UPDATES

ട്രെന്‍ഡിങ്ങ്

ചാണ്ടിക്ക് രാജിവെയ്ക്കാന്‍ ശരദ് പവാറിന്റെ സമ്മതം വേണം; ശശീന്ദ്രന് അത് വേണ്ട അതാണ് വ്യത്യാസം അല്ലെങ്കില്‍ ചാണ്ടിയുടെ പവര്‍!

എന്‍ സി പി യുടെ വേദന മനസിലാക്കാം. കേരളത്തില്‍ ആ പാര്‍ട്ടിക്ക് ചെല്ലും ചെലവും നല്‍കുന്നത് തോമസ് ചാണ്ടിയായിരിക്കാം. പക്ഷെ ഇത്ര വലിയ ഔദാര്യം ചാണ്ടിയോട് കാണിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കോ മുന്നണിക്കോ ഉണ്ടായിരുന്നോ എന്നതാണ് ചോദ്യം.

കെ എ ആന്റണി

കെ എ ആന്റണി

ഒടുവില്‍ അത് സംഭവിച്ചു. ഏറെ കടുംപിടുത്തതിനും ചെറുത്തുനില്‍പ്പിനും ഒടുവില്‍ തോമസ് ചാണ്ടി എന്ന ഒഴിയാബാധ സ്വമേധയാ രാജിയായിരിക്കുന്നു. കഴുത്തില്‍ അള്ളിപ്പിടിച്ചു കിടന്നിരുന്ന വേതാളം സ്വമേധയാ ഒഴിഞ്ഞുപോയതില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ ഡി എഫിനും ആശ്വസിക്കാം. എങ്കിലും എന്തിനുവേണ്ടിയാണ് ഈ വേതാളത്തെ അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു അങ്കം ജയിച്ചു അധികാരത്തില്‍ വന്ന ഒരു മുന്നണിയും അത് നയിക്കുന്ന സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും ഇത്രയും കാലം ചുമന്നു നടന്നു എന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നു. മുന്നണി ബന്ധം തുടങ്ങി ഒട്ടേറെ ന്യായങ്ങള്‍ നിരത്താനുണ്ടാവും. പക്ഷെ അത്തരം ലൊടുക്ക് ന്യായങ്ങള്‍ പൊതുജനം പോയിട്ട് സ്വന്തം പാര്‍ട്ടി അണികള്‍ പോലും വിശ്വസിക്കാനിടയില്ല. മുമ്പൊരിക്കല്‍ ഇതേ കോളത്തില്‍ സൂചിപ്പിച്ചിരുന്നതുപോലെ എന്‍ സി പി യുടെ പോപ്പ് തന്നെ അനുമതി നല്‍കേണ്ടിവന്നു ചാണ്ടി ബാധയുടെ ഈ ഒഴിഞ്ഞുപോക്കിന് എന്നതാണ് ഏറെ വിചിത്രമായ കാര്യം. ഘടകകക്ഷി, മുന്നണി മര്യാദ എന്നൊക്കെ ഇന്നത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വിശദീകരിക്കുന്നത് കണ്ടു. എന്‍ സി പി എന്ന ഇതേ ഘടകകക്ഷിയുടെ മന്ത്രി തന്നെയായിരുന്നു എ കെ ശശീന്ദ്രനും. അയാളുടെ കാര്യത്തില്‍ എന്‍ സി പി യുടെ പോപ്പ് ശരത് പവാറിന്റെയോ ഡെപ്യൂട്ടി പ്രഫുല്‍ പട്ടേലിന്റേയോ അനുവാദം തേടിയിരുന്നില്ല എന്ന കാര്യവും അങ്ങിനെയങ്ങു വിഴുങ്ങുന്നത് അത്ര കണ്ടു ശരിയല്ല എന്നുകൂടി പറയേണ്ടി വരുന്നു.

എങ്കിലും ഒരു കാര്യം വ്യക്തമാണ്. തനി മലബാറുകാരനും അതിലേറെ പഴയ കോണ്‍ഗ്രസ് – എസ്സിന്റെയും ഒക്കെ ഭാഗമായിരുന്ന ശശീന്ദ്രനല്ല കുവൈറ്റ് ചാണ്ടി എന്ന കായല്‍ രാജാവ്. പഴയകാല സോഷ്യലിസ്റ്റു കോണ്‍ഗ്രസ്സുകാരുടെ ഗതികേട് പീതാംബരന്‍ മാസ്റ്റര്‍ ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും വ്യക്തമായിരുന്നു. ‘അന്നം തരുന്നവന്‍ ചാണ്ടി’ എന്ന മട്ടിലുള്ള ഒരു ഒഴുക്കന്‍ എന്ന് തോന്നാമെങ്കിലും യജമാന ഭക്തി പ്രകടമാക്കുന്ന ശുനക ബന്ധിയായ ഒരു തരം കുരയും ചാടിക്കയറലും ഉണ്ടായിരുന്നു. എങ്കിലും ഒരുകാര്യം ഇനിയും വ്യക്തമല്ല എ കെ ശശീന്ദ്രന്‍ എന്ന ഒരു അപ്പാവിയെ ഒരൊറ്റ ഫോണ്‍ കോളില്‍ പുറത്താക്കിയ പിണറായിക്കു മുന്‍പില്‍ ചാണ്ടി മുതലാളി ബാധ മുന്നോട്ടു വെച്ചിരിക്കുന്ന കണ്ടീഷന്‍സ് എന്തൊക്കെ എന്നത് തന്നെയാണ് അത്. എല്ലാം ടി പി പീതാംബരന്‍ എന്നൊരാള്‍ വശം മുദ്ര വെച്ച കവറില്‍ കൊടുത്തു വിട്ടിരിക്കുന്നു എന്ന് ചാണ്ടിയും കവര്‍ മുഖ്യമന്ത്രിയെ കാണിച്ച ശേഷം രണ്ടു മണിക്ക് സ്വയം പ്രഖ്യാപിക്കും എന്ന് മാത്രം പറഞ്ഞ പീതാംബരന്‍ മാസ്റ്ററുടെ ഗതികേട് സഹിക്കാം. പക്ഷെ, പിണറായിയുടെ അസാധാരണമായ കാത്തിരിപ്പ് മറ്റെന്തൊക്കെയോ സൂചിപ്പിക്കുന്നുവെങ്കില്‍ മുന്നണി മര്യാദകള്‍ക്കപ്പുറം മുഖ്യഘടക കക്ഷിയായ സി പി ഐ പോലും എടുക്കുന്ന നിലപാടിനോട് പിണറായിയും സി പി എമ്മും മറുപടി പറയേണ്ടി വരും എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

നിലം നികത്തലും പുറമ്പോക്കു കൈയേറ്റവും സംബന്ധിച്ച ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തു തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി മന്ത്രിക്കും സര്‍ക്കാരിനും എതിരെ നടത്തിയത് രൂക്ഷ വിമര്‍ശം തന്നെയായിരുന്നു. ഉളുപ്പുള്ള ഏതൊരു മന്ത്രിക്കും രാജി വെക്കാനും മന്ത്രി അതിനു തയ്യാറാവുന്നില്ലെങ്കില്‍ അയാളെ പിടിച്ചു പുറത്താക്കാന്‍ സര്‍ക്കാരിനും അത് ധാരാളമായിരുന്നു. ഇന്നലെ പക്ഷെ രണ്ടും നടന്നില്ല. ഉളുപ്പ് എന്നൊരു വാക്ക് തന്റെ നിഘണ്ടുവില്‍ ഇല്ലെന്നു നേരത്തെ തന്നെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും തെളിയിച്ച ആളാണ് തോമസ് ചാണ്ടി. അല്ലെങ്കില്‍ കളക്ടറുടെ റിപ്പോര്‍ട്ട് വന്ന ഉടന്‍ തന്നെ അയാള്‍ രാജി വെച്ചൊഴിയുമായിരുന്നു. അപ്പോള്‍ പിന്നെ അയാളില്‍ നിന്ന് അങ്ങിനെ ഒരു നടപടി പ്രതീക്ഷിച്ചു കാത്തു നിന്ന മുഖ്യമന്ത്രിയുടെ നടപടി ഒട്ടും ഉചിതമായില്ല. മുന്‍ അനുഭവം ഉണ്ടായിട്ടും കാര്യങ്ങള്‍ വെച്ച് താമസിപ്പിക്കുക വഴി മുഖ്യമന്ത്രി ചെയ്തത് അനാവശ്യ വ്യാഖ്യാനങ്ങള്‍ക്കു വഴിവെക്കുക മാത്രമാണ്. എന്‍ സി പിയുടെ വേദന മനസിലാക്കാം. കേരളത്തില്‍ ആ പാര്‍ട്ടിക്ക് ചെല്ലും ചെലവും നല്‍കുന്നത് തോമസ് ചാണ്ടിയായിരിക്കാം. പക്ഷെ ഇത്ര വലിയ ഔദ്യാര്യം ചാണ്ടിയോട് കാണിക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്കോ മുന്നണിക്കോ ഉണ്ടായിരുന്നോ എന്നതാണ് ചോദ്യം. വന്ന വഴി മറക്കാന്‍ ചാണ്ടിയെപ്പോലെ ഒരു വ്യവസായിക്ക് എളുപ്പമായിരിക്കും. പക്ഷെ പിണറായി വിജയന് അത് പറ്റില്ലെന്ന് ജനം പറയുമെന്ന കാര്യമെങ്കിലും മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നു.

തോമസ് ചാണ്ടി- ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ കേരള അധ്യായം

ഏറെ നാടകങ്ങള്‍ക്ക് ഒടുവിലാണ് ചാണ്ടിയുടെ രാജി ഉണ്ടായിരിക്കുന്നത്. അതിനു സി പി ഐ മന്ത്രിമാരുടെ കടുംപിടുത്തം കൂടി വേണ്ടിവന്നു എന്നതും ശ്രദ്ധേയമാണ്. ചാണ്ടി കൂടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലായെന്ന് അവര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ചാണ്ടിയെ കൂടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റില്‍ ഉണ്ടായിരുന്നിട്ടും അവര്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നുവെന്നത് മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ചാണ്ടി വിഷയത്തില്‍ ഇന്നലെ ഹൈക്കോടതിയില്‍ നിന്നും ലഭിച്ചതിനേക്കാള്‍ വലിയ പ്രഹരമായി.

ചാണ്ടി, ചാണ്ടിയെ രക്ഷിച്ചു; ‘മച്ചുനന്‍ ചന്തു’ ചെന്നിത്തലയേയും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍