UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

ട്രെന്‍ഡിങ്ങ്

ബ്രിട്ടോ, ചാച്ചന്‍, വനിതാ മാമി; വിശ്വാസങ്ങളില്‍ ജ്വലിച്ചും ഉരുകിയും തീര്‍ന്ന മൂന്നു ജീവിതങ്ങള്‍

ഡിസംബറിന്റെ അവസാന നാളുകളില്‍ ഉള്ളുലച്ച രണ്ട് മരണങ്ങളെ കുറിച്ച് എഴുതി പൂര്‍ത്തിയാക്കിയപ്പോഴേക്കും എത്തിയ മൂന്നാമത്തെ മരണവാര്‍ത്തയാകട്ടെ തീര്‍ത്തും അപ്രതീക്ഷിതം

‘To die is extremely simple. You breathe out, and you don’t breathe in.’ (Sogyal Rinpoche -The Tibetan Book of Living and Dying)

മരണം ലളിതമാണ്, അനിവാര്യവും. ടിബറ്റന്‍ സന്യാസിയായ സോഗ്യാല്‍ റിന്‍പോച്ചെ പറയുന്നതുപോലെ ശ്വാസം നിലയ്ക്കുന്നു. അത്രേയുള്ളു. ജീവിച്ചിരിക്കെ നിങ്ങള്‍ എന്തു ചെയ്യുന്നുവെന്നതാണ് പ്രധാനം. മരണമെന്ന നിശ്ചിതാന്ത്യത്തിലേക്കുള്ള വളര്‍ച്ചയാണ് ജീവിതമെന്ന് പറയാം. എങ്കിലും അത് എല്ലായ്പ്പോഴും നമ്മളെ വ്യാകുലപ്പെടുത്തും. ഒരു മുന്നറിയിപ്പും നല്‍കിയില്ലല്ലോയെന്ന് വിലപിക്കും. ആന്റണി ചേട്ടനെ പോലെ മരിക്കാന്‍ പോവുകയാണ്, ചവിട്ടിക്കുതാഴെ വീടിന്റെ താക്കോല്‍ വെച്ചിട്ടുണ്ടെന്ന് തികഞ്ഞ നിര്‍മമതയോടെ പറയുന്ന അപൂര്‍വം ചിലരുമുണ്ട്. മറ്റൊരു കൂട്ടര്‍ ഈ ലോകഗതിയെ കുറിച്ച് അവരവരുടെ ഭാവനയും വിലാസവും അനുസരിച്ച് തത്വജ്ഞാനം പറയും.

ഡിസംബറിന്റെ അവസാന നാളുകളില്‍ ഉള്ളുലച്ച രണ്ട് മരണങ്ങളെ കുറിച്ച് എഴുതി പൂര്‍ത്തിയാക്കിയപ്പോഴേക്കും എത്തിയ മൂന്നാമത്തെ മരണവാര്‍ത്തയാകട്ടെ-സൈമണ്‍ ബ്രിട്ടോയുടേത് – തീര്‍ത്തും അപ്രതീക്ഷിതം. ധിഷണയും രാഷ്ട്രീയവും കലര്‍ന്ന ജീവിതവും കലയും വേര്‍തിരിക്കാനാവാതെ സമരതീഷ്ണമായ കാലത്തെ പിന്നിട്ട് മരണത്തിലേക്ക് നിര്‍മമം നടന്ന് കയറിയവരാണ് കെ.എല്‍. ആന്റണിയും സൈമണ്‍ ബ്രിട്ടോയും. ഇരുവരും സമരോത്സുകമായ കാലത്തിനൊപ്പം നടന്നു. അരയ്ക്കു കീഴ്‌പോട്ട് തളര്‍ന്ന് കഴിഞ്ഞ 35 വര്‍ഷങ്ങളായി വീല്‍ചെയറില്‍ നീങ്ങിയിരുന്ന സൈമണ്‍ ബ്രിട്ടോയുടെ ജീവിതത്തിന് പലതുകൊണ്ടും ഇതിഹാസ ശോഭയുണ്ടെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാത്തവരും കരുതുന്നു.

വനിത എന്ന വീട്ടമ്മയുടേതാകട്ടെ വീടകങ്ങളില്‍ ഉരുകി തീര്‍ന്ന ജീവിതം. പുറത്ത് എന്ത് നടക്കുന്നുവെന്ന് അറിയാതെ അവര്‍ ജീവിക്കുകയും മരിക്കുകയും ചെയ്തു. മറ്റിരുവരും പുറത്ത് നടക്കുന്നതിനെ കുറിച്ച് നിരന്തരം ചിന്തിക്കുകയും അതേക്കുറിച്ച് വേവലാതിപ്പെടുകയും അവ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുകയും അതിനായി താങ്ങളുടെ വിശ്വാസത്തിനൊപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ജീവിതത്തിന്റെ അപരാഹ്നത്തില്‍ രോഗപീഡകളാല്‍ ഒരാള്‍ സമയമെണ്ണി കിടക്കുകയായിരുന്നു. മറ്റൊരാളുടെ അന്ത്യമാകട്ടെ ജീവിതസായന്തനത്തിലെങ്കിലും തികച്ചും ആകസ്മികം. ബ്രിട്ടോയാകട്ടെ കഠിന കാലങ്ങള്‍ നീന്തിയെത്തിയാള്‍. അങ്ങനെയങ്ങു കടന്നുപോകുമെന്നു ആരും കരുതിയിരുന്നുമില്ല. ശാരീരിക അവശകളെയെല്ലാം വകഞ്ഞ് മാറ്റി പ്രജ്ഞയാലും പ്രതിഭയാലും ജീവിതം മുന്നോട്ട് തുഴയവെ വന്നെത്തിയ അന്ത്യം കടുത്ത ആഘാതമായി. ഈ ജീവിതങ്ങള്‍ക്കെല്ലാമുണ്ട് അതാതിന്റേതായ രാഷ്ട്രീയ ഉള്ളടക്കം.

1.

ഉളവയ്പിലെ കളത്തിപറമ്പ് മൈതാനത്തിലെ പന്തലിലേക്ക് കെ. എല്‍. ആന്റണി എന്ന ആന്റണി ചേട്ടന്റെ മൃതദേഹവും പേറിയുള്ള ആംബുലന്‍സ് എത്തുമ്പോള്‍ ഞങ്ങള്‍ ആ തൊടിയില്‍ ചിതറിത്തെറിച്ച് നില്‍ക്കുകയായിരുന്നു. ശവപേടകത്തില്‍ പിടിച്ച് ആംബുലന്‍സില്‍ നിന്നും ആദ്യം ഇറങ്ങിയത് ലാസര്‍ ഷൈന്‍. പിതാവിനെ പോലെ ഉന്നത ശീര്‍ഷന്‍. ഒരു വശത്തേക്ക് ശിരസ്സ് അല്പം ചരിച്ച് ആരെയോ ഉറ്റുനോക്കുന്നതുപോല ശുഭ്രവസ്ത്രധാരിയായ ആന്റണി ചേട്ടന്‍ കിടന്നു. ധന്യമായ മൗനമന്ദഹാസം ആ മുഖത്തിനു മാത്രം സാധ്യമായ ചാരുതയോടെ പടര്‍ന്നു. ഇരു കൈയുകളും ഉയര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ലീന ആ മരണത്തെ ഉള്‍ക്കൊള്ളാനാവാതെ വിലപിച്ചു. ലാസര്‍ ഷൈന്‍ അവരെ തന്നോട് ചേര്‍ത്ത് പിടിച്ചു.

കര്‍ഷക തൊഴിലാളികളും സാധാരണക്കാരും നിറഞ്ഞ, ഇരുവശങ്ങളും വേമ്പനാട്ട് കയലിനാല്‍ അതിരിട്ട പാണാവള്ളി എന്ന എന്റെ ഗ്രാമവും അതിനോടു ചേര്‍ന്നുള്ള ഉളവയ്പും ഒരു കാലത്ത് സമരങ്ങളില്‍ വല്ലാതെ ഉലഞ്ഞിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളും സമരങ്ങളും അടിക്കടി സംഭവിച്ചു. അന്നൊക്കെ പ്രതിഷേധ ജാഥകളുടെ തുടക്കം ഉളവയ്പില്‍ നിന്നായിരുന്നു. അവിടെ നിന്നും പൂച്ചാക്കലിലേക്ക് നീളുന്ന സിപിഎം ജാഥകളുടെ മുന്‍ നിരയിലുണ്ടായിരുന്ന ആന്റണി ചേട്ടനാണ് മനസ്സില്‍ ആദ്യം വരുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ നീണ്ടു നീണ്ടു പോകുന്ന ആ ജാഥകളില്‍ അണിചേര്‍ന്നിരുന്നവരെ എണ്ണാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കുട്ടിയായിരുന്നു ഞാന്‍. എന്റെ വീടിനോടു ചേര്‍ന്നുള്ള വയലിനപ്പുറത്തുകൂടെയായിരുന്നു ഉളവയ്പില്‍ നിന്നും പൂച്ചാക്കലേക്ക് പോകുന്ന റോഡ്.

ജാഥയുടെ മുന്‍ നിരയില്‍ അച്ചുതന്‍ ചേട്ടന്‍ എന്നു നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്ന സഖാവ് ഇ. അച്ചുതന്‍, പി. ടി. പുരുഷന്‍ തുടങ്ങിയവര്‍ക്കൊപ്പം സ്ഥിരം സാന്നിധ്യമായിരുന്നു ആന്റണി ചേട്ടന്‍. മടക്കിക്കുത്താത്ത മുണ്ട് കാറ്റിലുലയും. പലപ്പോഴും ജാഥയുടെ മുന്‍നിരയില്‍ മറ്റുള്ളവരില്‍ നിന്നും അല്പം അകന്നു മാറിയായിരിക്കും നടപ്പ്. തിടുക്കപ്പെട്ട് മുന്നോട്ടാഞ്ഞു നടക്കുന്ന അദ്ദേഹത്തിന്റെ തോളില്‍ അമര്‍ത്തിപ്പിടിച്ച കമ്പിന്റെ അറ്റത്ത് പാറി കളിക്കുന്ന പാര്‍ട്ടി പതാക. ജാഥ സമാപിച്ച് പൂച്ചാക്കല്‍ ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസംഗങ്ങളൊക്കെ ശ്രദ്ധയോടെ കേട്ട് ശ്രോതാക്കളുടെ മുന്‍നിരയിലും ആന്റണി ചേട്ടന്‍ ഉണ്ടായിരിക്കും.

ഇന്ദിര ഗാന്ധിയെ കരിങ്കൊടി കാണിച്ച, പൊലീസിനെ തിരിച്ചു തല്ലിയ സഖാവ് കൂടിയായിരുന്നു ‘ചാച്ചന്‍’

കാറ്റിലിളകിയാടുന്ന വസ്ത്രങ്ങളുമായി നടന്നു നീങ്ങുന്ന ആന്റണി ചേട്ടനെ അരിവടി വയല്‍ വരമ്പില്‍ ഞാന്‍ എത്രയോ വട്ടം നോക്കി നിന്നിരിക്കുന്നു. പക്ഷികള്‍ ചേക്കേറുന്ന അഭിരാമ സന്ധ്യയിലും പുലര്‍നാളങ്ങള്‍ക്കു നടുവിലും ഒരു പുല്‍നാമ്പിനെ പോലും നോവിക്കാതെ നടന്നു നീങ്ങിയിരുന്ന ഒരാള്‍. പതിറ്റാണ്ടുകളായി ഒരേ നാട്ടില്‍ ജീവിച്ച്, ഒരേ വഴികളിലൂടെ നിരന്തരം സഞ്ചരിച്ചിട്ടും ഒന്നോ രണ്ടോ വട്ടം മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. അതും വളരെ ചുരുക്കം വാക്കുകള്‍. പണിക്കര്‍ സഖാവിന്റെ മകളുടെ മകനല്ലേയെന്ന് ഒരിയ്ക്കല്‍ പൂച്ചാക്കലെ യംഗ്മെന്‍സ് ലൈബ്രറിയ്ക്ക് പിന്നിലെ മണല്‍ക്കൂമ്പാരത്തില്‍ ഇരിക്കവെ കുട്ടിയായിരുന്ന എന്നോട് ചോദിച്ചതൊഴികെ മറ്റൊരു സംസാരവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായതായി ഓര്‍മ്മിക്കുന്നില്ല.

90കളുടെ അപരാഹ്നത്തില്‍ ഞാന്‍ താമസിച്ചിരുന്ന എറണാകുളം കലൂരിലെ ഏരൂര്‍ വാസുദേവ് റോഡിലുള്ള വീട്ടില്‍ അദ്ദേഹം സ്വന്തം പുസ്തകം വില്‍ക്കാനായെത്തി. കോളിംഗ് ബെല്ല് അടിക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോള്‍ ആന്റണി ചേട്ടന്‍. പുസ്തകം വാങ്ങി പണം നല്‍കി മടക്കവെ അദ്ദേഹമോ ഞാനോ പരിചയം കാട്ടിയില്ല. അതിനു മുന്‍പും അതിനുശേഷവും എത്രയോ വട്ടം ബസ്സിലും ബോട്ടിലും ഒരേ സീറ്റില്‍ ഒന്നിച്ചിരുന്നു ഞങ്ങള്‍ യാത്ര ചെയ്തിരിക്കുന്നു. അദ്ദേഹത്തില്‍ നിന്നും തെല്ല് മാറി നില്‍ക്കാന്‍ ഞാനും ശ്രമിച്ചു. അത് ഞങ്ങള്‍ രണ്ടു പേരുടേയും സ്വഭാവ സവിശേഷതകള്‍ കൊണ്ടാകണം. എന്നാല്‍ എന്റെ അടുത്ത ബന്ധുവായ ഉണ്ണി മോന്റെ ചങ്ങാതിയായ ലാസര്‍ ഷൈനുമായി ചെറുപ്പകാലം മുതല്‍ അടുത്ത ബന്ധമുണ്ട്. ഞങ്ങള്‍ക്കിടയില്‍ ഭാതൃനിര്‍വിശേഷമായ സ്‌നേഹവും.

എറണാകുളത്തെ സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിലെ തീയറ്ററിലിരുന്ന് ‘മഹേഷിന്റെ പ്രതികാരം’ കാണ്ടപ്പോഴാണ് തുടര്‍ച്ചയായി ഞാന്‍ ആന്റണി ചേട്ടന്റെ സംസാരം കേള്‍ക്കുന്നത് തന്നെ. ആ സിനിമ ലാസറിന്റെ ചാച്ചനെ മലയാളികളുടെ ആകെ ചാച്ചനാക്കി. അദ്ദേഹത്തിന്റെ സമരഭരിതവും സംഭവ നിരതവുമായ ജീവിതത്തെ കുറിച്ച് കുറെയൊക്കെ നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു. അക്കാലത്ത് പല മാധ്യമങ്ങളിലായി വന്ന അഭിമുഖങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ പ്രതിഭ രൂപപ്പെട്ട ഫോര്‍ട്ടുകൊച്ചിയിലെ ജീവിതത്തെ കുറിച്ചും മറ്റും കൂടുതലായി അറിഞ്ഞത്. ഫോര്‍ട്ടു കൊച്ചിക്കാരായ കലാകാരന്മാര്‍ ഏറെ പേര്‍ ചങ്ങാതികളായി ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ആരില്‍ നിന്നും ഇത്തരം ഒരു കാര്യം മനസ്സിലാക്കിയിരുന്നില്ല.

വിഷമതകള്‍ക്ക് നടുവിലായിരുന്നു ആന്റണി ചേട്ടന്റെ ജീവിതം. സിനിമ നല്‍കിയ പേരും പെരുമയും സമൃദ്ധിയും വന്നെത്തിയത് ജീവിത സായന്തനത്തില്‍ മാത്രം. അതുവരെ രാഷ്ട്രീയക്കാരനായ നാടകക്കാരന്റെ ക്ലേശകരമായ ജീവിതം. നാടക കലാകാരനായി കിട്ടിയ തുച്ഛമായ വരുമാനം കൊണ്ടും സ്വന്തം പുസ്തകം അച്ചടിച്ച് വീടുകള്‍ തോറും കൊണ്ടുനടന്നു വിറ്റുകിട്ടുന്ന പണം കൊണ്ടുമായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. എറണാകുളം ബോട്ട് ജെട്ടിയില്‍ പുസ്തകം വിറ്റിരുന്ന വൈക്കം മുഹമ്മദ് ബഷീറിനേയും പി.കെ. ബാലകൃഷ്ണനേയും പോലുള്ളവരുടെ ജീവിതം അദ്ദേഹത്തിനു പ്രചോദനമായിട്ടുണ്ടാകണം.

ഉളവയ്പിലെ കൊച്ചു വീട്ടില്‍ നടിയായ ഭാര്യയ്ക്കും എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ലാസര്‍ ഷൈനും മറ്റു മക്കള്‍ക്കുമൊപ്പം അദ്ദേഹം ജീവിച്ചു. പക്ഷെ സമരതീഷ്ണവും പ്രതിസന്ധി നിറഞ്ഞതുമായ ആ ജീവിതം വലിയ പാഠപുസ്തകം പോലെ നമുക്ക് മുന്നില്‍ ശേഷിക്കുന്നു. അത് നല്‍കുന്ന ഉത്തരവാദിത്തം എന്ത് എന്ന അന്വേഷണമാണ് അദ്ദേഹം ഏറെ സംവദിച്ചിരുന്ന എന്റെ ചങ്ങാതികളും അദ്ദേഹത്തെ അകലെ നിന്നും നോക്കിക്കണ്ടിരുന്ന ഞാനടക്കമുള്ളവരും അടങ്ങുന്ന സമൂഹം നടത്തേണ്ടത്. വിശേഷിച്ചും മൂല്യങ്ങള്‍ വല്ലാതെ കുഴമറിയുന്ന ഇക്കാലത്ത്.

വയറു നിറച്ച് ഊട്ടിയ…ജീവിതം പറഞ്ഞ് കണ്ണ് നിറച്ച പ്രിയപ്പെട്ട ചാച്ചൻ…

2.

ഉദയംപേരൂരിലെ മോര്‍വള്ളി പനച്ചിയ്ക്കല്‍ വീടിന്റെ പൂമുഖത്ത് വനിത മാമി കിടക്കുന്നു. തങ്കപ്പന്‍ മാമന്‍ എന്നു ഞങ്ങള്‍ വിളിച്ചിരുന്ന ഡോ. എം.എന്‍. ശ്രീനിവാസന്‍ ചുമരില്‍ ചിത്രത്തിലിരുന്നു ഞാനവിടെയുണ്ട് നീ ധൈര്യത്തില്‍ പോന്നോളു വനിതേ എന്ന് പറയുന്നത് പോലെ. ചുമരില്‍ പിന്നേയും ഉണ്ട് ചിത്രങ്ങള്‍. സത്യസായി ബാബ അടക്കമുള്ളവരുടേത്. എല്ലാം മാമന്റെ ദൈവങ്ങള്‍. അതുകൊണ്ടു തന്നെ മാമിയുടേയും. മാമിക്ക് സ്വന്തമായി ദൈവങ്ങള്‍ ആരെങ്കിലും ഉണ്ടായിരുന്നവോ? അവര്‍ക്ക് സ്വന്തമായി ഒരു ജീവിതം ഉണ്ടായിരുന്നുവോ? മാമന്റെ വിശ്വാസങ്ങളെല്ലാം മാമിയുടേയും വിശ്വാസങ്ങള്‍. പുട്ടപര്‍ത്തിയിലേക്ക് മാമന്‍ പോയിരുന്നപ്പോഴെല്ലാം മാമിയും പോയി. മാമനെ പോലെ മാമിയും ഭഗവാന്‍ എന്നാണ് ബാബയെ വിളിച്ചിരുന്നത്. എപ്പോഴെങ്കിലും നിന്റെ വിശ്വാസം എന്താണ് വനിതേയെന്ന് മാമന്‍ ചോദിച്ചിരുന്നിരിക്കുമോ? അതിന് സാധ്യത കുറവായിരിക്കണം.

ബാബ നേരിട്ട് അറിഞ്ഞിരുന്ന ഭക്തരില്‍ ഒരാളായിരുന്നു തങ്കപ്പന്‍ മാമന്‍. കഠിനമായ ഹൃദ്രോഗം അലട്ടിയിരുന്ന മാമന്‍ ശസ്ത്രക്രിയ അനിവാര്യമായി വന്ന ഘട്ടത്തില്‍ തന്റെ മരുന്നു ചീട്ടുകളെല്ലാം ബാബയുടെ കൈയില്‍ കൊടുത്ത് രക്ഷിക്കണമെന്ന് പറഞ്ഞു. ബാബ ദീനം ഏറ്റെടുത്തുവെന്നാണ് മാമന്‍ പറഞ്ഞിരുന്നത്. പിന്നേയും ദീര്‍ഘകാലം അദ്ദേഹം ജീവിച്ചു. മാമന്‍ ഏറ്റവും വിലപിടിപ്പുള്ളതായി കണ്ടത് സത്യസായി ബാബയെ ആയിരുന്നു. എന്റെ സഹോദരിയുടെ കല്യാണത്തിന് ബാബയുടെ കുറെ പുസ്തകങ്ങളാണ് മാമന്‍ കൊടുത്തത്. നിനക്ക് ജീവിക്കാനുള്ള പാഠങ്ങളൊക്കെ ഇതിലുണ്ടെന്ന് അദ്ദേഹം ചേച്ചിയോട് പറഞ്ഞു.

ദേശാഭിമാനിയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇടയ്ക്കിടെ മാമന്‍ അമ്മയോട് ചോദിച്ചിരുന്നു. അവന് ദൈവ വിശ്വാസമൊക്കെയുണ്ടോ ശാന്തമ്മേയെന്ന്. കമ്യൂണിസ്റ്റല്ലെങ്കില്‍ അവരവന് ജോലി കൊടുക്കില്ല. ഇപ്പോ കമ്യൂണിസ്റ്റുകാര്‍ക്കും ദൈവവിശ്വാസമൊക്കെയുണ്ട് കേട്ടോ. മാമന്‍ പറയും. എന്റെ പേരില്‍ ബാബയുടെ ജേര്‍ണലുകളൊക്കെ അയച്ചു തരികയും ചെയ്തിരുന്നു.

എന്റെ അമ്മയുടെ വല്യച്ഛന്റെ മകനായിരുന്നു തങ്കപ്പന്‍ മാമന്‍. എന്നെ കുട്ടാച്ചാ എന്നും ചേച്ചിയെ കാളിക്കുട്ടി എന്നും വിളിച്ചിരുന്ന മാമന്‍ പ്രാക്ടിസിനിടെ ഉദയംപേരൂരില്‍ നിന്നും മാമിയുണ്ടാക്കിയ ചക്ക വരട്ടിയതും കൊണ്ട് സൈക്കിളില്‍ പൂച്ചാക്കലെത്തിയിരുന്നു. ഉദയംപേരൂരില്‍ നിന്നും റോഡ് മാര്‍ഗം പൂത്തോട്ടയെത്തി അവിടെ നിന്നും ബോട്ടില്‍ സൈക്കിള്‍ കയറ്റിവെച്ച് പെരുമ്പളം ജെട്ടിയിലെത്തും. അവിടെ നിന്നും വീണ്ടും റോഡ് മാര്‍ഗമാണ് പൂച്ചാക്കലേക്കുള്ള വരവ്.

സൈക്കിളിന്റെ പിന്നില്‍ കെട്ടിവെച്ചിരിക്കുന്ന ഭരണിയിലാവും പലഹാരം. ഞങ്ങള്‍ക്ക് ചക്ക വരട്ടിയത് ഇഷ്ടമാണെന്ന് മാമിക്ക് അറിയാമായിരുന്നു. മാമനും അദ്ദേഹത്തിന്റെ അച്ഛനും കടുത്ത ശാഠ്യക്കാരായിരുന്നു. അവരുടെ എല്ലാ നിര്‍ബന്ധങ്ങളും നിവര്‍ത്തിച്ചശേഷം സമയം കണ്ടെത്തിയാണ് ഞങ്ങള്‍ക്കായി ചക്കരവരട്ടിയതൊക്കെ വനിത മാമി ഉണ്ടാക്കിയിരുന്നത്. അമ്മാവന്റെ സ്വഭാവം അറിയാമല്ലോയെന്ന് വനിത മാമി ഇടയ്ക്കിടെ പറയും. എന്നിട്ട് ഒരു നെടുവീര്‍പ്പിടും. ഒരു സ്ത്രീ സ്വന്തം ജീവിതം കൊണ്ട് പഠിച്ചതൊക്കെ ആ നെടുവിര്‍പ്പിന്റെ ആഴങ്ങളില്‍ മുദ്രിതമായി കിടന്നിരുന്നു.

സ്‌നേഹവും വാത്സല്യവും സദാപി ആ മുഖത്ത് പ്രകാശം പരത്തി. ചേര്‍ത്തുനിര്‍ത്തി കുലുങ്ങി ചിരിക്കുമ്പോള്‍ വലിയ പൂമരത്തിന്റെ ചോട്ടിലെത്തിയ പോലെ ഞങ്ങള്‍ ആനന്ദിച്ചു. എല്ലാം വെടുപ്പായും ചിട്ടയായും ചെയ്യുന്ന വീട്ടമ്മ. വീട്ടിനകത്തും പറമ്പിലുമൊക്കെ നിര്‍ത്താതെ ഓടി തിടുക്കപ്പെട്ടുള്ള ജീവിതം. അതിനിടയിലെപ്പോഴോ കേള്‍വിക്കുറവ് ബാധിച്ചു. അതവരെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നു. പനച്ചിക്കലിലെ പഴയ അടുക്കളയില്‍ തീ ഊതി ഊതി ഇരുണ്ട മുഖവുമായി നില്‍ക്കുന്ന മാമിയുടെ ചിത്രം ഇപ്പോഴും തെളിമയോടെയുണ്ട് മനസ്സില്‍. മാമന്‍ വീട്ടിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ നിഴല്‍ പറ്റി നടക്കും. വനിതേ എന്ന നീട്ടിയുള്ള വിളിയ്ക്കായി ഏത് സമയത്തും കാത്ത് നില്‍ക്കുന്നതുപോലെ. സ്ത്രീകള്‍ നിരന്തരം വിധേയകളായി കൊണ്ടേയിരിക്കണമെന്ന് സമൂഹം ശഠിക്കുന്നതെന്തേയെന്ന ചിന്ത കുട്ടിയായിരുന്നപ്പോഴേ മനസ്സിലേക്ക് കൊണ്ടിട്ട ചിത്രങ്ങളൊലൊന്നായിരുന്നു അത്.

മാമിയുടെ മരണം പ്രതീക്ഷിതമായിരുന്നു. കഠിനമായ രോഗ പീഡകള്‍ അവരെ അവസാനകാലത്ത് അലട്ടിയിരുന്നു. പൂര്‍ണമായും കിടപ്പിലായിട്ട് മാസങ്ങളായി. മറ്റെല്ലാ മലയാളി ഗൃഹങ്ങളിലേയും പോലെ തന്നെ ഒരു സ്ത്രീ ജന്മം. മോര്‍വള്ളി പനച്ചിയ്ക്കലിലെ അടുക്കളയിലും തൊടിയിലും ഉരുകി തീര്‍ന്ന ജീവിതം. ദാ ഇപ്പോള്‍ അവസാന നാളവും അണഞ്ഞിരിക്കുന്നു. നാമ ജപങ്ങള്‍ നിറഞ്ഞ ആ വീട് മാമിയെ യാത്രോദ്യുക്തയാക്കി. വിട. ശ്മശാനത്തിലേക്കുള്ള ആംബുലന്‍സിലേക്ക് മൃതദേഹം എടുത്തുവെയ്ക്കവെ ഉമ്മറത്ത് നിന്നും ഇരു കൈകളും കൂപ്പുന്ന മകള്‍.

കുത്തേറ്റ് അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നിട്ടും അവസാനിക്കാത്ത സൈമണ്‍ ബ്രിട്ടോയുടെ പോരാട്ട വീര്യം

3.

പുതുവര്‍ഷത്തലേന്ന് അന്തി ചാഞ്ഞ് തുടങ്ങവെ, കൊച്ചി നഗരത്തിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ബ്രിട്ടോയുടെ മരണവാര്‍ത്ത ഒരു വാട്‌സപ്പ് സന്ദേശമായി എത്തിയത്. ഞാനും ഭാര്യയും ഇരുന്നേടത്ത് നിന്നും തെല്ല് അകലെയായി ഒരു യുവ സിപിഎം നേതാവും ഭാര്യയും ഇരിക്കുന്നുണ്ടായിരുന്നു. ബ്രിട്ടോ മരിച്ചതായ സന്ദേശം വായിച്ചപ്പോള്‍ ഭാര്യയാണ് ആ നേതാവിനെ എനിക്ക് കാണിച്ചുതന്നത്. വിശദാംശങ്ങള്‍ അദ്ദേഹത്തോട് ഒന്ന് ചോദിച്ചാലോ എന്നു കരുതി. പിന്നെ എന്തോ വേണ്ടന്നു വെച്ചു.

ബ്രിട്ടോയുടെ ജീവിതം സമാനതകളില്ലാത്ത സഹനത്തിന്റേതായിരുന്നു. കലാലയ രാഷ്ട്രീയം മൃതപ്രായമാക്കിയ ശരീരവും പേറി തളരാത്ത മനസ്സുമായി മൂന്നര പതിറ്റാണ്ട് നമുക്കിടയില്‍ ജീവിച്ച സൈമണ്‍ ബ്രിട്ടോയുടെ ജീവിതം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാഠപുസ്തകമാണ്. ചെറുകുറിപ്പില്‍ ഒതുങ്ങുന്നതല്ലിത്. അതിന്റെ നാള്‍വഴികള്‍ കേരളം വീണ്ടും ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തില്‍ വിശദാംശങ്ങളിലേക്ക് കടക്കുന്നുമില്ല. എന്റെ സ്‌കൂള്‍ കാലഘട്ടത്തിലാണ് ബ്രിട്ടോ കത്തിക്കിരയായി കിടപ്പിലാകുന്നത്. വേദനയോടും വ്യാകുലതയോടും കൂടി ഞാന്‍ ആ വാര്‍ത്തകള്‍ വായിച്ചിരുന്നു. എതിരുകളോട് ഒന്നൊന്നായി ഏറ്റുമുട്ടി ശാരീരിക അവശതകളെ അതിജീവിച്ച് സാമൂഹ്യ ജീവിതത്തില്‍ ശക്തമായി ഇടപെടുന്ന ബ്രിട്ടോയുടെ ഇച്ഛാശക്തി വലിയ ആദരവ് അര്‍ഹിക്കുന്നു. ചെറിയ കാര്യങ്ങളില്‍ മുറിഞ്ഞു പോകുന്ന മനസ്സുള്ള എനിക്ക് ആ നിശ്ചയദാര്‍ഢ്യം സമാനതകളില്ലാത്തതാണെന്ന് തോന്നി.

എഴുത്തുകാരനായ ബ്രിട്ടോ. പ്രഭാഷകനായ ബ്രിട്ടോ. ഭാരത പര്യടനം നടത്തുന്ന ബ്രിട്ടോ. സര്‍വോപരി ഉണര്‍ന്ന മനസ്സുമായി ചുറ്റും നടക്കുന്ന കാര്യങ്ങള്‍ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന രാഷ്ടീയക്കാരനായ ബ്രിട്ടോ. ആ ജീവിതത്തിന് ഒരുപാട് അടരുകള്‍ ഉണ്ടായിരുന്നു. അത് അപാരശോഭയും കാന്തിയും പരത്തി. പ്രണയിനിയായും ഭാര്യയായും ബ്രിട്ടോയുടെ ജീവിതത്തില്‍ പ്രകാശം പരത്തിയ സീനയുടെ സമര്‍പ്പണവും സമാനതകളില്ലാത്തതാണ്. ബ്രിട്ടോയുടെ വീല്‍ചെയറിനു പിന്നില്‍ പിടിച്ച് മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരുന്ന സീന. എറണാകുളം വടുതലയിലെ കയം എന്ന വീട്ടില്‍ അവര്‍ക്കിടയിലേക്ക് എത്തിയ കൈനില (നിലാവ്) എന്ന മകള്‍. 90 കളുടെ അപരാഹ്നത്തില്‍ വര്‍ഷങ്ങളോളം ഞാനും സീനയും സഹപ്രവര്‍ത്തകരായിരുന്നു. അവരില്‍ നിന്നും ബ്രിട്ടോയുടെ വ്യക്തിശീലങ്ങളെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. ദേശാഭിമാനി കാന്റീനിലും മറ്റും വെച്ച് വിടര്‍ന്ന മിഴികളോടെ അവര്‍ ബ്രിട്ടോയെ കുറിച്ച് പറഞ്ഞിരുന്നു. കേള്‍വിക്കാരായി ജോജിയും പീറ്ററും ഞാനും ഒക്കെ അടങ്ങുന്ന സംഘം.

അഭിമന്യുവിന്റെ മരണത്തിന്റെ നാളുകളിലാണ് ബ്രിട്ടോയെ അവസാനമായി നേരില്‍ കണ്ടത്. അദ്ദേഹത്തെ വല്ലാതെ ഉലച്ച സംഭവമായിരുന്നു അഭിമന്യുവിന്റെ മരണം. 1983 ഒക്ടോബര്‍ 14ന് എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ കാണുന്നതിനായി ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ബ്രിട്ടോയ്ക്ക് കുത്തേറ്റതും പിന്നീട് ശയ്യാവലംബിയാകുന്നതും. അതേ മഹാരാജാസ് കാമ്പസിലെ തന്നെ മറ്റൊരു രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഇരയായി സഹായിയായ അഭിമന്യുവും. കൂടപ്പിറപ്പിനേയോ മകനേയോ പോലെ ബ്രിട്ടോയും സീനയും അഭിമന്യുവിനെ സ്‌നേഹിച്ചിരുന്നു. തനിയ്‌ക്കൊപ്പം നിഴല്‍ പോലെ നടന്ന അഭിമന്യുവിനെ കൂട്ടിക്കൊണ്ടുപോയ 2018ന്റെ അവസാനത്തെ ദിനം ബ്രിട്ടോയ്ക്കായി നീക്കിവെച്ചിരുന്നതുപോലെ. സഹായികളൊന്നുമില്ലാതെ വീല്‍ചെയര്‍ ഉന്തി അദ്ദേഹം നിര്‍നിമേഷം ചരിത്രത്തിലേക്ക് നീങ്ങുകയാണ്-‘But man is not made for defeat. A man can be destroyed but not defeated’ എന്ന് എണസ്റ്റ് ഹെമിംഗ് വേയുടെ കഥാപാത്രമായ സാന്റിയാഗോ പറയുന്നതിന് നേര്‍സാക്ഷ്യം ശേഷിപ്പിച്ച്.

‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വർഷം, അതിജീവനത്തിന്റെ ആൾരൂപം’; ബ്രിട്ടോയെ കുറിച്ച് ഭാര്യ സീന ഭാസ്കർ എഴുതുന്നു

4.

മൂന്ന് ജീവിതങ്ങള്‍. അവരവരുടെ വിശ്വാസങ്ങളില്‍ ജ്വലിച്ചും ഉരുകിയും തീര്‍ന്നവ. ജീവിതത്തിന്റെ കരിയും മണ്ണും പുരണ്ട് അവര്‍ മടങ്ങിപ്പോയി. അറിഞ്ഞും അറിയാതെയും അവര്‍ ചെയ്ത കാര്യങ്ങളൊക്കെ സവിശേഷവും മൂല്യവത്തുമായിരുന്നു. ദിനസരി വ്യവഹാരങ്ങള്‍ക്കു നടുവില്‍ ഉരുകിയൊലിക്കുന്ന ഘടികാരം പോലെ ആയിരുന്നു അവര്‍ക്കു ജീവിതം. അതിന്റെ ചൂടില്‍ അവര്‍ പൊള്ളി. പുറംലോകവും അതിന്റെ പ്രത്യയശാസ്ത്ര പരിസരങ്ങളും എന്തൊക്കെ വിശദീകരണങ്ങള്‍ നല്‍കുന്നുവെന്ന് വ്യാകുലപ്പെടാതെ അവര്‍ ജീവിതാനുഭവങ്ങളുമായി യുദ്ധം ചെയ്തു. നിരന്തരം. അവര്‍ ലോകത്തിനായി കൈയിലുള്ളതൊക്കെ നല്‍കിക്കൊണ്ടേയിരുന്നു. തിരിച്ച് എന്തുകിട്ടുമെന്ന് വ്യാകുലപ്പെടാതെ ഈ ഘടികാരങ്ങള്‍ മിടിച്ചു.
പാരമ്പര്യങ്ങളും വിശ്വാസങ്ങളും അവിശ്വാസങ്ങളും കുഴച്ചുമറിച്ച നാട്ടില്‍ മൂല്യനിരാസങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നവരും മതിലു പുതുക്കുന്നവരും വിളക്കു തെളിയിക്കുന്നവരുമൊക്കെ ഈ ഘടികാര ദോലനങ്ങളുടെ മുഴക്കങ്ങള്‍ കേള്‍ക്കുന്നുണ്ടോ ആവോ?

‘Death is the only certainty in life and nothing else defines us like this very fact — we are sentient beings living in time, on a journey towards death. That’s why we have to deal with it. Unlike the animals that hear about death for the first time when they die, we stepped out of the continuum and now we have to find our position again.’ (Arthur Schopenhauer)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍