UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

ട്രെന്‍ഡിങ്ങ്

കൊലപാതകിയുടെ രാഷ്ട്രീയവും മലയാളിയുടെ പൊതുബോധവും

മധുവിന്റെ കൊലയാളികളുടെ ബോധവും ഷുഹൈബിന്റെ കൊലയാളികളുടെ പാർട്ടി-രാഷ്ട്രീയ താല്പര്യവും ഒന്നുതന്നെയാണ്

ഷുഹൈബിന്റെയും മധുവിന്റെയും കൊലപാതകം കേരള മന:സാക്ഷിയെ ഞെട്ടിച്ചു എന്നൊക്കെയാണ് മുഖ്യധാരാ മാധ്യമങ്ങൾ നിരന്തരം പറയുന്നത്. ഷുഹൈബിന്റെ കാര്യത്തിൽ പ്രതിപക്ഷം ഞെട്ടി, മധുവിന്റെ കാര്യത്തിൽ ഇരു കൂട്ടരും ഒരുപോലെ ഞെട്ടി. എന്നാൽ കേരളം പൊതുവിൽ എങ്ങനെയാണ് ഈ കൊലപാതകങ്ങളെ കണ്ടത് എന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നതിനെ ദേശീയ തലത്തിൽ ഒരു ചർച്ചയാക്കിയത് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകമാണ്. സിപിഎം വലിയ തോതിൽ പ്രതിരോധത്തിലായി എന്ന തോന്നൽ അവരുടെ രാഷ്ട്രീയ എതിരാളികൾക്ക് ഉണ്ടാക്കിയെങ്കിലും അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ കൃപയാൽ ആ കേസിൽ നിന്നും പാർട്ടി രക്ഷപെട്ടു.

ഷുക്കൂർ എന്ന പത്തൊമ്പത് വയസുകാരനെ വിചാരണ ചെയ്ത് കൊലചെയ്ത സംഭവം ദേശീയതലത്തിൽ അത്ര വലിയ വാർത്ത ആയില്ല. മുസ്ളീംലീഗ് ഈ കാര്യത്തിൽ കാര്യമായ ഒരു ഇടപെടലും നടത്തിയതും ഇല്ല. പത്തൊമ്പതു വയസുള്ള ഒരാളെ കേവലം വൈകാരിമായ കാരണം കൊണ്ട് മാത്രം നാലു മണിക്കൂറുകളോളം വിചാരണ ചെയ്തു കൊന്നു എന്നത് പാർലമെന്ററി ഇടതുപക്ഷത്തെ ബാധിച്ചിരിക്കുന്ന രാഷ്ട്രീയ അപചയത്തെ മാത്രമല്ല തുറന്നു കാട്ടിയത്, പകരം സംഘടന എന്ന രീതിയിൽ പാർട്ടിയിൽ ഉണ്ടാകുന്ന കുറ്റവാളിവത്ക്കരണം കൂടിയാണ്.

ഒരു പ്രദേശത്തെ, അതും കേരളം പോലെ പല കാരണങ്ങൾ കൊണ്ടും ഏകീകൃതമായ ഒരു പ്രാദേശത്തെ തികച്ചും വ്യക്തിപരമായ വൈരുദ്ധ്യങ്ങൾ കാരണമാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നത്. ഇത്തരം കൊലപാതകങ്ങൾ സിപിഎം മാത്രമല്ല നടത്തുന്നത്, ബിജെപിയും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അവരെ സംബന്ധിച്ചിടത്തോളം പ്രാദേശിക രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും എല്ലാം തന്നെ അപരനെ ഇല്ലാതാക്കല്‍ മാത്രമാണ്. അതുകൊണ്ട് അവര്‍ക്ക് ഇടതുപക്ഷക്കാർ രാഷ്ട്രീയ (സംഘടന എന്ന് കൂട്ടിവായിക്കണം) വിരോധികളും, ഫൈസലിനെ പോലെയുള്ളവർ ദേശദ്രോഹികളുമാണ്. എന്നാൽ ഇതിൽ നിന്നും ഒക്കെ വ്യത്യസ്തമായി എന്തിനാണ് ടി പിയും ഷുക്കൂറും ഇപ്പോൾ ഷുഹൈബും വെട്ടിനുറുക്കപ്പെടുന്നു എന്നത് വിശദീകരിക്കാൻ സിപിഎമ്മിനാകുന്നുമില്ല. അതുകൊണ്ട് തന്നെയാണ് സിപിഎം നേതാക്കന്മാരുടെ വ്യക്തിപരമായ പക്വതയില്ലായ്മയും രാഷ്ട്രീയ പാപ്പരത്തവുമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് പിന്നിൽ എന്ന് പറയേണ്ടിവരുന്നത്.

എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ ഇല്ലാത്ത ഒരു കേരളം രൂപപ്പെടുന്നത് ഇങ്ങനെയൊക്കെയാണ്

ദേശീയ തലത്തിൽ ബിജെപി കേരളത്തിലെ കൊലപാതക രാഷ്ട്രീയവും പ്രത്യകിച്ചും സംഘപരിവാർ പ്രവർത്തകർ സിപിഎമ്മുകാരാല്‍ കൊലചെയ്യപ്പെടുന്നതും ഇസ്ലാമിക തീവ്രവാദവും ഒന്നായി ചിത്രീകരിച്ചുകൊണ്ട് വലിയ പ്രചാരണം നടത്തിയിരുന്നു. ചുവപ്പു-പച്ച ഭീകരത എന്ന പേരിൽ നടത്തിയ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ പാർലിമെന്ററി ഇടതുപക്ഷത്തിന് കഴിഞ്ഞതുമില്ല.

മാധ്യമങ്ങൾ ഇത്തരം കൊലപാതകങ്ങൾക്ക് നൽകുന്ന വാർത്താപ്രാധാന്യത്തെ പറ്റിയാണ് സിപിഎമ്മിന്റെ പരാതി. സിപിഎമ്മുകാർ കൊലചെയ്യപ്പെടുബോൾ മാധ്യമങ്ങൾ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്നും പകരം അവർ പ്രതികളാക്കപ്പെടുന്ന കേസിൽ അമിതപ്രാധാന്യം കൊടുക്കുന്നു എന്നുമാണ് പരാതി. ഇത് കേവലം ഒരു വാദമായി മാത്രം കാണേണ്ട വിഷയമല്ല. കാരണം ഈ സമീപനം കൊണ്ട് നേട്ടമുണ്ടാകുന്നത് സിപിഎമ്മിന് കൂടിയാണ്. കാരണം ടി പി വധക്കേസിന് കിട്ടിയ ദേശീയ പ്രാധാന്യം ഷുക്കൂർ വധത്തിന് കിട്ടിയില്ല, മതംമാറിയതിന് കൊല ചെയ്യപ്പെട്ട ഫൈസലിന്റെ കൊലപാതകവും മാധ്യമങ്ങൾ ചർച്ച ചെയ്തില്ല. ഫൈസലിന്റെ കാര്യത്തിൽ സിപിഎമ്മിന്റെ മാധ്യമങ്ങളും വാർത്തയ്ക്കപ്പുറം ഇതൊരു ചർച്ചയാക്കിയില്ല. കൂത്തുപറമ്പ് വെടിവയ്പ്പിന് കിട്ടിയ പ്രാധാന്യം ഇടതു സർക്കാർ ഭരിക്കുമ്പോൾ നടന്ന ബീമാപള്ളി വെടിവയ്പ്പിന് കിട്ടിയില്ല. സിപിഎമ്മിന്റെ പത്രങ്ങളും ചാനലുകളും ഈ സംഭവം വലിയ വാർത്തയാക്കിയില്ല. അങ്ങനെ നോക്കിയാൽ ഏതൊക്കെ വാർത്തയാക്കണം എന്ന് മാധ്യമങ്ങൾക്ക് ഉദ്ദേശങ്ങൾ ഉള്ളതുപോലെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്, പാർലമെന്ററി ഇടതുപക്ഷത്തിനും ഉണ്ട്.

ഫാസിസത്തെ എങ്ങനെ പ്രതിരോധിക്കാം?

കൊല്ലപ്പെട്ട ഷുഹൈബ് എന്താ മാലാഖയായിരുന്നോ എന്നൊക്കെയുള്ള പാർലമെന്ററി ഇടതുപക്ഷത്തിന്റെ നവമാധ്യമങ്ങളിലെ അഭിപ്രായപ്രകടങ്ങൾ തന്നെ ഇതിനുദാഹരണമാണ്. ഹൈക്കോടതി ഇടപെട്ട് ഷുഹൈബ്‌ വധം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള തീരുമാനം സാമ്രാജ്യത്വ ഗുഡാലോചനയുടെ ഭാഗമാണ് എന്നാണ് അവരുടെ പക്ഷം. കേരളത്തിലെ പാർലമെന്ററി ഇടതുപക്ഷം സാമ്രാജ്യത്വത്തിനല്ല, മുതലാളിത്തത്തിന് പോലും ഒരു ഭീഷണിയല്ല എന്നതാണ് സത്യം. അത് പാർലമെന്ററി ഇടതുപക്ഷത്തിന്റെ ദൗർബല്യം മാത്രമല്ല, ഈ രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥിതിയും അത്തരത്തിൽ ഉള്ളതായതുകൊണ്ടാണ്. സിപിഎമ്മിന് വോട്ടു ചെയ്യുമെങ്കിലും ഇടതു രാഷ്ട്രീയ ബോധം ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്നവരാണ് മലയാളികൾ. മലയാളിയുടെ പൊതുബോധത്തെ നിയന്ത്രിക്കുന്ന മൂല്യബോധം ജാതീയമായതും അവരവരുടെ മത/സമുദായ ബോധത്തിന്റേതും കൂടിയാണ്. അതുകൊണ്ടാണ് മധുവിനെ പോലെയുള്ള ഒരു സാധുമനുഷ്യൻ കൊല ചെയ്യപ്പെടുന്നത്.

നമ്മെളെന്തുകൊണ്ടാണ് ഇത്ര അക്രമാസക്തമായ ഒരു സമൂഹമായത്? ഹരീഷ് ഖരെ എഴുതുന്നു

മധുവിന്റെ കൊലപാതകത്തേക്കാൾ ആദ്യം മലയാളിയുടെ മനസ് തിരഞ്ഞത് കൊലപാതകികളുടെ മതമായിരുന്നു. ഈ കൊലപാതകം നടത്തിയത് ‘മൂരികൾ’ (മുസ്ലീങ്ങൾ) ആണ് എന്നതായിരുന്നു യുക്തിവാദികൾ അടക്കമുള്ള മലയാളികൾ നവമാധ്യമങ്ങളിൽ ആദ്യം പ്രതികരിച്ചത്. അതാണ് കേരളത്തിലെ അവസ്ഥ. പിന്നീട് കൊലയാളികളിൽ എല്ലാ പാർട്ടിക്കാരും മതക്കാരും ഒക്കെ ഉണ്ടെന്ന് അറിഞ്ഞതോടെ നവമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ മാറ്റം കണ്ടു തുടങ്ങി. ഇതിൽ പ്രധാനം കുറ്റപ്പെടുത്തലിൽ നിന്നും വൈകാരികതയിലേക്കും കൂടാതെ ആദിവാസി മേഖലകളിലെ വികസനരാഹിത്യത്തെ കുറിച്ചും ഒക്കെ ചർച്ച പോയി. നേരത്തെ പറഞ്ഞപോലെ ‘മൂരികൾ’ മാത്രമായിരുന്നു പ്രതികൾ എങ്കിൽ ചർച്ചയുടെ സ്വഭാവവും മാറിയേനെ, അതോടെ മുസ്ലീങ്ങള്‍ ഈ വിഷയത്തിൽ നിശബ്ദവുമായേനെ. ഇതാണ് കേരളീയ സാമൂഹികാവസ്ഥ. കുറ്റകൃത്യങ്ങളെ വരെ അവരവരുടെ ജാതി/മത/രാഷ്ട്രീയ കണ്ണുകളിൽകു‌ടി മാത്രം കാണാൻ കഴിയുന്ന മലയാളി പൊതുബോധമാണ് കേരളത്തിൽ ഇത്തരം കൊലപാതകങ്ങളെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരെയും സംരക്ഷിക്കുന്നത്.

ശുദ്ധി-അശുദ്ധി വാദംപോലെ തന്നെ തന്റെ ജാതി/മത/രാഷ്ട്രീയത്തിനപ്പുറം പൗരബോധം വളരുന്നില്ല എന്നതും ഇതിന്റെ കൂടെ ചേർത്ത് വായിക്കണം. തങ്ങളുടെ നേതാക്കന്മാരുടെയും പാർട്ടിയുടെയും മതമേധാവികളുടെയും എല്ലാവിധ അഴിമതിയും അംഗീകരിച്ചവരാണ് അരി മോഷ്ടിച്ചു എന്നാരോപിച്ച് മധുവിനെ തല്ലിക്കൊന്നത്. ഈ കൊലയാളികളുടെ ബോധവും ഷുഹൈബിന്റെ കൊലയാളികളുടെ പാർട്ടി-രാഷ്ട്രീയ താല്പര്യവും ഒന്നുതന്നെയാണ്.

ആകസ്മികമല്ല ആൾക്കൂട്ട കൊലകൾ; വേണ്ടത് തൊലിപ്പുറ ചികിത്സയല്ല

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍