UPDATES

തെരഞ്ഞെടുപ്പ് 2019

ഇടത് സഖ്യം; ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് ആത്മഹത്യാപരം: സി ആര്‍ നീലകണ്ഠന്‍/അഭിമുഖം

കേരളത്തില്‍ ഈ സഖ്യം കൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രത്യേകിച്ച് അന്ത്യനിമിഷത്തിലെ ഈ സഖ്യം. അത് ആം ആദ്മിയെ കേരളത്തില്‍ തകര്‍ക്കും

ആം ആദ്മി പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ സ്വന്തം നിലയ്ക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെന്നതിന്റെ കാരണത്താല്‍ സി ആര്‍ നീലകണ്ഠനെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തു നിന്നു നീക്കുകയും പാര്‍ട്ടിയുടെ പ്രാഥാമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയുമാണ്. ഇത്തരമൊരു നടപടിയും അതിനു പറഞ്ഞരിക്കുന്ന കാരണങ്ങളും അംഗീകരിക്കുന്നുണ്ടോ? കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം ശരിയായതാണോ? ആം ആദ്മി പാര്‍ട്ടിയുടെ കേരളത്തിലെ ഭാവിയെന്ത്? എന്നീ ചോദ്യങ്ങള്‍ക്ക് സി ആര്‍ നീലകണ്ഠനുള്ള മറുപടി തേടുകയാണ് ഈ അഭിമുഖം.

സ്വന്തം തീരുമാനപ്രകാരം യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുക, അതിന്റെ പേരില്‍ നടപടി നേരിടുക. സി ആര്‍ നീലകണ്ഠന് ഇങ്ങനെയൊരു വീഴ്ച്ച പറ്റിയതെന്തുകൊണ്ട്?

വീഴ്ച്ച പറ്റിയെന്നു ഞാന്‍ കണക്കാക്കുന്നില്ല. അങ്ങനെ തോന്നുന്നവര്‍ അക്കാര്യം ലോജിക്കോടെ വിശദീകരിച്ച് തന്നാല്‍ അംഗീകരിക്കാം. തെരഞ്ഞെടുപ്പ് പ്ര്യഖ്യാപിച്ചതിനു ശേഷം, മുന്നണികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങള്‍ വരുന്നതിനു മുമ്പായി- പാര്‍ട്ടി ദേശീയ നേതൃത്വത്തിനു മുന്നില്‍ ഞാന്‍ ഓപ്ഷനുകള്‍ വച്ചിരുന്നു. മത്സരത്തിനില്ലാത്തൊരു രാഷ്ട്രീയ പാര്‍ട്ടി തങ്ങള്‍ ഏത് മുന്നണിക്ക്/പാര്‍ട്ടിക്ക് ആണ് പിന്തുണ കൊടുക്കുന്നതെന്നു വ്യക്തമാക്കേണ്ടതുണ്ട്. മനഃസാക്ഷി വോട്ട് ചെയ്യാന്‍ പറയുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ പണിയല്ല. പൊളിറ്റിക്കല്‍ പൊസിഷന്‍ എടുക്കണം. ഇതനുസരിച്ചാണ് എന്താണ് നമ്മുടെ പാര്‍ട്ടിയുടെ നിലപാട് എന്നറിയാന്‍ ചോദിച്ചത്. ഏത് മുന്നണിയെ പിന്തുണയ്ക്കണം; യുഡിഎഫോ എല്‍ഡിഎഫോ? ഈ രണ്ടു മുന്നണികളെയും കുറിച്ചുള്ള വിശദീകരണവും നല്‍കി. ഫെഡറല്‍ ഫ്രണ്ടിനെ പിന്തുണയ്ക്കണോ? എല്‍ഡിഎഫിന് പിന്തുണ കൊടുക്കണോ? അതോ സെലക്ടീവ് മണ്ഡലങ്ങളില്‍ പിന്തുണ വ്യത്യാസപ്പെടുത്തണോ? എന്‍ഡിഎ വിരുദ്ധ നിലപാടാണോ കേരളത്തിലും തുടരേണ്ടത്? എന്‍ഡിഎയെ എതിര്‍ക്കുക എന്നതിനാണ് ആം ആദ്മി ആദ്യ പരിഗണന കൊടുക്കുന്നത്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത്, അവിടെ ആം ആദ്മി മത്സരിക്കുമ്പോള്‍ തന്നെ അരവിന്ദ് കെജ്രിവാള്‍ നല്‍കിയ നിര്‍ദേശം ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കഴിവുള്ള ഏത് സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുക എന്നായിരുന്നു. നമ്മുടെ ഒരു വോട്ട് കൊണ്ട് ഒരു ബിജെപി സ്ഥാനാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍ അത് ചെയ്യൂ എന്നായിരുന്നു. പക്ഷേ കേരളത്തില്‍ എന്‍ഡിഎ പ്രധാന എതിരാളിയല്ല. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ആ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത്? ഇത്തരം കാര്യങ്ങള്‍ വിശദീകരിച്ച് ഞാന്‍ നേതൃത്വത്തിന് ഇ മെയില്‍ അയച്ചിരുന്നതാണ്.

എന്നിട്ട് എന്തു സംഭവിച്ചു?

എന്‍ഡിഎ തോല്‍പ്പിക്കുക തന്നെയാണ് മുഖ്യ പരിഗണന എന്ന് പറഞ്ഞു. ബാക്കി സംസ്ഥാന താത്പര്യം അനുസരിച്ച് തീരുമാനം എടുക്കാനാണ് നിര്‍ദേശം കിട്ടിയത്. അതനുസരിച്ച് തെക്ക്-മധ്യ-വടക്ക് മേഖല യോഗങ്ങള്‍ വിളിച്ചു. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് സോണല്‍ മീറ്റിംഗുകള്‍. ആ യോഗങ്ങളില്‍ ഞാന്‍ വോളന്റിയര്‍മാരോട് ആവശ്യപ്പെട്ടത് പ്രാദേശികമായി നിങ്ങള്‍ തീരുമാനങ്ങള്‍ പറയാനാണ്. പ്രാദേശിക വികാരങ്ങള്‍ ആ യോഗങ്ങളില്‍ ഉയര്‍ന്നു. മധ്യമേഖലയില്‍ പ്രധാനമായും ഉണ്ടായ അഭിപ്രായം എറണാകുളം, ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളില്‍ യുഡിഎഫിനെ പിന്തുണയ്ക്കണം എന്നായിരുന്നു. പൊന്നാനിയില്‍ യുഡിഫിനെ പിന്തുണയ്ക്കണമെന്നുള്ള അഭിപ്രായം ഉണ്ടായതുപോലെ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരേ നില്‍ക്കണമെന്നും പറഞ്ഞു. വയനാട് രാഹുല്‍ ഗാന്ധിക്ക് പിന്തുണ കൊടുക്കണം, കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം. അതേസമയം വടകരയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടായി. യുഡിഎഫിനെ പിന്തുണയ്ക്കണോ അതോ അവിടെ സ്വതന്ത്രനായി നില്‍ക്കുന്ന നസീറിനെ പിന്തുണയ്ക്കണോ എന്നതിലായിരുന്നു അനിശ്ചിതത്വം. നസീര്‍ ആം ആദ്മിയുടെ രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നൊരാള്‍ കൂടിയാണ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവനെതിരേയുള്ള ആരോപണത്തില്‍ അദ്ദേഹത്തിനെതിരേ പ്രസ്താവന ഇറക്കിയൊരാളാണ് ഞാന്‍. പക്ഷേ, യോഗത്തില്‍ ഉണ്ടായത് രാഘവന് അനുകൂലമായുള്ള അഭിപ്രായമാണ്. ആരോപണങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടില്ലെന്നും ഉള്ളതില്‍വച്ച് ഭേദപ്പെട്ടയാളാണ് അദ്ദേഹമെന്നും എതിര്‍സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിനെതിരേയും ആരോപണങ്ങള്‍ ഉള്ളതാണെന്നും വോളന്റിയര്‍മാര്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലാണ് ഓരോയിടത്തു നിന്നും തീരുമാനങ്ങള്‍ ഉണ്ടായത്. ഇതിലൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളോ ഇടപെടലുകളോ ഉണ്ടായിട്ടില്ല. വടക്ക്-മധ്യമേഖലകളില്‍ വടകരയൊഴിച്ച് ആരെ പിന്തുണയ്ക്കണമെന്നുള്ള ലിസ്റ്റ് തയ്യാറായി. തെക്കന്‍ മേഖലയില്‍ അവരൊരു തീരമാനത്തില്‍ എത്തിയില്ലെന്നും ഉടന്‍ തീരുമാനം എടുക്കാമെന്നും പറഞ്ഞു. എങ്കില്‍ നിങ്ങള്‍ തീരുമാനം എടുത്തശേഷം നേരിട്ട് ദേശീയ നേതൃത്വത്തെ അറിയിച്ചാല്‍ മതിയെന്നും ഞാന്‍ നിര്‍ദേശം നല്‍കി. ഇതിനുശേഷം ഇവിടുത്തെ തീരുമാനം സമയം കളയാതെ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന സമ്മര്‍ദ്ദം ഉണ്ടായി. അതിന്‍മേലാണ് വാര്‍ത്താസമ്മേളനം വിളിക്കുന്നത്. ഈ സയമയത്തൊക്കെ സോമ്‌നാഥ് ഭാരതി തന്നെ നിയോഗിച്ച ഒരു ദേശീയ നിരീക്ഷകനും എനിക്കൊപ്പമുണ്ട്. അദ്ദേഹത്തിനൊപ്പമാണ് മാധ്യമസമ്മേളനം വിളിക്കുന്നത്. പിന്നെ എനിക്കൊരു സംശയത്തിന്റെ ആവശ്യമില്ലല്ലോ. അങ്ങനെ ഞാന്‍ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. അതെന്റെ വ്യക്തപരമായ തീരുമാനങ്ങളല്ലായിരുന്നു. അതിനും മുന്നേ ഞാന്‍ വ്യക്തത ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് മെയില്‍ അയച്ചതുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെയാണെന്നിരിക്കെ ഞാന്‍ സ്വയം തീരുമാനമെടുത്തു നടപ്പാക്കിയെന്നു പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

പിന്നെ എന്തുകൊണ്ടായിരിക്കും അങ്ങനെയൊരു നടപടിയുണ്ടായത്?

എനിക്ക് അറിയില്ല. 18 ന് ആണ് ഞാന്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് വാര്‍ത്ത സമ്മേളനം നടത്തുന്നത്. 19 ന് ഒരു പ്രശ്‌നവുമില്ല. 20 ആം തീയതിയാണ് ഒരു മെയില്‍ വന്നിട്ടുണ്ടെന്ന് എന്നെ വിളിച്ചു പറയുന്നത്. ഞാനാണെങ്കില്‍ അന്നത്തെ ദിവസം വളരെ തിരക്കിലായിരുന്നു. പിന്നീടാണ് അറിയുന്നത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരില്‍ എനിക്കെതിരേ നടപടിയെടുത്തെന്ന്.

ഇടതു മുന്നണിക്കാണ് പിന്തുണ കൊടുക്കേണ്ടതെങ്കില്‍ അത് നേരത്തെ പറയണമായിരുന്നു. അവസാന ദിവസം വന്ന് ഒരു മുന്നണിക്ക് പിന്തുണ കൊടുക്കുന്നത് ശരിയല്ല. കൂടെയുള്ളവരെ എങ്ങനെ പറഞ്ഞു മനസിലാക്കും? എന്തുകൊണ്ട് ആ മുന്നണിക്ക് എന്നവര്‍ ചോദിച്ചാല്‍ മറുപടി പറയണം. ഇത് കേരളമാണ്.

നടപടി ഉണ്ടായത് അപ്രതീക്ഷിതമായിരുന്നോ?

ഞാന്‍ മുന്‍പേ ചോദിച്ചതിനൊന്നും മറുപടി പറയാതിരുന്നിട്ട്. സോമനാഥ് ഭാരതിയും സിപിഎം നേതാവ് നീലോല്‍പല്‍ ബസുവും ചേര്‍ന്ന് നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിക്കുന്നത്. അതേ വാര്‍ത്താ സമ്മേളനത്തില്‍ തന്നെയാണ് എന്നെ ഒഴിവാക്കിയെന്നുള്ള വിവരവും പറയുന്നത്. അതിലൊരു അനൗചിത്യമുണ്ട്. മറ്റൊരു പാര്‍ട്ടി നേതാവിനൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ എന്റെ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നം പറയേണ്ട കാര്യമില്ല.

എന്നെ ഒഴിവാക്കിയതില്‍ പരാതിയില്ല. ഒന്നേകാല്‍ വര്‍ഷം മുമ്പേ ഞാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണത്. കേരളത്തിലെ കമ്മിറ്റി മരവിപ്പിച്ചിരിക്കുകയാണ്. അങ്ങനെയൊരു കമ്മിറ്റിയെ വച്ച് എന്ത് പ്രവര്‍ത്തനം നടത്താനാണ്. ഓര്‍ഗനൈസേഷന്‍ മുന്നോട്ട് കൊണ്ടുപോകണ്ടേ? ഒന്നുകില്‍ എന്നെ മാറ്റൂ, അല്ലെങ്കില്‍ കമ്മിറ്റി മരവിപ്പിച്ച നടപടി പിന്‍വലിക്കൂ എന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ് പറഞ്ഞിരുന്നത്. അതിനുശേഷം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നു പറഞ്ഞു. എനിക്കത് സന്തോഷമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തന്നെ മറ്റൊരാള്‍ക്ക് സ്ഥാനമേല്‍പ്പിച്ച് എനിക്ക് പിന്മാറാമല്ലോ.

ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധമുണ്ടോ?

എനിക്കെതിരെ നടപടിയെടുത്തതിനെ കുറിച്ച് ഞാനാരോടും പരാതിയും എതിര്‍പ്പുമൊന്നും പറയുന്നില്ല. എല്‍ഡിഫിനു വേണ്ടി പ്രചാരണം നടത്താന്‍ ബുദ്ധിമുട്ടുണ്ട്. അതല്ലെങ്കില്‍ ആദ്യമേ പറയണമായിരുന്നു. എങ്കില്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ചയ്ക്കുള്ള സമയമുണ്ടായിരുന്നു. നമ്മുടെ വാദങ്ങള്‍ അവതരിപ്പിക്കായിരുന്നു. വേണമെങ്കില്‍ സിലക്ടീവായ മണ്ഡലങ്ങളില്‍ ഒഴിച്ച് ബാക്കിയിടങ്ങളില്‍ പിന്തുണ കൊടുക്കമായിരുന്നു. ജയരാജനെയോ ഇന്നസെന്റിനെയോ ജോയ്‌സ് ജോര്‍ജിനെയോ പിന്തുണയ്ക്കാന്‍ കഴിയില്ല. അതേസമയം എറണാകുളത്ത് രാജീവിനെ പിന്തുണയ്ക്കാം, തൃശൂര്‍ രാജാജിയെ പിന്തുണയ്ക്കാം, അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുന്ന തിരുവനന്തപുരത്ത് ഇടത് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ കൊടുക്കാം. ഇതൊക്കെ ആളുകളെ പറഞ്ഞ് മനസിലാക്കാനും കഴിയും. രാഷ്ട്രീയ ബുദ്ധിയുപയോഗിച്ച് എടുക്കേണ്ടിയിരുന്ന തീരുമാനമായിരുന്നു. അതല്ലാതെ ഒരു സുപ്രഭാതത്തില്‍ വന്ന് എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞാല്‍, ഇതേ കാര്യം ഞാന്‍ പോയി ഒരു പ്രവര്‍ത്തകനോട് പറഞ്ഞാല്‍ അവനെന്നെ അടിക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ച പരാജയപ്പെട്ടെന്നാണ് അവരിപ്പോള്‍ ഇവിടുത്തെ കാര്യം ന്യായീകരിക്കാന്‍ പറയുന്നത്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആപ് സംഖ്യം ഉണ്ടാകുമെന്ന ധാരണയിലാണ് ഇവിടെയും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ പലരും തയ്യാറായതും. സിപിഎമ്മിന് ദേശീയ തലത്തില്‍ പ്രസക്തിയില്ലല്ലോ.

താങ്കളിലുള്ള കടുത്ത സിപിഎം വിരുദ്ധതയാണ് യുഡിഎഫ് പിന്തുണയ്ക്കു പിന്നിലെന്ന് ആക്ഷേപമുണ്ടല്ലോ?

എന്റെ സിപിഎം വിരുദ്ധത പരക്കെ പ്രചരിക്കുന്നൊരു കാര്യമാണ്. അതൊരു സിപിഎം അജണ്ടയാണ്. സിപിഎം എപ്പോഴും മനുഷ്യരെ രണ്ടായി തിരിക്കും. സിപിഎം അനുകൂലികളെന്നും സിപിഎം വിരുദ്ധരെന്നും. എന്നെ സംബന്ധിച്ച് സിപിഎം ഇപ്പോള്‍ ഒരു ഘടകമല്ല. സിപിഎം അല്ല എന്റെ സെന്റര്‍ പോയിന്റ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഒരു വിഭാഗം എനിക്കെതിരേ പ്രചരിപ്പിച്ച കാര്യം ഞാന്‍ ആം ആദ്മിയെ സിപിഎമ്മിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു. അഴിമതിയുടെ പേരില്‍ കെ ബാബുവിനും കെ എം മാണിക്കുമെതിരേ നടത്തിയ ശക്തമായ സമരങ്ങളുടെ പേരിലായിരുന്നു അത്.

സിപിഎമ്മിന്റെ സമ്മര്‍ദ്ദമാണോ ആം ആദ്മി അവരുമായി സഖ്യത്തിലേര്‍പ്പെടാന്‍ കാരണം?

ആം ആദ്മിയെ ഇടതുപക്ഷം ട്രാപ്പ് ചെയ്തതാണോ എന്നറിയില്ല. എന്തായാലും ഇടതുപക്ഷം വല്ലാത്ത പരിഭ്രമത്തിലാണ്. അവര്‍ക്കിവിടെ ജീവന്‍മരണ പോരാട്ടമാണ്. പി. രാജീവ്, സി ദിവാകരന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയ സിപിഎം സിപിഐ നേതാക്കള്‍ എന്നെ വിളിച്ച് പിന്തുണ തേടിയതാണ്. ഞാനവരോട് പറഞ്ഞത്, നിങ്ങള്‍ ദേശീയ നേതൃത്വത്തെ ബന്ധപ്പെട്ട് അനുവാദം വാങ്ങാനായിരുന്നു. ഒരുപക്ഷേ നേരത്തെ ആ തരത്തിലൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ ചെറിയൊരു സഹായമെങ്കിലും ഇടതിനു കിട്ടുമായിരുന്നു. ഇപ്പോഴവര്‍ ആം ആദ്മിയെ തേടി ഓഫിസില്‍ എത്തിയത് തന്നെ ആ ഒരു മുട്ടുവിറയല്‍ കൊണ്ടാണ്.

ഇടതു പക്ഷവുമായുള്ള ആം ആദ്മിയുടെ സഖ്യത്തെ എങ്ങനെ കാണുന്നു?

ഔദ്യോഗികമായി പറയാന്‍ കഴില്ലല്ലോ. ഞാന്‍ കാര്യങ്ങള്‍ നോക്കി കാണുന്നതുവച്ച് പറയുകയാണെങ്കില്‍ ഈ തീരുമാനം ആം ആദ്മിയെ സംബന്ധിച്ച് ആത്മഹത്യപരമാണ്. ദേശീയ തലത്തില്‍ എന്നെങ്കിലും എന്തെങ്കിലും ഗുണം കിട്ടുമായിരിക്കാം. എന്നാല്‍ കേരളത്തില്‍ ഈ സഖ്യം കൊണ്ട് ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. പ്രത്യേകിച്ച് അന്ത്യനിമിഷത്തിലെ ഈ സഖ്യം. അത് ആം ആദ്മിയെ കേരളത്തില്‍ തകര്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പ് സമയത്തായിരുന്നുവെങ്കില്‍ പറയാന്‍ ന്യായമുണ്ടായിരുന്നു. യുഡിഎഫിനെതിരേ ഒത്തിരി സമരം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. അന്നൊരു സഖ്യമുണ്ടാക്കാമെന്നു ഞാന്‍ കൈയും കാലും പിടിച്ചു പറഞ്ഞതാണ്. ഉപാധികളില്ലാത്ത പിന്തുണ, ആം ആദ്മിക്ക് ഒരു സീറ്റും വേണ്ട. അന്നത് നടന്നില്ല. ഇപ്പോള്‍ ചെയ്യുന്നത് സമയം തെറ്റി നടത്തുന്ന ചൂതാട്ടമാണ്. ഇടതിന് ഇതില്‍ നഷ്ടമുണ്ടായാലും കുഴപ്പമില്ല. അവര്‍ മുങ്ങിത്തുടങ്ങിയിരിക്കുകയാണ്. നഷ്ടം ആം ആദ്മിക്കാണ്. ഈ സഖ്യം കൊണ്ട് എനിക്ക് സന്തോഷം തോന്നിയത് ഒരു കാര്യത്തില്‍ മാത്രമാണ്. ദേശാഭിമാനിയും കൈരളിയും അരവിന്ദ് കെജ്രിവാളിനെ കുറിച്ച് നല്ലത് പറയുന്നുണ്ട്.

സി ആര്‍ നീലകണ്ഠന്‍ ഇനിയും ആം ആദ്മി പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമോ?

ഞാന്‍ ഇപ്പോഴും ആം ആദ്മിക്കാരനാണ്. ഈ പാര്‍ട്ടി അതിന്റെ ശൈശവദിശയിലാണ്. കേരളത്തില്‍ ആപ് ഒരു ഓള്‍ട്രേനറ്റീവ് ആയി വളരും. അങ്ങനെ വളര്‍ത്തിക്കൊണ്ടുവരാനായി ശ്രമിക്കും. അതില്‍ ഞാന്‍ അകത്തോ പുറത്തോ സ്ഥാനമുണ്ടോ ഇല്ലയോ എന്നൊന്നും കാര്യമാക്കേണ്ട. ആം ആദ്മിക്ക് കേരളത്തില്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. ഒരു ജനകീയ മുന്നണിയായി അതിനെ ആളുകള്‍ കാണും. അങ്ങനെയൊരു സ്‌പേസ് ഇവിടെ കിടപ്പുണ്ട്. ഈ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷത്തിന് വലിയൊരു അടി കിട്ടും. അവര്‍പോലും പ്രതീക്ഷിക്കാത്ത അടി. അങ്ങനെ വരുന്നതോടെ ഒരു വലിയ വിഭാഗം അതില്‍ നിന്നും അടരും. അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തും. ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ആം ആദ്മി പാകപ്പെടണം. അവരെ ഉള്‍ക്കൊള്ളുന്ന പ്ലാറ്റ് ഫോം ആം ആദ്മി ഉണ്ടാക്കിയെടുക്കണം. ഇടതുപക്ഷം നശിച്ചു കഴിയുമ്പോള്‍ അതിലെ കൃമി കീടങ്ങളെല്ലാം ബിജെപിയിലേക്ക് പോകും. അങ്ങനെ ബിജെപി വളരും. ന്യൂനപക്ഷ ജനാധിപത്യ ചേരിയുള്ളതുകൊണ്ട് യുഡിഎഫ് നിലനില്‍ക്കും. ഇടതുപക്ഷം ഇല്ലാതാകുന്നൊരു സ്‌പേസ് അപ്പോള്‍ ഉണ്ടായി വരും. ആ സ്‌പേസിലേക്ക് ആം ആദ്മി പാര്‍ട്ടി എത്തണം. അതിനായി ഞാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍