും. ചെയ്യരുതേ – പാപം ചെയ്യരുതേ.

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍