UPDATES

20 ലക്ഷം ലിറ്റര്‍ വെള്ളം നിരസിച്ചു; രൂക്ഷമായ ജലക്ഷാമത്തിനിടയിലും കേരളത്തിന്റെ സഹായം വേണ്ടെന്ന് തമിഴ്‌നാട്

വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്‌നാട് നേരിട്ടുകൊണ്ടിരിക്കുന്നത്.

രൂക്ഷമായ ജലക്ഷാമം നേരിടുന്ന തമിഴ്‌നാടിന് 20 ലക്ഷം ലിറ്റര്‍ വെള്ളം കേരളം നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം തമിഴ്‌നാട് സര്‍ക്കാര്‍ നിരസിച്ചു. തമിഴ്‌നാടിന് 20 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാന്‍ തയ്യാറാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് രൂക്ഷമായ ജലക്ഷാമവും പ്രതിസന്ധിയുമാണ് നേരിടുന്നത്. റെയില്‍ മാര്‍ഗം വെള്ളമെത്തിക്കാം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അത് ആവശ്യമില്ല എന്ന മറുപടിയാണ് ലഭിച്ചത് എന്നും പിണറായി പറഞ്ഞിരുന്നു.

വരള്‍ച്ചയ്ക്ക് സമാനമായ സ്ഥിതിയാണ് തമിഴ്‌നാട് നേരിട്ടുകൊണ്ടിരിക്കുന്നത്. തലസ്ഥാന നഗരമായ ചെന്നൈ അടക്കം വെള്ളം കിട്ടാതെ വലയുകയാണ്. പല റെസ്റ്റോറന്റുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. സ്‌കൂളുകളും കോളേജുകളും പ്രവൃത്തിസമയം കുറച്ചു. കെട്ടിട നിര്‍മ്മാണ പ്രോജക്ടുകളില്‍ പലതും നിര്‍ത്തിവച്ചു. ചെന്നൈയ്ക്ക് വെള്ളമെത്തിക്കുന്ന ചോളാവരം, റെഡ്ഹില്‍ റിസര്‍വോയറുകള്‍ വരണ്ടിരിക്കുന്നു. പൂണ്ടി റിസര്‍വോയറിന്റേയും ചെമ്പരമ്പാക്കം തടാകത്തിന്റേയുമെല്ലാം അവസ്ഥ സമാനമാണ്. കിണറുകള്‍ വറ്റിയ നില. കുഴല്‍കിണറുകളിലും ജലലഭ്യത കുറവ്. ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ താഴ്ന്നിരിക്കുന്നു.

അവസ്ഥ വളരെ മോശമാണെങ്കിലും മാധ്യമങ്ങള്‍ അനാവശ്യമായി ജലക്ഷാമം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് എന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്. ജല ലഭ്യത ഉറപ്പുവരുത്താന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട് എന്ന് പളനിസ്വാമി അവകാശപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍