UPDATES

ഡോ. ഷിബി കെ

കാഴ്ചപ്പാട്

On History

ഡോ. ഷിബി കെ

ഇടതുപക്ഷം എന്തുകൊണ്ട് രാമായണത്തെ ജനകീയമാക്കണം?

പുരാണങ്ങളെയും ഇതിഹാസങ്ങളെയും ബ്രാഹ്മണവും ഹൈന്ദവവുമായ ഏറ്റവും പ്രാചീന-ചരിത്രകൃതികളായി കാണുന്ന കാഴ്ച കൊളോണിയൽ കാലത്ത് നിന്നാണ് തുടങ്ങുന്നത്

ഡോ. ഷിബി കെ

രാമായണ മാസാചരണം കൊണ്ടാടാന്‍ സിപിഎം തീരുമാനം എന്ന വാര്‍ത്ത സംസ്ഥാനത്ത് വലിയ വിവാദമാണ് ഉണ്ടാക്കിയത്. പാർട്ടി നേതൃത്വം പിന്നീട് നിഷേധിച്ചെങ്കിലും പാർട്ടിയിലെ വലിയൊരു വിഭാഗവും അനുഭാവികളും വലിയ ആശങ്കയിലായി. പാർട്ടിയോട് ഐക്യപ്പെട്ടുക്കൊണ്ട് ഇതിനകം നിരവധി ചർച്ചകൾ ഉയർന്നുവന്നെങ്കിലും വലിയ അവ്യക്തതകളാണ് ഇക്കാര്യത്തിൽ പൊതു ഇടങ്ങളിൽ രൂപം കൊണ്ടിട്ടുള്ളത്. രാമായണ പാരമ്പര്യത്തിന് ബ്രാഹ്മണ്യത്തിൽ കവിഞ്ഞ് ബ്രാഹ്മണേതരമായ ജനകീയ-ബഹുസ്വരമുഖമുണ്ടായിരിക്കെ രാഷ്ട്രീയപരമായി ഇതാർക്കു ഗുണം ചെയ്യുമെന്നതിനെക്കുറിച്ച് പാർട്ടിക്കകത്തും പുറത്തും വലിയ ആശങ്കയും അവ്യക്തതയുമുണ്ട്. പുരാണങ്ങളെയും ഇതിഹാസങ്ങളെയും ചരിത്രത്തിലുടനീളം അടയാളപ്പെടുത്തിയത് ബ്രാഹ്മണ്യത്തിന്റെയും ‘ഹൈന്ദവത’യുടേയും പ്രതീകങ്ങളായാണ് എന്നിടത്താണ് ഈ അവ്യക്തതയുടേയും ആശങ്കയുടേയും കാതലായ അംശം കിടക്കുന്നത്. ഇൻഡോളജിസ്റ്റുകളിൽ നിന്ന് തുടങ്ങി ഇംപീരിയൽ, നാഷണൽ ചരിത്രകാരൻമാരിലൂടെ കടന്ന് മാക്സിസ്റ്റ് ചരിത്രകാരൻമാരിലെത്തി നിൽക്കുന്ന ചരിത്രവായനകളെല്ലാം തന്നെ പുരാണ-ഇതിഹാസ പാരമ്പര്യങ്ങളുടെ ബ്രാഹ്മണേതര-ബഹുസ്വരമുഖങ്ങളെ അടച്ചുവെച്ചുകൊണ്ടുള്ളതായിരുന്നു. പുരാണ-ഇതിഹാസ പാരമ്പര്യങ്ങളുടെ മുകളിൽ നൂറ്റാണ്ടുകൾ നീണ്ട ഈ വായനകളുടെ രാഷ്ട്രീയവും ചരിത്രവും പരിശോധിക്കുകയാണ് ഈ ലേഖനത്തിൽ.

പുരാണ-ബ്രാഹ്മണമതത്തെ സ്ഥാപിച്ച ആര്യ-ദ്രാവിഡവാദവും കൊളോണിയൽ ചരിത്രനിർമിതിയും

കൃത്യമായ കാലമോ ദേശമോ രചയിതാക്കളോ ഇല്ലാതിരുന്നിട്ടു പോലും ഏറ്റവും പ്രാചീനമായ ചരിത്രഗ്രന്ഥങ്ങളെന്ന നിലയ്ക്കാണ് ചരിത്രകാരൻമാർ ചരിത്രത്തിലുടനീളം പുരാണ-ഇതിഹാസ പാരമ്പര്യങ്ങളെ കണക്കാക്കിയിട്ടുള്ളത്. പ്രാചീന ഇന്ത്യയുടെ ചരിത്രത്തിൽ വേദങ്ങളോട് ചേർന്നോ വേദങ്ങൾക്കു മുമ്പോ പഴക്കമുള്ള ഏറ്റവും പ്രാചീനങ്ങളായ ചരിത്രകൃതികളായാണ് അവയെ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വായനയുടെ ചരിത്ര-പാരമ്പര്യം ഇൻഡോളജിസ്റ്റായ വില്ല്യം ജോൺസ് മുതൽ റോമില ഥാപ്പർ വരെ അവകാശപ്പെടുന്നതാണ്. അതുകഴിഞ്ഞേ ഏറ്റവും പ്രാചീനങ്ങളായ ലിഖിതങ്ങളും ശാസനങ്ങളും ബൗദ്ധ-ജൈന ഗ്രന്ഥങ്ങളും പുരാവസ്തു തെളിവുകളും ഇന്ത്യൻ ചരിത്രത്തിൽ കടന്നുവരുന്നുള്ളു. നൂറ്റാണ്ടുകൾ നീണ്ട ബ്രാഹ്മണ്യത്തിലൂന്നിയ ഈ വായനയുണ്ടാക്കിയ ചരിത്രബോധത്താലാണ് ജനകീയവും ബ്രാഹ്മണേതരവുമായ-രാമായണ മാസാചരണം കൊണ്ടാടാനുള്ള സിപിഎമ്മിന്റെ തീരുമാനം പൊതുവെ ഇടത് മനോഭാവം കാക്കുന്ന കേരളസമൂഹത്തെ ആശങ്കപ്പെടുത്തുന്നത്.

പുരാണങ്ങളെയും ഇതിഹാസങ്ങളെയും ബ്രാഹ്മണവും ഹൈന്ദവവുമായ ഏറ്റവും പ്രാചീന-ചരിത്രകൃതികളായി കാണുന്ന കാഴ്ച കൊളോണിയൽ കാലത്ത് നിന്നാണ് തുടങ്ങുന്നത്. യൂറോപ്യനാര്യന്റെ ഇന്ത്യയിലെ ബന്ധുജനങ്ങളായ ആര്യ-ബ്രാഹ്മണരെ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ കാഴ്ച രൂപപ്പെടുന്നത്. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ ആര്യ-ബ്രാഹ്മണ്യത്തെ സ്ഥാപിച്ച കൊളോണിയലിസമാണ് ഇന്ത്യൻ ചരിത്രത്തിലാദ്യമായി പുരാണങ്ങളെയും ഇതിഹാസങ്ങളെയും വേദങ്ങളെയും ഇന്ത്യയുടെ പ്രാചീന ചരിത്രത്തിന്റെ നേർരേഖയായി ആവിഷ്കരിക്കാൻ ശ്രമിച്ചത്. അതായത് യൂറോപ്പിലെ ‘സെയ്ന്റ് അവെസ്ത’യെഴുതിയ, സംസ്കൃത പണ്ഡിതനും വിശുദ്ധ രക്തമുള്ളവനുമായ യൂറോപ്യനാര്യനും, ഇന്ത്യയിലെ വേദങ്ങളെഴുതിയ സംസ്കൃത ബ്രാഹ്മണനും ബന്ധുജനങ്ങളാണെന്നും അവരുടെ പൊതുവായ ഒരു ഭാഷാ കുടുംബത്തിൽ നിന്നാണ് ഗ്രീക്കും ലത്തീനും പേർഷ്യയും ജർമനും അടങ്ങുന്ന ഭാഷാ സമൂഹമുണ്ടായതെന്നും വാദിക്കപ്പെട്ടു.

ആദ്യം ഭാഷാപഠനങ്ങളിലും പിന്നീട് നരവംശശാസ്ത്രങ്ങളിലും ആരോപിക്കപ്പെട്ട ആര്യൻ തിയറി വഴി ലോകത്താകമാനം വിശുദ്ധ രക്തമൊഴുകുന്ന ആര്യനെ സൃഷ്ടിച്ചെടുക്കുകയും യൂറോപ്യനാര്യന്റെ ഇന്ത്യയിലെ പ്രതിരൂപമായി ബ്രാഹ്മണനെ കാണാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ വെളുത്ത നിറവും നീണ്ട മുഖവും സംസ്കൃത ഭാഷാ പ്രാവിണ്യവുമുള്ള ആര്യ-ബ്രാഹ്മണനെ കേന്ദ്രീകരിച്ച് ഒരു ഉത്തരേന്ത്യൻ ചരിത്രവും, ഇരുണ്ട നിറവും ചുരുണ്ട മുടിയും ഇടുങ്ങിയ കഴുത്തുമുള്ള സംസ്കൃതേതരമായ പാരമ്പര്യമുള്ളതും തമിഴ് ഭാഷയിലൂന്നിയുള്ളതുമായ ദക്ഷിണേന്ത്യൻ ദ്രാവിഡചരിത്രവും നിർമ്മിക്കപ്പെട്ടു. അതോടുകൂടി ‘ആര്യ-ബ്രാഹ്മണരു’ടെ സംസ്കാരവും മതവും സംസ്കൃത പാരമ്പര്യത്തിലൂന്നിയ പുരാണങ്ങളും ശാസ്ത്രങ്ങളും സ്മൃതികളുമാണെന്നും, അവയെല്ലാം ‘ഹിന്ദുമത’ത്തിലെ higher form of worship ആണെന്നും വ്യാഖ്യാനിക്കപ്പെട്ടു. ഇതോടൊപ്പം ‘ദ്രാവിഡന്മാരു’ടെ മതവും സംസ്കാരവും തമിഴ് ജന്യമാണെന്നും അവയെല്ലാം ‘നീചവും അപരിഷ്കൃതവുമായ താഴ്ന്ന രൂപത്തിലുള്ള ആരാധനയോ (lower form of worship), ഡെവിൾ ആരാധനയോ, sorcery-യോ ആണെന്നും സ്ഥാപിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് ‘ആര്യ-ബ്രാഹ്മണരു’ടെ ദേവതകൾ deities-ഉം ബ്രാഹ്മണേതര ദേവതകൾ devils-ഉം ആയി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടാൻ തുടങ്ങിയത്.

അതുവരെയും ബൗദ്ധമോ ജൈനമോ ശൈവമോ വൈഷ്ണവമോ ഒക്കെയായി കിടന്നിരുന്ന വിഭിന്നമായ മതാചാരധാരകളെ ‘ആര്യ-ബ്രാഹ്മണരു’ടെ higher form of worship-ഉം ‘ദ്രാവിഡന്മാരു’ടെ lower form of worship-ഉം ആക്കി കൂട്ടിക്കെട്ടിയാണ് ഹൈന്ദവമതമെന്ന ഇന്ത്യൻ ദേശസങ്കൽപത്തിനകത്തേക്ക് കൊളോണിയസം പരികല്പന ചെയ്തെടുക്കുന്നത്. ആര്യമെന്നും ദ്രാവിഡമെന്നുമുള്ള ഭാഷാപരമായ വളരെ ചുരുക്കും ചില പരാമർശങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യൻ ചരിത്രത്തെയും ഭാഷയെയും സംസ്കാരത്തെയും ഒന്നടങ്കം വംശീയ ധ്രുവീകരണം നടത്തുകയായിരുന്നു കൊളോണിയസം. ഈ വംശീയ ധ്രുവീകരണത്തിന്റെ ഭാഗമായാണ് സംസ്കൃതജന്യവും പൗരാണിക പാരമ്പര്യവുമായതെല്ലാം ആര്യ-ബ്രാഹ്മണ്യത്തിന്റെ നേർപകുപ്പുകളായും മറ്റേതൊരു പുരാവസ്തു തെളിവുകളെക്കാളും ചരിത്രപരമായി വേരോട്ടമുള്ള അതിപ്രാചീനങ്ങളായ ചരിത്രഗ്രന്ഥങ്ങളായും വിലയിരുത്താൻ കൊളോണിയലിസത്തെ പ്രേരിപ്പിച്ചത്. അതുവഴി ഏറ്റവും പ്രാചീനമായ ചരിത്രത്തിന്റെ ഒരു ഏട്ടിൽ വെച്ച് യൂറോപിലെ ആര്യനും പിൽക്കാലത്ത് ഇന്ത്യയിൽ എത്തിപ്പെട്ട ആര്യ-ബ്രാഹ്മണനും തമ്മിൽ ഒരുമിച്ച് വിഹരിച്ചിരുന്ന കാല്പനിക ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഈ കാല്പനിക സ്വപ്നം സൃഷ്ടിച്ചെടുത്ത രാഷ്ട്രീയത്താലാണ് രണ്ട് നൂറ്റാണ്ടുകളോളം നീണ്ട അധിനിവേശ ചരിത്രത്തിൽ കൊളോണിയലിസത്തിന് വേണ്ട ബൗദ്ധികമായ അടിത്തറയൊരുക്കാൻ ഇന്ത്യയിലെ ബ്രാഹ്മണ്യത്തെ സന്നാഹപ്പെടുത്തിയത്.

ആർക്കിയോളജിക്കൽ തെളിവുകളെക്കാളും വലിയ ചരിത്ര വസ്തുതകളായി ലിറ്റററ്റി തെളിവുകൾ ചരിത്രനിർമ്മിതിയുടെ നെടുംതൂണായി വായിക്കപ്പെട്ടതും യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ചരിത്രനിർമ്മാണ പ്രക്രിയയുടെ വലിയ ഒരു രാഷ്ട്രീയത്തിന്റെ ഭാഗമായി വേണം കാണാൻ. അതായത് പ്രാചീന സംസ്കാരങ്ങളെക്കാളും ‘എഴുതപ്പെട്ട ചരിത്രം’ വാർപ്പ് മാതൃകയാക്കിയപ്പോഴാണല്ലോ ഗ്രീക്ക്-റോമൻ ചരിത്രങ്ങൾ ലോകത്തിലെ ക്ലാസിക്കുകളായി വിലയിരുത്തപ്പെട്ടത്. ‘എഴുതപ്പെട്ട ചരിത്ര’മെന്ന അളവുകോൽ വെച്ചാണ് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളുടെ പുരാതനസംസ്കാര ചരിത്രത്തെ പിന്നോട്ടും, ലിറ്ററി ടെക്സ്റ്റുകളെ വച്ച് ഗ്രീക്ക്-റോമൻ ചരിത്രത്തെ മുന്നോട്ടും വെച്ചത്. കൊളോണിയലിസം കൊണ്ടുവന്ന ഇതേ അളവുകോൽ വെച്ചാണ് പ്രാചീന ഇന്ത്യയിലെ ഏതൊരു ആർക്കിയോളജിക്കൽ തെളിവുകളെക്കാളും വലിയ ചരിത്ര വസ്തുതകളായി ലിറ്റററി തെളിവുകളായ വേദങ്ങളും പുരാണങ്ങളും പരിഗണിക്കാൻ തുടങ്ങിയത്. കൊളോണിയലിസം കണ്ട ഈ കാഴ്ച ദേശീയചരിത്രകാരന്മാരും പിൽക്കാലത്ത് മാക്സിസ്റ്റ് ചരിത്രകാരൻമാരും ഒരുപോലെ തുടർന്നു.

പൗരാണിക-സംസ്കൃതപാരമ്പര്യവും ബ്രാഹ്മണേതരസമൂഹങ്ങളും

പൗരാണിക കൃതികൾ എങ്ങനെയാണ് ബ്രാഹ്മണ്യത്തോട് ചേർന്നും പ്രാചീന ഇന്ത്യൻ ചരിത്രത്തിന്റെ ഏറ്റവും പഴക്കമേറിയ ചരിത്രരേഖകളായും വായിക്കപ്പെട്ടതെന്ന് വിശകലനം ചെയ്യാനാണ് മുകളിൽ ശ്രമിച്ചത്. കൊളോണിയലിസത്തിന്റെ നിർവചനങ്ങൾക്ക് അപ്പുറത്ത് എന്താണ് പൗരാണിക പാരമ്പര്യങ്ങളുടെ ബഹുസ്വരമുഖങ്ങളെന്നും ബ്രാഹ്മണേതര സംസ്കാരത്തിൽ അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കാനാണ് ഇനി ശ്രമിക്കുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകമാനം ബൗദ്ധ-ജൈന-ഇസ്ലാമിക് പാരമ്പര്യത്തിനകത്ത്, പല കാലങ്ങളിലായി (പ്രാചീനകാലം മുതൽക്കും അല്ലാതെയും) വ്യവഹരിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയ സംഘടനകൾക്ക് അവയുടെ ജനകീയമുഖം അവകാശപ്പെടാൻ വേണ്ട ആത്മവിശ്വാസമേകിയത്. സംഘകാലത്തെ പാരതവും ബൗദ്ധരാമായണവും മാപ്പിള രാമായണവും വയനാടൻ കാടുകളിലെ ചീതപ്പാട്ടുമെല്ലാം ബ്രാഹ്മണേതര പൗരാണിക പാരമ്പര്യങ്ങളുടെ ഇന്നത്തെ വിവിധ മുഖങ്ങളാണ്. ഈ പൗരാണിക-സംസ്കൃത പാരമ്പര്യങ്ങളെല്ലാം ദ്രാവിഡവാദികള്‍ ഉന്നയിക്കുന്നതുപോലെ മധ്യകാലത്തെ ബ്രാഹ്മണവല്‍ക്കരണത്തിനുശേഷം സംഭവിച്ചതാണെന്നോ, ബ്രാഹ്മണവാദികള്‍ പറയുന്നതുപോലെ നമ്പൂതിരിമാരുമായുള്ള സംബന്ധ സംസര്‍ഗം വഴി പകര്‍ന്നതാണെന്നോ, കൊടുങ്ങല്ലൂരിലെ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ഇക്കണ്ട മണ്ണാന്‍മാരെയും തീയ്യന്‍മാരെയും സംസ്‌കൃതം പഠിപ്പിച്ചടുത്തതുകൊണ്ട് വന്നതാണെന്നോ, ചട്ടമ്പിസ്വാമികളും ശ്രീനാരായണ ഗുരുവും നടത്തിയ ശ്രമങ്ങൾ വഴി സംഭവിച്ചതാണെന്നോ കരുതാന്‍ ചരിത്രപരമായി സാധിക്കുകയില്ല.

ഉന്നതമെന്നും ഹീനമെന്നും സംസ്‌കൃതപാരമ്പര്യമെന്നും സംസ്‌കൃതേതര പാരമ്പര്യമെന്നും നിശിതമായ അതിരുകള്‍ പങ്കിട്ടെടുത്ത കൊളോണിയല്‍ ആര്യ-ദ്രാവിഡവാദത്തിന് നേരെ വിരുദ്ധമാണ് ചരിത്ര വസ്തുതകള്‍. താഴ്ന്ന ജാതിവിഭാഗങ്ങളുടെ ആരാധനാ കര്‍മ്മങ്ങളെ കൊളോണിയലിസം സോര്‍സറിയും ബ്ലാക് മാജിക്കുമായും കെട്ടിയിടുമ്പോള്‍ അവയുടെ പൗരാണിക പാരമ്പര്യങ്ങളെയും സംസ്‌കൃത പാരമ്പര്യങ്ങളെയും മന:പൂര്‍വ്വം ചര്‍ച്ചയ്‌ക്കെടുത്തില്ല. നായര്‍, കുറുപ്പ്, നമ്പ്യാര്‍, മണ്ണാന്‍, കണിയാന്‍, തീയ്യന്‍, പുള്ളുവന്‍ തുടങ്ങിയ ബ്രാഹ്മണേതരങ്ങളായ ജാതിവിഭാഗങ്ങള്‍ക്ക് സംസ്‌കൃതത്തിലും പുരാണങ്ങളിലുമെല്ലാം ചരിത്രപരമായ പാരമ്പര്യങ്ങള്‍ കാണുന്നുണ്ട്. ഭഗവതിയും ഭൈരവനും ഭൂതവമടങ്ങുന്ന ഭീകരരൂപികളായ ദേവതകളെല്ലാം സംസ്‌കൃത പദങ്ങളും പൗരാണിക പരാമര്‍ശങ്ങളുമുണ്ട്. ശ്രീകൃഷ്ണകര്‍ണ്ണാമൃതം, രാമായണം, മഹാഭാരതം, സന്താനഗോപാലം, മഹിഷാസുരവധം, ദേവീമാഹാത്മ്യം പോലുള്ള പൗരാണിക കൃതികളാണ് അവരുടെയെല്ലാം ആരാധനവിധികളില്‍ അനുഷ്ഠിക്കപ്പെടാറുള്ളത്. ഇതുപോലെത്തന്നെ സംസ്‌കൃത മന്ത്ര-യന്ത്രങ്ങളിലും ചരിത്രപരമായ അവരുടെ പാരമ്പര്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവയാണ്. ഘടനാതലം കൊണ്ടും ഉള്ളടക്കം കൊണ്ടും ബ്രാഹ്മണേതരങ്ങളായ ജാതിവിഭാഗങ്ങളുടെ ഈ യന്ത്രങ്ങളും മന്ത്രങ്ങളും ബ്രാഹ്മണപാരമ്പര്യത്തിലുള്ള യന്ത്ര-മന്ത്രങ്ങളും പ്രത്യക്ഷത്തിൽ ഒന്നു തന്നെയാണ്.

ബ്രാഹ്മണേതരങ്ങളായ ജാതിവിഭാഗങ്ങള്‍ക്ക് ആര്യമെന്ന് പരികല്‍പന ചെയ്യപ്പെട്ട സംസ്‌കൃത പാരമ്പര്യം കാണുന്നതുപോലെത്തന്നെ ദ്രാവിഡമെന്ന് പ്രഖ്യാപിക്കപ്പെട്ട പല ലക്ഷണങ്ങളും ബ്രാഹ്മണരുടെ ആരാധനാവിധികളിലും കാണാം. ബ്രാഹ്മണ ഗ്രാമങ്ങളില്‍ നിന്ന് അടികച്ചേരിയും കാളകാട്ടും കണിയോടും കാട്ടുമാടവും കക്കാട്ടും കുഴിമനയും പുതുക്കോടും പുതുമനയും കല്ലകാട്ടും കക്കാട്ടുകൊളവും ചൂണ്ടക്കാടും മൂത്തമനയുമെല്ലാം ശാസ്താവിനെയും ഭദ്രകാളിയെയും സേവിക്കാന്‍ ബ്രാഹ്മണരെ നിയോഗിക്കുന്നുവെന്ന് കേരളോല്‍പത്തി ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്. ബ്രാഹ്മണേതരങ്ങളായ ജാതിവിഭാഗങ്ങളുടെ ആഭിചാര മന്ത്രങ്ങള്‍ ബ്രാഹ്മണ തന്ത്രങ്ങളെന്ന് ഘോഷിക്കപ്പെടുന്ന ഈശാന ഗുരുദേവപദ്ധതിയിലും ശാരദാതിലകത്തിലുമൊക്കെ കാണാം.

സംസ്‌കൃത-പൗരാണിക സാഹിത്യചരിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളസമൂഹത്തില്‍ അവയുടെ പാരമ്പര്യങ്ങള്‍ പല അടരുകളിലായാണ് വ്യവഹരിക്കപ്പെടുന്നത് എന്ന് കാണാം. നമ്പൂതിരിമാരുടെയും രാജാക്കന്‍മാരുടെയും അവര്‍ക്കു തൊട്ടുകീഴെയുള്ള പിഷാരടിമാരുടെയും നമ്പ്യാര്‍മാരുടെയും കര്‍തൃത്വത്തില്‍ അവര്‍ക്കിടയില്‍ തന്നെ വ്യവഹരിച്ചിരുന്ന സ്റ്റേറ്റിന്റെ ഫണ്ടിങ്ങോടെ സംരക്ഷിക്കപ്പെട്ടിരുന്ന ഒന്നാണ് ഏറ്റവും മുകളിലത്തെ അടര്. കൂത്ത്, കുടിയാട്ടം പോലുള്ള അനുഷ്ഠാനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന സംസ്‌കൃത-പുരാണ നാടകങ്ങളുടെ പാരമ്പര്യമാണ് അവയില്‍ ഏറ്റവും പഴക്കമുള്ളത്. ഭാസന്റെയും ഹര്‍ഷവര്‍ദ്ധനന്റെയും മഹേന്ദ്രവിക്രമന്റെയും നാടകങ്ങളാണ് അവതരിക്കപ്പെടുന്നതെങ്കിലും അവയെല്ലാം കേരളേതര പാരമ്പര്യത്തിനു കീഴിലുള്ളതായതിനാലും ആ നാടകങ്ങള്‍ രചിക്കപ്പെട്ട കാലത്ത് അവ ഇവിടെ വ്യവഹരിക്കപ്പെട്ടു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ പതിനൊന്നാം ശതകം മുതല്‍ കുലശേഖരന്റെ കര്‍തൃത്വത്തില്‍ സുഭദ്രാധനഞ്ജയവും തപതീസംവരണവും ഭാസന്റെ തന്നെ ബാലചരിതവും അവതരിപ്പിച്ചിരുന്നതായി നമുക്ക് രേഖകളുണ്ട്.

പത്താം ശതകം മുതല്‍ കാണുന്ന താന്ത്രിക-ശില്പ പാരമ്പര്യത്തിലുള്ള മയമതം, പ്രപഞ്ചസാരം, സൗന്ദര്യലഹരി, പ്രയോഗമഞ്ചരി തുടങ്ങിയ കൃതികളും മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ ഈ ഏറ്റവും മുകളിലത്തെ സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളെല്ലാംതന്നെ പതിനേഴാം നൂറ്റാണ്ടിനു ശേഷമുള്ളവയാണ്. സാമൂതിരിയുടെ നേതൃത്വത്തില്‍ കൃഷ്ണഭക്തിയെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട മേല്‍പത്തൂരിന്റെയും വില്ല്വമംഗലത്തിന്റെയും കൃതികളും ചമ്പുക്കളും തന്ത്രസമുച്ചയം പോലുള്ള താന്ത്രിക കൃതികളുമാണ് അവയില്‍ പ്രധാനം. ശേഷിക്കുന്നവയെല്ലാം തന്നെ കൊളോണിയലിസത്തെ ചാരി പത്തൊമ്പതാം ശതകത്തിലോ ഇരുപതാം ശതകത്തിലോ രാജകീയ സംരക്ഷണത്തില്‍ രചിക്കപ്പെട്ട പഴയ പൗരാണിക ഭക്തിയുടെ മലയാള വിവര്‍ത്തനങ്ങളോ സംസ്‌കൃത കാവ്യങ്ങളോ വ്യാകരണഗ്രന്ഥങ്ങളോ ആണ്. രാമപാണിവാദരുടെ ചന്ദ്രികാവീഥി മുതല്‍ക്ക് കേരളവര്‍മ്മ വലിയകോയില്‍ തമ്പുരാന്റെ വിശാഖവിജയവും മയൂരസന്ദേശവും ഏ ആറിന്റെ ലഘുപാണിനീയവും സ്വാതി തിരുനാളിന്റെ സ്‌തോത്രകാവ്യങ്ങള്‍ വരെയും ഈ ഗണത്തില്‍ പെടും. അങ്ങനെ വരുമ്പോള്‍ പത്താംശതകം മുതലുള്ള ബ്രാഹ്മണ വല്‍ക്കരിക്കപ്പെട്ട ഒരു കാലത്തും പിന്നീട് കൊളോണിയലിസത്തിന്റെ കാലത്തുമാണ് വരേണ്യമായ തലത്തില്‍ ഏറ്റവും കൂടുതല്‍ പൗരാണിക-സംസ്‌കൃത കൃതികളുടെ കര്‍തൃത്വവും അവതരണവും ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ളതെന്നും നമുക്ക് വാദിക്കാം. അവയുടെ തോത് മധ്യകാലത്തെ ബ്രാഹ്മണഭക്തിയിലേക്കാള്‍ വളരെ കൂടുതല്‍ കൊളോണിയല്‍ കാലത്തെ ബ്രാഹ്മണഭക്തിയിലാണെന്നും യുറോപ്പില്‍ നിന്നും വന്ന ആര്യ-ബ്രാഹ്മണ പിതാക്കന്‍മാര്‍ വഴിയാണ് പത്തൊന്‍പതാം ശതകം മുതലുള്ള പൗരാണിക-സംസ്‌കൃത ഭക്തി ആവിഷ്‌കരിക്കപ്പെട്ടതെന്നും നമുക്ക് വായിച്ചെടുക്കാം.

സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളുടെ അടുത്ത അടര് കാണുന്നത് മുകളില്‍ സൂചപ്പിച്ച നമ്പൂതിരിമാരുടെയും മറ്റ് അവാന്തര വിഭാഗങ്ങളുടെയും താഴെ നില്‍ക്കുന്നതുമായ നായന്‍മാരുടെയും അവരുടെ പുരോഹിതവര്‍ഗ്ഗങ്ങളായിരുന്ന തെയ്യംപാടി കുറുപ്പന്‍മാരുടെയും തെയ്യംപാടി നമ്പ്യാര്‍മാരുടെയും കല്ലാറ്റക്കുറുപ്പന്‍മാരുടെയും ഗുരുക്കള്‍മാരുടേയുമാണ്. സംസ്‌കൃത-പൗരാണിക പാരമ്പര്യത്തിലൂന്നിയ വൈദ്യ-മന്ത്ര-തന്ത്ര-ജ്യോതിഷ താളിയോല ഗ്രന്ഥങ്ങളും ഭീകര രൂപികളായ ഭദ്രകാളി, ഭഗവതി, കണ്ണകി, ഗന്ധര്‍വ്വന്‍, ഭൈരവന്‍, ചാത്തന്‍, ക്ഷേത്രപാലന്‍, വീരഭദ്രന്‍ പോലുള്ള പൗരാണിക ദേവതകളും ദാരികവധം, ഭദ്രോല്‍പത്തി, മഹിഷാസുരവധം പോലുള്ള പൗരാണിക കൃതികളും സംസ്‌കൃത ശ്ലോകങ്ങളും മന്ത്രങ്ങളും നിറഞ്ഞതാണ് അവരുടെ മതാചാരാവിഷ്‌കാരങ്ങള്‍. പാട്ടുകളും മന്ത്രങ്ങളുമെല്ലാം ശുദ്ധമായ സംസ്‌കൃതത്തില്ല എഴുതപ്പെടുന്നതെന്നും സംസ്‌കൃതവും മലയാളവും ചിലപ്പോള്‍ തമിഴും കൂടിക്കലര്‍ന്ന രൂപത്തിലാണ് അവ കാണപ്പെടുന്നതെന്നും നിരീക്ഷിക്കപ്പെടേണ്ടതാണ്. പതിമൂന്നാം ശതകം മുതല്‍ക്കിങ്ങോട്ടുള്ള മണിപ്രവാള കൃതികളും ഇതേ, സംസ്‌കൃതവും മലയാളവും കൂടിക്കലര്‍ന്ന ഭാഷാരൂപത്തിലാണ് കാണപ്പെടുതുതും അവ വ്യവഹരിക്കപ്പെടുന്നത് ഇതേ സാമൂഹിക വിഭാഗങ്ങളില്‍ത്തന്നെയെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍ നായര്‍ അന്തരാള വിഭാഗങ്ങളുടെ വൈദ്യ-മന്ത്ര-തന്ത്ര-ജ്യോതിഷ സാഹിത്യ തലങ്ങള്‍ മുഴുവനും സംസ്‌കൃത-പൗരാണിക പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയതാണ്.

സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളുടെ അടുത്ത തലം കണിയാന്‍മാരുടെയും മണ്ണാന്‍മാരുടെയും തീയ്യന്‍മാരുടെയും വൈദ്യ-മന്ത്ര-തന്ത്ര-ജ്യോതിഷ താളിയോല ഗ്രന്ഥങ്ങളിലാണ്. ഭദ്രകാളിയും ഭഗവതിയും കണ്ണകിയും ഗന്ധര്‍വ്വനും ഭൈരവനും ചാത്തനുമായ സംസ്‌കൃത-പൗരാണിക അനുബന്ധിയായ ഭീകര രൂപികളായ ദേവതാ സങ്കല്‍പങ്ങള്‍തന്നെയാണ് മുകളില്‍ പറഞ്ഞ കീഴാളജനതയുടേയും. വൈദ്യ-മന്ത്ര-തന്ത്ര-ജ്യോതിഷ താളിയോല ഗ്രന്ഥങ്ങളും പാട്ടുകളും സംസ്‌കൃതവും മലയാളവും കൂടിക്കലര്‍ന്ന രൂപത്തില്‍തന്നെയാണ് ഇവിടെയും കാണപ്പെടുന്നത്. ബാലിവധം, കംസവധം, കല്ല്യാണസൗഗന്ധികം, മഹാഭാരതം, രാമായണം, ഭൈരവന്‍പാട്ട്, ഗന്ധര്‍വ്വന്‍ പാട്ട് തുടങ്ങിയവയെല്ലാം പുരാണകൃതികളെയൂന്നിക്കൊണ്ട് കീഴാളജനതയുടെ ആചാരങ്ങളില്‍ അനുഷ്ഠിക്കപ്പെടാറുള്ളവയാണ്. ബ്രാഹ്മണതന്ത്രങ്ങളിലെ യന്ത്രങ്ങളും മന്ത്രങ്ങളും നായര്‍ അന്തരാള വിഭാഗങ്ങളുടെയും കീഴാളരുടെയും യന്ത്രങ്ങളും മന്ത്രങ്ങളും ഘടനാതലംകൊണ്ടും ഉള്ളടക്കംകൊണ്ടും സമാനമാണ്. മന്ത്രങ്ങളുടെ ബീജാക്ഷരങ്ങളും സ്തംഭനം, ഉച്ചാടനം, മാരണം, വിദ്വേഷണം, വൈശികം പോലെയുള്ള ആഭിചാരമന്ത്രങ്ങളും ബ്രാഹ്മണര്‍ മുതല്‍ കീഴാളര്‍വരെ ഒരുപോലെ കാണപ്പെടുന്നുണ്ട്. താളിയോല ഗ്രന്ഥങ്ങളൊന്നും കാണാന്‍ കഴിയുന്നില്ലെങ്കിലും പറയരുടെ ഇടയിലും ഇത്തരം പാരമ്പര്യങ്ങളെ നമുക്ക് കാണാവുന്നതാണ്.

മുകളിലെ നിരീക്ഷണങ്ങളിലൂടെ ബ്രാഹ്മണര്‍ മുതല്‍ കീഴാളര്‍വരെ വളരെ ശക്തമായ പല അടരുകളായുള്ള സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് ബോധ്യപ്പെടാവുന്നതാണ്. ഈ പാരമ്പര്യത്തിന്റെ ഏറ്റവും അറ്റത്തെ കണ്ണികളാണ് മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും. അതായത് പൗരാണിക-സംസ്‌കൃത പാരമ്പര്യത്തില്‍ വളരെ ശക്തമായ ഒരു പാരമ്പര്യം ബ്രാഹ്മണര്‍ക്കെന്നപോലെ ബ്രാഹ്മണേതരവിഭാഗങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്നതും എന്നാല്‍ തുടക്കത്തില്‍ വിശദീകരിച്ച യൂറോപ്പ്യന്‍ താവഴി സ്ഥാപിക്കാനുള്ള ആര്യബ്രാഹ്മണ്യവാദത്തിന്റെ നെടുംതൂണായി സംസ്‌കൃതപരിജ്ഞാനം ഓരം ചേര്‍ക്കപ്പെടുകയും അവ ബ്രാഹ്മണരില്‍ മാത്രം ആരോപിക്കപ്പെടുകയും ചെയ്തുവെന്നതുമാണ് വസ്തുത. പില്‍ക്കാലത്ത് ഈ കൊളോണിയല്‍ വാദങ്ങളിലൂന്നിക്കൊണ്ട് വളര്‍ന്നു വന്ന നമ്മുടെ സാമ്പ്രദായിക ചരിത്രപഠനങ്ങളും മുഖ്യധാരാ-സാഹിത്യ-സാംസ്‌കാരിക പഠനങ്ങളും ബ്രാഹ്മണേതരങ്ങളായ സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളെ തള്ളിക്കളയുകയും അവയെ ദ്രാവിഡവമായ ദക്ഷിണേന്ത്യയായ സംസ്‌കൃതേതരമായ സംഘകാല ചരിത്രത്തില്‍ കെട്ടിയിടുകയും ചെയ്തു.

ബ്രാഹ്മണേതരങ്ങളായ ജാതിവിഭാഗങ്ങള്‍ക്ക് സംസ്‌കൃത-പൗരാണിക പരിജ്ഞാനം കൈവരിക്കപ്പെടുന്നത് ബ്രാഹ്മണിക സംസര്‍ഗം വഴിയാണെന്നുള്ള ഒരു ബ്രാഹ്മണ വാദം നേരത്തെതന്നെയുണ്ട് എന്ന് മുകളില്‍ സൂചിപ്പിച്ചുവല്ലോ. എന്നാല്‍ മധ്യകാലത്തിന്റെ ആദ്യപാദങ്ങള്‍ മുതല്‍ക്കിങ്ങോട്ടുള്ള സാഹിത്യകൃതികളിലും പോര്‍ച്ചുഗീസ് രേഖകളിലുമെല്ലാം (ചിലപ്പതികാരത്തിലും മണിപ്രവാളകൃതികളിലും ഉദയംപേരൂര്‍ കനോനകളിലും കേരളോല്‍പത്തി ഗ്രന്ഥവരികളിലും കോഴിക്കോടന്‍ ഗ്രന്ഥവരികളിലുമെല്ലാം) കീഴാളരുടെ വൈദ്യ-തന്ത്ര-മന്ത്ര-ജ്യോതിഷ പാരമ്പര്യങ്ങളെക്കുറിച്ച് ചരിത്രരേഖകള്‍ നിരവധിയാണ്. സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളില്‍ ബ്രാഹ്മണവും ബ്രാഹ്മണേതരങ്ങളുമായ കീഴ്‌വഴക്കങ്ങളെ സൂക്ഷമമായി പരിശോധിച്ചാല്‍ വലിയ തോതിലുള്ള വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളും അവയില്‍ പ്രകടമാണ്. ഒരേ സമയം സംസ്‌കൃത-പൗരാണിക പാരമ്പര്യങ്ങളില്‍ നിലനില്‍ക്കുകയും അതേനേരത്ത് ബ്രാഹ്മണിക പാരമ്പര്യങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് കീഴാളജനതയുടെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവാകുന്നത്.

ബ്രാഹ്മണേതരമായ ഈ സംസ്‌കൃത-പൗരാണിക പാരമ്പര്യം, മധ്യകാല ക്ഷേത്ര കേന്ദ്രിതമായ ബ്രാഹ്മണ-പാരമ്പര്യങ്ങളെന്ന് നിര്‍വ്വചിക്കപ്പെട്ട പൊതുസ്വഭാവങ്ങളില്‍ നിന്നും താത്വികമായി പുറത്തു നില്‍ക്കുന്ന ഒന്നാണ്. മധ്യകാല ക്ഷേത്ര കേന്ദ്രിതമായ ബ്രാഹ്മണ-പാരമ്പര്യങ്ങളുടെ ലക്ഷണങ്ങളെന്നു പറയുന്നത് കണം, ചാത്തിരസംഘം, സങ്കേതം പോലുള്ള ബ്രാഹ്മണ സമിതികളുടെ ഭരണനേതൃത്വത്തില്‍ ശൈവ-വൈഷ്ണവ ദേവതകളെ കേന്ദ്രീകരിച്ച് (കുമാരനെല്ലൂരും പന്നിയങ്കരയും മാത്രമാണ് പകവതിയാരുള്ളത്) ശാന്തി, തിരുവമൃത്, നന്താവിളക്ക്, നീരാട്ടുപള്ളി പോലുള്ള അനുഷ്ഠാനങ്ങള്‍ ആകാരംകൊണ്ടും ഘടനകൊണ്ടും കൃത്യമായ ഗോപുരവും ചുറ്റുമതിലുകളും സോപാനവും ഗര്‍ഭഗൃഹവുമുള്ള ക്ഷേത്രങ്ങളില്‍ ആവിഷ്‌കരിക്കപ്പെടുന്നതിനെയാണ്. ഈ ശൈവ-വൈഷ്ണവ ഭക്തി-വ്യവഹാരങ്ങള്‍ക്ക് ആടാനും പാടാനും ജപിക്കാനുമായി മുകളില്‍ സൂചിപ്പിച്ച കുലശേഖരന്‍ മുതല്‍ സ്വാതിതിരുനാള്‍വരെ എഴുതിയ സംസ്‌കൃതനാടകങ്ങളും പൗരാണിക കൃതികളും ഭക്തികാവ്യങ്ങളും തന്ത്രമന്ത്രങ്ങളും ഉപയോഗിക്കുന്നു. ഈ പാരമ്പര്യങ്ങളോട് വൈദ്യ-തന്ത്ര-മന്ത്ര-ജ്യോതിഷ വഴക്കങ്ങളിലൂന്നിയ കീഴാളമായ വൈജ്ഞാനിക തലം വിരുദ്ധമായാണ് പ്രത്യക്ഷപ്പെടുന്നത്. കൃഷിയിടത്തില്‍ സെറ്റില്‍ഡായി ക്ഷേത്രമതിലുകള്‍ക്കുള്ളിരിക്കുന്ന സൗമ്യവദനനായി വരം കൊടുക്കുന്ന ശിവനില്‍ നിന്നും വിഷ്ണുവില്‍ നിന്നും അങ്ങേയറ്റം വിഭിന്നമാണ് പകയോടെ കാമത്തോടെ ഭീകരതയോടെ ആവിഷ്‌കരിക്കപ്പെടുന്ന ഭദ്രകാളിയും കണ്ണകിയും ഗന്ധര്‍വ്വനും ഭൈരവനും ചാത്തനുമൊക്കെ.

മദ്യ-മത്സ്യ-മാംസ-മൈഥുന-മുദ്രയാലുള്ള പഞ്ചമകാരങ്ങളാല്‍ ക്ഷേത്രങ്ങള്‍ക്കു പുറത്ത് കാവുകളിലോ കോട്ടകളിലോ ഈ ദേവതകളെ ആരാധിക്കുകയും പലപ്പോഴും രഹസ്യാത്മകമായി ഈ ദേവതകളെ മുന്‍നിര്‍ത്തി വൈദ്യ ചികിത്സകള്‍ നടത്തുകയും ചെയ്തിരുന്നു. ആചാരി ദേവതയുടെ ആവേശത്താല്‍ ഉറഞ്ഞു തുള്ളുകയും അല്ലെങ്കില്‍ സ്വയം ദേവതയായി മാറുകയും ചെയ്യുന്നു. ആചാരി ഒരേസമയം വൈദ്യവും പുരോഹിതനുമാകുന്നു. ബ്രാഹ്മണികമായ പാരമ്പര്യത്തില്‍ നിന്ന് കീഴാളജനതയെ ഏറ്റവുമധികം വ്യതിരിക്തമാക്കുന്നത് ആചാരി പലപ്പോഴും സ്ത്രീകളാണ് എന്നുള്ളതാണ്. ഏറ്റവും കൂടുതല്‍ സ്ത്രീ ദേവതകളെ ആരാധിക്കുകയും പൗരോഹിത്വം തന്നെ സ്ത്രീകളിലായിരിക്കുകയും ചെയ്യുന്നത് ബ്രാഹ്മണേതരങ്ങളായ അനുഷ്ഠാനങ്ങളിലാണ്. നാഗക്കളങ്ങളിലും കളമ്പാട്ടിലും തുള്ളലിലുമെല്ലാം സ്വയം ദേവതകളായി പൗരോഹിത്വം ഏറ്റെടുക്കുന്നത് സ്ത്രീകളാണ്. കീഴാളമായ വൈദ്യ-തന്ത്ര-മന്ത്ര-ജ്യോതിഷ വൈജ്ഞാനികതലങ്ങളെക്കുറിച്ച് അവരുടെയിടയില്‍ നിന്നുള്ള താളിയോലകളിലും മധ്യകാലത്തിന്റെ അന്ത്യപാദങ്ങള്‍ തുടങ്ങിയുള്ള ചരിത്രരേഖകളിലും ധാരാളം പരാമര്‍ശങ്ങളുണ്ട്.

ബ്രാഹ്മണേതര-പൗരാണിക പാരമ്പര്യങ്ങളും ബുദ്ധമതവും

സംസ്‌കൃത-പൗരാണിക വഴക്കങ്ങളിലുള്ളതും എന്നാല്‍ ബ്രാഹ്മണേതരമായതുമായ ഈ ജ്ഞാനവ്യവസ്ഥയെ ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അവ ഓരം ചേരുന്നത് താന്ത്രികമായ ബൗദ്ധമത സ്ഥാപനങ്ങളോടാവാം. കീഴാളപാരമ്പര്യത്തിലും താന്ത്രിക ബൗദ്ധമതപാരമ്പര്യവും സാമ്യതകളേറെയാണെങ്കിലും താന്ത്രിക ബൗദ്ധമതത്തെ ചരിത്രപരമായി സ്ഥാപിക്കുക പ്രയാസകരമായിരിക്കും. കാരണം ചരിത്രപഠനങ്ങള്‍ കേരളത്തില്‍ ബുദ്ധമതം തന്നെയില്ലയെന്നു പറയുക മാത്രമല്ല കൊളോണിയലായ ആര്യ-ദ്രാവിഡവാദത്തെ അതിശക്തമായി സ്ഥാപനവല്‍ക്കരിക്കുക കൂടി ചെയ്തിട്ടുള്ളവയാണ്. എന്നിരുന്നാലും മണിമേഖലയിലും ചിലപ്പതികാരത്തിലും മൂഷികവംശകാവ്യത്തിലും പാലിയം ശാസനത്തിലും മണിപ്രവാളകാവ്യങ്ങളിലും താന്ത്രിക ബൗദ്ധമതം തമിഴകത്തിലും കേരളത്തിലും ശക്തമായ സാനിദ്ധ്യമായിരുന്നുവെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ സമത്വവും സാഹോദര്യവും സർവ്വോപരി ജനാധിപത്യവും നിറഞ്ഞു നിൽക്കുന്ന, ജാതീയതയെയും അഹിംസയെയും അങ്ങേയറ്റം എതിർക്കുന്ന, ബ്രാഹ്മണമതത്തിന് ബദലായി നിൽക്കാൻ ശേഷിയുള്ള, കൊളോണിയലായ ഒരു ബുദ്ധമതത്തെയാണ് കേരളത്തില്‍ സാഹിത്യകാരന്‍മാരും സാംസ്‌കാരികപഠിതാക്കളും തിരഞ്ഞത് എന്നതുകൊണ്ടും, പൗരാണികവും സംസ്‌കൃതവുമായതെല്ലാം ഹൈന്ദവവും ബ്രാഹ്മണികവുമാണ് എന്ന ഇന്ത്യന്‍ മുഖ്യധാരാ ചരിത്രരചനാധാരണയാലും കീഴാള-പൗരാണിക-സംസ്‌കൃത പാരമ്പര്യങ്ങളെല്ലാം മധ്യകാലത്ത് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടു എന്ന് വാദിക്കാനാണ് ശ്രമിച്ചത്.

പുരാണങ്ങളും ഇതിഹാസങ്ങളും ഉപനിഷതുക്കളുമൊക്കെയടങ്ങുന്ന ഒരു പൊതുധാരയില്‍ നിന്നാണ് ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമതവുമെല്ലാം വളര്‍ന്നുവരുന്നത്. ഓരോ കാലത്തും ഓരോ സ്റ്റേറ്റിനനുസരിച്ച് പല മതധാരകളിലായി പുരാണങ്ങളും ഇതിഹാസങ്ങളെയുമൂന്നിക്കൊണ്ട് പുനരാഖ്യാനങ്ങളും വിവര്‍ത്തനങ്ങളും പുതിയ കൃതികളും എഴുതപ്പെടുകയുണ്ടായിട്ടുണ്ട്. അങ്ങനെയാണ് ഒരേ സമയം മാപ്പിള രാമായണവും ബൗദ്ധരാമായണവമെല്ലാം ഒരേ മൂലകൃതിയെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്നത്. അതായത് ക്രിസ്താംബ്ദത്തിന്റെ രണ്ടോ മൂന്നോ ശതകം മുതല്‍ക്കാണ് ബുദ്ധമതം പൗരാണികവും സംസ്‌കൃതവുമായ പാരമ്പര്യത്തിലൂന്നി അവര്‍ണരുടെ ആചാരങ്ങള്‍കൂടി സ്വാംശീകരിച്ച് ജനകീയമായ മഹായാനത്തിലേക്കും തന്ത്രയാനത്തിലേക്കും കടക്കുന്നത്. അഞ്ച്, ആറ് ശതകം മുതല്‍ ഉത്തരേന്ത്യയിലും കിഴക്കേന്ത്യയിലും നടന്ന ബ്രാഹ്മണദാനങ്ങളും ശൈവ-വൈഷ്ണവമതരൂപീകരണങ്ങളും വളര്‍ച്ചയും അവയെ മുന്‍നിര്‍ത്തിയുള്ള റോയല്‍റ്റിയുമെല്ലാം കാരണവും നേരത്തെതന്നെ പുരാണ-സംസ്‌കൃതവല്‍ക്കരിക്കപ്പെട്ടതിനാലും വളരെ എളുപ്പത്തില്‍ ബ്രാഹ്മണമതത്തിന് താന്ത്രികബുദ്ധമതത്തെ സ്വാംശീകരിക്കാന്‍ കഴിയുകയാണുണ്ടായത്. ആറോ ഏഴോ നൂറ്റാണ്ടു മുതൽക്കാണ് പുരാണങ്ങൾ ബ്രാഹ്മണവൽക്കരിക്കുന്നതെന്ന് കുനാൽ ചക്രവർത്തിയടക്കമുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് പുരാണേതിഹാസങ്ങൾക്ക് ബ്രാഹ്മണമുഖത്തിൽ കവിഞ്ഞ് ബൗദ്ധ-ജൈന-ജനകീയ മുഖങ്ങളുമുണ്ടെന്ന് റോമില ഥാപ്പർ 2013-ൽ പറയുന്നത്. മഹായാനത്തെക്കുറിച്ചുള്ള പുതിയ പഠനങ്ങള്‍ നിലവിലെ ബുദ്ധമതത്തെയും ബ്രാഹ്മണമതത്തെയും തകര്‍ക്കുന്നവയാണ്. പൗരാണിക-സംസ്‌കൃത പാരമ്പര്യങ്ങളുടെ നിലവറയായിരുന്ന ബുദ്ധമത ഗ്രന്ഥങ്ങള്‍ നമ്മുടെ ചരിത്രനിര്‍മ്മിതിയുടെ അടിസ്ഥാന പ്രമാണങ്ങളാവാതിരിക്കാന്‍ സാമ്പ്രാദായിക ചരിത്രകാരന്‍മാര്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. അതുവഴി പൗരാണിക-സംസ്‌കൃത പാരമ്പര്യങ്ങളുടെ ഏറ്റവും ജനീയമായ മുഖം അടച്ചുവെക്കുകയും ബ്രാഹ്മ?മതത്തെ സ്ഥാപിക്കുന്ന ഇന്ന് നമ്മളെ ആശങ്കപ്പെടുത്തുന്ന പൗരാണിക-സംസ്‌കൃത പാരമ്പര്യങ്ങളുടെ ഏറ്റവും ഏകാധിപത്യത്തിലൂന്നിയ ബ്രാഹ്മണ-ഹൈന്ദവ മുഖം നിലനിര്‍ത്തുകയും ചെയ്തു.

ചരിത്രത്തില്‍ മൂന്നാം ശതകത്തോടെ ബൗദ്ധതന്ത്രങ്ങളും പത്താം ശതകത്തിനുശേഷം ബ്രാഹ്മണതന്ത്രങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ഭൂമിദാനവും പുരാണ-സംസ്‌കൃതവല്‍ക്കരവും ദേവതാഭക്തിയുമെല്ലാം ആദ്യം കാണുന്നത് താന്ത്രിക ബുദ്ധമതത്തിലാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പൗരാണികവും സംസ്‌കൃതവുമായതെല്ലാം ഹൈന്ദവവും ബ്രാഹ്മണികവുമാണെന്ന ചരിത്ര ധാരണയാല്‍ പത്താം ശതകത്തിനുശേഷമുള്ള ബ്രാഹ്മണതന്ത്രങ്ങളില്‍ നിന്ന് മൂന്നാം നൂറ്റാണ്ടിലേക്ക് താന്ത്രികബുദ്ധമതം ദേവതകളെയും മറ്റും ആവാഹിച്ചുവെന്ന തലതിരിഞ്ഞ ബ്രാഹ്മണവാദമാണ് സ്ഥാപിക്കപ്പെട്ടത്. വജ്രഭൈരവനും കാലഭൈരവനും വജ്രവാരാഹിയും താരയുമൊക്കെയായിരുന്ന ബൗദ്ധതന്ത്രങ്ങളില്‍ മൂന്നാം ശതകം മുതല്‍ കാണപ്പെട്ട ഭീകരവും മൈഥുനവുമായ ദേവതകളെ ശിവന്റെയും കാളിയുടെയും വകഭേദങ്ങളായി പത്താം ശതകത്തിനുശേഷം ബ്രാഹ്മണതന്ത്രങ്ങള്‍ സ്വാംശീകരിക്കുകയാണുണ്ടായത്. ദേവതകളുടെ സ്വാംശീകരണത്തോടൊപ്പം മന്ത്രങ്ങളും അനുഷ്ഠാന പരിസരങ്ങളും ബൗദ്ധതന്ത്രങ്ങളില്‍ നിന്നും ബ്രാഹ്മണതന്ത്രങ്ങള്‍ സ്വാംശീകരിക്കുന്നതായി കാണാം. അങ്ങനെയാണ് ബൗദ്ധതന്ത്രങ്ങളില്‍ നിന്ന് കടംകൊണ്ട ആഭിചാരമന്ത്രങ്ങള്‍ ശാരദാ തിലകവും ഈശാനഗുരുദേവ പദ്ധതിയിലുമൊക്കെ പ്രത്യക്ഷപ്പെടുന്നത്. ഇതിനര്‍ത്ഥം ബൗദ്ധതന്ത്രങ്ങളെ അതുപോലെതന്നെ ബ്രാഹ്മണതന്ത്രങ്ങള്‍ ഉള്‍ക്കൊണ്ടു എന്നല്ല. മിറച്ച്, മൈഥുനവും മദ്യ-മാംസ സാധനകളെ ഉപേക്ഷിച്ച്, അവയെ കുറേക്കുടി പ്രതീകാത്മകമായും താത്വികമായും അവതരിപ്പിക്കാനും അവയെയെല്ലാം ശൈവ-വൈഷ്ണവമയമായും മാറ്റാനാണ് ശ്രമിച്ചത്. സ്വാഭാവികമായും ഈ മാറ്റം മധ്യകാലത്തിന്റെ തുടക്കത്തില്‍ സംഭവിച്ച വര്‍ത്തകകേന്ദ്രിതമായ, ചഞ്ചലമായ ഒരു സാമൂഹിക-സമ്പദ്ഘടനയില്‍ നിന്നും സുസ്ഥിരമായതും അചഞ്ചലവുമായ ബ്രാഹ്മണികമായ കാര്‍ഷിക വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ മതാവിഷ്‌കാരങ്ങളുടെ മറുപാതിയാണ്. കടല്‍ക്ഷോഭത്തില്‍ നിന്നും ദീര്‍ഘയാത്രകളിലെ ക്ലേശങ്ങളില്‍ നന്നും സംരക്ഷിച്ചിരുന്ന ഭീകരരൂപികളായ മണിമേഖലയും താരയും വജ്രവാരാഹിയുമെല്ലാം ശിവന്റെയും വിഷ്ണുവിന്റെ പതിവ്രതകളായി ഉമയും ലക്ഷ്മിയുമൊക്കെയായി സൗമ്യവദനരാവാനും തുടങ്ങി. എന്നാല്‍ സൗമ്യവദനരായുള്ള ദേവതകളുടെ മാറ്റം കാര്‍ഷിക വ്യവസ്ഥയില്‍ നേതൃനിരയില്‍ നില്‍ക്കുന്ന ബ്രാഹ്മണികമായ വരേണ്യതയുടെ തലത്തില്‍ മാത്രമാണ് പരിണമിക്കപ്പെടുകയും ഭീകരരൂപികളായ ദേവതകളുടെ ബൗദ്ധികമായ അന്തര്‍ധാര കീഴാളമായതലത്തിലൂടെ (ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടുവെങ്കിലും) ശക്തമായി തുടരുകയാണുണ്ടായത്. അങ്ങനെയെങ്കില്‍ താന്ത്രികമായ ബൗദ്ധപാരമ്പര്യത്തിന്റെ തുടര്‍ച്ചയില്‍ നിന്നാണ് പൗരാണികവും സംസ്‌കൃതവും പഞ്ചമകാരങ്ങളും ഇഴചേര്‍ക്കപ്പെട്ട കീഴാളമായ വൈദ്യ-തന്ത്ര-മന്ത്ര-ജ്യോതിഷ വൈജ്ഞാനികതലം വികസിക്കപ്പെട്ടിട്ടുള്ളതെന്നും അവ പരിപൂര്‍ണ്ണമായും ബ്രാഹ്മണേതരമാവുന്നതും ക്ഷേത്രത്തിന് പുറത്തു നില്‍ക്കുന്നതും അതുകൊണ്ടാണെന്നും വാദിക്കേണ്ടിവരും.

ആർക്കിയോളജിക്കലായ എല്ലാ തെളിവുകളും തേരവാദത്തെയും മഹായാന-വജ്രയാന പാരമ്പര്യത്തെയും പിൻതാങ്ങുന്നവയായിരുന്നുവെന്നതുകൊണ്ട് തന്നെ അവയെ പിന്നാക്കം നീക്കി, ഹാരപ്പൻ സംസ്കാരത്തിന് തൊട്ടുശേഷമുള്ള ചരിത്രമായി ലിറ്റററി തെളിവുകളായ പുരാണങ്ങളെ നിലനിർത്തി ബ്രാഹ്മണമതത്തെ സ്ഥാപിക്കാനാണ് സാമ്പ്രദായിക ചരിത്രകാരൻമാർ ശ്രമിച്ചത്.

മുകളില്‍ വാദങ്ങളിൽ നിന്ന് കീഴാളരെല്ലാം ബൗദ്ധദര്‍ശനങ്ങളാല്‍ ജാതിയില്‍ നിന്നും സാമ്പത്തിക ചൂക്ഷണങ്ങളില്‍ നിന്നും മോക്ഷം പ്രാപിച്ചിരുന്നുവെന്നൊരു തെറ്റിദ്ധാരണ വരാനിടയുണ്ട്. കൊളോണിയൽ കാലത്ത് ഹിന്ദുമതത്തെ ഉണ്ടാക്കിയെടുത്തതുപോലെ തന്നെ കൊളോണിയലിസം ബുദ്ധമതത്തെയും ഉരുത്തിരിച്ചെടുത്തിരുന്നു. ആ കൊളോണിയൽ ബുദ്ധമതത്തിന് ബ്രാഹ്മണമതത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ചൂഷണങ്ങളെ നേരിടാനുള്ള ശേഷിയുണ്ടെന്ന് കൊളോണിയലിസം തന്നെ കൽപിച്ചുകൊടുത്തിരുന്നു. സമത്വസുന്ദരവും ജനാധിപത്യപരവും അഹിംസാബദ്ധവുമാണ് ബുദ്ധമതമെന്ന ഈ മിഥ്യാധാരണ കൊളോണിയൽ കാലത്ത് ഇൻഡോളജിയും മറ്റ് ഓറിയന്റൽ പഠനങ്ങളും ചേർന്ന് ഉണ്ടാക്കിയെടുത്ത ബുദ്ധമതത്തിന്റെ പ്രതിച്ഛായയാണ്. ഈ മിഥ്യാധാരണയുടെ മുകളില്‍ നിന്നാണ് വര്‍ഗ്ഗസമരങ്ങളുടെ നേര്‍രേഖയായി നമ്മള്‍ സാമൂഹ്യശാസ്ത്രത്തില്‍ ബുദ്ധമതത്തെ സാക്ഷ്യപ്പെടുത്തിയത്. ധർമ്മശാസ്ത്രം അനുശാസിക്കുന്ന വിവേചനപരമായ ജാതിനിയമങ്ങളെ ആദ്യകാലത്തെ തേരവാദത്തിലോ പിൽക്കാലത്തെ മഹായാനത്തിലോ, കൊളോണിയൽ കാലത്തും അതിനുശേഷവും വാദിക്കപ്പെട്ടതുപോലെ ജാതിയെ എതിർക്കുന്ന ഒരു ബുദ്ധമതത്തെ നമുക്ക് കാണാൻ കഴിയില്ല. എന്തുതന്നെയാകിലും ഏറ്റവും ജനകീയമെന്ന് വിളിക്കപ്പെട്ടിരുന്ന മഹായാന-ബുദ്ധിസത്തിന്റെ (Popular Buddhism) ഏറ്റം പൗരാണികമായ ഒരു രേഖകൾ പോലും ഇന്നും നമ്മുടെ ചരിത്ര നിർമ്മിതിയുടെ പ്രമാണശാസ്ത്രങ്ങളല്ല. മഹായാനത്തിനു മുമ്പുണ്ടായിരുന്ന ബൗദ്ധ-ജൈന രേഖകളും ഗ്രന്ഥങ്ങളും കാലഗണനയിൽ പുരാണങ്ങളെക്കാൾ പ്രാചീനമെനന്ന് കരുതാൻ നമ്മുടെ ചരിത്ര പഠനങ്ങളൊരുക്കമായിരുന്നില്ല.

വൈജ്ഞാനികമായ ബ്രാഹ്മണിക-അധികാരമെന്ന് പറയുന്നത് പുരാണങ്ങളെയും ഇതിഹാസങ്ങളെയും വൈദ്യസമ്പ്രദായത്തെയും ശില്പശാസ്ത്രത്തെയും തന്ത്രപരിജ്ഞാനത്തെയും ജ്യോതിശാസ്ത്രത്തെയുമൊക്കെ മുന്‍നിര്‍ത്തിയാണ് നിര്‍വ്വചിക്കപ്പെടുന്നതെങ്കില്‍ അതിന് സമാന്തരമായ ജ്ഞാനവ്യവസ്ഥ ബ്രാഹ്മണേതര സമൂഹങ്ങളിലും സ്പഷ്ടമായിരുന്നുവെന്ന് നമുക്ക് വാദിക്കാവുന്നതാണ്.

ഈ ചരിത്രപരമായ വസ്തുതകളുടെ രാഷ്ട്രീയ മുന്നേറ്റമാണ് സിപിഎം കേരളത്തില്‍ ഏറ്റെടുക്കുന്നതെങ്കില്‍ അതിന് ഇന്ന് ഉന്നം വെയ്ക്കുന്നതിനേക്കാള്‍ വലിയ രാഷ്ട്രീയമാനം കൈവരും. അതല്ല ബ്രാഹ്മണമതം, ബൗദ്ധ-ജൈനമുന്നേറ്റങ്ങളെ സ്വാംശീകരിക്കാന്‍ മധ്യകാലത്ത് ക്ഷേത്രങ്ങളില്‍ രാമായണവും മഹാഭാരതവും പാരായണം നടത്താന്‍ അമ്പലവാസികളെ അവരോധിച്ചുകൊണ്ട് പുരാണങ്ങളും ഇതിഹാസങ്ങളും പുനരാവിഷ്‌കരിച്ചതുപോലെയുള്ള സന്നാഹങ്ങളാണ് കൈകൊള്ളുന്നതെങ്കില്‍ സിപിഎമ്മും ഹിന്ദു സംഘടനകളും ഒരേ നിലയ്ക്ക് ചരിത്രപ്രയാണം നടത്തുമെന്നതാണ് സംഭവിക്കുക. പാര്‍ട്ടിയുടെ നിലവിലെ സൈദ്ധാന്തിക കടപ്പാട് (സുനില്‍ പി. ഇളയിടത്തെപ്പോലെയുള്ള ചുരുക്കം ചില പണ്ഡിതരെ ഒഴിച്ചാല്‍) കൊളോണിയലും അവയെ കേന്ദ്രീകരിച്ചുള്ള ചരിത്ര നിര്‍മ്മിതികളോടുമായതിനാല്‍ അവസാനം പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍