UPDATES

ട്രെന്‍ഡിങ്ങ്

മധു ഒരു തുടര്‍ച്ച മാത്രമാണ്, അട്ടപ്പാടിയിലെ അജ്ഞാത മരണങ്ങളുടെ തുടര്‍ച്ച; സി കെ ജാനു

അട്ടപ്പാടിയെ ആദിവാസികളെ കൊന്നില്ലാതാക്കുന്നതിനു വേണ്ടി ഒരു ക്രിമിനല്‍ സംഘം തന്നെ ഇവിടെയുണ്ട്

അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കുട്ടം ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ സി കെ ജാനു അഴിമുഖത്തോട് പ്രതികരിക്കുന്നു

കേരളത്തിന് വളരെയധികം അപമാനകരമായ കാര്യമാണ് അട്ടപ്പാടിയില്‍ സംഭവിച്ചിരിക്കുന്നത്. ഭക്ഷണമെടുത്തതിന് വേണ്ടി ഒരാളെ പൈശാചികമായി അടിച്ചുകൊലപ്പെടുത്തിയതിന് ആര്‍ക്കും ഒരു ന്യായീകരണവും പറയാനാവില്ല. ആദിവാസി എന്നുള്ളതുകൊണ്ട് എന്തും ചെയ്തുകളയാമെന്നാണ്. അവര് കോടിക്കണക്കിന് സ്വത്തോ മുതലോ സ്വര്‍ണമോ പണമോ ഒന്നും കൊള്ളയടിച്ചിട്ടില്ല. ഏതെങ്കിലും സ്ത്രീകളെ അതിക്രമിച്ചിട്ടില്ല. വിശന്നതിന് ഇത്തിരി ഭക്ഷണസാധനം എടുത്തതിന് ഭീകരമായും പൈശാചികമായും ആള്‍ക്കൂട്ടം അടിച്ച് ഒരാളെ കൊല്ലുക എന്ന് പറഞ്ഞാല്‍ അയാളെ അടിച്ചുകൊലപ്പെടുത്താന്‍ നിന്നത് എത്രപേരാണോ അവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് തൂക്കിക്കൊല്ലുക തന്നെ വേണം. അതില്‍ കുറഞ്ഞ ഒരു ശിക്ഷയും അവര്‍ക്ക് നല്‍കരുത്. ഇതിന്റെ പേരില്‍ വളരെ ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉണ്ടാവും. അക്കാര്യത്തില്‍ തര്‍ക്കമില്ല.

അട്ടപ്പാടിയില്‍ ഈ ഒരു സംഭവം മാത്രമല്ല ഉണ്ടായിട്ടുള്ളത്. അട്ടപ്പാടിയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അജ്ഞാതജഡം, അജ്ഞാത മരണം എന്നൊക്കെ പറഞ്ഞാണ് മുഴുവന്‍ മൃതദേഹങ്ങളും എടുത്ത് മാറ്റിയിട്ടുള്ളത്. ഇത് അട്ടപ്പാടിയിലെ ഒരു തുടര്‍ക്കഥയാണ്. അവിടുത്തെ ആദിവാസികളെ കൊല്ലുന്നതിന് വേണ്ടിത്തന്നെ ഒരു ക്രിമിനല്‍ സംഘം അവിടെ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ഞങ്ങള്‍ അറിയുന്നത്. അട്ടപ്പാടിയിലെ ആദിവാസികളുടെ സ്വത്തും ഭൂമിയും മണ്ണും പെണ്ണും ഒക്കെ തട്ടിയെടുത്തിട്ട് അവശേഷിക്കുന്ന ആളുകളെപ്പോലും അടിച്ചുകൊല്ലുന്ന ഭീകരമായ അന്തരീക്ഷമാണുള്ളത്. അത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.

ഇനിമേലില്‍ ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ മനഃസാക്ഷി മരവിക്കാത്ത എല്ലാവരുടേയും കൂട്ടായ്മ ഇവിടെയുണ്ടാവണം. ഈ സംഭവം നമുക്ക് അങ്ങനെ വെറുതെ വിടാന്‍ പറ്റുന്നതല്ല. ഉത്തരേന്ത്യയില്‍ എവിടെയെങ്കിലുമാണ് ഇത് നടന്നതെങ്കില്‍ കേരളത്തില്‍ ഹര്‍ത്താലും പ്രതിഷേധങ്ങളും ആയേനെ. കേരളത്തില്‍ ആദിവാസിയെ അടിച്ചുകൊന്നിട്ട് ഒരു മനുഷ്യര്‍ക്ക് അതിന്റെ പേരില്‍ ഒരു പ്രശ്‌നം പോലുമുണ്ടാവുന്നില്ല. ആ രാഷ്ട്രീയ കാപട്യമാണ്, നമ്മള്‍ തിരിച്ചറിയേണ്ടതും അതിനെതിരെയാണ് ശക്തമായി പ്രതികരിക്കേണ്ടതും. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യണം. ഏത് പാര്‍ട്ടി അംഗമായാലും, ഏത് മന്ത്രിയുടെ ആളായാലും വേണ്ടില്ല എല്ലാവരേയും അറസ്റ്റ് ചെയ്ത് കൊലക്കറ്റത്തിന് കേസെടുത്ത് അവര്‍ക്ക് തൂക്കുകയര്‍
നല്‍കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍