UPDATES

മാലാഖമാര്‍ ഒഴിഞ്ഞിടത്തേയ്ക്ക് ചെകുത്താന്മാര്‍ കടന്നുവന്നേക്കാം

Avatar

പ്രഭ വര്‍മ

ഫാസിസം നിലയുറപ്പിച്ചുകൊണ്ടിരിക്കുന്നൊരു കാലത്ത് എഴുതാനും ജീവിക്കാനുമുള്ള അവകാശം കവര്‍ന്നെടുക്കുന്നതിനെതിരെ സാഹിത്യകാരന്മാര്‍ അവരുടെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയാണ്. ഓരോരുത്തരും അവരുടെ ഔചിത്യമനുസരിച്ച് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും അവരുമെല്ലാം ഫാാസിസത്തെ എതിര്‍ക്കുന്നു എന്നതിനാല്‍ അശുഭങ്ങളായി ഒന്നും തന്നെ കാണേണ്ടതില്ല.

അതേസമയം ഞാന്‍ ഭയപ്പെടുന്നത് മറ്റൊരു മുന്‍കാഴ്ച്ചയെയാണ്. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ കലാ സാംസ്‌കാരിക സ്ഥാപനങ്ങളെയെല്ലാം കാവിവത്കരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്, ഐസിഇആര്‍ടി, ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയടങ്ങളിലെല്ലാം അവര്‍ തങ്ങളുടെ അജണ്ടാവാഹകരെ തിരുകി കയറ്റി. എന്നാല്‍ അവര്‍ക്കിപ്പോഴും ഒന്നും ചെയ്യാനാകാത്ത ഒരേയൊരിടം സാഹിത്യ അക്കാദമിയാണ്. ലളിതകലാ അക്കാദമിയിലും സംഗീതനാടക അക്കാദമിയിലുമെല്ലാം അവരുടെ താല്‍പര്യം നടപ്പിലായെങ്കിലും സാഹിത്യ അക്കാദമിയെ കീഴടക്കാന്‍ സാധിച്ചിട്ടില്ല. കാരണം, ഒരു സ്വയംഭരണ സ്ഥാപനമാണ് അക്കാദമി എന്നതാണ്. മറ്റിടങ്ങളില്‍ ഗവണ്‍മെന്റിന് നോമിനേറ്റഡ് മെംബര്‍മാരെ ഉള്‍പ്പെടുത്താമെങ്കില്‍ സാഹിത്യ അക്കാദമയില്‍ അതു സാധ്യമല്ല. നരേന്ദ്ര മോദി വിചാരിച്ചാല്‍ അക്കാദമിയിലെ ഒരു ക്ലാര്‍ക്കിനെയോ പ്യൂണിനെയോ പോലും മാറ്റാന്‍ പറ്റില്ല.

അതിനാല്‍ തന്നെ അക്കാദമിയെ ഒരു നോമിനേറ്റഡ് ബോഡി ആക്കാനുള്ള ശ്രമങ്ങള്‍ അവര്‍ തീവ്രമായി നടത്തി വരുന്നുണ്ട്. ഞാന്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും പലതവണ അക്കാദമിയുടെ നിലവിലുള്ള ഘടന മാറ്റണമെന്നും നോമിനേറ്റഡ് ബോഡി ആക്കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം പലതവണ വന്നിരുന്നു. അന്നതിനെയെല്ലാം ഞങ്ങള്‍ ശക്തമായി എതിര്‍ത്തു തോല്‍പ്പിക്കുകയായിരുന്നു. അവിടെയാണ് ഇപ്പോള്‍ രാജിയിലൂടെ നടത്തിയ പ്രതിഷേധം മറ്റൊരു തരത്തില്‍ ബാധിക്കാന്‍ ഇടയുള്ളത്. അക്കാദമി അംഗങ്ങളെ സാഹിത്യകാരന്മാര്‍ തന്നെ തെരഞ്ഞെടുക്കുന്ന രീതിയാണ് അക്കാദമിയില്‍ ഉള്ളത്. അങ്ങനെ എഴുത്തുകാരാല്‍ തെരഞ്ഞടുക്കപ്പെട്ട എഴുത്തുകാരുടെ സംഘടനയില്‍ നിന്നു തന്നെ ആളുകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയാല്‍ അവിടെ ഉണ്ടാകുന്ന ഒഴിവു നികത്താന്‍ സര്‍ക്കാര്‍ മുന്നിട്ടു വരും. അവര്‍ തങ്ങളുടെ അജണ്ടയായ നോമിനേഷന്‍ പരിപാടിയുമായി രംഗത്ത് എത്തും. അതൊരു അപകടമാണ്.

രാജിവച്ചു പുറത്തുവരുന്നത് ഫാസിസത്തിനെതിരെയുള്ള പ്രതിഷേധം തന്നെയാണ്. എന്നാല്‍ അതിന്റെ പുറകെ വരുന്ന അപകടവും കാണണമെന്നു മാത്രം. സാഹിത്യ അക്കാദമി ഒരു ഓട്ടോണമസ് ബോഡി ആയിത്തന്നെ നിലനില്‍ക്കണം. അവിടെ സംഘപരിവാര്‍ പ്രചാരകരെ കുത്തി നിറയ്ക്കരുത്.

സച്ചിദാനന്ദനെ പോലുള്ളവര്‍ പുറത്തേക്ക് പോകുമ്പോള്‍ പകരം അവരുടെ ആളുകള്‍ വന്നേക്കാം. അങ്ങനെ വന്നാല്‍ അക്കാദമി അതിന്റെ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി ഇത്രനാളും നടത്തിയ പോരാട്ടങ്ങള്‍ ദുര്‍ബലപ്പെട്ടുപോകും. പിന്നീട് സാഹിത്യ അക്കാദമിയും ഒരു കാവിവത്കൃതസ്ഥാപനമായി രൂപാന്തരപ്പെടുകയും സച്ചിദാനന്ദനെപ്പോലുള്ളവര്‍ക്ക് ഒരിക്കലും അവിടേയ്ക്ക് എത്തപ്പെടാന്‍ കഴിയാതെ വരികയും ചെയ്യും.

രാജി വയ്ക്കലോ പുരസ്‌കാരം തിരിച്ചുകൊടുക്കലോ മാത്രമല്ല നമുക്ക് പ്രതിഷേധിക്കാനുള്ള മാര്‍ഗം. തങ്ങളെ ജീവിക്കാനും എഴുതാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് സാഹിത്യകാരന്മാരുടെ ഒരു മൂവ്‌മെന്റ് രൂപീകരിച്ച് നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് ഒരു ധര്‍ണ നടത്തണം. അതും പ്രതിഷേധമാണ്. അതേസമം ഇവര്‍ ഇപ്പോള്‍ പ്രകടിപ്പിച്ച പ്രതിഷേധ രീതികളും പിന്തുണയ്‌ക്കേണ്ടതു തന്നെ. സാറ ടീച്ചര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരികെ കൊടുക്കാന്‍ തീരുമാനിച്ചതിനെ പി. വത്സലയെപോലുള്ളൊരാള്‍ ഒരിക്കലും ഈ തരത്തില്‍ വിമര്‍ശിക്കാനും പാടില്ലായിരുന്നു. പ്രതിഷേധിക്കാനുള്ള ഒരോരുത്തരുടെയും വഴി അവരാണ് തെരഞ്ഞെടുക്കുന്നത്. അവര്‍ ചെയ്തതില്‍ ഔചിത്യവുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്താം, ആക്ഷേപങ്ങള്‍ അരുത്. തനിക്ക് കിട്ടിയ പുരസ്‌കാരം തിരിച്ചു നല്‍കലാണ് തന്റെ പ്രതിഷേധമെന്ന് സാറ ടീച്ചറും തന്റെ സ്ഥാനം രാജിവയ്ക്കലാണെന്ന് സച്ചിദാനന്ദനും ഇതൊന്നുമല്ല പ്രചരണവുമായി ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലുന്നതാണ് തന്റെ പ്രതിഷേധമെന്ന് യു എ ഖാദറും പറയുമ്പോള്‍, അതവരുടെ മൗൗലികമായ അവകാശങ്ങളെ പ്രതി കാണണം. 

അതോടൊപ്പം തന്നെ കേരളത്തില്‍ ഈ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ ഇത്രയും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുന്നത് ശുഭോതര്‍ക്കമായ കാര്യമാണ്. അതില്‍ ഞാന്‍ സന്തോഷിക്കുന്നു. അതോടൊപ്പം നേരത്തെ പറഞ്ഞ കാര്യത്തില്‍ ഭയവും.

മാലാഖമാര്‍ ഒഴിഞ്ഞുപോകുന്നിടങ്ങളിലേക്ക് ചെകുത്താന്മാര്‍ കടന്നുവന്നേക്കാം എന്നതാണ് എന്റെ ഭയം.

ചെകുത്താന്മാര്‍ക്ക് കടന്നുവരാനുള്ള അവസരമൊരുക്കി കൊടുക്കലാണോ സച്ചിദാനന്ദനെ പോലുള്ളവരുടെ ഇറങ്ങിപോരല്‍ എന്നതാണ് എന്റെ ആശങ്ക.

ഫാസിസത്തിനെതിരെ സന്ധിയില്ലാത്ത സമരം തുടരേണ്ട സമയമാണിത്. ഇവിടെ നമ്മള്‍ തോറ്റുപോകരുത്. സാംസ്‌കാരികമായി അഭിമാനമില്ലാത്തൊരു വര്‍ഗമാക്കി നിര്‍വീര്യമാക്കിയാല്‍ ജനതയെ കീഴ്‌പ്പെടുത്താന്‍ എളുപ്പമാണ്. ഏകാധിപതികളും ഫാസിസവും നാസിസവുമെല്ലാം അതാണ് ചെയ്യുന്നത്. തന്റെ സംസ്‌കാരത്തെ കുറിച്ച്, ചരിത്രത്തെ കുറിച്ച്, കലയെ കുറിച്ച്, സാഹിത്യത്തെ കുറിച്ച്; ഒന്നിനെക്കുറിച്ചും അഭിമാനമില്ലാത്തൊരു ജനതയ്ക്ക് ആരുടെ മുന്നിലും മുട്ടുമടക്കാന്‍ മടിയുണ്ടാവില്ല. അത്തരത്തില്‍ അന്ധരാക്കപ്പെടാന്‍ നമ്മള്‍ അനുവദിക്കരുത്. ആ കറുത്തകാലം വരാതിരിക്കുന്നതിനായി എതിര്‍പ്പുകള്‍ ഉയരട്ടെ….

(പ്രഭ വര്‍മയോട് അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍