UPDATES

മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കി, ഒരു പ്രയോജനവുമില്ല; സിപിഎം ഊരുവിലക്കിയ കയ്യൂര്‍ സമര സേനാനിയുടെ കുടുംബത്തിന് പറയാനുള്ളത്

കാസര്‍ഗോഡ് നീലേശ്വരത്തെ പാലായി ഷട്ടര്‍ കം ബ്രിഡ്ജ് അപ്രോഡ് റോഡിന്റെ പേരില്‍ ഊരുവിലക്ക് ഭീഷണി നേരിട്ട് കയ്യൂര്‍ സമരസേനാനിയുടെ കൊച്ചുമകള്‍

കാസറഗഗോഡ് നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ പേരോല്‍ വില്ലേജിലെ പാലായിയില്‍ തേജസ്വനി പുഴയില്‍ സ്ഥാപിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച് റോഡുമായി ബന്ധപ്പെട്ട തര്‍ക്കം ഒരു കുടുംബത്തെ നാട്ടില്‍ ഒറ്റപ്പെടുത്തുന്നതിലേക്ക് കൊണ്ടെത്തിച്ചതായി പരാതി. കയ്യൂര്‍ സമരസേനാനി എലിച്ചി കണ്ണന്റെ ചെറുമകളും സ്വാതന്ത്ര്യസമരസേനാനി പിപി കുമാരന്റെ മകളുമായ എം കെ രാധായുടെ കുടുംബത്തിനാണ് ഊരുവിലക്കിന് സമാനമായ സ്ഥിതി നാട്ടില്‍ നേരിടേണ്ടി വരുന്നത്. തങ്ങളെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതിനു പിന്നില്‍ നാട്ടിലെ പ്രാദേശിക സിപിഎം നേതാക്കളാണെന്നാണ് രാധയും മക്കളും ആരോപിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ഇത്തരത്തില്‍ ആര്‍ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തുകയോ പ്രസ്തുത വിഷയത്തില്‍ രാധയുടെ കുടുംബത്തിനെതിരേ ഏതെങ്കിലും തരത്തിലുള്ള വിരോധ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. 1957 ല്‍ കമ്മിഷന്‍ ചെയ്ത ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി ഇക്കാലമത്രയും സാക്ഷാത്കരിക്കാതെ മുടങ്ങി കിടക്കുകയും ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു വീട്ടുകരുടെ പിടിവാശി അതിന് തടസം ഉണ്ടാക്കുകയാണെന്നുമാണ് സിപിഎം രാധയുടെ കുടുംബത്തിനു നേര്‍ക്ക് ഉന്നയിക്കുന്ന പരാതി. എന്നാല്‍ പദ്ധതിക്കു തടസ്സം നില്‍ക്കുകയാണ് തങ്ങളെന്ന തരത്തില്‍ തെറ്റിദ്ധാരണജനകമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളെ ഒറ്റപ്പെടുത്തുകയാണ് പാര്‍ട്ടി ചെയ്തതെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചവരുടെ കുടുംബമായിട്ടുപോലും ഈ വിഷയത്തില്‍ തങ്ങളെ പരമാവധി ദ്രോഹിക്കാന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ സ്ഥലം എംപിക്കും എംഎല്‍എയ്ക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും പ്രയോജനം കിട്ടാതെ വന്നതോടെയാണ് വേദനയോടെയാണെങ്കിലും പാര്‍ട്ടിക്കെതിരേ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇടവന്നതെന്നും മൊത്തം പാര്‍ട്ടിയെ ഈ കാര്യത്തില്‍ തങ്ങള്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ചില പ്രാദേശിക നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് എല്ലാത്തിനും പിന്നിലെന്നും ഇതിനൊപ്പം സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത രാധയ്ക്ക് സമീപക്ഷേത്രത്തില്‍ നിന്നും ഊരുവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും രാധയുടെ മകള്‍ ബിന്ദു അഴിമുഖത്തോട് പറയുന്നു.

ബിന്ദു കാര്യങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്; പാലായിലെ തേജസ്വനി പുഴയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച് റോഡുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് എല്ലാത്തിനു കാരണം. പാര്‍ട്ടി നേതാക്കന്മാര്‍ ഇടപെട്ട് അപ്രോച് റോഡിനായി പുതിയൊരു പാത കണ്ടെത്തുകയായിരുന്നു. അപ്രോച് റോഡ് മുട്ടിക്കാന്‍ ഇപ്പോള്‍ കണ്ടെത്തിയിടത്തു നിന്നും എഴുപത് മീറ്റോറളം മാറി മറ്റൊരു റോഡ് നിലവില്‍ ഉണ്ട്. എന്നാല്‍ അത് വേണ്ടെന്നു വച്ചാണ് പുതിയ റോഡിനായി വാശിപിടിച്ചത്. അതിനു കാരണം, നഗരസഭ കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി കുഞ്ഞിക്കണ്ണന്‍, മുന്‍ അംഗം പി കെ പൊക്കന്‍ എന്നിവരുടെ വീടിനു മുന്നിലൂടെ, അവരുടെ സ്ഥലം പോകാതെ തന്നെ റോഡ് വരും എന്നുള്ളതുകൊണ്ടാണ്. പുതിയ റോഡിനായി ഞങ്ങളോട് നാല് സെന്റ് സ്ഥലം വിട്ടു കൊടുക്കണമെന്നായിരുന്നു ആവശ്യം. സ്ഥലം വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ യാതൊരു മടിയും ഇല്ല. ഇപ്പോള്‍ കടവിലേക്ക് പോകുന്ന മറ്റൊരു റോഡ് ഉണ്ട്. അതിനായി 250 മീറ്റോളം ഞങ്ങള്‍ മാത്രമായി സ്ഥാലം വിട്ടുകൊടുത്തിട്ടുള്ളതുമാണ്. പക്ഷേ ഇപ്പോഴത്തെ പ്രശ്‌നത്തെ കുറിച്ച് പറയുമ്പോള്‍ മറ്റു ചില കാര്യങ്ങള്‍ കൂടി എല്ലാവരോടും പറയേണ്ടതുണ്ട്.

1998 ല്‍ ആണ് കൊഴുവല്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്ന ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമിയില്‍ ഞങ്ങള്‍ താമസത്തിനെത്തുന്നത്(അച്ഛന്‍ ടി രാഘവന്‍. കെഎസ്ടിഎ നേതാവ് ആയിരുന്ന അച്ഛന്‍ കൊളത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രധാനാധ്യാപകനായി ജോലി നോക്കിവരവെ ആയിരുന്നു മരണം). ഈ പറമ്പില്‍ ക്ഷേത്രത്തിലെ പൂരക്കളി നടത്തുന്നതിന് മുന്‍ കാരണവന്മാരായി തന്നെ അനുമതി നല്‍കിയിരുന്നതാണ്. ഞങ്ങള്‍(അച്ഛനും അമ്മയും ഞങ്ങള്‍ മൂന്നു പെണ്‍മക്കളും) താമസത്തിനെത്തിയശേഷം ക്ഷേത്ര കമ്മിറ്റിക്കാരെ കണ്ട് പൂരക്കളി അമ്പലത്തിന്റെ പറമ്പിലേക്ക് മാറ്റണമെന്ന് അച്ഛന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വലിയ തര്‍ക്കമൊന്നും കൂടാതെ അത് അംഗീകരിക്കപ്പെട്ടു. സ്വര്‍ണപ്രശ്‌നമൊക്കെ(ദേവപ്രശ്‌നം)വച്ച് നോക്കിയശേഷം അമ്പലത്തിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന ഞങ്ങളുടെ സ്ഥലത്തായി പൂരക്കളി നടത്താമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖാമൂലം നാലേമുക്കാല്‍ സെന്റ് ഭൂമിയും ഒരു ചെറിയ കെട്ടിടവും ഉള്‍പ്പെടെ അച്ഛന്‍ അമ്പലത്തിനു നല്‍കി. പിന്നീട് പത്തു പതിനാറ് വര്‍ഷത്തോളം ആ സ്ഥലത്താണ് പൂരക്കളി നടന്നു വന്നത്. ഇതിനിടയില്‍ അച്ഛന്‍ മരിച്ചു. അതിനുശേഷമാണ് ഇപ്പോള്‍ നടക്കുന്ന സ്ഥലത്ത് പൂരക്കളി നടത്താന്‍ പറ്റില്ലെന്നാണ് പ്രശ്‌നത്തില്‍ തെളിയുന്നതെന്നും വേറെ സ്ഥലത്തേക്ക് കളി മാറ്റണമെന്നും അതിനായി സ്ഥലം വേണമെന്നും ക്ഷേത്രം കമ്മിറ്റിക്കാര്‍ അറിയിച്ചു. നിലവില്‍ കൊടുത്ത ഭൂമിക്ക് സമാന്തരമായി തന്നെ ഭൂമി കൊടുക്കാമെന്നും അങ്ങനെ പുതിയ ഭൂമി കൊടുക്കുമ്പോള്‍ മുമ്പ് നല്‍കിയ ഭൂമി ഞങ്ങള്‍ക്ക് തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. അവര്‍ സമ്മതിച്ചതുമാണ്. ആ കരാര്‍ അനുസരിച്ച് മറ്റൊരു നാലേമുക്കാല്‍ സെന്റ് ഭൂമി കൂടി ക്ഷേത്രത്തിന് നല്‍കി. എന്നാല്‍ അത് രേഖമൂലം ആയിരുന്നില്ല. പക്ഷേ തത്വത്തില്‍ ഞങ്ങളുടെ ഒമ്പതര സെന്റ് ഭൂമി ക്ഷേത്രത്തിന്റെ കൈയിലായി.

ഈ സ്ഥലത്തൂടെയാണ് ഇപ്പോള്‍ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച് റോഡ് പോകുന്നത്. വീണ്ടും ഇവിടെ നാല് സെന്റോളം ഭൂമി ഞങ്ങള്‍ വിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം. 2012 ല്‍ ഞങ്ങളുടെ സ്ഥലത്ത് വന്ന് അനുമതി ചോദിക്കാതെ തന്നെ റോഡിനായുള്ള കുറ്റി അടിച്ചിരുന്നു. ഇക്കാര്യം ഞങ്ങള്‍ ഇറിഗേഷന്‍ വകുപ്പിനോടും ജില്ല കളക്ടറുടേയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്ത പ്രവര്‍ത്തി ശരിയായതല്ലെന്ന് അവര്‍ തന്ന വ്യക്തമാക്കുകയും ചെയ്തു. കൂടാതെ ഹോസ്ദുര്‍ഗ് കോടതിയില്‍ നിന്നും ഞങ്ങളുടെ പറമ്പില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട ഇന്‍ജക്ഷന്‍ ഓഡര്‍ വാങ്ങുകയും ചെയ്തു. 2017 ഏപ്രില്‍ 24 ന് കോടതിയുടെ ഇന്‍ജക്ഷന്‍ ഓഡര്‍ നിലനില്‍ക്കെ തന്നെ ഇതേ സ്ഥലം കൈയേറി സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് വെട്ടുകയാണ് ചെയ്തത്. ജെസിബി കൊണ്ടുവന്നായിരുന്നു പറമ്പിലൂടെ വഴി തെളിച്ചത്. തെങ്ങും കവുങ്ങും വാഴയുമെല്ലാം അവര്‍ പിഴുതെറിഞ്ഞു.

"</p "</p

ഈ സംഭവം കഴിഞ്ഞതോടെയാണ് പാര്‍ട്ടി ഗ്രാമമായ പാലായില്‍ ഞങ്ങളെ ഒറ്റപ്പെടുത്തി ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായത്. ഒരു പാര്‍ട്ടി കുടുംബമായിരുന്നിട്ടുപോലും ചില നേതാക്കന്മാരുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ ഞങ്ങളെ കരുവാക്കുകയായിരുന്നു. ഞങ്ങള്‍ മൂന്നു പെണ്‍മക്കളും വിവാഹശേഷം ഭര്‍തൃവീടുകളിലാണ് താമസം. അമ്മ പാലായിയിലെ വീട്ടിലും. എന്നാല്‍ ഇപ്പോള്‍ ആ വീട്ടില്‍ അമ്മയ്ക്ക് താമസിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ആ വീട്ടിലും പുരയിടത്തിലും ഞങ്ങള്‍ക്ക് യാതൊരു അവകാശവും ഇല്ലാത്ത വിധമാണ് ഇപ്പോള്‍ കാര്യങ്ങള്‍. അമ്മയെ വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതുപോലുമില്ല. പറമ്പിലെ ആദായമെല്ലാം മറ്റുള്ളവര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയാണ്. ഒന്നും ഞങ്ങള്‍ക്ക് എടുക്കാന്‍ അവകാശമില്ല. ഒമ്പതോളം പരാതികള്‍ അമ്മയാലും ഞങ്ങള്‍ മക്കളാലും നീലേശ്വരം പൊലീസില്‍ നല്‍കി. അനുകൂലമായ ഒരു നിലപാടും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. വീടിന്റെ ജനാലകളും വാതിലുകളും തകര്‍ക്കുക, പ്ലബിംഗ് തകര്‍ക്കുക, കിണറ്റില്‍ മാലിന്യം നിക്ഷേപിക്കുക, വൈദ്യുതി ബന്ധം വിച്ഛേദിക്കുക തുടങ്ങി പലവിധത്തിലാണ് ദ്രോഹനടപടികള്‍. ജീവാപയം ഭയന്ന് ഞങ്ങള്‍ പെണ്‍മക്കളുടെ വീടുകളിലാണ് അമ്മയിപ്പോള്‍ മാറി മാറി കഴിയുന്നത്. ഞങ്ങളെ അങ്ങോട്ടു പോയാലും വഴിയില്‍ തടയലും ഭീഷണിയുമാണ്. അമ്മയുടെ പെന്‍ഷന്‍ ബുക്കുകളും മരുന്നുകളുമൊക്കെ പാലായിയിലെ വീട്ടിലാണ് അതെടുക്കാന്‍ പോലും സമ്മതിക്കുന്നില്ല. 2018 മാര്‍ച്ച് രണ്ടിന് ഞങ്ങളില്‍ മൂത്തയാളുടെ വീട്ടില്‍ നിന്നും പ്രസ്തുത വീട്ടിലേക്ക് വൈകിട്ട് അമ്മ പോയിരുന്നു. അമ്മ വീടിനുള്ളില്‍ കയറിയ ഉടനെ സമീപത്തെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം വീടിനകത്തേക്ക് അതിക്രമിച്ച് കയറി അമ്മയെ ചീത്ത വിളിക്കുകയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയും ചെയ്തു. കൊന്നുകളയുമെന്നുവരെ ഭീഷണി മുഴക്കി. ഉടന്‍ തന്നെ അമ്മ മകളെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു അക്രമിക്കാന്‍ വന്നവര്‍ ചെയ്തത്. തുടര്‍ന്നവര്‍ അമ്മയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു വന്നു. അമ്മയുടെ സാരി വരെ ഉരിഞ്ഞെടുത്തു. പരസ്യമായി മറ്റുള്ളവരുടെ മുന്നില്‍ നാണം കെടുത്തി. ഇനി ഈ വീട്ടിലേക്ക് വന്നാല്‍ വീട് തല്ലിപ്പൊളിച്ച് തീയിടുമെന്നും ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളൊക്കെ കാണിച്ച് നീലേശ്വരം സ്‌റ്റേഷനില്‍ അമ്മ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായവരുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പക്ഷേ, പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല.

"</p "</p "</p

സ്വന്തം പറമ്പിലെ ആദായം മറ്റുള്ളവര്‍ മോഷ്ടിച്ചു കൊണ്ടുപോകുന്നതിനെ ചോദ്യം ചെയ്തതിനാണ് അമ്മയോട് ഇത്തരം ക്രൂരതകള്‍ കാണിച്ചത്. ഞങ്ങള്‍ മക്കളെ വീട്ടിലേക്ക് കയറ്റാന്‍ പോലും സമ്മതിക്കില്ല. മുഖ്യമന്ത്രിക്കടക്കം വിഷയം വിവരിച്ച് പരാതി നല്‍കിയതാണ്. പക്ഷേ ഒരും ഫലവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അതിന്റെ ഉത്തരവ് വരും വരും എന്നും കാത്തിരുന്നിട്ടും ഉണ്ടായില്ല. ഇപ്പോള്‍ കോടതി അവധിക്കു പിരിഞ്ഞിരിക്കുകയാണെന്നും അതു കഴിഞ്ഞേ ഉത്തരവ് ഉണ്ടാകൂ എന്നാണ് പറയുന്നത്. കോടതി ഉത്തരവ് ഉണ്ടായിട്ടും കാര്യമില്ല, ഞങ്ങള്‍ക്ക് സംരക്ഷണം തരാന്‍ പരമിതികള്‍ ഉണ്ടെന്നാണ് നീലേശ്വരം പൊലീസ് പറയുന്നത്. അത്രയും പേരെ, അതും പാര്‍ട്ടിക്കാരെ എതിരാടാനൊന്നും പറ്റില്ലെന്നാണ് പൊലീസ് തന്നെ പറയുന്നത്. പിന്നെ ഞങ്ങള്‍ എവിടെ നിന്നാണ് നീതി തേടുക? സംരക്ഷിക്കേണ്ട പൊലീസ് തന്നെ കൈയൊഴിയുകയാണ്. പാര്‍ട്ടിയോട് ഏറ്റുമുട്ടാന്‍ എല്ലാര്‍ക്കും മടിയാണ്. ഇതേ പാര്‍ട്ടിക്കു വേണ്ടി ജീവന്‍ പോലും വകവയ്ക്കാതെ പോരാടിയവരുടെ കുടുംബത്തിനാണ് ഈ ദുഃസ്ഥിതി എന്നോര്‍ക്കണം.

"</p

കൊഴുവല്‍ ക്ഷേത്രത്തില്‍ നിന്നു അമ്മയെ ഊരുവിലക്കിയിരിക്കുകയാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ ക്ഷത്രത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നതിനോ പോലും അമ്മയ്ക്ക് വിലക്കാണ്. ക്ഷേത്രം വക സ്ഥലത്തു കൂടിയാണ് ഇപ്പോള്‍ റോഡ് പോകുന്നതെന്നും ക്ഷേത്രത്തിന്റെ സ്ഥലത്തിനൊപ്പം സ്ഥലം വിട്ടു കൊടുക്കാന്‍ പറഞ്ഞിട്ടും അമ്മ സ്ഥലം വിട്ടുകൊടുത്തില്ലെന്നുമാണ് അമ്മയ്‌ക്കെതിരേ തിരിയാന്‍ കാരണം. ഞങ്ങള്‍ കൊടുത്ത ഒമ്പതര സെന്റ് സ്ഥലത്തിലൂടെയാണ് റോഡ് പോകുന്നത്. അതാരും പറയുന്നില്ല. ആദ്യം കൊടുത്ത നാലേമുക്കാല്‍ സെന്റിനു പകരം വേറേ സ്ഥലം വേണമെന്നു പറഞ്ഞപ്പോള്‍ അതും കൊടുത്തതാണ്. ആദ്യം നല്‍കിയ സ്ഥലം പുതിയ സ്ഥലം വിട്ടുകൊടുക്കുമ്പോള്‍ തിരികെ നല്‍കാമെന്ന വ്യവസ്ഥ പോലും പാലിച്ചില്ല. ഇപ്പോള്‍ ഞങ്ങളുടെ ഒമ്പതര സെന്റ് സ്ഥലം ക്ഷേത്രത്തിന്റെ കൈവശമാണ്. ഒരു പൈസ പോലും വാങ്ങാതെയാണ് അത്രയും സ്ഥലം കൊടുത്തത്. അതിലൂടെയാണ് റോഡ് പോകുന്നത്. അതും പോരാതെയാണ് ഇനിയും മൂന്നോ നാലോ സെന്റ് കൂടി കൊടുക്കണം എന്നു പറയുന്നത്. അതും മറ്റൊരു റോഡ് നിലവില്‍ ഉണ്ടായിരിക്കെ തന്നെ. ഈ സത്യമൊന്നും ആരും പറയുന്നില്ല. ഞങ്ങള്‍ നാല് സെന്റ് സ്ഥലം വിട്ടുകൊടുക്കാത്തതുകൊണ്ട് നാടിന്റെ വികസനം മുടങ്ങിയെന്നൊക്കെയാണ് പരാതി. ഞങ്ങളുടെ സ്ഥലം ഇല്ലാതെ തന്നെ റോഡ് വരുമെന്നും വാട്ടര്‍ കം ബ്രിഡ്ജ് പദ്ധതി നടപ്പാകുമെന്നൊക്കെയുള്ള പരിഹാസവും ഉണ്ടിപ്പോള്‍. ഞങ്ങള്‍ ചെയ്തതും ഞങ്ങളോട് ചെയ്തുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളൊക്കെ മറന്നാണ് ഈ പരാതികളും പരിഹാസങ്ങളും. ജീവിക്കാന്‍ അനുവദിക്കാത്തവിധം എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്തത്? ബിന്ദു ചോദിക്കുന്നു.

"</p "</p

ഈ ആക്ഷേപങ്ങളെക്കുറിച്ച് സിപിഎം പേരോല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നീലേശ്വരം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി കുഞ്ഞിക്കണ്ണനോട് ചോദിക്കുമ്പോള്‍ ഇതെല്ലാം തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നാണ് മറുപടി. തന്റെ പറമ്പിന്റെ മുന്നില്‍ കൂടി റോഡ് കിട്ടാന്‍ വേണ്ടിയാണ് അപ്രോച് റോഡ് ഇതുവഴി നിര്‍മിക്കുന്നതെന്ന ആരോപണം തന്നെ അടിസ്ഥാാനമില്ലാത്തതാണെന്നു കുഞ്ഞിക്കണ്ണന്‍ പറയുന്നു. വര്‍ഷങ്ങളായി ജനം പൂര്‍ത്തിയാകാനായി ആഗ്രഹിക്കുന്ന ഒരു പദ്ധതി നടത്തില്ലെന്നു വെല്ലുവിളിച്ചവരാണിവര്‍. ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഉണ്ടാകുന്ന മനോവിഷമത്തിന്റെ പുറത്താണ് ഈ കാണിക്കുന്നതെല്ലാം. വെറും നാല് സെന്റ് സ്ഥലമാണ് അവരോട് ചോദിച്ചത്. അതിനു പകരം വേറെ ഭൂമി, എന്റെ കൈവശമുള്ള ഭൂമി തന്നെ- തരാമെന്ന് പറഞ്ഞതാണ്. അതല്ലെങ്കില്‍ പണമായിട്ടും തരാമെന്നു പറഞ്ഞതാണ്. പക്ഷേ അതിനോടൊന്നും അവര്‍ അനുകൂലിച്ചില്ല. അവരുടെ ഭൂമി വിട്ടുതരാത്തതിനാല്‍ ഇപ്പോള്‍ ക്ഷേത്രത്തിന്റെ വക സ്ഥലത്ത് കൂടിയാണ് റോഡ് പോകുന്നത്. നേരത്തെ പൂരക്കളി തങ്ങളുടെ പറമ്പില്‍ നിന്നും മാറ്റണമെന്നു പറഞ്ഞിട്ടുപോലും ആരും ഒരെതിര്‍പ്പും അക്കാര്യത്തില്‍ ഉയര്‍ത്തിയിരുന്നില്ല. പാര്‍ട്ടി ഇക്കാര്യത്തില്‍ അവര്‍ക്കെതിരേ ഒന്നും ചെയതിട്ടില്ല. ഇതൊരു പാര്‍ട്ടി ഗ്രാമമാണ്. ഒരു കുടുംബത്തിനും ദോഷം ചെയ്യുന്ന പ്രവര്‍ത്തി പാര്‍ട്ടിയില്‍ നിന്നുണ്ടാകില്ല. ഇവര്‍ ഇവിടെയല്ല താമസിക്കുന്നത്. മറ്റൊരിടത്താണ്. ഇവിടെ താമസിക്കാന്‍ സമ്മതിക്കുന്നില്ലെന്നൊക്കെ പറയുന്നതില്‍ ഒരു വാസ്തവവും ഇല്ല. ആരെങ്കിലുമൊക്കെ അവരെ പറഞ്ഞ് തിരിച്ചുവിടുന്നുണ്ടാവും. പക്ഷേ, പാര്‍ട്ടി രാധയ്‌ക്കോ കുടുംബത്തിനോ ഊരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അവരെ ഒരുതരത്തിലും ദ്രോഹിക്കുന്നുമില്ല. അത്തരം വാര്‍ത്തകളൊക്കെ അവാസ്തവവും ഏകപക്ഷീയവുമാണ്; ടി കുഞ്ഞിക്കണ്ണന്‍ പറയുന്നു.

"</p

ഇതിനിടയില്‍ പാര്‍ട്ടിയേയും രാധയുടേയും കുടുംബത്തേയും ഒരുപോലെ പ്രതികൂട്ടില്‍ നിര്‍ത്തി കൊണ്ട് പാലായി ഷട്ടര്‍ കം ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കാന്‍ കൊഴുവന്‍ ക്ഷേത്ര സമിതിയാണ് മുന്‍ കൈയെടുക്കുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ ആഘോഷിക്കപ്പെട്ടിരുന്നു. 60 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ത്ഥ്യമാകാത്തത് അപ്രോച് റോഡിന് സ്ഥലം വിട്ടുകൊടുക്കാത്തതാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനാകാതെ വന്നതോടെ ജനം പാര്‍ട്ടിക്ക് എതിരേ തിരിഞ്ഞെന്നും എന്നാല്‍ ജനാഭിലാഷം നിറവേറ്റാന്‍ ക്ഷേത്ര കമ്മിറ്റി മുന്നിട്ടിറങ്ങി അവരുടെ സ്ഥലം അപ്രോച് റോഡിനായി വിട്ടു കൊടുത്തിരിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു. ഇപ്പോള്‍ കയ്യൂര്‍ സമര സേനാനിയുടെ കൊച്ചു മകളെ സിപിഎം അടിച്ചോടിച്ചെന്ന് വാര്‍ത്തയെഴുതുന്ന പത്രം തന്നെ റോഡിന് സ്ഥലം അനുവദിക്കുന്നതില്‍ ഒരു വ്യക്തി മാത്രം അനുകൂലമല്ലാത്തതാണ് 65 കോടിയുടെ പദ്ധതി അനിശ്ചിതത്വിലാകാന്‍ ഇടയാക്കിയതെന്നും എഴുതിയിരുന്നു. ഇക്കാര്യത്തില്‍ സിപിഎം നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നതോടെ അണികള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കാളിത്തം വന്‍തോതില്‍ കുറഞ്ഞുവെന്നും എഴുതി. പാര്‍ട്ടിക്ക് ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് ക്ഷേത്രം കമ്മിറ്റി രംഗത്തു വന്നതെന്നും ക്ഷേത്രം കമ്മിറ്റി നികുതി അടച്ചുകൊണ്ടിരിക്കുന്ന നാലേമുക്കാല്‍ സെന്റിലൂടെ റോഡ് പോകാന്‍ അനുമതി നല്‍കിയതെന്നും പത്രം പറയുന്നു. റോഡ് നിര്‍മാണത്തിനും മറ്റും പാര്‍ട്ടിയുടെ സഹായം ഇനി വേണ്ടെന്നും ജനങ്ങള്‍ പറഞ്ഞെന്നും 2017 ഏപ്രില്‍ 24 ലെ വാര്‍ത്തയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇതേ നാലേമുക്കാല്‍ സെന്റ് സ്ഥലം രാധയുടെ കുടുംബം ക്ഷേത്രത്തിന് പ്രതിഫലമൊന്നും വാങ്ങാതെ നല്‍കിയതാണന്നോ, വീണ്ടും ഒരു നാലേമുക്കാല്‍ സെന്റ് സ്ഥലം ക്ഷേത്രത്തിനു നല്‍കിയിട്ടുണ്ടെന്നോ ഒന്നും പുതിയ വാര്‍ത്തയില്‍ പറയുന്നില്ല. പഴയ വാര്‍ത്തയില്‍ റോഡ് നിര്‍മാണത്തിന് സ്ഥലം വിട്ടുനില്‍കാന്‍ ഒരു സ്വകാര്യ വ്യക്തി തയ്യാറാകാത്തതുകൊണ്ട് 65 കോടിയുടെ പദ്ധതി മുടങ്ങുന്നുവെന്ന് പറയുന്നതിലും രാധയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. ക്ഷേത്രം കമ്മിറ്റി രാധയ്ക്ക് ഊരുവിലക്ക് കല്‍പ്പിച്ച കാര്യവും വാര്‍ത്തയാക്കിയിട്ടില്ല.

കയ്യൂര്‍ സമര സേനാനിയുടെ കൊച്ചു മകളും സ്വതന്ത്ര്യസമര സേനാനിയുടെ മകളും അധ്യാപക സംഘടനയിലെ പ്രധാനിയായിരുന്നു ഒരാളുടെ ഭാര്യയുമായ രാധ പാര്‍ട്ടിയില്‍ നിന്നോ ക്ഷേത്രത്തില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ അവരുടെ സ്വൈര്യജീവിതത്തിനു ഭീഷണി നേരിടുന്നുണ്ടെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അടക്കം അവര്‍ നല്‍കിയ പരാതികള്‍ അന്വേഷിച്ച് നിയമപരമായി നടപടികള്‍ എടുക്കണം എന്നത് സര്‍ക്കാരിന്റെ പ്രാഥമികമായ കര്‍ത്തവ്യമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍