UPDATES

എന്തായാലും ഇതത്ര ശരിയായില്ല ആം ആദ്മിക്കാരേ, അവരുടെ സമരം നോക്കാന്‍ അവര്‍ക്കറിയാം

പൊമ്പുളൈ ഒരുമൈ സമരത്തിലെ ആപ് കയ്യേറ്റവും ‘നാട്ടുകാരു’ടെയും ‘പന്തലുകാരു’ടെയും ഇടപെടലും

മൂന്നാറില്‍ തോട്ടംതൊഴിലാളികളായ സ്ത്രീകള്‍ സംഘടിച്ചു സമരം നടത്തുമ്പോള്‍ അവര്‍ക്കു പിന്തുണയുമായി ആദ്യം രംഗത്തുവന്നവരില്‍ ആം ആദ്മി പാര്‍ട്ടി എന്ന രാഷ്ട്രീയ പ്രസ്ഥാനമുണ്ട്. പൊമ്പുളൈ ഒരുമൈ എന്നപേരില്‍ പിന്നീട് അറിയപ്പെട്ട സ്ത്രീ സമരസംഘടനയുടെ പില്‍ക്കാല പ്രവര്‍ത്തനങ്ങളില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളും പിന്തുണയും നല്‍കാനും പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പൊമ്പുളൈ ഒരുമൈ മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സാമ്പത്തികമായി സഹായിക്കാനും ആം ആദ്മി അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആ നന്ദിയും കടപ്പാടും പൊമ്പുളൈ ഒരുമൈ ആം ആദ്മിയോട് നിലനിര്‍ത്തിയും പോന്നിരുന്നു.

കഴിഞ്ഞ ഞായറാഴ്ച മൂന്നാര്‍ ടൗണില്‍ മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗോമതി, രാജേശ്വരി, കൗസല്യ എന്നിവരുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമ്പോള്‍ അന്നേ ദിവസം തന്നെ പിന്തുണയുമായി എത്താനും ആം ആദ്മിക്കാരുണ്ടായിരുന്നു. കേരളത്തിലെ ആം ആദ്മിയുടെ പ്രധാനമുഖമായ സിആര്‍ നീലകണ്ഠന്റെ നേതൃത്വത്തിലായിരുന്നു ആപ്പുകാര്‍ പിന്തുണയുമായി സമരപന്തലില്‍ എത്തുന്നത്.

തങ്ങളുടെ സമരത്തിനു നല്ല ഉദ്ദേശ്യത്തോടെ പിന്തുണ നല്‍കാന്‍ എത്തുന്ന ആരെയും സ്വീകരിക്കുക എന്നത് പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആദ്യം മുതല്‍ സ്വീകരിച്ച നിലപാടാണ്. ആം ആദ്മിയെ സ്വീകരിക്കുന്നതും ബിജെപി നേതാക്കളെയും ഇടുക്കിക്ക് പുറത്തുള്ള കോണ്‍ഗ്രസുകാരെയും ഒപ്പമിരുത്തിയതും ആ നിലപാടിന്റെ പേരിലായിരുന്നു. പക്ഷേ വന്നവരുടെ ലക്ഷ്യങ്ങള്‍ സമരപ്രവര്‍ത്തകര്‍ മനസിലാക്കിയതോടെയാണ് ഒപ്പമിരുന്നവര്‍ ഒരോരുത്തരായി കസേരയൊഴിഞ്ഞുപോയത്. സമരം ആരും ഏറ്റെടുക്കേണ്ട, ഇതു പൊമ്പുളൈ ഒരുമൈ സമരമാണെന്ന് പറഞ്ഞു മനസിലാക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നു.

അവിടെയാണ് ആം ആദ്മിക്കാരുടെ ബുദ്ധി പ്രവര്‍ത്തിച്ചത്. അവര്‍ പിന്തുണയ്ക്കാന്‍ എത്തിയത് ഒന്നോ രണ്ടോ പേരുമായിട്ടല്ല. മറ്റുള്ള പിന്തുണക്കാരെക്കാള്‍ എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നു. ഒരു ചെറുകൂടാരത്തിനോളം വലിപ്പം മാത്രമുള്ള സമരപന്തലിന്റെ മുക്കാലും (മൂന്നു കസേരയിടാനുള്ള സ്ഥലം ഒഴികെ ബാക്കി സ്ഥലമെല്ലാം) തൊപ്പിവച്ചവര്‍ സ്വന്തമാക്കി. ചാനല്‍ കാമറകള്‍ സമരപന്തലില്‍ എങ്ങോട്ടു തിരിച്ചാലും ഒരു ആം ആദ്മിക്കാരനെങ്കിലും ഫ്രെയിമില്‍ വന്നിരിക്കും. ആകെയൊരു ആളും ബഹളവുമൊക്കെ ഞങ്ങളു വന്നതോടെയല്ലേ ഉണ്ടായതെന്ന മട്ടില്‍ ആപ്പുകാര്‍. നിരാഹാര സമരപന്തലില്‍ കുപ്പിവെള്ളം വിതരണം, സെല്‍ഫിയെടുക്കല്‍, തുടങ്ങി സമരത്തിനു തങ്ങളെക്കൊണ്ടാകുംവിധം അലുക്കുകള്‍ കൊരുത്തിടാന്‍ ആം ആദ്മിക്കാര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. തൊപ്പിവച്ച തലകളും കൊടികളുമൊക്കെയായി പുറത്തു നിന്നൊരാള്‍ നോക്കുമ്പോള്‍ അതാ ഒരു ആം ആദ്മി സമരപ്പന്തല്‍ എന്നു മറ്റുള്ളവരെകൊണ്ട് തോന്നിപ്പിക്കും വിധം എല്ലാം ചെയ്തിട്ടുണ്ട്. അവിടെയെവിടായി കറങ്ങി നടക്കുന്ന സിപിഎമ്മുകാര്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നതാണ് ഇതെല്ലാമെന്ന് ആരൊക്കെയോ പറയുന്നുമുണ്ട്.

അപകടം മണത്ത പൊമ്പുളൈ ഒരുമൈ പ്രവര്‍ത്തകര്‍ ഒന്നല്ല, ഒന്നില്‍ കൂടുതല്‍ തവണ ആം ആദ്മിക്കാരോട് മിതമായ ഭാഷയില്‍ പറഞ്ഞു, പിന്തുണ ഞങ്ങള്‍ സ്വീകരിക്കുന്നു, പക്ഷേ സമരം നടത്തുകയോ നിരാഹാരമിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് ഈ പന്തലില്‍ നിന്നും മാറി മറ്റൊരിടത്ത് ആകണമെന്ന്. വിയോജിപ്പിന്റെ ഭാഷയിലല്ല, അഭ്യര്‍ത്ഥനയായിരുന്നു. സിആര്‍ നിലകണ്ഠന്‍ അടക്കമുള്ളവര്‍ അതംഗീകരിക്കുകയും ചെയ്തു. പക്ഷേ…

എന്നാല്‍ ചാനലുകാരും മറ്റു മാധ്യമപ്രവര്‍ത്തകരുമെല്ലാം ചോദിക്കുമ്പോള്‍ സിആര്‍ പറഞ്ഞത് ആം ആദ്മി സമരത്തിലാണെന്നും നിരാഹാര സമരത്തിലാണെന്നുമാണ്. ചാനല്‍ ചര്‍ച്ചകളിലും സിആര്‍ ഇതാവര്‍ത്തിച്ചു. പൊമ്പുളൈ ഒരുമൈ സമരപ്പന്തലില്‍ ആം ആദ്മിക്കാരുടെ കൂട്ടം തന്നെയായിരുന്നു പ്രൈം ടൈം ചര്‍ച്ചകളില്‍ കാണാനാകുന്നത്. ഇതുകണ്ടു പലരും ചോദിച്ചു, പെമ്പുളൈ ഒരുമൈ സമരം ആം ആദ്മിക്കാര്‍ ഏറ്റെടുത്തോ? ചിലര്‍ കടത്തി പറഞ്ഞത് ആം ആദ്മി സമരത്തെ ഹൈജാക്ക് ചെയ്‌തെന്നാണ്. ഇത്രയുമൊക്കെയായപ്പോള്‍ പൊമ്പുളൈ ഒരുമൈ സമരപ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥന ഒഴിവാക്കി താക്കീതിലേക്കു മാറി. എന്നിട്ടും വ്യാഴാഴ്ച മൂന്നാറില്‍ ഉണ്ടായിരുന്നവരൊക്കെ ശ്രദ്ധിച്ചത് കട്ടിലില്‍ നീണ്ടുനിവര്‍ന്നു നിരാഹാരസമരം കിടക്കുന്ന സിആറിനെയും ചുറ്റും കൂടിയിരിക്കുന്ന ആപ്പുകാരെയുമാണ്. ഇതോടെയാണ് ചില കടുത്ത തീരുമാനങ്ങളിലേക്ക് കാര്യങ്ങള്‍ മാറിയത്. വ്യാഴാഴ്ച (മാര്‍ച്ച് 27) തന്നെ നിരാഹാര സമരം അവസാനിപ്പിച്ചില്ലെങ്കില്‍ മാര്‍ച്ച് 28ന് എറണാകുളത്ത് ഭൂ/ദളിത് സമരമുന്നണികളില്‍ നില്‍ക്കുന്ന മൂന്നുനാലുപേര്‍ എറണാകുളം പ്രസ് ക്ലബ്ബില്‍ ആപ്പിനെതിരെയും സിആര്‍ നീലകണ്ഠനെതിരെയും പത്രസമ്മേളനം വിളിക്കുമെന്ന അറിയിപ്പുണ്ടായി. ഇതോടെ സിആര്‍ വൈകുന്നേരം അഞ്ചു മണിയോടെ സമരം അവസാനിപ്പിച്ച് ആശുപത്രിയിലേക്കു മാറിക്കോളാമെന്ന് ഉറപ്പു നല്‍കി.

അഞ്ചും കഴിഞ്ഞ്, ആറും കഴിഞ്ഞ് രാത്രി എട്ടു മണിയുടെ കൈരളിയുടെ ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴും സിആര്‍ നിരാഹരത്തില്‍ തന്നെയായിരുന്നു. അടുത്ത ഊഴം മാതൃഭൂമി ചാനലിനാണെന്നു പറയുമ്പോഴും നിരാഹാരം വിട്ടൊഴിയാനുള്ള ഭാവമൊന്നും ഇല്ലായിരുന്നു.

ഇതിനിടയിലാണ് വ്യാഴാഴ്ച്ചത്തെ അനിഷ്ടസംഭവങ്ങളുടെ തുടക്കം. എട്ടുമണിയോടടുത്ത സമയത്ത് പൊമ്പുളൈ ഒരുമൈ സമരപന്തലില്‍ എത്തിയാല്‍ കാണുന്ന കാഴ്ച ഇങ്ങനെയായിരുന്നു. പന്തലിന്റെ ഇടതു മൂലയിലായി മൂന്നു സ്ത്രീകള്‍ സാരിത്തലപ്പുകള്‍കൊണ്ട് തലയും ശരീരവും മൂടി തണുപ്പിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചു ഇരിക്കുന്നു. ഇപ്പുറത്തായി ഇളംപച്ച ജാക്കറ്റില്‍ ശരീരംപൊതിഞ്ഞ, അതുവരെ നീണ്ട കിടപ്പില്‍ നിന്നും എഴുന്നേറ്റ് ചാനല്‍ കാമറയ്ക്കു മുന്നിലായി സിആര്‍ നീലകണ്ഠന്‍. ബാക്കിയുള്ളവരെല്ലാം പതിവുപോലെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇപ്പുറത്തായി മാറിയിരിക്കുന്ന മൂന്നു സ്ത്രീകളുടെ പേര് രാജേശ്വരി, കൗസല്യ, ഗോമതി; ആരുടെതാണ് ഈ സമരമെന്ന് ആര്‍ക്കുമറിയില്ലെന്ന അവസ്ഥ.

കൈരളിയുടെ കാമറയ്ക്കു മുന്നിലായി സിആര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഗോമതിയും കൂട്ടരും ഒരബദ്ധം കാണിക്കുന്നത്. രാത്രിയില്‍ കിടക്കുമ്പോള്‍ ബുദ്ധിമുട്ടിക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിക്കാനായി പന്തലിന്റെ പിറകിലായി കെട്ടിയ ബാനര്‍ (എന്തിനാണ് തങ്ങളുടെ സമരം എന്നു വ്യക്തമാക്കുന്ന ബാനര്‍) അഴിച്ചു. ഞൊടിയിടയില്‍ കൈരളി കാമറ ഗോമതി ബാനര്‍ അഴിക്കുന്ന ദൃശ്യം പകര്‍ത്തിയെടുക്കുകയും സമരത്തിന്റെ മുദ്രാവാക്യം പെമ്പുളൈ ഒരുമൈ മാറ്റുന്നു, ഗോമതി ബാനര്‍ അഴിച്ചു മാറ്റി തുടങ്ങിയ സ്‌ക്രോളുകളും നല്‍കാന്‍ തുടങ്ങി. മറ്റു മാധ്യമങ്ങളും ഏറ്റു പിടിച്ചതോടെ ചര്‍ച്ച ആ വഴിക്കുപോയി. ഇതിനിടയില്‍ സിആര്‍ നീലകണ്ഠന് അന്ത്യശാസനം എത്തിക്കഴിഞ്ഞിരുന്നു. അതോടെ കൈരളി ചാനലിന്റെ ചര്‍ച്ച ചെറിയൊരു ഛര്‍ദ്ദിലോടെ അവസാനിപ്പിച്ച് മാതൃഭൂമി ചാനലിനോടു സോറിയും പറഞ്ഞ് സിആര്‍ ആശുപത്രിയിലേക്കു പോയി. സിആര്‍ മാറിയതോടെ എല്ലാം കഴിഞ്ഞെന്നു കരുതിയിടത്താണ് ആം ആദ്മിയുടെ ആ പ്രഖ്യാപനം ഉണ്ടാകുന്നത്. സിആറിന്റെ നിരാഹാരസമരം ആം ആദ്മിയുടെ മറ്റൊരാള്‍ ഏറ്റെടുക്കുമെന്ന്. ഇതോടെ പൂര്‍ണമായും ക്ഷമ നശിച്ച ഗോമതി ആം ആദ്മിയുടെ നിരാഹര സമരം അവസാനിപ്പിക്കണമെന്ന് പരസ്യമായി പറയേണ്ട സാഹചര്യം വന്നു.

ഇത് ചാനലുകളില്‍ പോലും വാര്‍ത്തയാകുന്നതിനു മുന്നേ മൂന്നാറിലെ ചില ‘നാട്ടുകാരു’ടെയും ‘പന്തലുകാരു’ടെയും ചെവിയില്‍ എത്തി. അവര്‍ ഉടന്‍ തന്നെ പൊമ്പുളൈ ഒരുമൈക്കാരോടുള്ള എല്ലാ വിദ്വേഷവും മാറ്റിവെച്ച്, അലറിവിളിച്ചെത്തി. മൂന്നാറുകാരുടെ കാര്യം നോക്കാന്‍ മൂന്നാറുകാര്‍ക്ക് അറിയാമെന്നും വരത്തന്മാര്‍ ഇപ്പോള്‍ ഇറങ്ങണമെന്നും ആക്രോശിച്ചു. ഞങ്ങള്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശയവ്യത്യാസം ഉണ്ടാകാമെങ്കിലും അതെല്ലാം പറഞ്ഞു പരിഹരിക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും അധ്യാപകനും കെഎസ്ഇബിയുടെ കയ്യേറ്റഭൂമിയില്‍ അടക്കം റിസോര്‍ട്ടും അനധികൃത കെട്ടിടങ്ങളും ഉണ്ടെന്ന് ആരോപണം നേരിടുന്ന സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഒരു നാട്ടുകാരന്‍ ചാനല്‍ കാമറകള്‍ക്കു മുന്നില്‍ നിന്നലറി.

മറ്റൊരു നാട്ടുകാരനും ലോക്കല്‍ കമ്മിറ്റി അംഗവും സര്‍വോപരി പന്തല്‍ ഇനങ്ങള്‍ വാടകയ്ക്കു നല്‍കുന്ന മറ്റൊരു നാട്ടുകാരനും സമരം തീര്‍ന്നെന്ന തെറ്റിദ്ധാരണയില്‍ പന്തല്‍ അഴിക്കാന്‍ നോക്കി. ഇതിനിടയില്‍ ഡിവൈഎഫ്‌ഐക്കാരും പാര്‍ട്ടിയംഗങ്ങളുമായ വേറെയും നാട്ടുകാര്‍ സമരപന്തലിലേക്ക് കുതിച്ചു പാഞ്ഞെത്തിയിരുന്നു. ഒന്നും രണ്ടും പറഞ്ഞ് ആം ആദ്മിക്കാര്‍ സംഭവസ്ഥലത്തു തന്നെ ഉണ്ടായിരുന്നുവെങ്കിലും അതിവിപ്ലവത്തിനൊന്നും പോയില്ല. പക്ഷേ ആ മൂന്നു സ്ത്രീകളും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. നാട്ടുകാരുടെ ഇടപെടലല്ല, സിപിഎമ്മുകാരുടെ സമരം പൊളിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഇതൊന്നും കൊണ്ട് തങ്ങള്‍ തോറ്റു പിന്മാറില്ലെന്നും ഉറച്ച നിലപാടോടെ അവര്‍ പന്തലില്‍ തന്നെയിരുന്നു. ഇതിനിടയില്‍ പൊലീസുകാര്‍ ആവേശം മൂത്ത ‘നാട്ടുകാരെ’യെല്ലാം ഒഴിവാക്കിയിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ കയ്യേറ്റക്കാരും റിസോര്‍ട്ട് ഉടമകളും രംഗത്തുവന്ന അത്ഭുതം കണ്ട് അപ്പോഴും യഥാര്‍ത്ഥ നാട്ടുകാരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു.

സമരം ഇപ്പോഴും തുടരുന്നുണ്ട്. ആ  മൂന്ന് സ്ത്രീകളുടെ ആരോഗ്യം സമ്മതിക്കും വരെ. പറഞ്ഞു വന്നത് മറ്റൊന്നുമല്ല, ഇനിയും ദിവസങ്ങളോളം സമരം നീണ്ടേക്കാം… ആരും അവര്‍ക്ക് ആപ്പ് വച്ചേക്കരുതെന്നാണ്. ഉപകാരം ഉപദ്രവമായാല്‍ അതിനെ ഉപദ്രവം എന്നു തന്നെയാണു പറയേണ്ടത്!

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍