UPDATES

കേരളം

രക്തം കൈമാറുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍: അരവിന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയില്ല

രക്തം സ്വീകരിക്കുന്നതുവഴി എച്ച്ഐവി ബാധിക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സമിതി സമർപ്പിച്ച 53 പേജുള്ള റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിരുന്നു. എന്നാൽ നാലു വർഷം മുമ്പ് സമർപ്പിച്ച ഈ റിപ്പോർട്ടിലെ പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയിട്ടില്ല.

വിഖ്യാതമായ കേരളത്തിന്റെ ആരോഗ്യ മാതൃക പരിഹാസ്യമായി മാറുന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്. കുറ്റകരമായ അലംഭാവങ്ങള്‍ കാരണം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നു, കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് മാരക രോഗങ്ങള്‍ പകരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ കേരള മോഡല്‍ ആരോഗ്യ മാതൃക സംബന്ധിച്ച് അവകാശവാദങ്ങളെ തുറിച്ച് നോക്കി നില്‍പ്പുണ്ട്. അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ (മെഡിക്കല്‍ കോളേജ്) ചികിത്സ നിഷേധിക്കപ്പെട്ട് മണിക്കൂറുകളോളം നരകിച്ച മുരുകന്‍ എന്ന തമിഴ്നാട് സ്വദേശിയുടെ ദാരുണ മരണം, അല്ലെങ്കില്‍ മനസാക്ഷിയില്ലായ്മയുടെ ഭാഗമായുണ്ടായ കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു.
ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവമാണ് കേരളത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ കേന്ദ്രമായി അറിയപ്പെടുന്ന തിരുവനന്തപുരം ആര്‍സിസിയില്‍ (റീജിയണ്‍ കാന്‍സര്‍ സെന്റര്‍) നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമ്പത് വയസുള്ള കുട്ടിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധ ഉണ്ടായിരിക്കുന്നു എന്നാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഈ കുട്ടിയുടേയും കുടുംബത്തിന്റേയും അനുഭവം ഭീകരമാണ്. കാന്‍സര്‍ എന്ന ദുരന്തത്തിന് ചികിത്സ തേടി ചെന്നവര്‍ക്ക് എയ്ഡ്‌സ് മറ്റൊരു ദുരന്തം. തുടര്‍ച്ചയായി ഞെട്ടല്‍ രേഖപ്പെടുത്തിയും ഇങ്ങനെ ഞെട്ടലും ആശങ്കയും പരിശോധനാ വഴിപാടുകളും രേഖപ്പെടുത്തി കേരളത്തില്‍ സാധാരണയായി ഇതൊന്നും സംഭവിക്കാറില്ലെന്ന് പറഞ്ഞും നമുക്ക് എളുപ്പത്തില്‍ രക്ഷപ്പടാന്‍ കഴിയുന്ന ഒന്നല്ല സംഭവിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഞങ്ങള്‍ ഭേദമാണ് എന്ന് പറഞ്ഞ് സ്റ്റിക്കറൊട്ടിച്ച് നടക്കുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ആര്‍സിസിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ ഇവിടെ ഇങ്ങനെയെങ്കില്‍ മറ്റ് ആശുപത്രികളിലെ സാഹചര്യം എന്തായിരിക്കും എന്ന ആശങ്ക എല്ലാവര്‍ക്കും ഉണ്ടാകും. ലോകനിലവാരമുള്ള ആരോഗ്യമോഡല്‍ എന്ന അവകാശവാദങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ പൊതുജനാരോഗ്യം എവിടെ എത്തിനില്‍ക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പന്‍ ചികിത്സയില്‍ നിന്ന് ആശ്വാസം തേടി ഏത് സര്‍ക്കാര്‍ ആശുപത്രിയെയാണ് വിശ്വസിച്ച് സാധാരണക്കാരന് പോകാന്‍ കഴിയുക എന്ന ചോദ്യമുണ്ട്. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ട്രോമ കെയര്‍ സംവിധാനം ആരംഭിക്കുന്നത് മുരുകന്‍ സംഭവത്തെ തുടര്‍ന്നാണ് എന്നത് ശ്രദ്ധിക്കണം. സ്വകാര്യ ആശുപതികള്‍ കാണിക്കുന്ന മനുഷ്യത്വമില്ലാത്ത പ്രവൃത്തികളേക്കാള്‍ നമുക്ക് ആശങ്ക വേണ്ടത് നമ്മുടെ സര്‍ക്കാര്‍ ആശുപതികളില്‍ എന്ത് സംഭവിക്കുന്നു എന്ന കാര്യത്തിലാണ്.

എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ടും ഐസിഎംആര്‍ എമിറിറ്റസ് സൈന്റിസ്റ്റും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറുമായ ഡോ.കെപി അരവിന്ദന്‍ അഴിമുഖത്തോട് പറഞ്ഞു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ചെയ്യുമ്പോള്‍ വളരെ അപൂര്‍വമായി ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. നേരത്തെ ഇങ്ങനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തലാസീമിയ ബാധിച്ച ഒരു കുട്ടിക്ക് ഇങ്ങനെ എച്ച്‌ഐവി പകര്‍ന്ന സംഭവമുണ്ടായിട്ടുണ്ട്. പക്ഷെ അത് മെഡിക്കല്‍ കോളേജില്‍ നിന്നെടുത്ത ബ്ലഡായിരുന്നില്ല. 2012ലെ ഈ സംഭവത്തെ തുടര്‍ന്നാണ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സംബന്ധിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുന്നത്. 2013ല്‍ റിപ്പോര്‍ട്ട് നല്‍കി. പക്ഷെ ആ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ എത്രകണ്ട് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. ബ്ലഡ് ബാങ്കുകളിലെ രക്തപരിശോധനയടക്കമുള്ളവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി നല്‍കിയിരുന്നു. തേഡ് ജനറേഷന്‍ ടെസ്റ്റുകള്‍ മാറ്റി ഫോര്‍ത്ത് ജനറേഷന്‍ ടെസ്റ്റുകളാക്കണം. സംസ്ഥാനത്ത് മൂന്ന് സ്ഥലങ്ങളിലെങ്കിലും നാപ് (ന്യൂട്രോഫില്‍ ആല്‍ക്കലൈന്‍ ഫോസ്ഫറ്റസ്) ടെസ്റ്റിനുള്ള സംവിധാനം വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഓരോ ലാബിലും എത്ര കൌണ്‍സിലര്‍മാര്‍, എത്ര ടെക്‌നീഷ്യന്മാര്‍ ഒക്കെ വേണം എന്നതടക്കമുള്ള കാര്യങ്ങള്‍, പല തവണ ട്രാന്‍സ്ഫ്യൂഷന്‍ വേണ്ട കുട്ടികള്‍ക്ക് വേണ്ടി പാലിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം വ്യക്തമായി, ഓരോന്നായി മുന്നോട്ട് വച്ചിരുന്നു. ആ റിപ്പോര്‍ട്ട് ഡിഎംഒയ്ക്കാണ് (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍) സമര്‍പ്പിച്ചത്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളില്‍ ഡിഎംഒയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും നടപടിയുണ്ടായതായി അറിയില്ലെന്നും അരവിന്ദന്‍ പറഞ്ഞു.


ഡോ.കെപി അരവിന്ദന്‍

അരവിന്ദന്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ:

· ബ്ലഡ് ബാങ്കുകളില്‍ പരിശീലനം നേടിയ കൗണ്‍സലര്‍മാരെ ആവശ്യത്തിന് നിയോഗിക്കുക

· കേരളത്തില്‍ മൂന്നിടത്ത് എന്‍എടി ലാബുകള്‍ സ്ഥാപിക്കുക, (അതീവ ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് പ്രത്യേക
രക്തപരിശോധന ഉറപ്പാക്കാനാണിത്)

· ഗവ. ബ്ലഡ് ബാങ്കുകളില്‍ മതിയായ എണ്ണം ലാബ് ടെക്‌നീഷ്യന്‍മാരെ നിയോഗിക്കുക

· അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം മാത്രം രക്തം ഉപയോഗിക്കുക

· ആറ് മാസത്തിലൊരിക്കല്‍ എച്ച്‌ഐവി, എച്ച്‌സിവി ടെസ്റ്റുകള്‍ നടത്തുക

· തുടര്‍ച്ചയായി രക്തം നല്‍കാനാവുന്നവരുടെ പട്ടിക സൂക്ഷിക്കുക

രക്തബാങ്കുകളില്‍ സ്വീകരിക്കേണ്ട പൊതുവായ കാര്യങ്ങള്‍, തലാസീമിയ ബാധിച്ച കുട്ടികളെപ്പോലുള്ളവരുടെ പ്രത്യേക കേസുകളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, രക്തം സ്വീകരിക്കുന്നതിനിടെ എച്ച്‌ഐവി ബാധിച്ച കുട്ടിയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായാണ് കമ്മിറ്റി, സര്‍ക്കാരിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. എന്നാല്‍ ധനസഹായം, രോഗം ബാധിച്ച കുട്ടിക്ക് തുടര്‍ചികിത്സ എന്നീ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മറ്റൊന്നും നടപ്പാക്കിയിട്ടില്ലെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തം സ്വീകരിക്കുന്നതുവഴി എച്ച്ഐവി ബാധിക്കുന്നത് തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സമിതി സമർപ്പിച്ച 53 പേജുള്ള റിപ്പോർട്ടിൽ വിശദമായി പ്രതിപാദിച്ചിരുന്നു. എന്നാൽ നാലു വർഷം മുമ്പ് സമർപ്പിച്ച ഈ റിപ്പോർട്ടിലെ പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍