UPDATES

പ്രളയത്തില്‍ ചേരാനല്ലൂരില്‍ 39 വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്ന് മന്ത്രി; വാസയോഗ്യമല്ലാതായ വീടുകളില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തെറ്റ്

പഞ്ചായത്ത് സെക്രട്ടറിയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും എ സി മൊയ്തീന്‍

ചേരാനല്ലൂര്‍ പഞ്ചായത്തില്‍ പ്രളയം മൂലം വാസയോഗ്യമല്ലാതായി തീര്‍ന്ന വീടുകളൊന്നും ഇല്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ തിരുത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി. ഹൈബി ഈഡന്‍ എംഎല്‍എയുടെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ചേരാനല്ലൂരില്‍ 39 വീടുകള്‍ പ്രളയത്താല്‍ നശിച്ച് വാസയോഗ്യമല്ലാതായി തീര്‍ന്നെന്നു വ്യക്തമാക്കുന്നത്. ചേരാനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍ (എഇ) എന്നിവര്‍ ഒപ്പിട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് നല്‍കിയ സാക്ഷ്യപത്രത്തില്‍, ഓഗസ്റ്റില്‍ സംഭവിച്ച പ്രളയത്തില്‍ പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെട്ടവ, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, വാസയോഗ്യം അല്ലാത്തതായ 75 ശതമാനത്തിനു മേല്‍ തകര്‍ന്ന വീടുകള്‍ എന്നിവ സ്ഥലപരിശോധന നടത്തിയതിന്‍ പ്രകാരം ചേരാനല്ലൂര്‍ പഞ്ചായത്തില്‍ ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണകക്ഷിയായ യുഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച്ചയിലേറെയായി സമരവും നടത്തിയിരുന്നു.

2018 ഓഗസ്റ്റ് മാസത്തിലെ പ്രളയത്തില്‍ എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ കണക്കെടുപ്പില്‍ ആകെ 2696 വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നു കണ്ടെത്തിയതായാണ് ഹൈബി ഈഡന്റെ ചോദ്യത്തിന് മന്ത്രി എ സി മൊയ്തീന്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതില്‍ പൂര്‍ണമായ തകര്‍ന്ന വീടുകള്‍ 39 ഉം ഭാഗികമായി തകര്‍ന്ന വീടുകള്‍ 2657 ഉം ആണെന്നും മന്ത്രി വ്യക്തമാക്കുന്നുണ്ട്.

റീബില്‍ഡ് സര്‍വേയുടെ ഭാഗമായ മൊബൈല്‍ ആപ്പ് വഴി തയ്യാറാക്കിയ ലിസ്റ്റില്‍ പൂര്‍ണമായും ഭൂമിയും വീടും നഷ്ടപ്പെട്ടവരോ, പൂര്‍ണമായും തകര്‍ന്ന വീടുകള്‍, വാസയോഗ്യം അല്ലാത്തതായ 75 ശതമാനത്തിനു മേല്‍ തകര്‍ന്ന വീടുകള്‍ എന്നിവ സ്ഥല പരിശോധന നടത്തിയതില്‍ കണ്ടെത്തിയില്ലെന്നായിരുന്നു പഞ്ചായത്ത് സെക്രട്ടറി വി ആര്‍ മല്ലികയും അസിസ്റ്റന്റ് എഞ്ചിനീയര്‍ റേയ്ച്ചലും വാദിച്ചിരുന്നത്. പ്രളയം ബാധിച്ച വീടുകള്‍ ചേരാനല്ലൂരില്‍ ഉണ്ടെങ്കിലും പൂര്‍ണമായും പ്രളയത്താല്‍ തകര്‍ന്ന വീടുകള്‍ ഇല്ലെന്നും സെക്രട്ടറി മല്ലിക അഴിമുഖത്തോടും വ്യക്തമാക്കിയിരുന്നു. കാലപ്പഴക്കം കൊണ്ടും മറ്റും തകര്‍ച്ച നേരിട്ടു നിന്നിരുന്ന വീടുകള്‍ പഞ്ചായത്തില്‍ ഉണ്ടായിരുന്നുവെന്നും ആ വീടുകള്‍ക്ക് പ്രളയത്തിന്റെ ഭാഗമായി നാശങ്ങള്‍ ഏറ്റിട്ടുണ്ടെന്നും അതുകൊണ്ട് അവ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ല എന്നുമായിരുന്നു സെക്രട്ടറി അറിയിച്ചത്. മൊബൈല്‍ ആപ്പ് വഴി തയ്യാറാക്കിയ ലിസ്റ്റില്‍ 39ഓളം വീടുകള്‍ പൂര്‍ണമായി വാസയോഗ്യമല്ലാതായിട്ടുണ്ട്. എന്നാല്‍ സര്‍വേയ്ക്ക് ശേഷം എഇ, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സ്ഥലപരിശോധനയില്‍ ഈ വീടുകള്‍ ഒന്നും തന്നെ പ്രളയത്താല്‍ പൂര്‍ണമായും വാസയോഗ്യമല്ലാതായി തീര്‍ന്നവയല്ലെന്നു കണ്ടെത്തിയാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും വന്ന സര്‍ക്കുലറിന് മറുപടിയായി സാക്ഷ്യപത്രം നല്‍കിയതെന്നാണ് മല്ലികയും റെയ്ച്ചലും പറഞ്ഞത്.

“കേടുപാടുകള്‍ ഉണ്ടായിട്ടുള്ള വീടുകളുടെ ലിസ്റ്റ് വേറെയുണ്ട്. 75 ശതമാനം മുതല്‍ 100 ശതമാനം വരെ തകര്‍ച്ച നേരിട്ട് വാസയോഗ്യമല്ലാതായ വീടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നാലുലക്ഷത്തോളം രൂപയ്ക്ക് അവര്‍ക്ക് അര്‍ഹതയില്ലെന്നു മാത്രം. ജനപ്രതിനിധികള്‍ക്ക് വികാരപരമായി കാര്യങ്ങള്‍ കാണാം. ഉദ്യോഗസ്ഥര്‍ക്ക് അതിനു കഴിയില്ല. നാളെ അനര്‍ഹരായവര്‍ ലിസ്റ്റില്‍ വന്നിട്ടുണ്ടെന്ന് കണ്ടാല്‍ ഞങ്ങള്‍ കുറ്റക്കാരാകും. ലക്ഷങ്ങളോ കോടികളോ പിഴയൊടുക്കേണ്ടി വരും. ഞങ്ങള്‍ ഇപ്പോള്‍ അയച്ച സാക്ഷ്യപത്രം ഒന്നിന്റെയും അവസാന റിപ്പോര്‍ട്ട് അല്ല, ഇനിയും അന്വേഷണങ്ങള്‍ നടക്കും. ഞങ്ങളുടെ റിപ്പോര്‍ട്ടിനെതിരേ പരാതിയുള്ളവര്‍ക്ക് കളക്ടറേറ്റില്‍ പരാതി നല്‍കാം. അവര്‍ പരിശോധിക്കും. അതിനിതുവരെ സമരം ചെയ്യുന്ന ആരും തയ്യാറായിട്ടില്ല. പകരം, ഞങ്ങളെ കുറ്റക്കാരാക്കുകയാണ്. വിജിലന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുമെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നാട്ടുകാരെന്ന സ്‌നേഹം വച്ച് അനര്‍ഹമായി എന്തെങ്കിലും ചെയ്താല്‍ സെക്രട്ടറിയും എഇയുമൊക്കെ കുടുങ്ങും. ബാക്കിയുള്ളവര്‍ക്ക് എന്തു കുഴപ്പം. അതുകൊണ്ട് ഇത്തരം അപവാദപ്രചാരണങ്ങള്‍ നടത്താതിരിക്കുകയാണ് വേണ്ടത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഒരാനുകൂല്യവും നഷ്ടപ്പെടില്ല”– വി ആര്‍ മല്ലിക അഴിമുഖത്തോട് പറഞ്ഞു.

“2018 ഓഗസ്റ്റ് മാസം നടന്ന പ്രളയത്തില്‍ മൊബൈല്‍ അപ്പ് വഴി (റീബില്‍ഡ് കേരള സര്‍വേ) നടത്തിയ സര്‍വേ പ്രകാരം പൂര്‍ണമായോ 75 ശതമാനത്തിലേറെയോ തകര്‍ന്ന് തീര്‍ത്തും വാസയോഗ്യമല്ലാത്തവണ്ണം ആയ വീടുകള്‍ പഞ്ചായത്തില്‍ ഇല്ലെന്നാണ് എഇയായ ഞാന്‍ കൂടി ഒപ്പിട്ടുള്ള സാക്ഷ്യപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. അത് ശരിയായ കാര്യമാണ്. മൊബൈല്‍ ആപ്പ് വഴി നടത്തിയ സര്‍വേയില്‍ പൂര്‍ണമായി വാസയോഗ്യമല്ലാത്തതായി 37 വീടുകളും ഭൂമിയും വീടും പൂര്‍ണമായി നശിച്ചുപോയ രണ്ട് വീടുകളും അടക്കം മൊത്തം 39 വീടുകളുടെ ലിസ്റ്റ് ആയിരുന്നു തയ്യാറാക്കിയത്. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പോയി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഒരു വീടുപോലും പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നിട്ടില്ലെന്ന് വ്യക്തമായതും അത് റിപ്പോര്‍ട്ട് ചെയ്തതും. ചുമരില്‍ വിള്ളല്‍ വീണത്, തറയിരുന്നത് തുടങ്ങിയ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ള വീടുകള്‍ ഉണ്ട്, പക്ഷേ അവയൊന്നും പൂര്‍ണമായി തകര്‍ന്ന് വാസയോഗ്യമല്ലാത്തവ എന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, പല വീടുകളും പ്രളയത്തിനു മുന്നേ തകര്‍ച്ച നേരിട്ടു നിന്നിരുന്ന വീടുകളാണ്. അവയേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല”; ഇത് എഇ ആയ റേയ്ച്ചല്‍ അഴിമുഖത്തോട് പറഞ്ഞകാര്യം.

എന്നാല്‍ സ്ഥലം എംഎല്‍എ ആയ ഹൈബി ഈഡനും പഞ്ചായത്ത് ഭരണസമിതിയും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുകയാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. പഞ്ചായത്തില്‍ 39 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് വാസയോഗ്യമല്ലാതായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനം സെക്രട്ടറിയേയും എഇയേയും തള്ളുന്നതാണ്.

പ്രളയംകൊണ്ട് ഒരു വീടും ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വാസയോഗ്യമല്ലാതായിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയ സെക്രട്ടറിയെ മാറ്റി നിര്‍ത്തി മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ച് വേറൊരു ഏജന്‍സിയെക്കൊണ്ട് പ്രളയക്കെടുതികള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഗ്രാമ/ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയര്‍ക്ടര്‍ക്ക് നല്‍കിയ പരാതി എറണാകുളം ജില്ല കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും കളക്ടറുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉള്‍പ്പെട്ട ഏഴ് അപ്പീല്‍ പാനലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അതിലൊരു പാനല്‍ രൂപീകരിച്ചിരിക്കുന്നത് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഉള്‍പ്പെട്ട കണയന്നൂര്‍ താലൂക്കിനു വേണ്ടിയാണെന്നും മന്ത്രി പറയുന്നു. പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും വി ആര്‍ മല്ലികയെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടക്കുകയാണെന്നും എ സി മൊയ്തീന്‍ അറിയിക്കുന്നു.

‘പ്രളയം കൊണ്ട് വാസയോഗ്യമല്ലാതായ വീടുകളൊന്നും ഇല്ലാത്ത ചേരാനല്ലൂരില്‍’ 11 കുടുംബങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്

പ്രളയത്തില്‍ നശിച്ച വീടുകളുടെ കണക്കെടുക്കാന്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍! റീബില്‍ഡ് സര്‍വേ ‘ആപ്പി’ലാക്കിയത് ഉദ്യോഗസ്ഥരെ; ഒരു ചേരനല്ലൂര്‍ ഉദാഹരണം

കേരളത്തിലെ ഈ പഞ്ചായത്ത് കമല്‍ഹാസനെ അത്ഭുതപ്പെടുത്തി; കാരണങ്ങള്‍ ഇതാണ്

പ്രളയത്തില്‍ പെട്ടവര്‍ക്കുള്ള കോണ്‍ഗ്രസ്സിന്റെ ആയിരം വീട് പദ്ധതി പാളുന്നു; ആദ്യ വീട് നല്‍കിയത് ഓഖി ബാധിതന്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍