UPDATES

ജാതി മതില്‍; കേരള പോലീസ് മാവോയിസ്റ്റുകളാക്കിയ അഭിലാഷും അനന്തുവും സംസാരിക്കുന്നു

സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന വിമുഖതയെ മറികടന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാതിരിക്കാന്‍ കൂടിയാണ് ഞങ്ങളെപ്പോലുള്ളവരെ ഭീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്

വടയമ്പാടി സമരപ്പന്തല്‍ പൊളിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ന്യൂസ്‌പോര്‍ട്ട് എഡിറ്റര്‍ അഭിലാഷ് പടച്ചേരിയേയും ഡെക്കാന്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ്പ് ട്രെയ്‌നിയായിരുന്ന അനന്തു രാജഗോപാലിനേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ജാമ്യത്തിലിറങ്ങിയ ഇരുവരും വടയമ്പാടിയില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവക്കുന്നു.

“അന്ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് പന്തല്‍ പൊളിച്ച വിവരം ഞാനറിയുന്നത്. ആറേമുക്കാല്‍ ആയപ്പോഴേക്കും കടവന്ത്രയില്‍ നിന്ന് ഞാന്‍ പുത്തന്‍കുരിശിലേക്ക് പുറപ്പെട്ടു. അവിടെയെത്തുമ്പോള്‍ എട്ടര കഴിഞ്ഞു. അപ്പോള്‍ സമരപ്പന്തല്‍ പൊളിച്ചിട്ടിട്ടുണ്ട്, അവിടെയുള്ളയെല്ലാം നാനാവിധമായി വലിച്ചുവാരിയിട്ടിട്ടുണ്ട്. പത്ത് പതിനഞ്ചോളം വരുന്ന ദളിത് സ്ത്രീകളും കുറച്ച് കുട്ടികളും അവിടെയുണ്ട്. ആ സമയത്തിനുള്ളില്‍ അവിടെ നിന്ന് ഏഴ് പേരെ, ദളിത് ആക്ടിവിസ്റ്റുകളായ സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയിരുന്നു. സിഐ അടക്കം പോലീസുകാര്‍ അവിടെ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. സാധാരണ എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പോലീസുകാരുടെയടുത്ത് പോയി റിപ്പോര്‍ട്ട് ചോദിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഞാന്‍ പോലീസിനെ മറികടന്ന് കരച്ചിലോട് കരച്ചിലായിരിക്കുന്ന ദളിത് സ്ത്രീകളുടെയടുത്തേക്കാണ് പോയത്. അവരുടെ പ്രതികരണങ്ങള്‍ എടുത്ത് ഞാന്‍ ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു.

ഇരുപത് മിനിറ്റോളം അവരെ കവര്‍ ചെയ്തതിന് ശേഷം പരിസരം കാണിക്കുന്ന കൂട്ടത്തില്‍ പോലീസിലേക്കും കാമറയെത്തി. പോലീസുകാര്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോളാണ് സിഐ താനാരാടോ എന്ന് ചേദിക്കുന്നത്. എന്റെ പേരും ഞാന്‍ ന്യൂസ്‌പോര്‍ട്ട് എഡിറ്ററുമാണെന്നും പറഞ്ഞു. അപ്പോള്‍ തെറിവിളിച്ചുകൊണ്ടാണ് ‘പോലീസിന്റടുത്താണോ നിന്റെ ഷൈനിങ്’ എന്ന് ചോദിച്ചത്. നിന്റെ ഓര്‍ഗനൈസേഷന്‍ എന്താടാ, പ്രസ്‌ക്ലബ്ബില്‍ രജിസ്‌ട്രേഷന്‍ ഉണ്ടോ എന്ന് ചോദിച്ചു. ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ക്ക് പ്രസ്‌ക്ലബ്ബില്‍ രജിസ്‌ട്രേഷനില്ലെന്നും, ഇത് ലൈവാണ്, സംസാരിക്കാന്‍ താഴേക്ക് വരാമെന്ന് പറഞ്ഞിട്ട് ലൈവ് ചെയ്യുന്ന ഫോണ്‍ അനന്തുവിന്റെ കയ്യില്‍ ഏല്‍പ്പിച്ച് താഴേക്കിറങ്ങി ചെന്നു. ചെന്നയുടനെ കോളറില്‍ കുത്തിപ്പിടിച്ചിട്ട് നേരത്തെ സംസാരിച്ച അതേ ഭാഷയില്‍ സംസാരിച്ചുകൊണ്ട് എന്നെക്കുറിച്ച് ചോദിച്ചു. പഴ്‌സ് എടുത്ത് ഐഡന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍ ഇതൊന്നും അംഗീകൃതമല്ല, നീ വേറൊരു ഉദ്ദേശത്തിനാ ഇവിടെ വന്നിട്ടുള്ളത് എന്നു പറഞ്ഞ് കുത്തിപ്പിടിച്ച് ജീപ്പിലേക്ക് കയറ്റി. കയറ്റുന്നതിനിടെ ഒരടി തന്നു. അതിനുശേഷം അനന്തുവിനെയും കയറ്റി. ശശിധരന്‍ ഇത് കണ്ടിട്ട് അവിടെ വരികയും എന്താണ് സാറേ പ്രശ്‌നം എന്ന് ചോദിച്ചതിന്റെ പുറത്ത് അദ്ദേഹത്തെ അവിടെയുള്ള ഇലക്ട്രിക് പോസ്റ്റിനോട് ചേര്‍ത്തുനിര്‍ത്തി കുത്തി. അഞ്ചാറ് പോലീസുകാര്‍ ചേര്‍ന്നിട്ട് അയാളെ ആക്രമിക്കുകയായിരുന്നു. അതുകഴിഞ്ഞ് ശശിധരനെ അവിടെ നിന്ന് വലിച്ച് താഴേക്കിട്ടു. അവിടെ നിന്ന് അയാളെ എഴുന്നേല്‍പ്പിച്ച് പോലീസ് ജീപ്പിനടുത്തേക്ക് കൊണ്ടുവന്ന് കാര്യമായി മര്‍ദ്ദിച്ചു.

ഞങ്ങളെ മൂന്നു പേരേയും ആദ്യം കൊണ്ടുപോയത് പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലേക്കാണ്. അവിടെ അഞ്ച് മിനിറ്റ് പോലും നിര്‍ത്തിച്ചില്ല. അവിടെ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള രാമമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു. സംസാരിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ മൂന്ന് പേരേയും മൂന്ന് ഭാഗത്തായി ഇരുത്തുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം രാമമംഗലം പോലീസ് എസ്‌ഐ എബി വന്നു. എന്നെയാണ് ആദ്യം വിളിച്ചത്. തനിക്കെന്താ കേസ് എന്ന് ചോദിച്ചു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്നും മറ്റ് കാര്യങ്ങളും പറഞ്ഞ് ഐഡന്റിറ്റി കാര്‍ഡും നല്‍കി. എന്നെ ലോക്കപ്പില്‍ ഇട്ടിട്ട് പുറത്ത് കസേരയിട്ടിരുന്ന് പോലീസുകാര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. നീ നീറ്റാ ജലാറ്റിന്‍ കേസിലെ പ്രതിയാണെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു. നീറ്റ ജലാറ്റിന്‍ കേസിനെ സംബന്ധിച്ച് സാറിന് അറിയാവോ എന്നെനിക്കറിയില്ല, പക്ഷെ ആ കേസ് ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റപത്രം സമര്‍പ്പിച്ച ആ കേസില്‍ ഞാന്‍ പ്രതിയല്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, അല്ല നീ അതില്‍ പ്രതിയാണെന്ന് അവര്‍ ഉറപ്പിച്ച് പറയുകയായിരുന്നു.

50 ശതമാനം ആക്റ്റിവിസ്റ്റുകളും 50 ശതമാനം മാധ്യമ പ്രവര്‍ത്തകരുമായ ചില ‘പ്രാന്തവത്കൃതര്‍’

ഞാന്‍ ആക്ടിവിസ്റ്റല്ലെന്നും മാധ്യമപ്രവര്‍ത്തകനാണെന്നും പറഞ്ഞെങ്കിലും അവര്‍ അത് കണക്കിലെടുത്തില്ല. എന്റെ ഫോണും മറ്റും അവര്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. സഹപ്രവര്‍ത്തകരേയും അഭിഭാഷകനേയും ബന്ധുക്കളേയും വിവരം അറിയിക്കാനുള്ള സാഹചര്യമുണ്ടാക്കിത്തരണം എന്ന് പറഞ്ഞപ്പോള്‍ അത് ശരിയാക്കാമെന്ന് പറഞ്ഞ് പോയ ഉദ്യോഗസ്ഥനെ പിന്നെ രാത്രി ഏഴരയ്ക്കാണ് കാണുന്നത്. അതിനിടയില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ വന്ന് എന്നെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഏഴരയോടെ എസ്‌ഐ എത്തിയപ്പോള്‍ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ പറഞ്ഞു. എന്റെ മുകളില്‍ ചുമത്തിയ കുറ്റങ്ങളെന്തെന്നും വകുപ്പുകളേതൊക്കെയെന്നും വായിച്ചുകേള്‍പ്പിക്കണമെന്ന് ഞാന്‍ പറഞ്ഞു; വീണ്ടും അസഭ്യവാക്കുകള്‍ പറഞ്ഞുകൊണ്ട് മര്യാദക്ക് ഒപ്പിട്ടോ, ഞങ്ങളെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട എന്ന് പറഞ്ഞുകൊണ്ട്, എന്നെ നിര്‍ബന്ധിച്ച്, ഞാന്‍ മൊഴി നല്‍കി എന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒപ്പിടുവിച്ചു. ബോധപൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണ്. ഞാന്‍ മുദ്രാവാക്യം വിളിച്ചെന്നും, 1200-ഓളം പേര്‍ അവിടെയുണ്ടായിരുന്നുവെന്നുമാണ് എഫ്‌ഐആറിലുള്ളത്. അത് പച്ചക്കള്ളമാണ്. അവിടെ ആ സമയത്തുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുകയും, പിന്നീട് ആരും അവിടേക്ക് വരാത്ത വിധം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആകെ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അവിടെയുണ്ടായിരുന്നില്ല.

പിറവം മജിസ്‌ട്രേറ്റിന് മുന്നിലാണ് ഞങ്ങള്‍ മൂന്ന് പേരേയും ഹാജരാക്കിയത്. പോലീസ് നല്‍കിയ റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലാത്തതിനാലായിരിക്കണം ജാമ്യക്കാരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ജാമ്യമനുവദിക്കാമെന്ന് മജിസ്‌ട്രേറ്റ് ഞങ്ങളോട് പറഞ്ഞു. പക്ഷെ ആ സമയത്ത് വക്കീലില്ല, ജാമ്യക്കാരെ എത്തിക്കാനുമാവുമായിരുന്നില്ല. അതുകൊണ്ട് പിറ്റേന്ന് ജാമ്യത്തിനപേക്ഷിക്കാം, ഇന്ന് റിമാന്‍ഡില്‍ പോവാം എന്നായിരുന്നു ഞങ്ങളുടേയും നിലപാട്. ആ സമയത്തും, സമരം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് ഇത് ചെയ്തിട്ടുള്ളതെന്നും, അതിനാണ് നിങ്ങളെ കേസില്‍ പെടുത്തിയതെന്നും നിങ്ങള്‍ ഇതില്‍ പെട്ടു എന്നുമാണ് എസ്‌ഐ എന്നോട് പറഞ്ഞത്. കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പോലീസുകാരുടെ ജോലിക്ക് തടസ്സമുണ്ടാക്കി, സംഘം ചേരല്‍ ഒക്കെയാണ് കൊടുത്തിരിക്കുന്നത്. പക്ഷെ മുഖ്യധാരാ മാധ്യമങ്ങളില്‍ മാവോയിസ്റ്റ് ബന്ധവും നീറ്റ ജലാറ്റിന്‍ കേസുമൊക്കെയാണ് പോലീസ് നല്‍കിയത്.

ഞാന്‍ ഇപ്പോള്‍ ഒരു സംഘടനയുടേയും ഭാഗമല്ല. ആക്ടിവിസ്റ്റ് ആയിരുന്നു. പക്ഷെ കഴിഞ്ഞ ഒന്നരവര്‍ഷമായി വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തനം എന്ന ജോലിയിലേക്ക് ഒതുങ്ങി ജീവിക്കുന്നയാളാണ്. അത് പോലീസിനോട് നിരന്തരം പറഞ്ഞിട്ടും അവര്‍ക്ക് മനസ്സിലായിരുന്നില്ല. കണ്ണൂരുകാരനായ എനിക്കെന്താ എറണാകുളത്ത് കാര്യം എന്നാണ് അവര്‍ ചോദിക്കുന്നത്. മറ്റൊരു പ്രധാന കാര്യം, കെയുഡബ്ല്യുജെ പോലെ ഒരു മാധ്യമ മാടമ്പിത്തരം ഇവിടെ നടക്കുന്നുണ്ട്. സ്വതന്ത്രമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ തഴയുകയും ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ മൂന്നാംകിടക്കാരായി കാണുന്ന ഒരു രീതി ഇവര്‍ക്കുണ്ട്. ആ രീതിയെ സമൂഹം തന്നെ ചോദ്യം ചെയ്യേണ്ട കാര്യമുണ്ട്. സമരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ കാണിക്കുന്ന വിമുഖതയെ മറികടന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാതിരിക്കാനായി ഞങ്ങളെപ്പോലുള്ളവരെ ഭീതിപ്പെടുത്തുക എന്നത് കൂടി സ്റ്റേറ്റ് ഇതില്‍ കണ്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് നേരിട്ട പോലീസ് അതിക്രമത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും പോലീസ് കംപ്ലയിന്റ് അതോറിറ്റിയിലും പരാതി നല്‍കാനാണ് തീരുമാനം. അനന്തു എന്റെ സുഹൃത്താണ്. അവന്‍ ഒരു മാസത്തിലധികമായി ഡെക്കാന്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുകയായിരുന്നു. അവനും ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ താത്പര്യം കാണിച്ചപ്പോള്‍ ഞങ്ങളൊന്നിച്ച് പോവുകയായിരുന്നു.”

ആഢ്യ മാധ്യമപ്രവര്‍ത്തകരേ, ഇവരെ മാത്രം നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? അനന്തുവിന്റെ അമ്മ ചോദിക്കുന്നു

അനന്തു പറയുന്നു; “അഭിലാഷിനോടൊപ്പമായിരുന്നതിനാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ അനുഭവങ്ങളല്ല ഉള്ളത്. അഭിലാഷ് പോവുന്നതിനൊപ്പം അവിടേക്ക് പോയതാണ്. ഇതൊന്നും പ്രതീക്ഷിച്ചല്ലല്ലോ പോവുന്നത്. അതുകൊണ്ട് ഓഫീസില്‍ തത്ക്കാലം പറഞ്ഞിരുന്നില്ല. ഇന്റേണ്‍ഷിപ്പായതിനാല്‍ എന്റെ കയ്യില്‍ ഐഡന്റിറ്റി കാര്‍ഡ് ഇല്ലായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഓഫീസിലെ എഡിറ്ററേയും മറ്റും ഫോണില്‍ വിളിച്ച് തരാമെന്ന് പറഞ്ഞിട്ടും പോലീസ് അത് കേട്ടില്ല. രൂപേഷിനെ അറിയുമോ, ഡിഎസ്എയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ, നീറ്റാ ജലാറ്റിന്‍ ആക്രമണത്തിന് പോയിട്ടുണ്ടോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങള്‍. ഞാന്‍ ഡിഎസ്എ പ്രവര്‍ത്തകനാണ്. പക്ഷെ അത് ഒരു പ്രശ്‌നമല്ലല്ലോ?”

ദലിത് ഭൂ സമരം അട്ടിമറിക്കാന്‍ കള്ളക്കേസെന്ന് പരാതി: ഭൂ അവകാശ സമര മുന്നണി നേതാവ് നിരാഹാര സമരം തുടങ്ങി

ജാതി മതിലിനെതിരായ സമരം പൊളിച്ചതിന് പിന്നില്‍ ബിജെപിയോ? മുകളില്‍ നിന്നും പോലീസിനുമേല്‍ സമ്മര്‍ദ്ദം ഉണ്ടായതായി സ്ഥലം എം എല്‍ എ സജീന്ദ്രന്‍

സര്‍ക്കാരേ, നിങ്ങള്‍ മാവോയിസ്റ്റാക്കുന്ന ദളിതര്‍ പോരാടിയത് അയിത്തത്തിനും ജാതിമതിലിനുമെതിരെയാണ്; മറക്കരുത്

പൊളിച്ചു നീക്കിയ സമരപന്തലിന്റെ സ്ഥാനത്ത് ക്ഷേത്രകമാനം; എന്‍എസ്എസിന് പോലീസിന്റെ പിന്തുണ; ഉത്സവം ബഹിഷ്ക്കരിക്കുമെന്ന് ദളിതര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍