അഴിമുഖം പ്രതിനിധി
മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ വിജിലന്‍സ് കേസിന് ശുപാര്‍ശ. ബാര്‍ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച് ഹോട്ടലുടമകളുടെ പരാതിയിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹിയായ വിഎന്‍ രാധാകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ റേഞ്ച് എസ് പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ബാബുവിനെതിരായി കേസെടുക്കാന്‍ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ബാര്‍ ലൈസന്‍സുകള്‍ നല്‍കുന്നതിലും ചട്ടങ്ങള്‍ ഭേദഗതി ചെയ്തതിലും, മദ്യനയം രൂപീകരിച്ചതിലും അഴിമതിയുണ്ട്. കൂടാതെ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ഇടനിലക്കാരായി പല ഇടപാടുകളും നടത്തിയിട്ടുണ്ടെന്നും ഇതിനായി പണം പിരിച്ചിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ കെ.ബാബു അഴിമതി കാണിച്ചെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ എറണാകുളം റെയ്ഞ്ച് എസ് പി നിശാന്തിനി നടത്തിയ അന്വേഷണത്തില്‍ കെ.ബാബുവിനെ കുറ്റവിമുക്തനാക്കിയിരുന്നു.
ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് ബാബുവിനെതിരെ പുതിയ കേസുമായി വിജിലന്‍സ് എത്തുന്നത്. പ്രാഥമികാന്വേഷണം. നടത്താന്‍ നിയോഗിപ്പെട്ട സംഘം കേസെടുക്കാന്‍ ശുപാര്‍ശ ലഭിച്ച സാഹചര്യത്തില്‍ ഉടന്‍ കേസ് റജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിജിലന്‍സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്.