UPDATES

കുടിവെള്ളം മുട്ടിക്കാനെത്തിയവരെ തുരത്താന്‍ ഒരു ഗ്രാമം മുഴുവന്‍ ഒന്നിച്ചു നിന്നപ്പോള്‍

ഒരു കുഴല്‍ കിണറിനേയും ആശ്രയിക്കാതെ ഏത് കഠിന വേനലിനേയും മറികടക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇന്ന് കിദൂരുകാര്‍

ഇനിയൊരു യുദ്ധമുണ്ടായാല്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് നാം പലപ്പോഴുമായി പറയാറുണ്ട്. എങ്കില്‍ കിദൂരുകാര്‍ക്ക് അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു നാടിന്റെ തെളിനീരുറവയെ കണ്ണ് വെച്ച സ്വകാര്യ താല്‍പര്യങ്ങളെ നിയമ യുദ്ധത്തിലൂടെ കെട്ടുകെട്ടിച്ച പാരമ്പര്യമുണ്ട് ഇവിടുത്തുകാര്‍ക്ക്. ഇവിടുത്തെ ഉശിരുള്ള യുവാക്കള്‍ക്ക്…

ഓരോ തെളിനീരുറവയും വറ്റിവരളുമ്പോള്‍, ഓരോ വന്‍മരങ്ങള്‍ക്കും കോടാലിവയ്ക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അടുത്ത തലമുറയ്ക്ക് കൂടി നാം കരുതിവെക്കേണ്ടുന്ന പ്രകൃതിയാണെന്ന ബോധം ഇന്ന് അധികമാര്‍ക്കും ഉണ്ടായിക്കാണുന്നില്ല. എന്നാല്‍ ഇതേ ലോകത്ത് ജീവിക്കുന്ന, ജീവിച്ചിരുന്ന മൂന്ന് യുവാക്കള്‍ നാട്ടിലെ ജലസ്രോതസ്സിനെ അടക്കിപ്പിടിക്കാന്‍ ഹൈക്കോടതിവരെ കയറിയിറങ്ങി. വികസനം വരാത്തത് വികസനകാംക്ഷികളല്ലാത്ത ആളുകളുടെ നാടായതുകൊണ്ടെന്ന ദുഷ്‌പേര് നിലനില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് തന്നെയാണ് ഈ വാര്‍ത്ത.

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടിന്റെ തെളിനീരു സംരക്ഷിക്കാന്‍ ഹൈക്കോടതി വരാന്തയിലൂടെ പലവട്ടം കയറിയിറങ്ങിയ മാധവയേയും ചന്ദ്രയേയും ഗുരുവപ്പയേയും അധികമാര്‍ക്കും അറിഞ്ഞുകൂടാ. തങ്ങളെ നാലാളറിയണമെന്ന് അവര്‍ക്കങ്ങനെ താത്പര്യവുമില്ല.

“ആയ കാലത്ത് നാടിന് വേണ്ടി ചെയ്യാവുന്നതെല്ലാം തങ്ങളുടെ പിടിപാടും കൈക്കരുത്തും കൊണ്ട് നേടിക്കൊടുത്തിട്ടുണ്ട്. അന്ന് അങ്ങനെയൊരു ഹര്‍ജി ഹൈക്കോടതിയിലേക്ക് പോയിരുന്നില്ലയെങ്കില്‍ ഈ നാട് പത്തിരുപത് വര്‍ഷം മുന്നേ തന്നെ വരള്‍ച്ചയിലാണ്ടുപോയേനേ…” പഴയകാല പോരാളിയായ ചന്ദ്ര പറയുന്നു.

കുമ്പള പഞ്ചായത്തിലെ കിദൂര്‍ ഗ്രാമത്തിലാണ് അര ഏക്കറിലധികം പരന്ന്, അഞ്ച് അടിയോളം ആഴമുള്ള കാജൂര്‍ പള്ളം സ്ഥിതിചെയ്യുന്നത്. കൃഷിയാവശ്യങ്ങള്‍ക്കും കന്നുകാലികളുടേയും പറവകളുടേയും പ്രധാന ദാഹശമനിയായിരുന്നു ഈ പള്ളം. വിശാലമായ പറമ്പിന് മധ്യത്തില്‍ സ്ഥിതിചെയ്യുന്ന പള്ളത്തിന് മുകളില്‍ മണ്ണിട്ട് കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ശ്രമിച്ച സ്വകാര്യ വ്യക്തികളെ പലവഴിക്കും അതില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചെങ്കിലും അവരാരും തന്നെ പിന്‍മാറാന്‍ തയ്യാറായിരുന്നില്ല. അവര്‍ ശക്തമായി പ്രതികരിച്ചു. ഭൂമിയിടപാടിന്റെ കാര്യവും പറഞ്ഞ് സ്വകാര്യവ്യക്തികള്‍ ഹൈക്കോടതി കയറിയപ്പോള്‍, പൊതുജനങ്ങള്‍ക്കും, പ്രകൃതിക്കും അത്യന്താപേക്ഷികമായ നീരുറവയെ, ജലസ്രോതസിനെ ചില സ്വകാര്യ താത്പര്യങ്ങള്‍ മണ്ണിട്ട് മൂടാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി ഉചിതമായ നടപടി കൈക്കൊളളുകയായിരുന്നു. നീരുറവയും ജൈവവൈവിധ്യ മേഖലയുമായ പള്ളത്തെ സംരക്ഷിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി.

“ഈടെ എസ്.സി കോളനീല് അന്ന് നാപ്പത് കുടുംബങ്ങളിണ്ടായിനത്. ഞാള്ക്ക് ഒര് പഞ്ചായത്ത് കെണറല്ലാതെ വേറെ വെള്ളം കിട്ടാന്‍ വഴിയൊന്നും ഇണ്ടായിറ്റ. എന്നേരാന്ന് ഞാള് കൃഷിക്കും, കുളിക്കാനും, അലക്കാനും എല്ലം പോയ്‌ക്കോണ്ടിര്ന്ന പള്ളത്തെ ചിലരെല്ലം ഇല്ലാണ്ടാക്കാന്‍ നോക്ക്ന്നത് കണ്ടത്. ഞാള് താസില്‍ദാര്‍ക്ക് പരാതി കൊട്ത്ത്. ഓറ് വന്ന് കണ്ട് ബോധ്യായിറ്റ് പോയി. പിന്നെ ഓറ് ഹൈക്കോടതി വെരെയും പോയിനി. ഞാള്ക്ക് പോകാനാകാത്തോണ്ട് താസില്‍ദാറ് തന്നെ ഞാള്‍ക്കായിറ്റ് എല്ലാം ചെയ്ത്. അന്നങ്ങനെയെല്ലം ചെയ്‌തോണ്ട് ഇന്ന് ഈ ഇരുപത് സെന്റില് പള്ളവും ഇണ്ട്. ഞാള്‍ക്ക് എഴുപത് വീട്ട്കാര്‍ക്ക് കുടിക്കാന് വെള്ളോം ഇണ്ട്. എടക്ക് ആരും നോക്കാത്തോണ്ട് പള്ളം മണ്ണ് മൂടിപോയിന്. കയിഞ്ഞ ദിവസം ഞാളെല്ലാം കൂടി അത് ബിര്‍ത്തിയാക്കീന്…” എഴുപതിനോടടുത്ത  പ്രായത്തിലും യൗവ്വനം മാറാത്ത ശബ്ദത്തില്‍ ചന്ദ്ര പറയുന്നു.

രാഷ്ട്രീയത്തെക്കൂട്ടുപിടിച്ച് പിന്നെയുമവര്‍ വന്നെങ്കിലും നാട്ടുകാരെല്ലാം ഒത്തു നിന്നപ്പോള്‍ പിന്നീടവരാവഴി പോയതേ ഇല്ല. കോടതി ഉത്തരവിറങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ അഞ്ച് അടിയോളം ആഴമുണ്ടായിരുന്ന പള്ളത്തില്‍ മണ്ണ് മൂടിയിട്ട് ഒന്നരയടിയായി ശോഷിച്ചു. വേനലോടടുക്കുന്നതിന് മുന്നേ തന്നെ പള്ളം വറ്റിവരണ്ടു. പള്ളത്തില്‍ കാണുന്ന ഓരോ മാറ്റവും സമീപ പ്രദേശങ്ങളിലെ കിണറുകളിലും കണ്ടു തുടങ്ങി. പള്ളം വരണ്ടു തുടങ്ങുമ്പോള്‍ തന്നെ കിണറുകളും വരണ്ടു തുടങ്ങും.

മാര്‍ച്ച് അവസാന ആഴ്ചയോടെ തന്നെ കുടിവെള്ള ക്ഷാമം നേരിടേണ്ടിവരുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പരിണമിച്ചു തുടങ്ങിയപ്പോള്‍ കിദൂരിലെ യുവത്വം ആലോചിച്ച് തുടങ്ങി. പത്ത് പതിനഞ്ച് കൊല്ലം മുന്‍പുവരെ ഒരു വേനലിലും വറ്റാതിരുന്ന ഇവിടുത്തെ കിണറുകള്‍ ഇന്ന് വറ്റിവരളുന്നത് എന്തുകൊണ്ടാണെന്ന് ആലോചിച്ചാലോചിച്ച് ഒടുക്കം അവര്‍ എത്തിച്ചേര്‍ന്നത് പള്ളത്തില്‍ തന്നെയായിരുന്നു. ഇടക്കിടെ കൂടിയ മീറ്റിംഗുകളില്‍ നടന്ന ചര്‍ച്ചകളിലൂടെ അതിന് കാരണം പള്ളത്തിന്റെ ശോചനീയാവസ്ഥയാണെന്ന് അവര്‍ സ്വയം കണ്ടെത്തുകയായിരുന്നു.

വികസനത്തിന്റെ പിറകേ ആര്‍ത്തിപിടിച്ച് പായുന്ന നമ്മള്‍ പ്രകൃതിയെ പലപ്പോഴും മന:പൂര്‍വ്വം മറന്നുകളയുന്നു. കൈയ്യിലും കാലിലും നിറയെ ചെളിയുമായി വരുന്ന കുഞ്ഞുങ്ങളെ നാം ശാസിക്കുന്നു. പല കാര്യങ്ങള്‍ക്കുമായി വെട്ടി നിരത്തുന്ന മരങ്ങള്‍ക്ക് പകരം മറ്റൊന്ന് വെയ്ക്കാന്‍ മറന്നുപോകുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. ഞങ്ങളുടെ നാടിന് ഒരിക്കലും ഒരു പ്രകൃതി ദുരന്തം കാണേണ്ടി വരാന്‍ പാടില്ല എന്നതാണ് ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്റെ ആഗ്രഹം” കുമ്പള പഞ്ചായത്ത് മെമ്പര്‍ പുണ്ഡരീകാക്ഷ പറയുന്നു. “അച്ഛനും സുഹൃത്തുക്കളും സമരം ചെയ്ത് വീണ്ടെടുത്ത ഈ പള്ളത്തിന് പുനര്‍ജ്ജീവന്‍ നല്‍കാന്‍ എനിക്ക് കിട്ടിയ അവസരം ഞാന്‍ തീര്‍ത്തും ആസ്വദിച്ചു. കുമ്പള പഞ്ചായത്തില്‍ നടപ്പുവര്‍ഷം 25000 മരങ്ങള്‍ നട്ട് പരിപാലിക്കാന്‍ 2,50000 രൂപ നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്തിലെ വലിയതും ചെറിയതുമായ പള്ളങ്ങളെല്ലാം വീണ്ടെടുക്കാനുള്ള കര്‍മ്മ പദ്ധതി ഒരുങ്ങിക്കഴിഞ്ഞു-  പുണ്ഡരീകാഷ കൂട്ടിച്ചേര്‍ത്തു.

പിന്നീട് പള്ളം സംരക്ഷണത്തിനായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. എസ്.കെ.പി ഫ്രണ്ട്‌സ് എന്ന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദാഹനീര് സംരക്ഷിക്കാനായി കൂട്ടായ്മയുണ്ടാക്കിയത്. പള്ളത്തിന്റെ നിലനില്‍പ് തന്നെ ചോദ്യചിഹ്നമായപ്പോള്‍ ഹൈക്കോടതിവരെ പോയി ആ നീരുറവ സംരക്ഷിച്ച ചന്ദ്രയുടെ മകന്‍ പുണ്ഡരീകാക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നിന്ന് ചുക്കാന്‍ പിടിച്ചു.

ഒരു ഞായറാഴ്ച പൊതുജനങ്ങളില്‍ നിന്നും സമാഹരിച്ച തുകകൊണ്ട് ജെസിബി വിളിച്ചും തൂമ്പയും മറ്റ് പണിയായുധങ്ങളുമായി യുവാക്കളും മുന്നിട്ടിറങ്ങി. പ്ലാസ്റ്റിക്ക് വെയ്സ്റ്റുകളും പൊടിമണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ പള്ളം ഒരു ദിവസം കൊണ്ട് ഒരു പരിധി വരെ വീണ്ടെടുത്തു. 32 ലോഡ് മണ്ണ് പള്ളത്തില്‍ നിന്നും എടുത്ത് മാറ്റി ഗ്രാമത്തിലെ ആവശ്യക്കാര്‍ക്ക് നല്‍കി.

“മണ്ണെടുത്ത് കഴിഞ്ഞപ്പോഴേക്കും പള്ളത്തിന്റെ യഥാര്‍ത്ഥ സ്വഭാവത്തിലേക്ക് കാജൂര്‍ പള്ളം മാറുകയായിരുന്നു. നാട്ടിലെ ചെറുപ്പക്കാരും വൃദ്ധരും കുട്ടികളും ഉള്‍പ്പെടെ അന്‍പതോളം പേരാണ് പള്ളം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. പ്രകൃതിയുമായി കൂടുതല്‍ അടുക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ അവസരമായിരുന്നു ഇത്”- ബേള സ്‌കൂള്‍ അധ്യാപകനും പക്ഷി നിരീക്ഷകനും എസ്.കെ.പി ഫ്രണ്ട്‌സ് മെമ്പറുമായ രാജു കിദൂര്‍ പറയുന്നു.

കാജൂര്‍ പള്ളത്തിനായി എസ്.കെ.പി ഫ്രണ്ട്‌സ് ഒന്നുകൂടി ചേരുകയാണ്. പള്ളത്തിന് ചുറ്റും മതില്‍ കെട്ടിയുള്ള സംരക്ഷണമാണ് അടുത്ത ലക്ഷ്യം. ഇരുപത്തഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രാമത്തിലെ ഓരോ ബാലകരും നീന്തല്‍ അഭ്യസിച്ചിരുന്ന കുളത്തെ പൂര്‍വ്വ സ്ഥിതിയിലാക്കുക എന്നതാണ് എസ്. കെ.പി ഫ്രണ്ട്‌സിന്റേയും നാട്ടുകാരുടേയും അടുത്ത ലക്ഷ്യം. പള്ളത്തിന്റെ പുനര്‍ ജന്‍മത്തോടെ സമീപപ്രദേശങ്ങളില്‍ നിര്‍ലോഭം ലഭ്യമായിരുന്ന തെളിനീരുറവ വീണ്ടും സജീവമാകുമെന്നും, ഒരു കുഴല്‍ കിണറിനേയും ആശ്രയിക്കാതെ ഏത് കഠിന വേനലിനേയും മറികടക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഇന്ന് കിദൂരുകാര്‍.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍