UPDATES

ട്രെന്‍ഡിങ്ങ്

വി സി ഹാരിസിനെ പുറത്താക്കല്‍; എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു

സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് മന്ദിരം നൂറു കണക്കിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി

എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവി വി സി ഹാരിസിനെ പുറത്താക്കിയതില്‍ വിദ്യാര്‍ഥി പ്രതിഷേധം രൂക്ഷമാകുന്നു. സര്‍വകലാശാല അഡ്മിനിസ്ട്രേറ്റീവ് മന്ദിരം നൂറു കണക്കിന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രധാന കവാടം ചാടിക്കടന്ന് സര്‍വകലാശാല ആസ്ഥാനം പൂര്‍ണമായും എസ് എഫ് ഐ ഉപരോധിച്ചു. മുദ്രാവാക്യം മുഴക്കി പെണ്‍കുട്ടികളടയ്ക്കമുള്ള പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രതിനിധികള്‍ സമരക്കാരെ ചര്‍ച്ചക്ക് വിളിച്ചു.

അന്വേഷണം കൂടാതെ ലെറ്റേഴ്‌സ് മേധാവി സ്ഥാനത്ത് നിന്ന് ഡോ വി സി ഹാരിസിനെ പുറത്താക്കിയത് അംഗീകരിക്കില്ലെന്ന് ചര്‍ച്ചയില്‍ എസ് എഫ് ഐ വ്യക്തമാക്കി ഓഗസ്റ്റ് 10-ന് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും 11-ന് ചേരുന്ന സമ്പൂര്‍ണ സിന്‍ഡിക്കേറ് യോഗം റിപ്പോര്‍ട്ട് പരിഗണിച്ച ഉചിതമായി തീരുമാനം കൈകൊള്ളാമെന്നും അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിക്കാന്‍ എസ്എഫ്‌ഐ തയ്യാറായത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നിട്ടിറങ്ങുമെന്നു എസ്എഫ്‌ഐ അറിയിച്ചിട്ടുണ്ട്.

വി സി ഹാരിസ്‌

ഡോ. വി സി ഹാരിസിനെപ്പോലെ സര്‍വകലാശാലയിലെ മറ്റൊരു ഇന്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്മന്റിന്റെ മേധാവിയെക്കൂടി സിന്‍ഡിക്കേറ്റ് സമാനമായ സാഹചര്യത്തില്‍ പുറത്താക്കിയെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. എന്‍വയോണ്‍മെന്റല്‍ സയന്‍സ് അധ്യാപകന്‍ അരവിന്ദ് കുമാറിനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് മേധാവി സ്ഥാനത്തുനിന്നും നീക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു എസ് എഫ് ഐ നേതാക്കളുടെ പ്രതികരണം.

Also Read: ഡോ. വി.സി ഹാരിസിനെ പുറത്താക്കിയതിനു പിന്നില്‍ പി.വി.സി ആകുന്നത് തടയലും ലക്‌ഷ്യം

ഡോ. വി സി ഹാരിസിനെയും, പ്രൊഫ. അരവിന്ദ് കുമാറിനെയും നീക്കിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ല എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ അരവിന്ദ് കുമാര്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള തുല്യതയില്ലാത്ത രണ്ടു കോഴ്‌സുകള്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും, ഈ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ സമര്‍പ്പിച്ചു കോഴ്‌സിന് തുല്യതയുണ്ടെന്ന് വാദിച്ചത് സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നീക്കിയതെന്നും സിന്‍ഡിക്കേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഡോ. വി.സി ഹാരിസിനെ പുറത്താക്കിയതിനെതിരെ സര്‍വകലാശാലയിലെ ഇടത് അധ്യാപക സംഘടനയും രംഗത്തു വന്നിട്ടുണ്ട്. തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ സംഘടനാ പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്ന് അറിയിച്ചു.

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

റിതിന്‍ പൌലോസ് കൊച്ചുപറമ്പില്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍