UPDATES

അംബികാസുതന്‍ മാങ്ങാട്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

അംബികാസുതന്‍ മാങ്ങാട്

അഞ്ചു കൊല്ലത്തിനിപ്പുറവും ആ കുട്ടികള്‍ അസ്ബസ്റ്റോസ് ഷീറ്റിനടിയില്‍ തന്നെയാണ്

ദ്രുതഗതിയില്‍ സര്‍ക്കാര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ച പലകാര്യങ്ങളും വേണ്ടത്ര വേഗതയില്‍ ചെയ്യാതിരിക്കുന്നതിലെ നൈരാശ്യം എല്ലാവര്‍ക്കും ഉണ്ട്

കാലങ്ങളായി ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്, എന്തിനാണ് ഇവരെ വീണ്ടും വീണ്ടും സമരത്തിനായി ഇറക്കുന്നത്? ഡിസംബര്‍ 10 ന് കാസര്‍ഗോഡ് വീണ്ടും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ സമരത്തിനിറങ്ങുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാരിനോട് ഇതേ ചോദ്യം ആവര്‍ത്തിക്കേണ്ടി വരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിരന്തരമായി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. വാഗ്ദാനങ്ങള്‍ തരുന്നതും പിന്നീട് ലംഘിക്കുന്നതും മാത്രമായിരുന്നു അവര്‍ ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് നടത്തിയ സമരങ്ങളിലെല്ലാം വലിയ തോതില്‍ പിന്തുണ തന്നവരായിരുന്നു ഇടതുപക്ഷം. സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തിയ സമരത്തില്‍ ഒപ്പം പങ്കെടുക്കുകയും സാമ്പത്തിക സഹായം ചെയ്യുകയും ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെയുള്ളവര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്ടെന്ന് എല്ലാം ശരിയാകുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു.

അധികാരത്തില്‍ വന്നയുടനെ ചിലകാര്യങ്ങള്‍ അത്തരത്തില്‍ ചെയ്യുകയും ചെയ്തു. ബഡ്ജറ്റില്‍ പത്തുകോടി മാറ്റിവച്ചു. മുന്‍ സര്‍ക്കാര്‍ ആകട്ടെ അവരുടെ അവസാന ബഡ്ജറ്റില്‍ മാത്രമാണ് ഇത്രയും തുക മാറ്റിവച്ചിരുന്നത്. കൂടാതെ ആയിരം രൂപ വീതം എല്ലാവര്‍ക്കും ഓണ സമ്മാനം നല്‍കി. ഇങ്ങനെയൊക്കെ ചെയ്യുന്നതു കണ്ടപ്പോള്‍ സ്വാഭാവികമായും കാര്യങ്ങളൊക്കെ ശരിയാകുമെന്നു തോന്നി. പക്ഷേ ഇനിയുമേറെ ശരിയാകാനുണ്ട്. ചികിത്സ സൗകര്യങ്ങള്‍ പഴയതുപോലെ തന്നെ. കുട്ടികള്‍ പലരും മരിച്ചുപോവുകയാണ്. ആവശ്യമായ ചികിത്സസൗകര്യം അവര്‍ക്കു ലഭിക്കുന്നില്ല. മെഡിക്കല്‍ കോളേജിന്റെ കാര്യം ഒന്നുമായിട്ടില്ല. പുനരധിവാസഗ്രാമം ചര്‍ച്ചയിലേ വരുന്നില്ല. സുപ്രിം കോടതി എല്ലാവര്‍ക്കും ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവരുടെ പുതിയ ലിസ്റ്റ് ഇപ്പോഴും പുറത്തുവന്നിട്ടില്ല. നാലായിരത്തോളം പേരെ പരിശോധിച്ചതില്‍ നിന്ന് 1905 പേരെ തെരഞ്ഞെടുത്തതാണ്. പക്ഷേ ആ ലിസ്റ്റും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നതായാണ് മനസിലാകുന്നത്.

ദ്രുതഗതിയില്‍ സര്‍ക്കാര്‍ ചെയ്യുമെന്നു പ്രതീക്ഷിച്ച പലകാര്യങ്ങളും വേണ്ടത്ര വേഗതയില്‍ ചെയ്യാതിരിക്കുന്നതിലെ നൈരാശ്യം എല്ലാവര്‍ക്കും ഉണ്ട്. ഞങ്ങളെല്ലാവരും അതു പങ്കിടുന്നു. അതുകൊണ്ടാണ് മൂന്നുമാസം മുന്‍പേ ഡിസംബര്‍ 10 നു സമരം പ്രഖ്യാപിച്ചത്. അതിനിടയിലും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇനിയും രണ്ടുമാസം കൂടി സമയമുണ്ട്, എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

"</p

ബഡ്‌സ് സ്‌കൂളുകളുടെ കാര്യം തന്നെ നോക്കാം. ഒന്നരക്കോടി രൂപ വീതം അഞ്ചുകൊല്ലം മുമ്പ് ധനസഹായം നല്‍കിയിട്ടുണ്ട്. ഏഴെണ്ണത്തില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇതിനിടയില്‍ അമ്പലത്തറിയില്‍ സ്‌നേഹവീട് എന്ന പേരില്‍ ബഡ്‌സ് സ്‌കൂള്‍ നിര്‍മിച്ചു. സുരേഷ് ഗോപി അടക്കമുള്ളവരുടെ സഹായവും നെഹ്‌റു കോളേജിലെ സാഹിത്യവേദിയുടെ സഹകരണവുമെല്ലാം കൊണ്ടാണ് അത് ഞങ്ങള്‍ പൂര്‍ത്തിയാക്കിയത്. 60 ലക്ഷം രൂപയായിരുന്നു ബഡ്ജറ്റ്. അത്രയും പണം കിട്ടിയില്ലെങ്കിലും രണ്ടു നിലയില്‍ വലിയൊരു കെട്ടിടം ഞങ്ങള്‍ നിര്‍മിച്ചു. പണമില്ലാത്ത ഞങ്ങള്‍ക്കത് കഴിഞ്ഞെങ്കില്‍ ഒന്നരക്കോടി കൈയിലുണ്ടായിട്ടും സര്‍ക്കാര്‍ ബഡ്‌സ് സ്‌കൂളുകള്‍ പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണ്? നിര്‍മാണത്തിനിടയില്‍ രണ്ടു ബഡ്‌സ് സ്‌കൂളുകള്‍ ഇടിഞ്ഞു വീഴുകയും ചെയ്തു. ഒരു വീട് കെട്ടുമ്പോള്‍ ഇങ്ങനെ സംഭവിക്കുമോ? അഞ്ചുകൊല്ലം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയതുപോലെ ഇപ്പോഴും ബഡ്സ് സ്‌കൂളിലെ രോഗബാധിതരായ കുട്ടികള്‍ അസ്ബസ്റ്റോസ് ഷീറ്റിന്റെ അടിയിലാണ് കഴിയുന്നത് എന്നാണ്. ഇപ്പോഴും അതേ അവസ്ഥയാണ്. ഈ സര്‍ക്കാര്‍ വന്ന് ഒരു കൊല്ലം കഴിഞ്ഞില്ലേ, ആ കുട്ടികളെ അസ്ബസ്റ്റോസ് ഷീറ്റിന്റെ അടിയില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതില്‍ നിന്നും ആശ്വാസകരമായ പലകാര്യങ്ങളും ചെയ്തിട്ടുണ്ടെങ്കിലും ചെയ്യാവുന്ന പലതും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് നിര്‍ഭാഗ്യകരമായ കാര്യം. ഏറെ ആഹ്ളാദം പകര്‍ന്നതായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രയത്നഫലമായി സുപ്രിം കോടതിയില്‍ നിന്നും ഇരകള്‍ക്ക് അനുകൂലമായി ഉണ്ടായ വിധി. പക്ഷേ ഇപ്പോഴും കോടതി പറഞ്ഞ ധനസഹായം ലഭ്യമാക്കുന്നില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നം വിഹിതം വാങ്ങിയെടുത്ത് വിധി നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയാണ്. പകരം ഉത്തരവില്‍ വ്യക്തതേടി വീണ്ടും കോടതിയില്‍ പോകുമെന്നാണ് കേള്‍ക്കുന്നത്. എങ്കില്‍ ആശ്വാസകരമായ ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നാണര്‍ത്ഥം.

ഇതിനിടയില്‍ ചില കോണുകളില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ മാരകമല്ല എന്നു പറയുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവരോട് പറയാനുള്ളത്, മുമ്പ് ഡോക്ടര്‍ ഷാന്‍ബോഗ് ചോദിച്ചതുപോലെ, എന്‍ഡോസള്‍ഫാന്‍ മാരകമല്ലെങ്കില്‍ അങ്ങനെ പറയുന്നവര്‍ ഓരോ സ്പൂണ്‍ വീതം കോരികുടിക്കൂ എന്നാണ്. ഇത്രയധികം രോഗബാധിതര്‍ ഒരു പ്രദേശത്ത് ഉണ്ടെങ്കില്‍ അതിനു കാരണം വേറെയെന്താണെന്നാണവര്‍ പറയുന്നത്? കോട്ടയത്തും വയനാടും തിരുവനന്തപുരത്തുമൊക്കെ കാന്‍സര്‍ രോഗികളില്ലേ എന്നു ചോദിക്കുന്നവരോടും പറയട്ടെ, എന്‍ഡോസള്‍ഫാന്‍ കാസറഗോഡ് മാത്രമല്ല, പച്ചക്കറിയും ധാന്യങ്ങളും കഴിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഈ വിഷം എത്തിച്ചേരുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി കടന്ന് ഇങ്ങോട്ട് വരുന്നത് വിഷമാണ്. ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പാട് ചെയ്യാന്‍ നമ്മുടെ സര്‍ക്കാരുകള്‍ക്കൊന്നും ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇവിടെ കാസറഗോഡ് മരിച്ചുപോകുന്ന കുട്ടികളെ നോക്കിയിട്ട് വേണം കോട്ടയത്തും വയനാടുമെല്ലാം കാന്‍സറില്ലേ എന്നൊക്കെയുള്ള വാദം ഉയര്‍ത്താന്‍. ഒന്നുറപ്പാണ്, അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്ന മനുഷ്യരായിരിക്കും.

(അംബികസുതന്‍ മാങ്ങാടുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

അംബികാസുതന്‍ മാങ്ങാട്

അംബികാസുതന്‍ മാങ്ങാട്

എഴുത്തുകാരനും അദ്ധ്യാപകനുമാണ് അംബികാ സുതന്‍ മാങ്ങാട്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍