UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെല്‍ട്രോണ്‍: കേരളത്തിന്റെ സ്വന്തം പൊതുമേഖലാ സ്ഥാപനം ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുമോ?

Avatar

അന്ന എബ്രഹാം

മാരാരിക്കുളത്ത് ഒരു കെല്‍ട്രോണ്‍ ജംഗ്ഷനുണ്ട്. കെല്‍ട്രോണിന്റെ ഓഫീസുകളൊന്നുമില്ലാത്ത ഒരു സ്ഥലത്തിന് എങ്ങനെയാണ് കെല്‍ട്രോണ്‍ ജംഗ്ഷന്‍ എന്നു പേരു വന്നത് എന്നതൊരു കൌതുകമാണ്. അതൊരു ചെറിയ കഥയാണ്, ഒരു നാട്ടുകാരന്‍ ഒരു ഹോട്ടല്‍ തുടങ്ങുന്നു. ഹോട്ടലിനൊരു പേരു വേണം. ഇലക്ട്രോണിക് രംഗത്തെ കെല്‍ട്രോണിന്റെ പ്രതാപകാലമാണത്. നാട്ടുകാരതിന് സ്‌നേഹത്തോടെ കെല്‍ട്രോണ്‍ ഹോട്ടലെന്നു പേരിട്ടു. ഇപ്പോള്‍ ആ ഹോട്ടലവിടില്ല. പക്ഷെ, കെല്‍ട്രോണ്‍ ഹോട്ടല്‍ ഇരുന്ന സ്ഥലം കെല്‍ട്രോണ്‍ ജംഗ്ഷനായി. ഒരു കാലത്ത് കെല്‍ട്രോണിനുള്ള ജനസ്വീകാര്യത അത്രയേറെയായിരുന്നു. ടിവിയും റേഡിയോയും ഒന്നും കണികണ്ടിട്ടില്ലാത്ത നാടുകളിലേക്ക് അദ്ഭുതവുമായാണ് കെല്‍ട്രോണ്‍ എത്തുന്നത്. വീട്ടില്‍ കെല്‍ട്രോണ്‍ ടിവിയാണെന്നു പറയുന്നത് തന്നെ അഭിമാനവും കെല്‍ട്രോണില്‍ ജോലി ചെയ്യുന്നവര്‍ നാട്ടിലെ പ്രമുഖരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ മാറി മാറി വന്ന സര്‍ക്കാരുകളും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവുമൊക്കെ തൂത്തെറിഞ്ഞു കളഞ്ഞ പ്രതാപമാണ് കെല്‍ട്രോണിന്റേത്.

1970-കളില്‍ കണ്ണൂര്‍ കല്യാശേരിക്കാരനായ കുന്നത്ത് വീട്ടില്‍ പദ്മനാഭനെന്ന കെപിപി നമ്പ്യാരുടെ നേതൃത്വത്തിലാണ് കെല്‍ട്രോണ്‍ എന്ന മഹാസംരംഭം ആരംഭിക്കുന്നത്. കെല്‍ട്രോണ്‍ വളര്‍ന്നത് വളരെ വേഗത്തിലായിരുന്നു. കുറഞ്ഞ കാലയളവില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കപ്പാസിറ്റര്‍ മാനുഫാക്ചറിങ് കമ്പനിയായി കെല്‍ട്രോണ്‍ മാറി. ഇലക്ട്രോണിക് രംഗത്ത് കേരളത്തില്‍ സ്വകാര്യസ്ഥാപനങ്ങളോ അങ്ങനെ എന്തെങ്കിലും ചലനങ്ങളോ ഇല്ലാതിരുന്ന കാലത്താണ് കെല്‍ട്രോണ്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കുന്നത്. 1973-ല്‍ കമ്പനി ആരംഭിച്ചപ്പോള്‍ ടിവി നിര്‍മാണം എന്നതിനെ എല്ലാവരും പരിഹാസത്തോടെയാണ് എഴുതിത്തള്ളിയത്. കെല്‍ട്രോണിന്റെ ആദ്യത്തെ വാഗ്ദാനം തന്നെ ടിവിയായിരുന്നു. 1974-ല്‍ ആദ്യത്തെ ടെലിവിഷന്‍ സെറ്റ് കെല്‍ട്രോണ്‍ ഉദ്ഘാടനം ചെയ്തു. കെല്‍ട്രോണിന്റെ വിശ്വാസ്യത ഇവിടം മുതല്‍ വാനോളമുയര്‍ന്നു. കെല്‍ട്രോണിന്റെ ആദ്യപരീക്ഷണം ട്രാന്‍സിസ്റ്റര്‍ റേഡിയോകളായിരുന്നു. ഒരു വീട്ടില്‍ ഒരു റേഡിയോ എന്ന മുദ്രാവാക്യമാണ് കെല്‍ട്രോണ്‍ മുമ്പോട്ടുവെച്ചത്. കേരളത്തിലെ സാങ്കേതിക വിപ്ലത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി തൊഴില്‍ സാധ്യതകള്‍ക്ക് വഴി തുറന്ന്‍, കേരളത്തില്‍ 13 ഇടങ്ങളില്‍ കെല്‍ട്രോണ്‍ യൂണിറ്റുകള്‍ ആരംഭിച്ചു. 5000-ത്തോളം പേര്‍ക്ക് കമ്പനി പ്രത്യക്ഷമായും പരോക്ഷമായും ജോലിയൊരുക്കി. കെല്‍ട്രോണ്‍ ക്രിസ്റ്റല്‍സ്, കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡ്, മാഗ്നെറ്റിക ലിമിറ്റഡ്, റസിസ്റ്റേഴ്‌സ് എന്നിങ്ങനെ യൂണിറ്റുകള്‍ ആരംഭിച്ചു. സംസ്ഥാനത്തിന്റെ പൊതുമേഖല സ്ഥാപനങ്ങളില്‍ കെല്‍ട്രോണ്‍ തലയെടുപ്പോടെ നിന്നു. ആദ്യകാലത്ത് ബാലന്‍സ് ഷീറ്റില്‍ ലാഭങ്ങളുടെ കണക്കുകള്‍ മാത്രം നിറച്ച കെല്‍ട്രോണ്‍ നഷ്ടങ്ങളുടെ പടുകുഴിയിലേക്ക് വീണു തുടങ്ങിയതും പെട്ടെന്നായിരുന്നു. സ്ഥാപനത്തിന്റെ അടിത്തറയിളക്കികൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ട്രോണിക് മേഖലയിലേക്ക് വിദേശകമ്പനികളെ ക്ഷണിക്കുന്നത്.

കെല്‍ട്രോണിന്റെ ഉല്‍പന്നങ്ങള്‍ വിശ്വസിച്ച് വാങ്ങാമെന്ന പൊതുബോധം വളര്‍ന്നത് ഉന്നത ഗുണമേന്മയുള്ള ഉല്‍പന്നങ്ങളില്‍ സ്ഥാപനം വിട്ടുവീഴ്ച ചെയ്യാതിരുന്നത് കൊണ്ടാണ്. ആയുസ് കുറഞ്ഞതും ഗുണമേന്മയില്ലാത്തതുമായ ഉപകരണങ്ങള്‍ വിദേശകമ്പനികള്‍ സംസ്ഥാനത്ത് കണക്കില്ലാതെ വിറ്റഴിച്ചപ്പോഴും കെല്‍ട്രോണ്‍ അസംസ്‌കൃതവസ്തുക്കളിലും നിര്‍മാണത്തിലും മായം കലര്‍ത്തിയില്ല. 80-കളുടെ തുടക്കത്തിലാണ് കെല്‍ട്രോണ്‍ ടിവികള്‍ വിപണിയിലെത്തുന്നത്. മാസങ്ങള്‍ക്കു മുമ്പെ ബുക്ക് ചെയ്ത് കാത്തിരിന്നിട്ടു പോലുമുണ്ട് മലയാളികള്‍ കെല്‍ട്രോണ്‍ ടിവിയ്ക്കായി. പക്ഷെ മാറി മാറിവന്ന സര്‍ക്കാരുകളുടെ നൂലാമാലകളില്‍ പുത്തന്‍സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ സ്ഥാപനം നടത്തിയിട്ടില്ല. നിമിഷങ്ങള്‍ക്കൊണ്ട് വളരുന്ന സാങ്കേതിക വിദ്യകളുടെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാന്‍ കെല്‍ട്രോണ്‍ ഉപകരണങ്ങള്‍ക്കായില്ല.

ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും കമ്പനിയുടെ നട്ടെല്ലൊടിച്ചു. മാറി വന്ന ഇടത്-വലത് സര്‍ക്കാരുകളുടെ ഇടപെടലുകളും കമ്പനിക്ക് ഗുണകരമായില്ല. അതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം വെട്ടിക്കുറച്ചത്. ഇത് കോര്‍പറേറ്റ് ശക്തികള്‍ക്ക് പടര്‍ന്നുപന്തലിക്കാനുള്ള വഴിയാണൊരുക്കിയത്. പിന്നാലെ നിര്‍മിത വസ്തുക്കള്‍ക്ക് അസംസ്‌കൃതവസ്തുക്കളേക്കാള്‍ നികുതി കുറയ്ക്കുക കൂടി ചെയ്തതോടെ കെല്‍ട്രോണ്‍ പതനത്തിന്റെ പടി എണ്ണിത്തുടങ്ങി. വിദേശത്ത് നിന്നിറക്കുമതി ചെയ്യുന്ന ഉന്നതഗുണമേന്മയുള്ള അസംസ്‌കൃതവസ്തുക്കളാണ് കമ്പനി നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. കെല്‍ട്രോണിന്റെ മൊത്തം ചെലവിന്റെ പകുതി പോലുമില്ലാത്ത വിലയ്ക്ക് വിദേശകമ്പനികളുടെ ഉപകരണങ്ങള്‍ വിപണിയിലെത്തി. അതോടെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് കൂപ്പുകുത്തി കെല്‍ട്രോണ്‍.

 

കെല്‍ട്രോണ്‍ ടിവി അസംബിള്‍ ചെയ്യുന്നതിന് ചെലവേറിയതായതിനാല്‍ 80-കളില്‍ അസംബ്ലിങ് യൂണിറ്റുകളെ അസംബിള്‍ ചെയ്യാന്‍ ഏല്‍പ്പിച്ചു. ഇ. അഹമ്മദ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അത് കമ്പനികള്‍ക്ക് കൊടുക്കാന്‍ തുടങ്ങി. സ്വകാര്യതാല്‍പര്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെ തകര്‍ക്കുമെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു പിന്നീടിങ്ങോട്ട് കെല്‍ട്രോണിന്റെ പതനം. അത്തരം കമ്പനികള്‍ക്ക് സ്‌പെയറുകള്‍ എത്തിക്കുന്നതും ക്വാളിറ്റി കണ്‍ട്രോള്‍ ചെയ്യുന്നതും മാത്രമായി കെല്‍ട്രോണിന്റെ ഇടപെടല്‍. പക്ഷെ പിന്നീട് ഇത്തരം കമ്പനികള്‍ സ്വന്തമായി ഇറക്കുമതി ചെയ്ത് ടിവി നിര്‍മിക്കാന്‍ ആരംഭിച്ചു. കെല്‍ട്രോണിന്റെ ബ്രാന്റ് നെയിമില്‍ അംസബിള്‍ ചെയ്യാനാരംഭിച്ച കമ്പനികള്‍ തുടര്‍ന്നും ആ പേര് തന്നെ ദുരുപയോഗം ചെയ്തു. കെല്‍ട്രോണിന്റെ ടിവികള്‍ ഉണ്ടാക്കുന്നത് ഇത്തരം കമ്പനികളാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. കെല്‍ട്രോണിന്റെ നിര്‍മാതാക്കള്‍ തങ്ങളാണെന്ന മട്ടില്‍ കെല്‍ട്രോണിക്‌സ് എന്ന കമ്പനി പരസ്യം കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. കെല്‍ട്രോണിക്‌സിന്റെ ഉല്‍പന്നങ്ങള്‍ വിലകുറഞ്ഞു കിട്ടുന്നുവെന്ന് കരുതി ആളുകള്‍ ആ വലയില്‍ വീഴുകയും ചെയ്തു. അത് കെല്‍ട്രോണിന് മറ്റൊരു ആഘാതമായിരുന്നു. തിരിച്ചടികളെല്ലാം കമ്പനിയുടെ ടിവി യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിലേക്കാണെത്തിച്ചത്. 


കെ പി പി നമ്പ്യാര്‍ 

90-കളുടെ മധ്യത്തിലാണ് കമ്പനി കനത്ത നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തി തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കമ്പനി കടക്കെണിയില്‍പ്പെടുകയും ചെയ്തു. ബാധ്യത പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാതിരുന്നതും നഷ്ടങ്ങളുടെ ആഴം കൂട്ടി. 1977, 80, 87, 92 വര്‍ഷങ്ങളില്‍ ശമ്പളപരിഷ്‌ക്കരണം വന്നു. പിന്നീടിങ്ങോട്ട് ശമ്പളപരിഷ്‌ക്കരണത്തിലും കടുത്ത മാന്ദ്യമായിരുന്നു.  1987-നു ശേഷം പുതിയ നിയമനങ്ങളൊന്നും കമ്പനിയില്‍ നടന്നിട്ടില്ല. പോളിസി അടിസ്ഥാനത്തില്‍ പ്രൊമോഷന്‍ തന്ത്രങ്ങള്‍ പയറ്റിയിരുന്നു മുമ്പ് കെല്‍ട്രോണ്‍. പക്ഷെ, സാമ്പത്തികപ്രതിസന്ധി അതിനും തടയിട്ടു. കാലങ്ങളോളം പ്രസ്ഥാനം തകര്‍ച്ചയില്‍ കൂപ്പുകുത്തിയപ്പോഴും വിട്ടുപോകാതിരുന്ന ജീവനക്കാരാണ് കെല്‍ട്രോണിന്റെ നാഡീ ഞരമ്പ്. ആനുകൂല്യങ്ങളും ശമ്പളപരിഷ്‌ക്കരണങ്ങളും ഒന്നുമില്ലാതെയാണ് ജീവനക്കാര്‍ കാലങ്ങളോളം കെല്‍ട്രോണിനൊപ്പം നിന്നത്. ഇതിനിടയില്‍ കെല്‍ട്രോണ്‍ പുതിയ പല ഉപകരണങ്ങളും പരീക്ഷിച്ചു. ട്രാഫിക് സിഗ്നല്‍ സിസ്റ്റം, കപ്പാസിറ്റേഴ്‌സ്, പഞ്ചിങ് മെഷീന്‍, വോട്ടിങ്ങ് ഐഡി കാര്‍ഡ്, അങ്ങനെ പലതും. പക്ഷെ വിപണിയിലെ സ്വകാര്യകമ്പനികളുടെയും വിദേശകുത്തകളുടെയും കുത്തൊഴുക്കില്‍ കെല്‍ട്രോണ്‍ പിന്നെയും കിതച്ചു കൊണ്ടിരുന്നു.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കെല്‍ട്രോണ്‍ ഏറ്റവും മികച്ച വിറ്റുവരവാണ് നടത്തിയത്, 61.6 കോടി. നഷ്ടം 151 ലക്ഷത്തില്‍ നി്ന്ന് 75-90 ലക്ഷമാക്കി കുറയ്ക്കാന്‍ അവസാന സാമ്പത്തിക വര്‍ഷം കമ്പനിക്ക് കഴിഞ്ഞു. ശമ്പളപരിഷ്‌ക്കരണം ആവശ്യപ്പെട്ട് ഈ വര്‍ഷം ജീവനക്കാര്‍ സമരം നടത്തി. പൊതുമേഖല സ്ഥാപനങ്ങളെ തകര്‍ത്തുകളയുന്ന സര്‍ക്കാരുകളുടെ നയവൈകല്യങ്ങള്‍ കെല്‍ട്രോണിന്റെയും തകര്‍ച്ചയ്ക്ക് വിത്തുപാകി. ആന്റണി മന്ത്രിസഭയില്‍ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരിക്കെ കെല്‍ട്രോണും സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. ചോരയും നീരും നല്‍കി നിലനിര്‍ത്തിയ പ്രസ്ഥാനത്തെ ഉടച്ചുകളയാന്‍ സമ്മതിക്കാതെ ജീവനക്കാര്‍ അന്ന് സമരത്തിനിറങ്ങി. പൊതുമേഖലാ രംഗത്ത് ഇനിയും കെല്‍ട്രോണിന് പിടിച്ചുനില്‍ക്കാന്‍ ആവശ്യം അടിമുടി പൊളിച്ചെഴുത്താണ്. ഇടത് സര്‍ക്കാരിന്റെ ഭരണകാലയളവിലൊക്കെ അത്തരം സഹായങ്ങള്‍ മുമ്പ് കിട്ടിയിട്ടുമുണ്ട്. എന്നും സര്‍ക്കാരിന്റെ കാശു മുടിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമെന്ന പേര്  ഈ ഭരണത്തിന്‍ കീഴില്‍ മാറ്റിയെഴുതുമോയെന്നത് കാത്തിരുന്നു കാണണം.  

(അഴിമുഖത്തില്‍ സ്റ്റാഫ് ജേര്‍ണലിസ്റ്റ് ആണ് ലേഖിക)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍