UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മി. കെജ്‌രിവാള്‍; ഇങ്ങനെയെങ്കില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കാന്‍ നിങ്ങളുടെ പാര്‍ട്ടിയുണ്ടാകില്ല

Avatar

ടീം അഴിമുഖം

 

മികച്ച ആശയങ്ങളില്‍ നിന്നാണ് എല്ലാക്കാലത്തും മികച്ച ചില നിമിഷങ്ങളുണ്ടാകാറുള്ളത്. ആ നിമിഷങ്ങള്‍ക്ക് ഒരു പ്രത്യേക ചട്ടക്കൂടും രൂപഭാവങ്ങളുമൊക്കെ കൈവരുന്നതില്‍ പ്രത്യേകിച്ച് ലോജിക് ഒന്നുമുണ്ടായേക്കില്ല. അത് പിന്നീട് അതിന്റെ മധുവിധു കാലത്തേക്ക് പ്രവേശിക്കും. ആ സമയം കഴിയുന്നതോടെ അത്തരം ചട്ടക്കൂടുകള്‍ നിലനില്‍ക്കുന്നത് അതിന്റെ നേതൃത്വം, അതിനു നേതൃത്വം കൊടുക്കുന്നവരുടെ ഭരണപരമായ കഴിവുകള്‍, ഒപ്പം അതിന്റെ പ്രത്യയശാസ്ത്രത്തിലുള്ള വ്യക്തത എന്നിവയെ ആശ്രയിച്ചായിരിക്കും. അത്തരമൊരു ചട്ടക്കൂടുകള്‍ക്കകത്ത് ഒരു പ്രസ്ഥാനം വളരുകയായി. ഈ ഘട്ടത്തില്‍ അത്തരമൊരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്നവരുടെ നേതൃത്വപരമായ ഗുണങ്ങള്‍ അതിന്റെ ഭാവി നിര്‍ണയിക്കും എന്നതില്‍ സംശയമില്ല. അതായത്, ഒന്നുകില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് തകര്‍ന്നടിയും, അല്ലെങ്കില്‍ ചരിത്രം തിരുത്തിയെഴുതുന്ന വിധത്തില്‍ അത് പടര്‍ന്നു പന്തലിക്കുകയും വരും ദശകങ്ങളിലെ വലിയൊരു സാന്നിധ്യമായി മാറുകയും ചെയ്യും.

 

ആശയപരമായ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍, അതിനൊരുദാഹരണം പറയാവുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയും ആര്‍.എസ്.എസുമാണ്. ഈ സംഘടനകള്‍ രൂപീകരിച്ചവരുടെ നേതൃത്വപരമായ കഴിവും അവരുടെ സമര്‍പ്പിത മനോഭാവവുമാണ് ഇത്രയൂം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു ചരിത്രം അവയ്ക്ക് സമ്മാനിച്ചത്. ലെനിന്‍ മുതല്‍ മാവോ വരെയും ഗാന്ധി മുതല്‍ ഇ.എം.എസ് ഉള്‍പ്പെടുന്ന സമകാലികരുമൊക്കെ ലോക ചരിത്രത്തില്‍ അത്തരം മുദ്രകള്‍ പതിപ്പിച്ച നേതാക്കളാണ്.

 

ഈ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് ഒരു വിശകലനം നടത്തുന്നത് നന്നായിരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ മധുവിധു സമയം അവസാനിച്ചോ? ഇനി അവരെ വിലയിരുത്തിത്തുടങ്ങേണ്ടതില്ലേ? അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ഒരു വന്‍ രാഷ്ട്രീയ മുന്നേറ്റം നടത്തുമോ? കോണ്‍ഗ്രസിനെ അപ്രസക്തമാക്കിക്കൊണ്ട് ബി.ജെ.പിയുടെ മുഖ്യ എതിരാളിയായി അത് മാറുമോ? അതോ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ പ്രസ്ഥാനം അസ്തമിക്കുമോ?

 

ഇന്ത്യ എഗനസ്റ്റ് കറപ്ഷന്‍ എന്ന സംഘടനയുടെ ബാക്കി എന്നോണം 2012 നവംബറില്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള പല വിഡ്ഡിത്തങ്ങളും മണ്ടന്‍ തീരുമാനങ്ങളും ആ പാര്‍ട്ടിക്ക് മറികടക്കാന്‍ കഴിഞ്ഞത് കെജ്‌രിവാള്‍ എന്ന നേതാവിന്റെ അസാധാരണമായ വ്യക്തിപ്രഭാവം മൂലമാണ്. എന്നാല്‍ ഈ സമയത്തിനിടയില്‍ കെജ്‌രിവാളിന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും അമ്പരപ്പിക്കുന്ന നടപടിയായിരുന്നു ആ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും സ്റ്റാലിനിസ്റ്റ് മാതൃകയില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്.

 

അഴിമതിക്കെതിരെയുള്ള കെജ്‌രിവാളിന്റെ ആഹ്വാനങ്ങളും ജനസമ്പര്‍ക്കവുമൊക്കെ മൂലം പലപ്പോഴും ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പല തെറ്റുകളും ജനങ്ങള്‍ അവഗണിച്ചു കളയാറാണ് പതിവ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ഇന്ത്യ തൂത്തുവാരിക്കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. മോദിയുടെ ചെലവേറിയതും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രചരണ പരിപാടികളെ മൂലയ്ക്കിരുത്തി കെജ്‌രിവാളിനേയും കൂട്ടരേയും വമ്പന്‍ ഭൂരിപക്ഷത്തോടെ ഡല്‍ഹിക്കാര്‍ തെരഞ്ഞെടുത്തതും ജനങ്ങള്‍ക്ക് അദ്ദേഹത്തോടെുള്ള അടുത്തം ബന്ധം മുന്‍നിര്‍ത്തിത്തന്നെയാണ്.

 

എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ തിരിച്ചുകടിക്കാന്‍ തുടങ്ങിയതോടെ ആ ദിവസങ്ങള്‍ ഇപ്പോള്‍ വിദൂരമായ ഓര്‍മ മാത്രമായിരിക്കുന്നു.

 


പഞ്ചാബ് സന്ദര്‍ശന വേളയില്‍ ഛോട്ടേപ്പൂരിനൊപ്പം കേജ്രിവാള്‍

 

റിലയന്‍സിന്റെ ശിങ്കിടിയായ നജീബ് ജംഗിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ നടത്തുന്ന ഒളിയുദ്ധങ്ങളെക്കുറിച്ചല്ല നമ്മള്‍ പറയുന്നത്. കെജ്‌രിവാളും പാര്‍ട്ടി നേതാക്കളും നടത്തുന്ന വാചകമടികളെക്കുറിച്ചുമല്ല. നമ്മള്‍ പറയുന്നത് പഞ്ചാബിനെക്കുറിച്ചാണ്, ഒരു മുഴുവന്‍ സംസ്ഥാനത്ത് ആദ്യമായി അധികാരത്തില്‍ വരാനും ജനാധിപത്യത്തെക്കുറിച്ചും സുതാര്യമായ ഭരണത്തെക്കുറിച്ചും ആ പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുള്ള കാര്യങ്ങള്‍ ലോകത്തിനു മുമ്പാകെ കാണിച്ചു കൊടുക്കാനുള്ള അവസരത്തെക്കുറിച്ചാണ് നമ്മള്‍ പറയുന്നത്. എന്നാല്‍, അവിടെ ആം ആദ്മി പാര്‍ട്ടിയുടെ സാധ്യതകള്‍ പതുക്കെ അസ്തമിച്ചു കൊണ്ടിരിക്കുകയാണ്.

 

മുതിര്‍ന്ന നേതാക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ കെജ്‌രിവാളിനുള്ള പക്വതയില്ലായ്മ ഓരോ ദിവസവും തെളിഞ്ഞു വരികയാണ്. പ്രത്യേകിച്ച് പാര്‍ട്ടിയുടെ പഞ്ചാബിലെ തലവനായിരുന്ന സച്ചാ സിംഗ് ഛോട്ടേപ്പൂരിനെ അഴിമതി പ്രശ്‌നത്തില്‍ പുറത്താക്കിയതിനു പിന്നാലെ ഈ പ്രവണത കൂടുതലായിട്ടുണ്ട്.

 

ഇപ്പോള്‍ പഞ്ചാബിലെ 12 മേഖലകളിലെ ആറു മേഖലാ തലവന്മാര്‍ ഛോട്ടേപ്പൂരിനെ തിരികെ എടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അതിനൊപ്പം, പാര്‍ട്ടിയുടെ തലപ്പത്തുള്ള സഞ്ജയ് സിംഗിനേയും ദുര്‍ഗേഷ് പഥക്കിനെയും പഞ്ചാബ് ചുമതലയില്‍ നിന്ന് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഞ്ജയ് സിംഗ് വഴി കാര്യങ്ങള്‍ നടത്തല്‍ കെജ്‌രിവാളിന് എളുപ്പമാണ്. എന്നാല്‍ ഛോട്ടേപ്പൂരിനെയും പ്രശാന്ത് ഭൂഷണേയും പോലുള്ള ശക്തരായ മനുഷ്യരെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നുമില്ല.

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരു പ്രത്യേക മണ്ഡലം അനുവദിക്കുന്നതിന് ഛോട്ടേപ്പൂര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിയതിനുള്ള ന്യായീകരണമായി പറയുന്നത്. എന്നാല്‍ ആരോപണം നിഷേധിച്ച ഛേട്ടേപ്പൂര്‍ പറയുന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണ് ഇതെന്നാണ്. പഞ്ചാബിലെ പൊതുജീവിതത്തിലുള്ള ഛോട്ടോപ്പൂരിന്റെ പ്രതിഛായയും അഴിമതിക്കെതിരെയുള്ള നിലപാടുകളും വച്ചു നോക്കുമ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള ആരോപണം നിലനില്‍ക്കാന്‍ സാധ്യത കുറവാണ്.

 

2017 ജനുവരി – ഫെബ്രുവരിയിലായിരിക്കും മിക്കവാറും പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കുക. ഒരുപക്ഷേ കെജ്‌രിവാള്‍ തന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു ചോദ്യത്തെയായിരിക്കും ഈ വരും മാസങ്ങളില്‍ നേരിടേണ്ടി വരിക: പാര്‍ട്ടിയില്‍ പരസ്പര ബഹുമാനമുള്ള ഒരു നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും മുതിര്‍ന്നവരും ശക്തരുമായ വ്യക്തികളെ ഒപ്പം കൊണ്ടുപോകാനും അദ്ദേഹം പഠിക്കുമോ എന്നതായിരിക്കും അത്.

 

ഇപ്പോള്‍ നോക്കുകയാണെങ്കില്‍, കെജ്‌രിവാള്‍ തന്റെ നേതൃഗുണത്തിന് മാതൃകയാക്കിയിരിക്കുന്ന വ്യക്തി അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളിയെയാണ്: നരേന്ദ്ര മോദി. അത്തരത്തില്‍ അസാധാരണമെന്നോണമുള്ള സ്വേച്ഛാപരമായ നടപടികളാണ് ഒരു നേതാവെന്ന നിലയില്‍ കെജ്‌രിവാള്‍ നടത്തുന്നത് – മോദിയുടെ അതേ വഴി. പക്ഷേ കെജ്‌രിവാള്‍ മറന്നു പോകാന്‍ പാടില്ലാത്ത ഒരു കാര്യം ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളാണ്.

 

കേന്ദ്രീകൃതവും ഏകാധിപത്യ സ്വഭാവവുമുള്ള ആര്‍.എസ്.എസ് എന്ന പ്രസ്ഥാനത്തിന്റെ ഉത്പന്നമാണ് ബി.ജെ.പി. യഥാര്‍ഥത്തിലുള്ള ജനാധിപത്യത്തിന് വളരെക്കുറച്ച് ഇടം മാത്രമുള്ള, ശക്തരായ നേതാക്കളെ താങ്ങി മാത്രം മുന്നോട്ടു പോകുന്ന ഒന്നാണത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടി ഒരു ജനാധിപത്യ മുന്നേറ്റത്തിന്റെ ഉത്പന്നമാണെന്ന കാര്യം മറക്കരുത്. ഈ നാട്ടിലെ യുവാക്കളുടെ രോഷത്തിന്റെ ബാക്കിപത്രം കൂടിയാണത്. കെജ്‌രിവാള്‍ ഇനിയെങ്കിലും കാര്യങ്ങള്‍ മനസിലാക്കിയില്ലെങ്കില്‍ മറ്റേതൊരു ചെറിയ പ്രാദേശിക പാര്‍ട്ടികളെയും പോലെ ആം ആദ്മി പാര്‍ട്ടിയും ഒതുങ്ങും. ഒരു സമൂഹമെന്ന നിലയില്‍ ഇപ്പോള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കും അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിര ഉയര്‍ന്നുവരുന്ന ജനരോഷത്തെ പ്രതിഫലിപ്പിക്കാന്‍ ഇന്ത്യ മറ്റാര്‍ക്കെങ്കിലും അവസരം കൊടുക്കും: അവിടെ ആം ആദ്മി പാര്‍ട്ടി ഉണ്ടാവില്ല എന്നു മാത്രം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍