UPDATES

ഡോ. സി എസ് വെങ്കിടേശ്വരന്‍

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

ഡോ. സി എസ് വെങ്കിടേശ്വരന്‍

സിനിമ

ശോഭ, വിജയശ്രീ, റാണി പത്മിനി, സില്‍ക്ക് സ്മിത; ഇവരുടെ മരണങ്ങള്‍ക്ക് മറുപടി പറയാന്‍ സമയമായി

താരങ്ങള്‍ തകരില്ല; പക്ഷേ സ്ത്രീ കൂട്ടായ്മയും യുവസംവിധായകരും പ്രതീക്ഷ നല്‍കുന്നു

മലയാള സിനിമയുടെ പ്രധാന പ്രശ്നം അതൊരു പ്രോപ്പര്‍ ഇന്‍ഡസ്ട്രിയല്ല എന്നുള്ളതാണ്. കണ്‍സിസ്റ്റന്‍റ് ആയ താത്പര്യമുള്ളവര്‍ ഈ വ്യവസായത്തില്‍ ഇല്ല. 90കള്‍ക്ക് ശേഷമുള്ള ഒരു മാറ്റമാണ് ഇത്. 70കളിലും 80 കളിലും ഉണ്ടായിരുന്നതുപോലെ വലിയ പ്രൊഡക്ഷന്‍ ഹൌസുകളും പലതരം സിനിമകളും പ്രൊഡ്യൂസ് ചെയ്യുന്ന തരത്തിലുള്ള ഒരു വ്യവസായമല്ല ഇന്ന് മലയാള സിനിമ. നിലനില്‍ക്കുന്ന താല്പര്യമുള്ള നിര്‍മ്മാതാക്കള്‍ ഇവിടെ ഇല്ല. ഒരു സിനിമ പൊളിഞ്ഞു കഴിഞ്ഞാല്‍ വേറൊരു പടവുമായി വരുന്ന തരത്തിലുള്ള നിര്‍മ്മാണം ഇവിടെ നടക്കുന്നില്ല. കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷത്തെ പ്രൊഡക്ഷന്‍ പാറ്റേണ്‍ എടുത്തു പരിശോധിച്ചാല്‍ എല്ലാ വര്‍ഷവും ഭൂരിപക്ഷം സിനിമകളും പിടിക്കുന്നത് ഫസ്റ്റ് ടൈം നിര്‍മ്മാതാക്കളാണ്. മലയാളത്തില്‍ ഒരു സിനിമ പിടിക്കുന്നത് അഫോര്‍ഡബിള്‍ ആയതുകൊണ്ട്-പ്രത്യേകിച്ചും എന്‍ ആര്‍ ഐക്ക്- മാത്രം നിലനില്‍ക്കുന്ന ഒരു വ്യവസായമാണ് ഇത്.

താരങ്ങള്‍
സിനിമയില്‍ താര സംവിധാനം തകരില്ല. താരങ്ങളില്ലാതെ സിനിമ നിലനില്‍ക്കില്ല. അത് വ്യവസായത്തിന്റെ ഭാഗം തന്നെയാണ്. ഒരു മൂലധന രൂപമാണ് താരം എന്നു പറയുന്നത്. എല്ലാ സിനിമ വ്യവസായങ്ങളും താരങ്ങളെ ചുറ്റിപ്പറ്റിത്തന്നെയാണ് നില്‍ക്കുന്നത്. ഹിന്ദിയിലും തമിഴിലും ഒക്കെ അങ്ങനെത്തന്നെയാണ്. അത് സ്വാഭാവികം തന്നെയാണ്. താരങ്ങള്‍ തന്നെയാണ് അതിന്റെ ക്യാപിറ്റല്‍.

പക്ഷേ താരങ്ങള്‍ക്ക് മാറാം. ആ ബിംബങ്ങള്‍ തകര്‍ക്കപ്പെടാം. ഇവിടെ നടന്ന വയലന്‍റ് ആയ ഈ ആക്ടിനെതിരെ വളരെ ശക്തമായി ശബ്ദമുയര്‍ത്തണമായിരുന്നു. അത് ചെയ്തില്ല എന്നത് കുറ്റകരമാണ്. എന്നാല്‍ പൊതുവേ മീഡിയ നടത്തുന്ന വേട്ടയാടലില്‍ അവര്‍ പങ്കെടുത്തില്ല എന്നു പറയുന്നതില്‍ ഞാന്‍ തെറ്റായി കാണുന്നില്ല. അവര്‍ക്ക് നിശബ്ദത പാലിക്കാന്‍ അവകാശമുണ്ട്.

താര വ്യവസ്ഥ പല രീതിയില്‍ മോണോപോളൈസിങ് ടെണ്ടന്‍സിയിലേക്ക് പോകുന്നതാണ് ഇവിടെ കാണുന്നത്. പണ്ടത്തെ പോലെ സിനിമ ഒരാള്‍ നിര്‍മ്മിക്കുന്നു, ജനങ്ങള്‍ കാണുന്നു, ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന തരത്തിലുള്ള കച്ചവടത്തിന്റെ,വ്യവസായത്തിന്റെ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നില്ല. വലിയ രീതിയില്‍ ചില താത്പര്യങ്ങള്‍ നിയന്ത്രിക്കുകയാണ് ഇവിടെ.

ഇന്ന് സിനിമയുടെ വരുമാനം എന്നു പറയുന്നതു ടെലിവിഷനെ ആശ്രയിച്ചാണ്. ടെലിവിഷന്‍ ആണെങ്കില്‍ ആങ്ങേയറ്റം കണ്‍സര്‍വേറ്റീവ് ആയിട്ടുള്ള വ്യവസായമാണ്. നിലനില്‍ക്കുന്ന താരങ്ങളുടെ മൂല്യത്തെ അടിസ്ഥാനപ്പെടുത്തി നില്‍ക്കുന്ന ഒന്ന്. അതുകൊണ്ട് വേറെ ഒരു തരം സിനിമയ്ക്കും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. നിക്ഷിപ്ത താത്പര്യങ്ങളുടെ കളം ഒരുക്കുന്നത് ഈ പശ്ചാത്തലമാണ്.

വളരെ പ്രൊഫഷണല്‍ ആയിട്ടുള്ള ഫ്രീ ആയി പരസ്പരം മത്സരിക്കുന്ന ഒരു വ്യവസായ അന്തരീക്ഷമല്ല ഇവിടെയുള്ളത്. ഡിസ്ട്രിബ്യൂഷന്റെ ഒരു മാഫിയ, എക്സിബിഷന്റെ, പ്രൊഡക്ഷന്‍റെ അങ്ങനെ പലതരം താത്പര്യങ്ങളാണ് നിലനില്‍ക്കുന്നത്. അല്ലാതെ സുസ്ഥിരമായ ഒരു വ്യവസായ താത്പര്യമല്ല.

വിമന്‍ കളക്ടീവ്

മറ്റൊന്ന് ഈ സംഭവം മറ്റൊരു തരത്തില്‍ മലയാള സിനിമയില്‍ ഒരു മാറ്റം കൊണ്ടുവരും എന്നുള്ളതാണ്. കഴിഞ്ഞ 30 വര്‍ഷമായിട്ട് നമ്മള്‍ കണ്ടിട്ടുള്ളത് ഒരു നിര ആത്മഹത്യയാണ്. വിജയശ്രീ, ശോഭ, റാണി പത്മിനി, സില്‍ക്ക് സ്മിത ഇങ്ങനെ ഒട്ടേറെ ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ വിരുദ്ധ സിസ്റ്റമാണ് സിനിമയില്‍ നില്‍നിന്നിരുന്നത്. ഇനി അത് മാറുകയാണ്. സ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നു, സ്തീകള്‍ അവരുടെ സ്വാതന്ത്ര്യം ആസേര്‍ട്ട് ചെയ്യുന്നു എന്നുള്ളത് ഭയങ്കര വയലന്‍സിലേക്ക് പുരുഷമേധാവിത്തപരമായ ഒരു സിസ്റ്റത്തെ തള്ളുന്നു എന്നതാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.

യുവസംവിധായകരില്‍ പ്രതീക്ഷ

ശ്വാസം മുട്ടിച്ചിരുന്ന താര വ്യവസ്ഥയില്‍ നിന്നും മലയാള സിനിമ പുറത്തു വന്നത് കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനിടയിലാണ്. വളരെ ഫ്രെഷ് ആയിട്ടുള്ള സിനിമകളാണ് യുവ സംവിധായകര്‍ ഉണ്ടാക്കുന്നത്. അവരുടെ പ്രമേയവും ട്രീറ്റ്മെന്റും അവര്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദഗ്ധരും എല്ലാം വ്യത്യസ്തമായിരുന്നു. പരിപൂര്‍ണ്ണമായും പഴയൊരു അധികാര ഘടനയില്‍ നിന്നും പുറത്തു വന്നു കഴിഞ്ഞു. പക്ഷേ അവിടെ നില്‍ക്കാനുള്ള സ്പേസില്ല എന്നതാണ് പ്രശ്നം. പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ഒന്നു തീയറ്റര്‍ നെറ്റ്വര്‍ക്ക് ലഭ്യമല്ല. അത് ഭയങ്കരമായി കുറഞ്ഞു. 70കളിലും 80 കളിലും രണ്ടായിരത്തിലധികം തീയറ്ററുകള്‍ ഉണ്ടായിരുന്ന കാലത്ത് 600 ഓളം തിയറ്ററുകള്‍ മാത്രമേയുള്ളൂ. പിന്നെ ആകെ ഉള്ളത് ടെലിവിഷനാണ്. അതാണെങ്കില്‍ വളരെ കണ്‍സെര്‍വേറ്റീവുമാണ്. ഈ പ്രതിസന്ധിയെ ബ്രേക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ വളരെ പോസിറ്റീവാണ് കാര്യങ്ങള്‍ എന്നാണ് തോന്നുന്നത്.

സിനിമ വ്യവസായം പരിപൂര്‍ണ്ണമായും നിയമവിധേയമായി വരുക എന്നത് അത്ര എളുപ്പമല്ല. കാരണം അതിന്റെ ഘടന അങ്ങനെയാണ് കിടക്കുന്നത്. കേരളം പോലുള്ള സ്ഥലത്തു വളരെ ഇന്‍ഫോര്‍മലായിട്ടാണ് ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. ആര്‍ക്കും ആരെയും ചൂഷണം ചെയ്യാവുന്ന ഒരു സാഹചര്യം ഇവിടെയുണ്ട്. അത് മാറി പ്രൊഫഷണല്‍ സംവിധാനം ഉണ്ടാവണം. ഒരു ട്രേഡ് യൂണിയന്‍ എന്ന രീതിയില്‍ നിന്നാല്‍ മതി. അത് തന്നെ ഒട്ടേറെ സുതാര്യത കൊണ്ടുവരും. ബേസിക് ലേബര്‍ റൈറ്റ്സ് ആസേര്‍ട്ട് ചെയ്യപ്പെടും.

(തയ്യാറാക്കിയത് സാജു കൊമ്പന്‍)

ഡോ. സി എസ് വെങ്കിടേശ്വരന്‍

ഡോ. സി എസ് വെങ്കിടേശ്വരന്‍

ചലചിത്ര നിരൂപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍