UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരട് ഫ്ലാറ്റുകൾ മൂന്നു മാസത്തിനുള്ളില്‍ പൊളിക്കാമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

കേസില്‍ ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു.

മരട് ഫ്ലാറ്റുകള്‍ മൂന്നു മാസത്തിനകം പൊളിക്കാനാകുമെന്ന് സുപ്രീംകോടതിയെ കേരള സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ടോം ജോസ് ബോധിപ്പിച്ചതായി റിപ്പോർട്ട്. ഫ്ലാറ്റുകൾ പൊളിക്കാൻ എത്ര സമയം വേണമെന്ന് കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മൂന്നു മാസത്തെ സമയം ആവശ്യപ്പെട്ടിരിക്കുന്നത്. കടുത്ത വിമർശനങ്ങളാണ് കോടതിയില്‍ നിന്നും ഉയർന്നിരിക്കുന്നത്.

ഉദ്യോഗസ്ഥരാണ് ഫ്ലാറ്റുകൾ പൊളിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്ന തരത്തിലും കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്രയുടെ ബഞ്ച് സൂചിപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സുപ്രിംകോടതി പറഞ്ഞു. ഇതാണ് സമീപനമെങ്കില്‍ സ്ഥിതി ഗുരുതരമായിരിക്കുമെന്നും കോടതി വിലയിരുത്തി. ഇത്തരം തീരുമാനങ്ങള്‍ കൊണ്ടാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണെന്നും സുപ്രിംകോടതി വിമര്‍ശിച്ചു.

കേസില്‍ ചീഫ് സെക്രട്ടറി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകുകയായിരുന്നു. കോടതി വിധി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകുന്നതാണ് നല്ലതെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്ളാറ്റ് നിര്‍മ്മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് സുപ്രിംകോടതിയ്ക്ക് പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സിലും കത്തയച്ചിരുന്നു.

മരട് കേസില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നൽകിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍