UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ ക്രൂശിക്കുകയും ജോസഫിനെ വിശുദ്ധനാക്കുകയും ചെയ്യുന്ന പിതാക്കന്മാരോട്

Avatar

ജെ അപര്‍ണ

ഈ ക്രിസ്തുമസ് കാലത്ത് നരേന്ദ്ര മോദിയാണോ കെ സി ജോസഫ് ആണോ ക്രൈസ്തവസമുദായത്തെ, പ്രത്യേകിച്ച് പള്ളിയെയും പട്ടക്കാരെയും ഏറ്റവുമധികം വേദനിപ്പിച്ചത് എന്നു ചോദിച്ചാല്‍ ജോസഫ് എന്നു പറയാന്‍ സഭാപിതാക്കള്‍ക്ക് മടിയുണ്ടാകും. എന്നാല്‍ എന്നെങ്കിലും കുമ്പസാരിക്കാന്‍ അവസരം കിട്ടിയാല്‍ ഇവരെല്ലാം ജോസഫിനെ കുരിശില്‍ തറയ്ക്കണമെന്ന് പറയുമെന്ന് മൂന്നുവട്ടം ഉറപ്പ്. മോദി ക്രിസ്തുമസ് അവധി എടുത്തുകളയുമെന്ന് ഭീഷണിയാണ് മുഴക്കിയത്. എന്നാല്‍ ക്രിസ്തുമസിന് സഭയുടെ ഈ പ്രിയപ്പെട്ട കുഞ്ഞാട് പറഞ്ഞ പ്രതികാരവാക്കുകള്‍ ഏതുവീഞ്ഞുപയോഗിച്ച് കഴുകിയാലും മറക്കാനാകില്ല, പൊറുക്കാനും. സമുദായത്തെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കയായിരുന്നു കേരളത്തിലെ ഈ മന്ത്രിപുംഗവന്‍. അതും മധ്യകേരളത്തിലെ വത്തിക്കാനായ ചങ്ങനാശേരി അരമനയുടെ പടിവാതിക്കല്‍വെച്ച്. നികൃഷ്ടജീവി എന്ന പ്രയോഗത്തിന്റെ പേരില്‍ പിണറായി വിജയനെതിരെ ചമ്മട്ടിയും വാളുമായി പാഞ്ഞെടുത്തതും അവനെ കുരിശില്‍ തറയ്ക്കുക എന്ന അലറിയതും ആരു മറന്നാലും സഭാപിതാക്കന്മാര്‍ മറക്കില്ല. വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബിയുടെ രൂപ താ പ്രയോഗത്തിനെതിരായ കലി ഇപ്പോഴും അടങ്ങിയിട്ടില്ല. ഈ വിഷയങ്ങളില്‍ സഭാപിതാക്കന്മാര്‍ പലവേദികളില്‍ ഉയര്‍ത്തിയ വാക്കുകള്‍ എത്ര വെള്ളുടുപ്പിട്ട് മറച്ചാലും മറക്കാനും മറയ്ക്കാനുമാകുന്നതല്ല. തന്റെ പാര്‍ട്ടിയിലെ ഒരു നേതാവിനെ, അതും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അപകീര്‍ത്തിപ്പെടുത്തും വിധം സഭ ശ്രമിച്ചപ്പോള്‍ അതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി. പിണറായിയുടെ വാദങ്ങളെ എതിര്‍ക്കാനും പ്രതിഷേധിക്കാനുമെല്ലാം സഭാതലവന്മാര്‍ക്ക് അധികാരവും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. അവരത് വേണ്ടലധികം വിനിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇതേ ബിഷപ്പുമാരുടെയും വക്താക്കളുടെയും നാവ് കുരിശേറിയോ. അതോ അവസാനവിശ്രമത്തിലാണോ. പള്ളിക്കും പട്ടക്കാരനും ശെമ്മാനും എല്ലാം ഒരേ നീതിവേണമെന്നാണല്ലോ ഞായറാഴ്ച്ച പ്രസംഗങ്ങളിലെങ്കിലും തിരുമേനിമാര്‍ പറയാറ്. ഇടയലേഖനമിറക്കാനും കറുത്ത ശിരോവസ്ത്രമണിഞ്ഞ് കുഞ്ഞാടുകളെ തെരുവിലിറക്കാനും സ്‌കോപ്പുണ്ടായിട്ടും എന്തേ ഒരച്ചനും വാതുറക്കാത്തത്.

ക്രൈസ്തവ സമുദായം മൊത്തം കള്ളുകുടിയന്മാരുടെ സഭയാണെന്നാണ് മന്ത്രി ജോസഫ് പറഞ്ഞതിന്റെ മലയാളം. ഏതു ചടങ്ങിനും മദ്യപിക്കുന്നവര്‍, അത് ആചാരമായി കൊണ്ടുനടക്കുന്നവര്‍, മദ്യക്കച്ചവടം കുത്തകയായ അബ്കാരികളുടെ സമുദായം… ജോസഫ് പറഞ്ഞതിന്റെ പാതിപോലും വെള്ളാപ്പള്ളി നടേശഗുരുപോലും സഭയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. ചങ്ങനാശേരി പണിക്കരുചേട്ടന്‍ ഇതിലുമെത്രയോ മാന്യനാണെന്ന് അരമനകളിലെ ഇടനാഴികളില്‍ നിന്നിപ്പോള്‍ പലരും ഉരുവിട്ടു തുടങ്ങും. വീഞ്ഞ് കുടിക്കുന്നവരെന്നേ വെള്ളാപ്പള്ളി പറഞ്ഞിരുന്നുള്ളൂ. അന്ന് പ്രതിഷേധിച്ച സഭാനേതൃത്വം ഇപ്പോള്‍ നാവനക്കാന്‍ ഏതുമാര്‍പ്പാപ്പയുടെ അനുമതിക്കായാണ് കാത്തിരിക്കുന്നത്? 

 

കെ സി ജോസഫ് പറഞ്ഞ അഭിപ്രായത്തോട് ശക്തമായി പ്രതികരിക്കാന്‍ പോലും തയ്യാറാകാത്ത കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ സ്വയം സമ്മതിക്കുന്ന സത്യമുണ്ട്. അതവരുടെ പുതുപ്പള്ളി കുഞ്ഞൂഞ്ഞിനോടുള്ള വിധേയത്വമാണ്. കുഞ്ഞൂഞ്ഞിന്റെ മദ്യനയത്തോട് രൂക്ഷമായി പ്രതിഷേധിക്കാനും തള്ളിപ്പറയാനും തങ്ങളില്ലെന്ന സമ്മതവുമുണ്ടതില്‍. ജോസഫ് പറഞ്ഞത് നിഷേധിക്കാനാകാത്ത വസ്തുതകളാണ്. ജോസഫിനതു പറയാം. കാരണം അച്ചായന്റെ ബാലജനസഖ്യക്കളരിയില്‍ വളര്‍ന്നയാളില്‍ നിന്നിതേ പ്രതിക്ഷിക്കേണ്ടതുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ കീഴില്‍ നാലരപതിറ്റാണ്ടുമുമ്പ് കെഎസ് യുവിന്റെ വൈസ്പ്രസിഡന്റായിരുന്നു. അന്നു തുടങ്ങിയ ഉമ്മന്‍ ചാണ്ടി ഭക്തിയെന്ന മാനസികാവസ്ഥയില്‍ നിന്നും വളര്‍ച്ച നേടാനാകാത്ത ആളാണ് ജോസഫ്. പുതുപ്പള്ളിക്കടുത്ത് താമസം, വടക്കേയറ്റത്ത് കണ്ണൂരിലെ ഇരിക്കൂറില്‍ നിന്ന് ജനപ്രതിനിധി, അതും നാല്‍പ്പതുവര്‍ഷത്തോളം. കണ്ണൂരിലെ എംഎല്‍എ ആയിട്ടും കോട്ടയത്ത് ഡിസിസി പ്രസിഡന്റാവുക.

 

ഉമ്മന്‍ ചാണ്ടിയുടെ വിനീതവിധേയനായതിനാല്‍ കൈവന്ന രാഷ്ട്രീയജീവിതമാണ് എന്നും ചാക്കോ ജോസഫിനുള്ളത്. ആഗോളമലയാളിസമ്മേളനം നടത്തി സിവി രാമന്‍പിള്ളയെ സിവി രാമനെന്ന ശാസ്ത്രജ്ഞനാക്കിയ മന്ത്രിപ്രതിഭയാണ്. കലയും സാഹിത്യവുമെന്നത് ചുക്കും ചുണ്ണാമ്പുമറിയാത്ത മന്ത്രിയെന്നാക്ഷേപിച്ചത് കോണ്‍ഗ്രസുകാരനായ ബാലചന്ദ്രന്‍ വടക്കേടത്തായിരുന്നു. ഇപ്പോള്‍ യേശുവിന്റെ വിശുദ്ധമായ സ്മരണകള്‍ നക്ഷത്രമായി പൂത്തുലയുന്ന ഈ ഡിസംബറില്‍ സംഘപരിവാരത്തിന്റെ ഭാഷപ്രയോഗിക്കയാണീ ഭരണാധികാരി. മദ്യനയത്തിലെ കാപട്യവും കച്ചവടവും അങ്ങാടിപ്പാട്ടായപ്പോള്‍ രോഷം കൊള്ളുന്നു. ഇടതുപക്ഷക്കാരാണെങ്കില്‍ മാത്രം വാ തുറന്നാല്‍ മതി. കാരണം അവര്‍ക്ക് ധാര്‍ഷ്ട്യത്തില്‍ ബിരുദവും ഡോക്ടറേറ്റുമാണെന്ന് പല്ലവിപാടിയാല്‍ മതിയല്ലോ. ജോസഫിന്റെ ഗുണവിശേഷം വിനയമെന്ന് വാഴ്ത്തിപ്പാടാം. അതിനാല്‍ സഭാനതൃത്വം പ്രതികരിക്കരുത്. തിരുമേനിമാരെല്ലാം ധ്യാനവും ഉപവാസവുമിരുന്നോളു. ഏവുപ്രാസമ്മ്യക്കും ചാവറയച്ചനും അല്‍ഫോന്‍സാമ്മയ്ക്കും ശേഷം നമുക്ക് ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിക്കാം.

(മാധ്യമപ്രവര്‍ത്തകയാണ് ലേഖിക)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍