UPDATES

വി മുസഫര്‍ അഹമ്മദ്

കാഴ്ചപ്പാട്

ഗസ്റ്റ് കോളം

വി മുസഫര്‍ അഹമ്മദ്

വിദേശം

വിപണിക്കുവേണ്ടിയുള്ള സൗദിയുടെ മാറ്റം വഹാബികള്‍ അംഗീകരിക്കുമോ?

മോഡറേറ്റ് ഇസ്‌ലാമിന്റെ വഴി എന്തായിരിക്കും? അത് സൗദിയെ എക്കാലവും നിയന്ത്രിച്ച വഹാബി ഇസ്‌ലാം തന്നെയായിരിക്കും. അതായത് ബിന്‍ലാദന്റെ ഇസ്‌ലാമായിരിക്കില്ല എന്നാണതിന്റെ അര്‍ഥം.

തീവ്ര ഇസ്‌ലാമിനെ ഉപേക്ഷിക്കുകയാണ് എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നത്, രാജ്യം തുറന്ന സമൂഹമായി മാറണമെന്ന സൗദി യുവതലമുറയുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കലാണ് എന്ന് കാണാം. കാരണം കിരീടാവകാശി പതിവില്‍ നിന്നും വിഭിന്നമായി ചെറുപ്പക്കാരനാണല്ലോ. സ്ത്രീകളുടെ ഡ്രൈവിംഗ് പോലുള്ള കാര്യം അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ ടാഗ് ലൈനുകളില്‍ ഒന്നായി മാറുന്നത്. മോഡറേറ്റ് ഇസ്‌ലാമിന്റെ വഴി എന്തായിരിക്കും? അത് സൗദിയെ എക്കാലവും നിയന്ത്രിച്ച വഹാബി ഇസ്‌ലാം തന്നെയായിരിക്കും. അതായത് ബിന്‍ലാദന്റെ ഇസ്‌ലാമായിരിക്കില്ല എന്നാണതിന്റെ അര്‍ഥം.

അത്തരത്തിലുള്ള ഇസ്‌ലാമിനെ സൗദി ഔദ്യോഗികമായി ഓരോ സങ്കീര്‍ണ്ണ-പ്രതിരോധ മുഹൂര്‍ത്തങ്ങളിലും തള്ളിപ്പറഞ്ഞിട്ടുമുണ്ട്. പക്ഷെ ആ രാജ്യത്തിന്റെ ഭരണ പ്രത്യയശാസ്ത്രം വഹാബി ഇസ്‌ലാം തന്നെയാണ്. അത് മോഡറേറ്റാണെന്ന് എന്നും സൗദി വാദിച്ചു പോന്നു. എന്നാല്‍ വഹാബി ഇസ്ലാം അടഞ്ഞതും തുറസ്സുകളില്ലാത്തതും ബഹുസ്വരത (ഇസ്‌ലാം അനുവദിച്ച ബഹുസ്വരത പോലും) അനുവദിക്കാത്തതുമാണെന്ന് സൗദി ചരിത്രത്തിന്റെ പല ഘട്ടങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

തീവ്ര ഇസ്ലാമിനെ ഉപേക്ഷിച്ച് സൗദി ലോകത്തിന് മുന്നില്‍ വാതില്‍ തുറക്കുകയാണ്; കിരിടാവകാശി

കിരീടാവകാശി വഹാബി ഇസ്ലാമിന്റെ പ്രതിസന്ധിയെ തന്നെയാണ് ഗാര്‍ഡിയന്‍ അഭിമുഖത്തില്‍ ഒരു നിലയില്‍ സ്ഥിരീകരിക്കുന്നത്. കാരണം ഇന്ന് സൗദിയെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന വഹാബിസത്തെ മോഡറേറ്റ് ആക്കുക തന്നെയായിരിക്കും തുറന്ന രാജ്യം എന്ന സങ്കല്‍പത്തിലേക്ക് നീങ്ങാനുള്ള വഴി. അതായത് അബ്ദുല്‍ അസീസ് രാജാവ് മുതലുള്ള ‘ഇസ്ലാമിക പാരമ്പര്യത്തെ’ മാറ്റി എഴുതുന്ന ഒരു പ്രവൃത്തി.

ഇത് സാധ്യമാക്കുക ഒട്ടും എളുപ്പമല്ല. കാരണം സൗദി പൊതുജീവിതത്തെ നയിക്കുന്നത് ഇസ്ലാമല്ല, വഹാബിസമാണ്. പുതിയ തലമുറയില്‍ പെട്ടവരല്ലാത്ത, ബ്യൂറോക്രസിയും ലീഗല്‍ സംവിധാനവും നിയന്ത്രിക്കുന്ന 50 കഴിഞ്ഞവര്‍ക്ക്‌ ഈ മാറ്റം വരുത്തലിനെ ഒരു ഉത്തരവിന്റെ ബലത്തില്‍ സ്വീകരിക്കാനാവില്ല. കാരണം വഹാബിസമാണ് ഇസ്ലാം എന്ന തീവ്രവിശ്വാസമുള്ളവരാണവര്‍. മുത്തവകളെ (മതകാര്യ പോലീസ്) ഒഴിവാക്കണമെന്ന അഭിപ്രായത്തെ പരാജയപ്പെടുത്തിയതും 50 കഴിഞ്ഞ നേരത്തെ പറഞ്ഞ വിഭാഗമാണ്.

കിരീടാവകാശിക്ക് വഹാബിസത്തെ മോഡറേറ്റാക്കാന്‍ തോന്നുന്നത് നല്ല ലക്ഷണം. തിരിച്ചറിവിന്റെ അടയാളം. എന്നാല്‍ ആ കുരുക്കഴിക്കല്‍ ഒട്ടും എളുപ്പമായിരിക്കില്ല. മറ്റൊരു കാര്യം, ഇപ്പോള്‍ പറയുന്ന തുറസ്സ് വിപണിക്കും നിക്ഷേപങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഇതിനാവശ്യമായ നിലയില്‍ വഹാബിസത്തെ മൃദുവാക്കാന്‍ പറ്റുമോ എന്ന പരീക്ഷണം. അതിനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നത്. വിപണി സ്വാതന്ത്ര്യം നല്‍കുന്ന തുറസ്സിനു വേണ്ടി നടത്തുന്ന നീക്കുപോക്കുകള്‍ യഥാര്‍ത്ഥ ഫലം ചെയ്യുമോ, പ്രത്യേകിച്ചും ആ രാജ്യം രാജഭരണവുമായിത്തന്നെ മുന്നോട്ടു പോകുമെന്നതിനാല്‍? അതാണ് കാത്തിരുന്നു കാണേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി മുസഫര്‍ അഹമ്മദ്

വി മുസഫര്‍ അഹമ്മദ്

എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍