UPDATES

ട്രെന്‍ഡിങ്ങ്

28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

ശനിയാഴ്ച ശിവാളിന്റെ ബന്ധുക്കള്‍ അട്ടപ്പാടിയില്‍ നിന്നും എത്തുന്നതോടെ വിഷയത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാമൂഹിക പ്രവര്‍ത്തകര്‍

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് കല്ലായിയില്‍ അടിമവേല ചെയ്യിക്കുന്നതായി പരാതിയുയര്‍ന്നിരുന്ന അട്ടപ്പാടിയിലെ ശിവാളിനെ മോചിപ്പിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവില്‍ അപാകതകളുള്ളതായി സാമൂഹിക പ്രവര്‍ത്തകര്‍. വ്യാപാരി വ്യവസായി സമിതിയുടെ മുന്‍ സംസ്ഥാന ഭാരവാഹി കൂടിയായിരുന്ന പി.കെ ഗിരീഷിന്റെ വീട്ടില്‍ ഇരുപത്തിയെട്ടു വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന ആദിവാസി യുവതിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കിയ മുജീബ് റഹ്മാനാണ് കലക്ടറുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത്. പതിനൊന്നാമാത്തെ വയസ്സില്‍ ഗിരീഷിന്റെ വീട്ടില്‍ ജോലിക്കെത്തിയ യുവതിയെ, മതിയായ ശമ്പളമോ അടിസ്ഥാന സൗകര്യങ്ങളോ നല്‍കാതെ അടിമവേല ചെയ്യിക്കുകയാണെന്ന് കാണിച്ച് ജില്ലാ കലക്ടര്‍, സാമൂഹ്യനീതി വകുപ്പ്, എസ്.സി/എസ്.ടി കമ്മീഷന്‍ എന്നിവര്‍ക്ക് മുജീബ് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടും വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ മടിക്കുകയാണെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. അമ്മിണി വയനാട്, ബിന്ദു അമ്മിണി, സിനി എന്നിവര്‍ ഉള്‍പ്പെട്ട നവോത്ഥാന സ്ത്രീപക്ഷ കൂട്ടായ്മ കൂടി വിഷയത്തില്‍ ഇടപെട്ടതോടെ, വനിതാ കമ്മീഷന്‍ അടക്കമുള്ളവര്‍ ഗിരീഷിന്റെ വീട്ടിലെത്തി ശിവാളിനോട് സംസാരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ജില്ലാ കലക്ടറുടെ ഉത്തരവും പുറത്തു വന്നത്.

ശിവാളിനെ മോചിപ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ഉത്തരവില്‍, യുവതിക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോ ചെയ്യുന്ന ജോലിക്ക് കൃത്യമായി പ്രതിഫലം നല്‍കുന്നതിനോ തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കുന്നതിനോ വീട്ടുടമസ്ഥര്‍ ശ്രമം നടത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയതായും സൂചിപ്പിക്കുന്നുണ്ട്. ശിവാളിന്റെ അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെടുന്നതു വരെ പ്രതിമാസം മുന്നൂറു രൂപ നല്‍കിയിരുന്നതൊഴിച്ചാല്‍, ശമ്പളമായി യാതൊന്നും പിന്നീട് ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ശിവാളിന് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്രൈബല്‍ ഡൈവലപ്‌മെന്റ് ഓഫീസര്‍, സോഷ്യല്‍ ജസ്റ്റിസ് ഓഫീസര്‍, കോഴിക്കോട് തഹസില്‍ദാര്‍ എന്നവരെ ഇതിന്റെ ചുമതല ഏല്‍പ്പിച്ചിട്ടുമുണ്ട്. ഇരുപത്തിയെട്ടു വര്‍ഷം ജോലി ചെയ്തതിന്റെ പ്രതിഫലം പലിശ സഹിതം നിശ്ചയിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്കും നിര്‍ദ്ദേശമുണ്ട്. ഇത് കൃത്യമായി ലഭിക്കുമെന്ന് ഉറപ്പുവരുത്താനും കലക്ടര്‍ ആവശ്യപ്പെടുന്നു. ഇത്രയും നടപടികള്‍ പതിനഞ്ചു ദിവസത്തിനകം കൈക്കൊള്ളാനാണ് ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

Also Read: 28 വര്‍ഷമായി അടിമ വേല ചെയ്യുന്ന ശിവാളിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, ഉടന്‍ കൌണ്‍സലിംഗും ലഭ്യമാക്കണം

ശമ്പള കുടിശ്ശിക പലിശയടക്കം തീര്‍ച്ചപ്പെടുത്തി കൈമാറാനും, തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനുമുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണെങ്കിലും, കലക്ടറുടെ ഉത്തരവില്‍ സംശയമുണ്ടാക്കുന്ന പരാമര്‍ശങ്ങളും കടന്നുകൂടിയിട്ടുണ്ട്. ശിവാളിന് മതിയായ പ്രതിഫലം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള നിര്‍ദ്ദേശമാണ് ഇതിലൊന്ന്. തുടര്‍ന്നും ഗിരീഷിന്റെ വീട്ടില്‍ ശിവാള്‍ ജോലി നോക്കും എന്നു സൂചിപ്പിക്കുന്നതാണ് ഈ നിര്‍ദ്ദേശം എന്നാണ് ആരോപണം. അതോടൊപ്പം, ഗിരീഷിന്റെ വീട്ടില്‍ താമസിക്കാന്‍ ശിവയ്ക്ക് അവകാശമുണ്ടായിരിക്കും എന്നൊരു ഭാഗം കൂടി ഉത്തരവിലുണ്ട്. ഇത്രനാള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും ശിവയെ പുറത്താക്കാന്‍ ഗിരീഷിന് അധികാരമില്ലെന്നാണ് ഉത്തരവിലെ പരാമര്‍ശം. ഇത്തരമൊരു സൂചന ഉത്തരവില്‍ ചേര്‍ത്തതിനു പിന്നില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് മുജീബ് ചൂണ്ടിക്കാട്ടുന്നു. “വീട്ടുടമസ്ഥനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഈ ഉത്തരവ്. ശിവയുടെ കാര്യത്തില്‍ നടന്നിട്ടുള്ള ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെ മൂടിവയ്ക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ശിവയെ ആ വീട്ടില്‍ നിന്നും മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. സര്‍ക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളിലേക്കോ സന്നദ്ധ സംഘടനകളുടെ കേന്ദ്രങ്ങളിലേക്കോ മാറ്റാമല്ലോ. നേരെ മറിച്ച്, ഈ വീട്ടില്‍ത്തന്നെ ശിവയെ നിര്‍ത്താനുള്ള നീക്കമാണ് ഉത്തരവിലുള്ളത്. വനിതാ കമ്മീഷനും ജില്ലാ പൊലീസ് കമ്മീഷണറും വിഷയത്തില്‍ എടുത്തത് തെറ്റായ നടപടികളാണ്. യുവതിയെ മോചിപ്പിക്കണം എന്ന് ആദ്യം ആവശ്യപ്പെട്ടപ്പോള്‍, സംരക്ഷിക്കാന്‍ ബന്ധുക്കളില്ലെന്നായിരുന്നു മറുപടി. അട്ടപ്പാടിയില്‍ പോയി ബന്ധുക്കളെ കണ്ടെത്തിയപ്പോഴാകട്ടെ, അവര്‍ മദ്യപാനികളാണ്, അവിടെ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നു ശിവ പറഞ്ഞതായാണ് പറയുന്നത്. ഇന്നലെ എന്റെ മൊഴിയെടുക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനാണ് ശിവ ഇങ്ങനെ പറഞ്ഞുവെന്ന് സൂചിപ്പിച്ചത്. പലതും അവരെക്കൊണ്ട് പറയിപ്പിച്ചും, വളച്ചൊടിച്ചുമാണ് മൊഴിയാക്കുന്നത്”

ശിവാളിന്റെ വിഷയത്തില്‍ മുജീബ് അധികൃതര്‍ക്ക് പരാതി കൊടുത്തിട്ട് ഇരുപതു ദിവസം കഴിഞ്ഞു. നാളിത്രയായിട്ടും മോചനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തത് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലമാണെന്നാണ് അവകാശപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന സംശയം. ആദിവാസികളുടെ വിഷയമായതിനാലും, ഗിരീഷിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ളതിനാലും, വിഷയം വളച്ചൊടിച്ച് മൂടിവയ്ക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ നിന്നും നടക്കുന്നുണ്ടെന്നും മുജീബ് പറയുന്നു. കലക്ടറുടെ പുതിയ ഉത്തരവില്‍പ്പോലും ഇത്തരമൊരു സ്വാധീനത്തിന്റെ അംശമുള്ളതായി സംശയിക്കുന്നത് അതുകൊണ്ടാണെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കുന്നുണ്ട്. ശിവാളിന് പോകാന്‍ മറ്റൊരിടമില്ല എന്നു വരുത്തിത്തീര്‍ത്ത്, തുടര്‍ന്നും ഇതേ വീട്ടില്‍ ജോലി ചെയ്യിക്കുക എന്നതാണ് ഉദ്ദേശമെന്നാണ് പ്രധാന ആരോപണം. ഇങ്ങനെ സംശയിക്കാനുള്ള കാരണങ്ങളും മുജീബ് മുന്നോട്ടുവയ്ക്കുന്നു.

Also Read: അമ്മ മരിച്ചതുപോലും ശിവാളിയെ അറിയിച്ചില്ല, കോഴിക്കോട്ട് അടിമയാക്കിയ യുവതിയുടെ ബന്ധുക്കളെ അട്ടപ്പാടിയില്‍ കണ്ടെത്തി

“ശിവയുടെ വീട്ടുകാരെ പിന്തിരിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് അട്ടപ്പാടിയില്‍ നടത്തിയ അന്വേഷണത്തിലൂടെ അവരെ കണ്ടെത്തിയത്. അവരോട് വിശദമായി സംസാരിച്ച് സാഹചര്യം മനസ്സിലാക്കി തെളിവു ശേഖരിച്ച് പരാതിയും കൊടുത്തു. മല്ലിക എന്ന അവകാശപ്രവര്‍ത്തകയാണ് അവിടെ കാര്യങ്ങള്‍ മുന്നോട്ടു നീക്കിയിരുന്നത്. പരാതി കൊടുത്തതിന് അടുത്ത ദിവസം മഴ പെയ്ത് കറന്റൊക്കെ പോയതിനാല്‍ മല്ലികയ്ക്ക് അവരെ ബന്ധപ്പെടാനായില്ല. അതിനടുത്ത ദിവസം മല്ലിക നേരിട്ടു പോയി സംസാരിച്ച് കോഴിക്കോട്ടേക്ക് വിളിച്ചിട്ടും ശിവയുടെ വീട്ടുകാര്‍ വരാന്‍ തയ്യാറാകുന്നില്ലായിരുന്നു. പഞ്ചായത്ത് മെംബറും എസ്.സി പ്രമോട്ടറുമെല്ലാം ഇവര്‍ നേരിട്ടു സംസാരിക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. ശിവയ്ക്ക് ഇവിടെ സുഖമാണെന്ന് അറിയിക്കുകയും, വാട്‌സ്ആപ്പില്‍ ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ആദ്യം വരാന്‍ തയ്യാറായിരുന്ന ശിവയുടെ ബന്ധുക്കളെ പിന്തിരിപ്പിച്ചതിനു പിന്നില്‍ സിപിഎമ്മിന്റെ വാര്‍ഡ് മെംബറും പ്രമോട്ടറുമാണ്. പിന്നീട് വിളിക്കുമ്പോഴെല്ലാം താത്പര്യമില്ലാത്ത പ്രതികരണമാണ് ബന്ധുക്കളില്‍ നിന്നും ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച അവര്‍ കോഴിക്കോട്ടേക്ക് വരും എന്നാണ് ഒടുവില്‍ അറിഞ്ഞത്. ബന്ധുക്കളെ പിന്തിരിപ്പിച്ച്, അവര്‍ക്കു വരാന്‍ താത്പര്യമില്ലെന്ന് വരുത്തിത്തീര്‍ത്ത് ശിവയെ വീട്ടില്‍ തന്നെ നിര്‍ത്താനുള്ള നീക്കമാണിതെന്നുറപ്പാണ്. ശിവയെക്കൊണ്ട് മാറ്റിപ്പറയിപ്പിച്ച് അവിടെത്തന്നെ തുടര്‍ന്നു കൊണ്ടുപോകുക എന്നതാണ് ഉദ്ദേശം. അത് ഒട്ടും പ്രായോഗികമല്ല. നല്ല അവസ്ഥയില്‍ ശിവയെ സംരക്ഷിക്കാന്‍ സന്മനസ്സു കാണിക്കാത്ത ആ കുടുംബം, ഇത്രയും പ്രശ്‌നങ്ങളുണ്ടായി മാനക്കേടായതിനു ശേഷം എങ്ങനെയാണ് അവര്‍ക്ക് സുരക്ഷയുറപ്പാക്കുക? ശിവ ഇത് ഗീതയോടു പറഞ്ഞു എന്ന പേരില്‍ ഗീതയെ ജോലിസ്ഥലത്തു പോയി വഴക്കു പറഞ്ഞവരാണ്.” ഗിരീഷിന്റെ സഹോദരിയുടെ വീട്ടില്‍ ഹോം നേഴ്സായി ജോലി ചെയ്തിരുന്ന ഗീതയാണ് ശിവാളിന്റെ ദുരവസ്ഥ ആദ്യമായി പുറംലോകത്തെ അറിയിച്ചത്.

വിഷയത്തില്‍ വനിതാ കമ്മീഷന്‍ സ്വീകരിച്ച നിലപാടിനെതിരെയും വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. നവോത്ഥാന സ്ത്രീ കൂട്ടായ്മ ശിവയെ സന്ദര്‍ശിച്ചപ്പോഴും, വീട്ടുകാരുടെ മുന്നില്‍ താന്‍ സംതൃപ്തയാണ് എന്നാണ് മൊഴി കൊടുത്തിരുന്നത്. അതേസമയം ശിവയെ മാത്രം മാറ്റി നിര്‍ത്തി സംസാരിച്ചപ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെട്ടതായി കൂട്ടായ്മയുടെ ഭാഗമായ അമ്മിണി വ്യകതമാക്കിയിരുന്നു. ശിവയുടേതെന്നു പറഞ്ഞു കാണിച്ച കിടപ്പുമുറി, പ്രശ്‌നം മാധ്യമങ്ങളറിഞ്ഞതോടെ ഒരാഴ്ച മുന്‍പു മാത്രം നല്‍കിയതാണെന്നും തനിക്ക് പുറത്തു പോകാന്‍ താത്പര്യമുണ്ടെന്നും ശിവ കൂട്ടായ്മയോടു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ശിവാള്‍ ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതായി കണ്ടെത്താനായിട്ടില്ലെന്നും, ശമ്പളം തടഞ്ഞുവച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചു പഠിക്കുമെന്നുമായിരുന്നു വനിതാ കമ്മീഷന്റെ പ്രതികരണം. ശിവയെ ഗിരീഷിന്റെ വീട്ടില്‍ നിന്നും മാറ്റേണ്ടതുണ്ടെന്നു കരുതുന്നില്ലെന്നും വനിതാ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. എന്നാല്‍, കമ്മീഷനിലെ അംഗങ്ങളിലൊരാള്‍ ഗിരീഷിന്റെ ബന്ധുവാണെന്നതും, കമ്മീഷന്‍ മൊഴിയെടുക്കാനെത്തിയപ്പോള്‍ സിപിഎം നേതാക്കളില്‍ ചിലര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നതും സംശയമുണ്ടാക്കുന്നുണ്ടെന്ന് മുജീബ് ആരോപിക്കുന്നു.

Also Read: 28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

“ശിവയെ അവിടുന്നു മോചിപ്പിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം കേസുകളില്‍ എസ്.സി/എസ്.ടി കമ്മീഷന്‍ ചെയ്യാറുള്ളതും അതുതന്നെയാണല്ലോ. പരാതി കൊടുത്തിട്ടിപ്പോള്‍ ഇരുപതു ദിവസം കഴിഞ്ഞു. എന്നിട്ടും കൃത്യമായൊരു നടപടി ഈ വിഷയത്തില്‍ കൈക്കൊണ്ടിട്ടില്ല. വിവാഹം കഴിപ്പിച്ച് കടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നൊക്കെയാണ് ആരോപിക്കുന്നത്. വിവരം എന്നെയറിയിച്ച ഹോം നഴ്‌സ് ഗീതയ്ക്ക് ശിവയെ കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. സത്യത്തില്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടാണ് ഗീത മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്. ഇതൊക്കെ കൃത്യമായി പറഞ്ഞിട്ടും പോലീസ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ല. കമ്മീഷണറാണെങ്കില്‍, പരാതി ഉന്നയിക്കുന്നവരെ കുറ്റപ്പെടുത്തുകയാണ്. ശിവാളിന്റെ കാര്യം കലക്ടറോട് നേരിട്ടു പരാതിയായി പറഞ്ഞെങ്കിലും ആദ്യ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നില്ല. സാമൂഹ്യനീതി വകുപ്പിനു കൊടുത്ത പരാതിയിലും ഇതു തന്നെയായിരുന്നു അവസ്ഥ. കലക്ടര്‍ പരാതി ഫോര്‍വേഡു ചെയ്താല്‍ ഉടനെ നടപടിയെടുക്കുമെന്നു പറഞ്ഞ് സാമൂഹ്യനീതി വകുപ്പിലെ ഉദ്യോഗസ്ഥര്‍, എ.ഡി.എം വിളിച്ചപ്പോള്‍ പറഞ്ഞത് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് അറിവുപോലുമില്ലെന്നാണ്. ഉദ്യോഗസ്ഥ തലത്തില്‍ അത്രയും അനാസ്ഥയുണ്ടായിട്ടുണ്ട്. വലിയ സമ്മര്‍ദ്ദവും ഗൂഢാലോചനയുമുണ്ട്.”

ശനിയാഴ്ച ശിവാളിന്റെ ബന്ധുക്കള്‍ അട്ടപ്പാടിയില്‍ നിന്നും എത്തുന്നതോടെ വിഷയത്തില്‍ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുജീബടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍. ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കുമ്പോള്‍ത്തന്നെ, വീട്ടില്‍ തുടരാനുള്ള അനുവാദം ഉത്തരവില്‍ ഉള്‍പ്പെടുത്തിയത് പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ശിവാള്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ നല്‍കുന്ന മൊഴി അവസാനവാക്കായി എടുക്കരുതെന്നും മുജീബ് ആവശ്യപ്പെടുന്നുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍