UPDATES

എന്‍ പി രാജേന്ദ്രന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

എന്‍ പി രാജേന്ദ്രന്‍

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുന്ന അവസ്ഥ മാധ്യമങ്ങള്‍ ഉണ്ടാക്കരുത്-എന്‍ പി രാജേന്ദ്രന്‍/കാഴ്ചപ്പാട്

പ്രസ്സ് കൌണ്‍സില്‍ ഓഫ് ഇന്ത്യ ഒരു നിര്‍ഗുണ സ്ഥാപനം; മംഗളം ചാനല്‍ പബ്ലിസിറ്റിയുണ്ടാക്കാന്‍ അധാര്‍മ്മിക കൃത്യം ചെയ്തു

ലോകത്തെമ്പാടും തന്നെ പുതിയ കാലഘട്ടത്തോടുകൂടി വിഷ്വല്‍ മീഡിയയുടെ രൂപങ്ങളും സ്വഭാവങ്ങളും വല്ലാതെ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഇത് ബാധകമാണ്. ഇത് ഒരു വലിയ മൂലധന നിക്ഷേപമുള്ള വലിയ വ്യവസായമായി മാറുകയും അതിന് ലാഭമുണ്ടാക്കുന്നതിനായി എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് വരികയും ചെയ്യുന്നു എന്നാതാണ് ഇതിലെ പ്രധാന പ്രശ്‌നം. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളും അതാണ്. ഇതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്, എന്തൊക്കെ ചെയ്യാന്‍ പാടില്ല, എന്തെല്ലാം ചെയ്യാം എന്നത് സംബന്ധിച്ചുള്ള ഒരു എത്തിക്കല്‍ കോഡോ എന്തെങ്കിലും രീതിയിലുള്ള വ്യവസ്ഥകളോ നിയമംവഴിയോ അല്ലാതെയോ മാധ്യമങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല.

നമുക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന ഒരു സ്ഥാപനമുണ്ട്. അത് പ്രിന്റ് മീഡിയക്ക് മാത്രം ബാധകമായ സ്ഥാപനമാണ്. ആ മീഡിയയില്‍ തന്നെ അത് കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. അങ്ങനെയൊരു എത്തിക്കല്‍ കോഡ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഉണ്ട് എന്നറിയുന്ന പ്രതാധിപന്‍മാര്‍ പോലും അപൂര്‍വമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പൊതുജനത്തിന് അത് അത്രപോലും അറിയില്ല. എന്തെങ്കിലും അധാര്‍മികമായ രീതിയില്‍ റിപ്പോര്‍ട്ടിങ് ഉണ്ടാവുകയോ, വാര്‍ത്തകള്‍ വരികയോ ചെയ്യുമ്പോള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കാമെന്ന് സാധാരണ ജനങ്ങള്‍ക്കറിയാം. ചില സംഘടനകള്‍ക്കും അറിയാം. വല്ലപ്പോഴും വക്കീല്‍ നോട്ടീസ് അയക്കുകയോ മാനനഷ്ടക്കേസ് കൊടുക്കുകയോ ചെയ്യുന്നതിനപ്പുറത്തേക്ക് അവര്‍ക്ക് പോലും ഒന്നും ചെയ്യാന്‍ കഴിയില്ല. ഡല്‍ഹിയിലുളള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയയച്ചിട്ട് പ്രസ്‌കൗണ്‍സില്‍ അതിനായി വിചാരണ നടത്തി ശരിയെന്ത് തെറ്റെന്ത് എന്ന് പറയുന്നത് പോലും കക്ഷികളല്ലാതെ വേറെയാരും അറിയുന്നില്ല. ഒരു പത്രം ചെയ്തത് തെറ്റാണ് എന്നൊരു തീരുമാനം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എടുത്തുകഴിഞ്ഞാല്‍ ആ തീരുമാനം പത്രവായനക്കാരന്‍ അറിയില്ല. കാരണം പത്രമത് പ്രസിദ്ധീകരിക്കില്ല. അത് പ്രസിദ്ധീകരിക്കണമെന്ന് നിര്‍ബന്ധിക്കണമെന്നുള്ള അധികാരം പോലും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കില്ല. ഇത്രയും ഉപയോഗരഹിതമായ, നിര്‍ഗുണമായ ഒരു സ്ഥാപനത്തെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നമ്മള്‍ താങ്ങിനിര്‍ത്തുകയാണ്.

ഇതറിഞ്ഞുകൊണ്ടാണ് ചിലയാളുകള്‍ ഒന്നുമറിയാത്ത മട്ടില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വിഷ്വല്‍ മീഡിയയ്ക്കും കൂടി ബാധകമാക്കണമെന്ന് പറയുന്നത്. അങ്ങനെ ബാധകമാക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. കാരണം ഒരു കേസുണ്ടായാല്‍ അത് അവര്‍ വിചാരണ ചെയ്യും, അതിന് അവര്‍ ടി.എ,ഡി.എ. ഒക്കെ വാങ്ങും, ഒരു തീരുമാനമെടുക്കും, ആരും അറിയാന്‍ പോവുന്നില്ല. ഇന്നലെ ഒരു മാധ്യമചര്‍ച്ചയില്‍ ബ്രിട്ടനെ ഉദാഹരണമാക്കിക്കണ്ടു. ബ്രിട്ടനില്‍ ഇത് നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടെന്നാണ് അതില്‍ ഒരാള്‍ പറഞ്ഞത്. ബ്രിട്ടനില്‍ ആ സംഭവം വരികയും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടന്നിരുന്നു. ലെവിസണ്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റൂപര്‍ട്ടിന്റെ ‘ന്യൂസ് ഓഫ് ദി വേള്‍ഡ്’ എന്ന പത്രം പൂട്ടിപ്പോയ സംഭവമുണ്ടായിരുന്നു. ലെവ്‌സണ്‍ കമ്മീഷന്‍ മാധ്യമങ്ങളുടെ കാര്യത്തില്‍ സ്വയം നിയന്ത്രണം പോര, സര്‍ക്കാര്‍ തലത്തിലോ പൊതുതലത്തിലോ ഉള്ള നിയന്ത്രണം കൊണ്ടുവരണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്. പൊതുജനങ്ങള്‍ ഒന്നടങ്കം ആ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും പുറത്തുനിന്നുള്ള നിയന്ത്രണം ആവശ്യമാണ് എന്ന നിഗമനത്തിലുമാണ് എത്തിച്ചേര്‍ന്നത്. ‘ന്യൂസ് ഓഫ് ദി വേള്‍ഡ്’ അത്രയധികം ചര്‍ച്ചചെയ്യപ്പെടുകയും, അത്രയും ക്രൂരമായ രീതിയിലാണ് അവര്‍ പെരുമാറുകയും ചെയ്തതെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനാഭിപ്രായമുണ്ടായത്. പക്ഷെ അവിടുത്തെ സര്‍ക്കാര്‍ മാധ്യമങ്ങളെ പിണക്കേണ്ട എന്ന് തീരുമാനിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കേണ്ട എന്ന തീരുമാനിച്ചു. അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രസ് കൗണ്‍സിലിനേക്കാള്‍ കൂടുതല്‍ ഫലവത്തായ സംവിധാനങ്ങളൊക്കെയുണ്ട്. നമ്മുടേത് പോലെ നിര്‍ഗുണമായതല്ല, കുറേക്കാടി ഗുണപരമായ സംവിധാനം. എന്നിട്ടുപോലും ജനങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായ പുതിയൊന്ന് ഉണ്ടാക്കണമെന്നുള്ള നിര്‍ദ്ദേശമുണ്ട്. സമ്മര്‍ദ്ദവുമുണ്ട്.

അഭിഭാഷകരോ മാധ്യമക്കാരോ, ആരാണ് ജനങ്ങളോട് കൂടുതല്‍ തെറ്റുചെയ്യുന്നത്?

നമ്മുടെ പ്രശ്‌നം എന്നുപറഞ്ഞാല്‍, ഇത്തരം എക്‌സ്റ്റേണല്‍ ഏജന്‍സിയെ കൊണ്ടുവന്ന് കഴിഞ്ഞാല്‍ അത് എങ്ങനെയാണ് പത്രസ്വാതന്ത്ര്യത്തെ ബാധിക്കുക എന്ന ആശങ്കകളുണ്ട്. ചിലപ്പോള്‍ അത് ഒരു പുതിയ ഏകാധിപത്യം ആയി മാറുകയും എപ്പോഴും മാധ്യമങ്ങളുടെ തലയിലേക്ക് വീഴാവുന്ന വാളായിട്ട് അത് മാറുകയും ചെയ്യാമെന്ന് ഭയം നമുക്കുണ്ട്. ഇതുരണ്ടുമല്ലാതെ ഫലപ്രദമായ രീതിയില്‍ വേണ്ടരീതിയില്‍ പുറത്തുനിന്നുള്ള നിയന്ത്രണം തന്നെയുണ്ടാവണം. കാരണം മാധ്യമങ്ങള്‍ക്ക് ഇപ്പോഴുള്ള വിശ്വാസ്യതയെങ്കിലും നിലനില്‍ക്കുന്നില്ലെങ്കില്‍, ഒരു ഏജന്‍സിയും ഇതിനെ നിയന്ത്രിക്കാനില്ലെങ്കില്‍, മാധ്യമം എന്നുപറയുന്ന സംവിധാനം ആവശ്യമില്ലാത്തതാണെന്ന് ജനങ്ങള്‍ക്ക് തന്നെ തോന്നിത്തുടങ്ങുന്ന അവസ്ഥയുണ്ടാവുകയും ജനങ്ങള്‍ ഇതിനെതിരെ തിരിയുകയും ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നത് തന്നെ ഇല്ലാതാവുകയും ചെയ്യും.

മംഗളം സിഇഒ തുലച്ചത് ഒരു ചാനലിന്റെ ഭാവി കൂടിയാണ്

ടി.വി. ചാനലുകള്‍ക്കായി റഗുലേറ്ററി ബോഡി ഉണ്ടാക്കിയിട്ടുണ്ട്. ചാനല്‍ ഉടമസ്ഥര്‍ ചേര്‍ന്നുണ്ടാക്കിയ ബോഡിയാണത്. പക്ഷെ, ആ റഗുലേറ്ററി ബോഡിയില്‍ ചേര്‍ന്നിട്ടുള്ള സ്ഥാപനങ്ങളുടെ എണ്ണം തുലോം പരിമിതമാണ്. ഇന്ത്യയിലെ നൂറ് കണക്കിന് ചാനലുകളുള്ളതില്‍ അതില്‍ ചേര്‍ന്നിട്ടുള്ള ചാനലുകള്‍ ഇരുപത്തഞ്ചോളം മാത്രമാണ്. സ്വയം നിയന്ത്രണം ഉണ്ടാക്കാന്‍ പോലും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയുന്നില്ല. ആ നിലക്ക് വളരെ കൃത്യമായ നിയമവ്യവസ്ഥകളോടുകൂടി മറ്റെല്ലാ സംവിധാനങ്ങള്‍ക്കുമുള്ളതുപോലെ എക്‌സ്‌റ്റേണല്‍ ജുഡീഷ്യല്‍ ബോഡി ഉണ്ടാകണം. അത് എല്ലാ സംസ്ഥാനങ്ങള്‍ക്കുമുണ്ടാകണം. അത് ചാനലുകള്‍ക്ക് കൂടി ബാധകമാണ്. അവരുടെ രാഷ്ട്രീയാഭിപ്രായ പ്രകടനങ്ങളെയോ, ഏതെങ്കിലും രീതിയിലുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തേയോ ഒരു രീതിയിലും തടയാതെ എല്ലാ എത്തിക്കല്‍ കോഡുകള്‍ക്കുമകത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ അവരെ നിര്‍ബന്ധിക്കുന്ന ഒരു സംവിധാനം ഉണ്ടാകണം.

‘മൈക്ക് കൊണ്ട് കുത്തലല്ല’ മാധ്യമ പ്രവര്‍ത്തനം; ദുഷ്ടാന്തങ്ങളുമായി പിണറായി

മംഗളം ചാനലിന്റെ കാര്യത്തില്‍, അവര്‍ ഡെലിബറേറ്റ് ആയിട്ട് പബ്ലിസിറ്റിയുണ്ടാക്കാനും മാധ്യമം തുടങ്ങുന്ന ദിവസം മുതല്‍ ജനശ്രദ്ധ പിടിക്കാനും വേണ്ടി ഒരു അധാര്‍മ്മികമായ കൃത്യം ചെയ്തു. അത് ഒരു സത്യമായിട്ട് അന്ന് തന്നെ മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരോ മാധ്യമ സംഘടനകളോ ആരും തന്നെ മംഗളം ടിവിയ്ക്ക് അനുകൂലമായി നിന്നിരുന്നില്ല. മേധാവിയെ ജയിലിലിട്ടിട്ട് പോലും പ്രതിഷേധിക്കാന്‍ പോലും ആരും മുതിരാതിരുന്നത് അതുകൊണ്ട് തന്നെയാണ്. പക്ഷെ അതിനെ വലിച്ചുനീട്ടി എത്രത്തോളം കൊണ്ടുപോവാന്‍ കഴിയുമെന്ന് നാമെല്ലാവരും പുന്‍വിചിന്തനം നടത്തേണ്ടതാണ്. രണ്ടും നമുക്ക് അപകടമായി തീരാന്‍ പാടില്ല. ചാനല്‍ വലിയ കുറ്റകൃത്യമാണ് ചെയ്തത്. അപ്പോള്‍ അതിന്റെ പേരിലുള്ള നടപടികള്‍ അവര്‍ അര്‍ഹിക്കുന്നുണ്ട്. അതില്‍ സംശയമില്ല. പക്ഷെ റിപ്പോര്‍ട്ട് പൂര്‍ണമായും മന്ത്രിയെ കുറ്റവിമുക്തനാക്കിയിട്ടില്ല. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് വ്യക്തിപരമായ വീഴ്ചയാണ്, അദ്ദേഹത്തിന്റെ ധാര്‍മ്മികതയെ ബാധിക്കുന്ന കാര്യമാണ്, അത് രാഷ്ട്രീയപരമായി ചര്‍ച്ചചെയ്യപ്പെടേണ്ട കാര്യവും ആണ്. ഒരു പൊതുപ്രവര്‍ത്തകന്‍ ഇങ്ങനെയൊരു കെണിയില്‍ വീഴാന്‍ പാടില്ല. ജനപ്രതിനിധി അതിന്റേതായ ധാര്‍മ്മികതയോടെ പ്രവര്‍ത്തിക്കണം. അതിനാണ് അദ്ദേഹത്തെ ജനങ്ങള്‍ തീരഞ്ഞെടുത്തിരിക്കുന്നത്. നിയമപരമായി അയാളുടെ ഭാഗത്ത് കുറ്റമുണ്ടാവില്ല, ആര്‍ക്കും പരാതിയില്ല, സര്‍ക്കാരിനോ മറ്റാര്‍ക്കെങ്കിലും നഷ്ടമുണ്ടായിട്ടില്ല എന്നൊക്കെ പറയാം. എങ്കില്‍പോലും രാഷ്ട്രീയക്കാരന്റെ ധാര്‍മ്മികത എന്ന വിഷയവും അവശേഷിക്കുന്നുണ്ട്. ആ വിഷയവും ചര്‍ച്ച ചെയ്യപ്പെടണം.

(എന്‍ പി രാജേന്ദ്രനുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

ഹണി ട്രാപ്പും മാധ്യമ വിലക്കും തരുന്ന സൂചനകള്‍; പിണറായിക്കും മാധ്യമങ്ങള്‍ക്കും

എന്‍ പി രാജേന്ദ്രന്‍

എന്‍ പി രാജേന്ദ്രന്‍

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍, കോളമിസ്റ്റ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍