UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗ കേസ് പ്രതി മുതല്‍ പത്ത് പൈസയില്ലാത്തവര്‍ വരെ നമ്മുടെ സ്ഥാനാര്‍ത്ഥികളാണ്

Avatar

അഴിമുഖം പ്രതിനിധി

മെയ് പതിനാറിന് നിങ്ങളുടെ വിലയേറിയ സമ്മതിദായക അവകാശങ്ങള്‍ വിനിയോഗിച്ച് ഞങ്ങളെ അധികാര സോപാനത്തിലേക്ക് ആനയിച്ച് അനുഗ്രഹിക്കണേയെന്ന് അപേക്ഷിച്ചും അഭ്യര്‍ത്ഥിച്ചും കൊണ്ട് 1203 സ്ഥാനാര്‍ത്ഥികള്‍ കേരള ജനതയുടെ മുന്നില്‍ അണിനിരന്നിരിക്കുകയാണ്. അവരുടെ കുറ്റകൃത്യ, സാമ്പത്തിക, വിവരങ്ങള്‍ സമ്മതിദായകര്‍ അറിയേണ്ടതുണ്ട്. കേരള ഇലക്ഷന്‍ വാച്ച് ആന്റ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഈ സ്ഥാനാര്‍ത്ഥികളില്‍ 1125 പേരുടെ സത്യവാങ് മൂലങ്ങള്‍ പരിശോധിച്ച് ഈ വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സത്യവാങ്മൂലത്തിലെ വ്യക്തതയില്ലായ്മ കാരണം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

കുറ്റകൃത്യ പശ്ചാത്തലം

1125 സ്ഥാനാര്‍ത്ഥികളില്‍ 28 ശതമാനം പേര്‍ തങ്ങളുടെ പേരില്‍ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 311 സ്ഥാനാര്‍ത്ഥികളുടെ പേരിലാണ് കേസുകളുള്ളത്.

കൊലപാതകം, കൊലപാതക ശ്രമം, ബലാല്‍സംഗം, തട്ടിക്കൊണ്ടു പോകല്‍, സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗൗരവകരമായ കുറ്റകൃത്യ കേസുകളില്‍ 138 പേര്‍ പ്രതികളാണ്. നാലു പേര്‍ കൊലപാതക കേസുകളിലും 19 സ്ഥാനാര്‍ത്ഥികള്‍ കൊലപാതക ശ്രമ കേസുകളിലും പ്രതികളായിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 11 പേരും ബലാല്‍സംഗ കേസില്‍ ഒരാളും പ്രതിയാണ്. പാറശാല മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി മത്സരിക്കുന്ന ഷാജഹാന്‍ എസ് ആണ് ബലാല്‍സംഗ കേസില്‍ പ്രതിയായിട്ടുള്ളത്.

ക്രിമിനല്‍ കേസും രാഷ്ട്രീയ പാര്‍ട്ടികളും

സിപിഐഎമ്മിന്റെ 84 സ്ഥാനാര്‍ത്ഥികളില്‍ 72 പേരും ബിജെപിയുടെ 97 സ്ഥാനാര്‍ത്ഥികളില്‍ 42 പേരും കോണ്‍ഗ്രസിന്റെ 85 സ്ഥാനാര്‍ത്ഥികളില്‍ 37 പേരും ബിഡിജെഎസിന്റെ 36 സ്ഥാനാര്‍ത്ഥികളില്‍ 13 പേരും സിപിഐയുടെ 25 സ്ഥാനാര്‍ത്ഥികളില്‍ 15 പേരും മുസ്ലീംലീഗിന്റെ 23 സ്ഥാനാര്‍ത്ഥികളില്‍ ആറുപേരും എസ് ഡി പി ഐയുടെ 80 സ്ഥാനാര്‍ത്ഥികളില്‍ 43 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അതായത്, സിപിഐഎമ്മിന്റെ 86 ശതമാനവും ബിജെപിയുടെ 43 ശതമാനവും കോണ്‍ഗ്രസിന്റെ 44 ശതമാനവും ബിഡിജെഎസിന്റെ 36 ശതമാനവും സിപിഐയുടെ 60 ശതമാനവും ലീഗിന്റെ 26 ശതമാനവും എസ് ഡി പി ഐയുടെ 31 ശതമാനവും സ്ഥാനാര്‍ത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ട്.

സിപിഐഎമ്മിന്റെ 26-ഉം (31 ശതമാനം), ബിജെപിയുടെ. 23 (24 ശതമാനം), കോണ്‍ഗ്രസിന്റെ 23 (27 ശതമാനം), ബിഡിജെഎസിന്റെ ഏഴ് (19 ശതമാനം), സിപിഐയുടെ നാല് (16 ശതമാനം), മുസ്ലീംലീഗിന്റെ ഒന്ന് (നാല് ശതമാനം), എസ് ഡി പി ഐയുടെ ഏഴ് (ഒമ്പത് ശതമാനം) പേരും ഗുരുതരമായ കുറ്റകൃത്യ കേസുകളില്‍ പ്രതികളാണ്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായിടുള്ള മൂന്നോ അതിലധികമോ സ്ഥാനാര്‍ത്ഥികള്‍ 48 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.

സാമ്പത്തിക പശ്ചാത്തലം

202 കോടിപതികളാണ് ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ 51 ശതമാനവും (43 പേര്‍), സിപിഐഎമ്മിന്റെ 24 ശതമാനവും (29 പേര്‍), ബിജെപിയുടെ 19 ശതമാനവും (18 പേര്‍), ബിഡിജെഎസിന്റെ 50 ശതമാനവും (18), മുസ്ലിം ലീഗിന്റെ 74 ശതമാനവും (17 പേര്‍) എഐഎഡിഎംകെയുടെ 29 ശതമാനവും (2) സ്ഥാനാര്‍ത്ഥികള്‍ കോടീശ്വരന്‍മാരാണ്.

കേരളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 1.28 കോടി രൂപ വരും.

അഞ്ചു കോടിയിലധികം രൂപയുടെ ആസ്തിയുള്ള 50 സ്ഥാനാര്‍ത്ഥികളാണുള്ളത്. മൊത്തം സ്ഥാനാര്‍ത്ഥികളുടെ നാല് ശതമാനം വരുമിത്. രണ്ടു മുതല്‍ അഞ്ചു വരെ കോടി രൂപയുടെ ആസ്തിയുള്ളവര്‍ അറുപതും 50 ലക്ഷത്തിനും രണ്ടു കോടിക്കും ഇടയില്‍ ആസ്തിയുള്ളവര്‍ 264-ഉം 10 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയിലുള്ളവര്‍ 353 പേരുമാണ്. എങ്കിലും ഏറ്റവും കൂടുതല്‍ പേര്‍ പത്ത് ലക്ഷത്തിന് താഴെയാണ്. 398 പേര്‍. 35 ശതമാനം വരും ഇവരുടെ എണ്ണം.

ധനികരായ മൂന്ന് സ്ഥാനാര്‍ത്ഥികള്‍

തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎയുടെ ബാനറില്‍ കേരളത്തില്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എത്രയിടത്ത് കെട്ടിവച്ച കാശ് കിട്ടുമെന്ന് കണ്ടറിയണം. എന്നാല്‍ കേരളത്തിലെ ഏറ്റവും ധനികരായ മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ രണ്ടു പേര്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളാണ്. തിരുവനന്തപുരത്ത് മത്സരിക്കുന്ന ബാറുടമ ബിജു രമേശാണ് നമ്പര്‍ വണ്‍ ധനികന്‍. 188 കോടി രൂപയിലധികം വരും ബിജുവിന്റെ മൊത്തം ആസ്തി. മൂന്നാമത് വരുന്ന പീരുമേട് സ്ഥാനാര്‍ത്ഥിയായ സി അബ്ദുള്‍ ഖാദറും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹത്തിന് 54 കോടി രൂപയിലധികമാണ് സ്വത്ത്. രണ്ടാമതുള്ള കുട്ടനാട് സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടിക്ക് 92 കോടിയിലധികവും ആസ്തിയുണ്ട്. സിറ്റിങ് എംഎല്‍എയായ അദ്ദേഹം എന്‍സിപിയുടെ ബാനറിലാണ് മത്സരത്തിന് ഇറങ്ങുന്നത്.

ഏഴ് സ്ഥാനാര്‍ത്ഥികളാണ് തങ്ങള്‍ക്ക് ആസ്തികളൊന്നുമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അവരെല്ലാം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമാണ്.

ഏറ്റവും കുറഞ്ഞ സ്വത്ത് രേഖപ്പെടുത്തിയിരിക്കുന്ന മൂന്നുപേരില്‍ രണ്ടു പേര്‍ സ്വതന്ത്രരും ഒരാള്‍ ബി എസ് പിയുമാണ്.

ഏറ്റവും ധനികരായ ബിജു രമേശും അബ്ദുള്‍ ഖാദറും തന്നെയാണ് ഏറ്റവും കൂടുതല്‍ കടമുള്ളവരില്‍ ഒന്നാമതും മൂന്നാമതും. രണ്ടാമന്‍ എന്‍സിപിയുടെ തന്നെ മാണി സി കാപ്പനും. പാല മണ്ഡലത്തില്‍ നിന്നാണ് മാണി സി കാപ്പന്‍ ജനവിധി തേടുന്നത്.

വാര്‍ഷിക വരുമാനം ഒരു കോടി രൂപയില്‍ അധികമുള്ള അഞ്ചു സ്ഥാനാര്‍ത്ഥികളും വോട്ടു അഭ്യര്‍ത്ഥിച്ച് എത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനാകട്ടെ ആസ്തിയും വാര്‍ഷിക വരുമാനവും ഒരേ തുകയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13,04,42,521 രൂപ. ഇത് സത്യവാങ് മൂലം പൂരിപ്പിച്ചപ്പോള്‍ ഉണ്ടായ പിശക് ആകാനാണ് സാധ്യത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍