UPDATES

പ്രണയത്തിനല്ല പഠനത്തിനാണ് പ്രാധാന്യമെന്ന് പറഞ്ഞതിനാണ് ആ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നത്

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് പെണ്‍കുട്ടിയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്

ശ്രീഷ്മ

ശ്രീഷ്മ

‘വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന കുടുംബമാണ്. കൂലിപ്പണിയാണ് ആ കുട്ടിയുടെ അച്ഛന്. കൂലിപ്പണിയെടുത്തുണ്ടാക്കിയ കാശു കൊണ്ടാണ് മൂന്നു പെണ്മക്കളെ പോറ്റിവളര്‍ത്തി വലുതാക്കിയത്. ഏറ്റവും ഇളയ കുട്ടിയാണിത്. പഠിച്ച് ഒരു ജോലി വാങ്ങിച്ച് അച്ഛനെ സഹായിക്കണമെന്ന ആഗ്രഹമായിരുന്നു ആ കുട്ടിയ്ക്കുണ്ടായിരുന്നത്. അതു നടക്കാതെ പോയി’ തിരുവല്ലയില്‍ നടുറോഡില്‍ തീപ്പൊള്ളലേറ്റ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയെക്കുറിച്ച് നാട്ടുകാര്‍ ഓര്‍ക്കുന്നതിങ്ങനെയാണ്. കൂലിപ്പണിക്കാരനായ അച്ഛനെ സഹായിക്കാന്‍ ഒരു ജോലി കൊതിച്ചിരുന്ന പെണ്‍കുട്ടിക്ക് അതിക്രൂരമായ ആക്രമണം നേരിടേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും മോചിതരാകുന്നതിനു മുന്നേ പെണ്‍കുട്ടിയുടെ മരണവാര്‍ത്ത കേള്‍ക്കേണ്ടിവന്നിരിക്കുകയാണ് അയിരൂരുകാര്‍ക്ക്.

കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് പെണ്‍കുട്ടിയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റേഡിയോളജി കോഴ്സ് പഠിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ബുധനാഴ്ച ആരോഗ്യനിലയില്‍ ചെറിയ പുരോഗതി കണ്ടിരുന്നെങ്കിലും, വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് തിരുവല്ലയില്‍ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും.

തിരുവല്ലയിലെ വാടകവീട്ടിലേക്ക് ഈയടുത്ത കാലത്ത് താമസം മാറിയിരുന്നെങ്കിലും, അയിരൂരുകാര്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും മറന്നിട്ടില്ല. മൂന്നു പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അഹോരാത്രം പ്രയത്നിച്ചിരുന്ന അച്ഛനെയും, അച്ഛനു താങ്ങാവാന്‍ എത്രയും പെട്ടന്ന് ഒരു ജോലി നേടണമെന്നാഗ്രഹിച്ച മകളെയും കുറിച്ച് ഇവര്‍ക്ക് ധാരാളം പറയാനുമുണ്ട്. മൂത്ത രണ്ടു സഹോദരിമാരുടെയും വിവാഹം കഴിഞ്ഞ ശേഷം, അച്ഛനും അമ്മയുമൊത്തായിരുന്നു വീട്ടില്‍ താമസം. പത്തൊന്‍പതു വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ വിയോഗം സൃഷ്ടിച്ച മൂകതയില്‍ നിന്നും ജന്മനാട് ഇനിയും കരകയറിയിട്ടില്ല. ഹയര്‍സെക്കന്ററി പഠനകാലത്ത് പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും, ശേഷം ബന്ധം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതാണ് ആക്രമിക്കാനുണ്ടായ കാരണമെന്നുമാണ് പ്രതിയായ അജിന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന അജീഷിന്റെ വാദം പക്ഷേ, പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. പെട്രോള്‍ നിറച്ച കുപ്പി, കത്തി എന്നിവയ്ക്കൊപ്പം ആത്മഹത്യ ചെയ്യാന്‍ സൂക്ഷിച്ച കയറും അജീഷിന്റെ കൈയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ടെങ്കിലും, ആത്മഹത്യാവാദം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസിന്റെ പക്ഷം.

തീര്‍ത്തും സ്വാഭാവികമെന്നപോലെയാണ് പതിമൂന്നാം തീയതി രാവിലെ അജീഷ് ചിലങ്ക ജംഗ്ഷനിലെ റോഡരികില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടതും സംസാരിച്ചതും. സംസാരത്തിനിടെ പെട്ടന്ന് കത്തിയെടുത്ത് പെണ്‍കുട്ടിയുടെ വയറ്റില്‍ കുത്തിയിറക്കുന്നതും, അതിനു ശേഷം ഉടനെ തന്നെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ തലവഴി ഒഴിച്ച് തീകൊളുത്തുന്നതും സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. രണ്ടു പേര്‍ സംസാരിച്ചു നില്‍ക്കുന്നു എന്നതില്‍ക്കവിഞ്ഞ് അസ്വാഭാവികതയൊന്നും ശ്രദ്ധിക്കാതിരുന്ന സമീപത്തെ കടകളിലും മറ്റുമുണ്ടായിരുന്നവര്‍, തീ കണ്ടതോടെയാണ് ഓടിക്കൂടിയതും പെണ്‍കുട്ടിയെ രക്ഷിച്ചതും. ഫ്ളക്സ് ബോര്‍ഡുകളുപയോഗിച്ച് തല്ലിക്കെടുത്താനും ശേഷം വെള്ളമൊഴിച്ചു കെടുത്താനും ശ്രമിച്ചുവെങ്കിലും, പെണ്‍കുട്ടിയുടെ മുടിയ്ക്ക് തീപിടിച്ചിരുന്നതിനാല്‍ മുഖമാകെയും പൊള്ളലേറ്റിരുന്നു. രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും, അറുപത്തിയഞ്ചു ശതമാനത്തോളം പൊള്ളലേറ്റിരുന്ന പെണ്‍കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.


പെണ്‍കുട്ടിയെ ആക്രമിച്ചതിനു ശേഷവും പരിസരത്തു തന്നെ തുടര്‍ന്നിരുന്ന അജിനെ നാട്ടുകാര്‍ പിടിച്ചുവച്ച് പിന്നീട് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിച്ച പൊലീസ് പെട്രോള്‍ വാങ്ങിച്ച കടയിലടക്കം കൊണ്ടുപോയി തെളിവുകള്‍ ശേഖരിച്ചിരുന്നു. അതിനടുത്ത ദിവസമാണ് പെണ്‍കുട്ടി മരണപ്പെടുന്നത്. നിലവില്‍ വധശ്രമം മാത്രം ചുമത്തിയിരുന്ന കേസില്‍ പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് പറയുന്നു. ബൈക്കില്‍ രണ്ടു കുപ്പി പെട്രോളും കത്തിയുമായെത്തിയ പ്രതി, പെണ്‍കുട്ടിയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ആക്രമിച്ചതെന്നും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘം മികച്ച ചികിത്സ നല്‍കിയിട്ടും, മേലാസകലം പൊള്ളലേറ്റിരുന്നതും കത്തിക്കുത്തേറ്റ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതും അവസ്ഥ പ്രതികൂലമാക്കുകയായിരുന്നു.

ഏറെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന കുടുംബത്തിലെ പെണ്‍കുട്ടി, പ്രണയത്തിനല്ല പഠനത്തിനാണ് തല്‍ക്കാലം പ്രാധാന്യമെന്ന് പറഞ്ഞതിന്റെ പേരിലാണോ തീവച്ചു കൊന്നു കളഞ്ഞതെന്നാണ് അയിരൂരില്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരായിരുന്നവര്‍ക്കു ചോദിക്കാനുള്ളത്. തിരുവല്ലയിലേക്ക് വീടുമാറിയിരുന്നെങ്കിലും അയിരൂരില്‍ കൂലപ്പണികള്‍ക്കായി എത്തിയിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെക്കുറിച്ചോര്‍ക്കുമ്പോഴും തങ്ങള്‍ക്കു വേദനയാണുള്ളതെന്നും ഇവര്‍ പറയുന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നുള്ള ആസിഡ് ആക്രമണങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ലേയെന്നു കരുതിയിരുന്നവര്‍ക്ക് വലിയ ഞെട്ടലായിരിക്കുകയാണ് തിരുവല്ലയിലെ പെണ്‍കുട്ടിയുടെ മരണം. സമാനമായ സാഹചര്യത്തില്‍ത്തന്നെയായിരുന്ന 2017ല്‍ കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷനില്‍ രണ്ടാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ലക്ഷ്മിയും കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ത്ഥന തള്ളിക്കളഞ്ഞുവെന്ന കാരണത്താല്‍ അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ആദര്‍ശ് ലക്ഷ്മിയെ തീവച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം ആദര്‍ശും സ്വയം തീകൊളുത്തി മരിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ ഒരേ രീതിയിലുള്ള രണ്ടു കൊലപാതകങ്ങളാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റിരുന്നെങ്കിലും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായിരുന്നതിനാല്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നു കരുതിയിരുന്ന തിരുവല്ലയിലെ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാവരും.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍