UPDATES

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച് ഐ വി; സമാനസംഭവം കേരളത്തില്‍ മൂന്നാം തവണ

പരാതിയില്‍ പോലീസും മെഡിക്കല്‍ വിദഗ്ദ്ധരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് എച്ച് ഐ വി പോസിറ്റീവ് സ്ഥിരീകരിച്ച സംഭവത്തില്‍ വിദഗ്ധസംഘം ആന്വേഷണം ആരംഭിച്ചു. ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതു വഴിയാണ് കുട്ടി എച്ച് ഐ വി ബാധിതയായെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസും ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മാതാപിതാക്കള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധസംഘത്തെ കൊണ്ട് അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടത്. ജോയിന്റ് ഡിഎംഇ ഡോ. ശ്രീകുമാരിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. രക്ഷകര്‍ത്താക്കളുടെ പരാതി കിട്ടിയതിനെ തുടര്‍ന്ന് ഇതു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വഹിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അന്വേഷണം നടത്തുന്ന സംഘത്തില്‍ തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെയും ആര്‍സിസിയിലേയും വിദഗ്ധരെ ഉള്‍പ്പെടുത്തിയിട്ടില്ല. കുട്ടിക്ക് രക്തം നല്‍കിയതിലൂടെയാണ് എച്ച് ഐ വി ബാധിച്ചതെന്ന ആരോപണത്തില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുമെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യനും പറയുന്നു. അണുവിമുക്തമെന്ന് ഉറപ്പാക്കിയ രക്തമാണ് ആര്‍സിസിയില്‍ നല്‍കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഈ വര്‍ഷം ആദ്യമാണ് കുട്ടിയെ രക്താര്‍ബുദത്തിനു ചികിത്സയ്ക്കായി ആര്‍സിസിയില്‍ പ്രവേശിപ്പിക്കുന്നത്. അസുഖബാധിതയായതിനെ തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അവിടെവച്ച് രക്താര്‍ബുദമെന്ന് സ്ഥിരീകരിച്ചതോടെയാണ് ആര്‍സിസിയിലേക്ക് കൊണ്ടുവരുന്നതും. എന്നാല്‍ ആലപ്പുഴയില്‍ തങ്ങള്‍ കുട്ടിയുമായി ഒരു ദിവസം മാത്രമെ ഉണ്ടായിരുന്നുവുള്ളുവെന്നും അവിടെവച്ച് രക്തം സ്വീകരിച്ചിട്ടില്ലെന്നുമാണ് കുട്ടിയുടെ പിതാവ് വ്യക്തമാക്കുന്നത്. ആര്‍സിസിയില്‍ എത്തിയശേഷം കുട്ടിയെ റേഡിയേഷനു വിധേയയാക്കിയിരുന്നു. ഇതുമൂലം രക്തത്തിന്റെ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി കുട്ടിക്ക് രക്തം നല്‍കിയിരുന്നതായും പിതാവ് പറയുന്നു.

"</p

ചികിത്സ തുടരുന്നതിനിടയില്‍ കുട്ടിക്ക് കണ്ണില്‍ അണുബാധയുണ്ടായി. ഇതിനു ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായ രക്തം പരിശോധച്ചപ്പോഴാണ് എച്ച് ഐ വി സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചെങ്കിലും ഇവര്‍ എച്ച് ഐ വി ബാധിതരല്ലെന്നു കണ്ടെത്തി. ഇതേ തുടര്‍ന്നാണ് രക്തം സ്വീകരിച്ചതിലൂടെയാണ് കുട്ടി എച്ച് ഐ വി ആയതെന്നു മനസിലാക്കിയത്.

ആശുപത്രിയില്‍ നിന്നുണ്ടായ പിഴവാണ് കുട്ടി എച്ച് ഐ വി ആയതെന്ന മാതാപിതാക്കളുടെ പരാതിയില്‍ ഇവരുടെ മൊഴിയെടുത്തശേഷം മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പൊലീസ് പരിശോധിക്കും. അന്വേഷണത്തില്‍ മെഡിക്കല്‍ ബോര്‍ഡ്, ഫോറന്‍സിക്, പതോളജി വിഭാഗങ്ങള്‍ എന്നിവയുടെ സഹായം തേടുമെന്നും പിഴവ് കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരേ നിയമപരമായ നടപടിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.

2005 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സമാനമായ ഒരു കേസ് നടന്നിരുന്നു. മെഡിക്കല്‍ കോളേജിലെ രക്തബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച 15 മാസം പ്രായമായ കുഞ്ഞിലാണ് എച്ച് ഐ വി അന്നു സ്ഥിരീകരിച്ചത്. ഈ കുഞ്ഞ് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മരണമടഞ്ഞു. 2013 ല്‍ വയനാട്ടില്‍ നിന്നും ഇതേപോലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. ഇവിടെ എട്ടുവയസുകാരിക്കാണ് എച്ച് ഐ വി ബാധിച്ചത്. തലാസീമിയ രോഗത്തിനു ചികിത്സ തേടിയ കുട്ടിക്കാണ് എച്ച് ഐ ബി സ്ഥിരീകരിച്ചത്. ഈ കുട്ടിയുടെ മാതാപിതാക്കളുടെ രക്തം പരിശോധിച്ചതില്‍ ഇരുവരും എച്ച് ഐ വി ബാധിതരല്ലെന്നു കണ്ടെത്തിയിരുന്നു. മാനന്തവാടി ജില്ല ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടി രക്തം സ്വീകരിച്ചിരുന്നു. ഇതുവഴിയാണ് കുട്ടിയില്‍ എച്ച് ഐ വി ബാധിച്ചതെന്നു പിന്നീട് മനസിലാക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍