UPDATES

ബിജെപി എംപി കീര്‍ത്തി ആസാദിന്‌റെ ഭാര്യ എഎപിയില്‍ ചേര്‍ന്നു

അഴിമുഖം പ്രതിനിധി

ബിജെപി എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദിന്‌റെ ഭാര്യ പൂനം ആസാദ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് പൂനം അംഗത്വം സ്വീകരിച്ചത്. അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനിലാണ് നിലവില്‍ കീര്‍ത്തി ആസാദ്.

2017 ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂനം ആസാദ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് എഎപി അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കേജ്രിവാളിനെ പൂനം ആസാദ് നേരത്തെ കണ്ടിരുന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി കാരണമാണ് താന്‍ ബിജെപി വിട്ടതെന്ന് പൂനം ആസാദ് പ്രതികരിച്ചു. നിരന്തരം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തനിക്ക് മത്സരിക്കാന്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് തന്നില്ലെന്ന് പൂനം പറഞ്ഞു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെയൊക്കെ ബിജെപി ഒതുക്കുകയാണെന്നും പൂനം ആസാദ് ആരോപിച്ചു. 

നോട്ട് പിന്‍വലിക്കല്‍ നടപടി സാധാരണക്കാരെ ദുരിതത്തിലാക്കുന്നതിനാല്‍ പിന്തുണക്കാനാവില്ലെന്നും പൂനം ആസാദ് വ്യക്തമാക്കി. ഏറെ കാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും ഒരു പരിഗണനയുമില്ലാതെ വന്നതിനെ തുടര്‍ന്നാണ് പൂനം പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ സ്വയം ആലോചിച്ചെടുത്ത തീരുമാനമാണെന്നും തീരുമാനമാണിതെന്നും കീര്‍ത്തി ആസാദ് വ്യക്തമാക്കി.

ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് കീര്‍ത്തി ആസാദ്. ഡല്‍ഹി കിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് കീര്‍ത്തി ആസാദിനെ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പൂനം ആസാദിന് സീറ്റ് നല്‍കിയിരുന്നില്ല. 2003ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനെതിര മത്സരിച്ച പൂനം പരാജയപ്പെട്ടിരുന്നു. നേരത്തെ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന പൂനം ആസാദ്, ഡല്‍ഹി ഘടകത്തിന്‌റെ വൈസ് പ്രസിഡന്‌റായിരുന്നു. ഇതുവരെ ഡല്‍ഹി ബിജെപിയുടെ വക്താവായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഏറെ കാലമായി പാര്‍ട്ടിയില്‍ അവഗണന നേരിടുന്നതായുള്ള പരാതി പൂനം ആസാദിനുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍