UPDATES

ശബരിമല സര്‍വകക്ഷി യോഗം: വിധി നടപ്പാക്കാന്‍ സര്‍ക്കാരിനുള്ള ബാധ്യത ആവര്‍ത്തിച്ച് മുഖ്യമന്ത്രി; വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച എ കെ ബാലന്‍ യോഗത്തിലില്ല

മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവാനുള്ള ആലോചനകള്‍ക്കായാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ആരംഭിച്ചു. വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തെ അറിയിച്ചു. അനുകൂലവും പ്രതികൂലവുമായ വാദങ്ങളുമായി സര്‍വകക്ഷി യോഗം പുരോഗമിക്കുന്നു. യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കുന്നതിന് കോടതിയോട് സാവകാശം തേടില്ല എന്ന നിലപാട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സ്വീകരിച്ചത്. സാവകാശ ഹര്‍ജി നല്‍കുന്നതില്‍ പ്രസക്തിയില്ല എന്ന് കാനം പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ വിട്ടുവീഴ്ച വേണമെന്ന പരസ്യ നിലപാട് സ്വീകരിച്ച നിയമമന്ത്രി എ കെ ബാലനെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

എന്നാല്‍ സുപ്രീംകോടതി വിധിയില്‍ സാവകാശം തേടണമെന്ന ആവശ്യം യോഗത്തില്‍ ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ അറിയിച്ചിരുന്നു. യോഗത്തിന് മുന്നോടിയായി സിപിഎം, യുഡിഎഫ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. സര്‍വകക്ഷി യോഗം നേരത്തെ വിളിക്കേണ്ടതായിരുന്നു എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. യുഡിഎഫിനായി രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള യോഗത്തില്‍ പങ്കെടുക്കുന്നു.

മുഖ്യമന്ത്രി എഴുതി തയ്യാറാക്കിയ കുറിപ്പ് യോഗത്തില്‍ വായിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നുള്ള സാഹചര്യവും വിധി നടപ്പിലാക്കേണ്ട സര്‍ക്കാരിന്റെ ബാധ്യതയും അദ്ദേഹം യോഗത്തെ ബോധ്യപ്പെടുത്തി. സര്‍വകക്ഷി യോഗം ചേരുന്നതിന് മുമ്പ് തനിക്ക് യോഗത്തില്‍ ശുഭപ്രതീക്ഷയാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പി സിജോര്‍ജ്, മുസ്ലിംലീഗ് നേതാക്കളും മന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

യുഡിഎഫ് നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ പറഞ്ഞു. ശ്രീധരന്‍ പിള്ളയും രമേശ് ചെന്നിത്തലയും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. വിധി നടപ്പിലാക്കാന്‍ കഴിയുന്ന സാഹചര്യമല്ല പമ്പയിലും സന്നിധാനത്തുമുള്ളതെന്ന് പറഞ്ഞ അദ്ദേഹം വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നും അറിയിച്ചു. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും പകരം അപമാനിക്കുകയാണെന്നും ശ്രീധരന്‍പിള്ള വിമര്‍ശനം ഉന്നയിച്ചു.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുന:പരിശോധനാ ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചത്. യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് സ്‌റ്റേ ലഭിച്ചിരുന്നില്ല. ഈ സാഹര്യത്തില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലം സമാധാനപരമായി മുന്നോട്ട് കൊണ്ടുപോവാനുള്ള ആലോചനകള്‍ക്കായാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.

സുപ്രീംകോടതി സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച വിധി സ്‌റ്റേ ചെയ്യാത്തതിനാല്‍ ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിനെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഇന്നലെയും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇതിനിടെ എന്‍എസ്എസിനെയുള്‍പ്പെടെ സമവായ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായാണ് അറിവ്. സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന യോഗത്തില്‍ തന്ത്രികുടുംബവും പന്തളം കൊട്ടാരം പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുക്കും. യുവതീ പ്രവേശനം അനുവദിക്കരുതെന്ന മുന്‍ നിലപാട് ഇവര്‍ യോഗത്തിലും ഉന്നയിക്കും എന്നാണറിയുന്നത്. സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സമവായ നീക്കങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. മണ്ഡല, മകരവിളക്ക് തീര്‍ഥാടനം സുഗമമായി നടത്താനുതകുന്ന നിലപാടായിരിക്കും സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ മണ്ഡല പൂജ കാലയളവില്‍ ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക ചെയ്ത യുവതികളുടെ എണ്ണം എണ്ണൂറ് പിന്നിട്ടു. ശബരിമല ഡിജിറ്റല്‍ ക്രൗഡ്മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നീ സംവിധാനങ്ങളിലൂടെ ബുക്ക് ചെയ്തവരുടെ എണ്ണമാണ് ഇത്. എന്നാല്‍ ഇതിലുമധികം യുവതികള്‍ ദര്‍ശനമാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നാണറിയുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഇക്കാര്യം തല്‍ക്കാലം പുറത്തുവിടേണ്ടെന്നാണ് പോലീസ് തീരുമാനം.

16നാണ് മണ്ഡലകാലത്തിനായി ശബരിമല നടതുറക്കുന്നത്. 17ന് ശബരിമലയില്‍ ആറ് യുവതികള്‍ക്കൊപ്പമെത്തുമെന്നും സംരക്ഷണം നല്‍കണമെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യമറിയിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായി തൃപ്തി അറിയിച്ചു. കേരളത്തില്‍ എത്തിയാല്‍ ശബരിമലയില്‍ ദര്‍ശനത്തിന് ശേഷമേ മടങ്ങൂ എന്നാണ് തൃപ്തി അറിയിച്ചിരിക്കുന്നത്. എന്നാല്‍ യുവതി പ്രവേശനത്തിന് സര്‍ക്കാര്‍ ഇനിയും സംരക്ഷണം നല്‍കിയാല്‍ ഇതുവരെ കണ്ടതിലും വലിയ പ്രതിഷേധങ്ങള്‍ക്ക് ശബരിമല സാക്ഷിയാവുമെന്ന് ഹൈന്ദവ സംഘടനകളും വ്യക്തമാക്കിയിരുന്നു. പിരമുറക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അക്കാര്യം ഗൗരവത്തോടെ പരിഗണിച്ച് സമവായത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശം.

മണ്ഡലകാലത്ത് സുരക്ഷ ശക്തമായിരിക്കും എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 5200 പോലീസുകാരെ വിന്യസിക്കും. നിലയ്ക്കലിലും സന്നിധാനത്തും ഐജിമാരായ വിജയ് സാക്കറേയും അശോക് യാദവും സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇത് കൂടാതെ രണ്ട് എസ്പിമാര്‍ക്കും മേല്‍നോട്ടച്ചുമതല നല്‍കി.വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്ന് കയറ്റിവിടും. പ്രതിഷേധക്കാരെ നിയന്ത്രിക്കാനുള്ള കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ഡിജിപി അറിയിച്ചു. ചിത്തിരയാട്ട ദിവസം 7500 പോലീസുകാരെ അണിനിരത്തിയിട്ടും പോലീസിന് ഒരു ഘട്ടത്തില്‍ പോലും ശബരിമലയുടെ നിയന്ത്രണം പോലീസിന് തിരികെ കിട്ടിയിരുന്നില്ല. ഇത്തവണ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കണക്കുകളില്‍ നിന്നും യുവതികള്‍ എത്തുമെന്ന കാര്യത്തിലും ഉറപ്പായി. ഈ സാഹചര്യത്തില്‍ 61 ദിവസത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടം എങ്ങനെ കടക്കുമെന്നത് സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ്. ഇതിനുള്ള പരിഹാരം കൂടി തേടുക എന്നതാണ് സര്‍വകക്ഷി യോഗത്തിന്റെ ഉദ്ദേശം.

രഹ്ന ഫാത്തിമയല്ല, രാഹുല്‍ ഈശ്വറിന്റെ ‘ഫെമിനിച്ചി’ തൃപ്തി ദേശായി

യുവമോര്‍ച്ചാ പ്രസംഗം മാത്രമല്ല, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പിള്ളേച്ചന് പുലിവാലാകും

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍