UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീണ്ടും വംശീയാക്രമണം: കെനിയന്‍ യുവതിയെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു

രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അതിക്രമം തുടരുന്നു. കാറില്‍ സഞ്ചരിക്കുകയായിരുന്ന കെനിയന്‍ വംശജയായ യുവതിയെ ഒരു സംഘം കാറിനു പുറത്തേക്ക് വലിച്ചിറക്കി മര്‍ദ്ദിച്ചു. രണ്ടു ദിവസത്തിനിടെ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.

കഴിഞ്ഞ ദിവസമാണ് ഗ്രേറ്റര്‍ നോയ്ഡയില്‍ 19-കാരന്‍ അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിക്കുന്നത്. ഇവിടുത്തെ എന്‍.എസ്.ജി കോളനിയില്‍ താമസിക്കുന്ന നൈജീരിയന്‍ വംശജരാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് ജനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു. ഇവര്‍ നരഭോജികളാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.

തുടര്‍ന്ന് ഇന്നലെ യുവാവ് മരിച്ച വിഷയത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന പ്രദേശവാസികള്‍ ഗ്രേറ്റര്‍ നോയ്ഡയിലെ മാളില്‍ കയറി ആഫ്രിക്കന്‍ വംശജരെ തല്ലിച്ചതയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ രണ്ടു പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്.

Also Read: ഉത്തര്‍ പ്രദേശില്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ വ്യാപക അക്രമം – വീഡിയോ

Also Read: നോയ്ഡയില്‍ വിദ്യാര്‍ഥി മരിച്ചു; നൈജീരിയക്കാര്‍ കൊന്നു തിന്നെന്ന് ആള്‍ക്കൂട്ടം

ഇതിനിടെ, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതിനിടെയാണ് കെനിയന്‍ വംശജയായ യുവതി ഇന്ന് ആക്രമിക്കപ്പെട്ടത്. ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ ഒരു സംഘം യുവാക്കള്‍ ആദ്യം പിടിച്ചിറക്കി മോശമായി പെരുമാറാന്‍ തുടങ്ങി. ഇത് എതിര്‍ത്തതോടെ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍