UPDATES

ട്രെന്‍ഡിങ്ങ്

അവന്‍ ചിരിച്ചുകൊണ്ടായിരുന്നു അവരോട് ചോദിച്ചത്, അവര്‍ പക്ഷേ, പിടിച്ചുവച്ചവനെ കുത്തിക്കൊന്നു…

കേവലം വാക്ക് തര്‍ക്കത്തിനിടയില്‍ സംഭവിച്ച അപകടം എന്ന് ഇതിനെ കാണാന്‍ കഴിയാത്തത്, കൊലപാതകികളുടെ ആ നേരത്തെ സാന്നിധ്യം തന്നെയാണ്

ആദ്യം അവര്‍ ഇടിക്കട്ട കൊണ്ടവനെ ഇടിച്ചു താഴെയിട്ടു. അത് അടയാളം കാണിക്കലായിരുന്നു; കൊല്ലേണ്ടത് ഇവനെയാണെന്ന്… അതു കഴിഞ്ഞാണ് പുറത്തു നിന്നവര്‍ അകത്തു കയറിയത്. ഒരാള്‍ അഭിമന്യുവിനെ പിറകില്‍ നിന്നും പിടിച്ചുവച്ചു. മുന്നില്‍ നിന്നവന്‍ കൊലക്കത്തി ആ ഇരുപതുകാരന്റെ നെഞ്ചിന്‍ കൂടിലേക്ക് കുത്തിയിറക്കി; അഭിമന്യു എന്ന ഇരുപതുകാരന്റെ അരുംകൊല നടപ്പാക്കിയത് അങ്ങനെയായിരുന്നുവെന്നാണ് സൈമണ്‍ ബ്രിട്ടോ പറയുന്നത്. കൊല്ലാന്‍ വേണ്ടി തീരുമാനിച്ചെത്തിയവരുടെ ശിക്ഷ നടപ്പക്കാല്‍ തീവ്രവാദി സ്വഭാവത്തിലുള്ളതായിരുന്നുവെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. തൊട്ടടുത്തുള്ള എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിക്കും മുന്നേ അഭിമന്യു പോയി. ആ കുത്ത് അങ്ങനെയായിരുന്നുവത്രേ! ഞൊടിയില്‍ ഒരു മനുഷ്യ ശരീരത്തിലെ ശ്വാസം നിലയ്ക്കുന്നത്ര മാരകമായി. അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്‍ജുനും വിനീതിനും കുത്തേറ്റു. ഇതില്‍ കരളില്‍ കുത്തേറ്റ അര്‍ജുന്റെ ജീവന്‍ തിരിച്ചു കിട്ടിയത് നൂലിഴ വ്യത്യാസത്തില്‍. രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റ രീതി. അത് നോക്കിയാല്‍ തന്നെ മനസിലാകും കൊലയാളികള്‍ പ്രൊഫഷണല്‍ കില്ലേഴ്‌സ് ആണെന്ന്, സൈമണ്‍ ബ്രിട്ടോ ചൂണ്ടിക്കാണിക്കുന്നു. ഒന്നുകില്‍ കൊലപാതകം ചെയ്ത് ശീലമുള്ളവര്‍, അതല്ലെങ്കില്‍ അതിനായി പരിശീലനം കിട്ടിയവര്‍. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകം കരുതിക്കൂട്ടി നടന്നതാണെന്ന് പറയുന്നത്. ഒരു ബോര്‍ഡ് എഴുതിയതിന്റെയോ ഫെള്ക്‌സ് ബോര്‍ഡ് വച്ചതിന്റെയോ പേരില്‍ നടന്ന തര്‍ക്കമല്ല അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍. അത് കരുതിക്കൂട്ടി തന്നെ ഉണ്ടായതാണ്; വിദ്യാര്‍ത്ഥികളും ഉറപ്പിച്ചു പറയുന്നു.

തിങ്കളാഴ്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ കോളജിലേക്ക് വരുന്ന ദിവസമായിരുന്നു. എല്ലാ വര്‍ഷത്തെയും പോലെ വിദ്യാര്‍ഥി സംഘടനകള്‍ അവര്‍ക്ക് സ്വാഗതം നല്‍കുന്നതിനായി കോളജിലും പരിസരങ്ങളിലും ചുവരരെഴുത്തുകളും ബാനറുകളും തയ്യാറാക്കുന്ന തിരക്കിലായിരുന്നു. സാധാരണയായി സംഘടനകള്‍ അവരവരുടെ ബാനറുകളും പോസ്റ്ററുകളും പതിക്കുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി പറഞ്ഞ് അടയാളപ്പെടുത്തിയിടുമായിരുന്നു. അങ്ങനെ ക്യാമ്പസിന് പുറകിലെ കവാടത്തിന് സമീപമുള്ള മതിലില്‍ എസ്എഫ്‌ഐ മുന്‍കൂട്ടി അടയാളപ്പെടുത്തിയ സ്ഥലത്ത് ക്യമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയത് എസ്എഫ്‌ഐ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി എട്ടരയോടെ ഈ വിഷയത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മില്‍ വാക്കു തര്‍ക്കവും കൈയേറ്റവും ഉണ്ടായി. ഈ സമയത്ത് അഭിമന്യു അവിടെയില്ല. ഹോസ്റ്റലില്‍ ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ സംഘര്‍ഷ വിവരം അറിഞ്ഞ് കാമ്പസില്‍ എത്തിയപ്പോഴാണ് കൂട്ടത്തില്‍ അഭിമന്യുവും കോളജിലേക്ക് വരുന്നത്. ‘ചുവരിലെഴുതിയിരിക്കുന്നത് അര്‍ഥമില്ലാത്ത വാക്കുകളാണ് എന്താണ് ചേട്ടന്‍മാരെ ഈ എഴുതി വെച്ചിരിക്കുന്നത്’ എന്നു ചിരിച്ചുകൊണ്ടാണ് അഭിമന്യു ചോദിച്ചത്. ഈസമയം കാമ്പ്യസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം അവര്‍ വിളിച്ചു വരുത്തിയ പുറത്തു നിന്നുള്ളവരും ഉണ്ടായിരുന്നു. അവര്‍ മാരാകായുധങ്ങളുമായി ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ ഞങ്ങളെല്ലാവരും ഓടി മാറുകയായിരുന്നു. കുറച്ചു കഴിഞ്ഞ് അഭിമന്യുവിനെ നോക്കിയപ്പോള്‍ കാണാനില്ല. തിരിച്ച് ചെന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായാണ് കണ്ടത്. നെഞ്ചില്‍ കുത്തേറ്റശേഷം ചോരവാര്‍ന്ന് ബോധം നഷ്ടപ്പെട്ട അഭിമന്യുവിനെ സമീപത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ക്യാമ്പസില്‍ പുതുതായി എത്തുന്ന വിദ്യാര്‍ഥികള്‍ സംഘടനയില്‍ അംഗമാകുന്നതു തടയുന്നതിന്റെ ഭാഗമായി കരുതിക്കൂട്ടി ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത കൊലപാതകം തന്നെയാണിത്; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു പറഞ്ഞു.

ക്യാമ്പസ്  ഫ്രണ്ടിന്റെ ചുമരെഴുത്തുകള്‍ ദിവസങ്ങള്‍ക്കു മുമ്പേ മഹാരാജാസില്‍ ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ഗുരുതരമായ വാക്ക് തര്‍ക്കമോ പ്രശ്‌നങ്ങളോ കാമ്പസിനകത്ത് ഉണ്ടായിരുന്നില്ല. പിന്നീടവര്‍ എസ് എഫ് ഐ ബുക്ക് ചെയ്തിരുന്ന സ്ഥലത്തും എഴുതി. അതില്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടായി. ചെറിയ തര്‍ക്കങ്ങള്‍. ഒരു വാര്‍ത്തയാകാന്‍ പോലും കാര്യമില്ലാത്തത്. എന്നാല്‍ ഞായറാഴ്ച രാത്രി നടന്നത് മുന്‍കൂട്ടി തീരുമാനിച്ചിരുന്നൊരു കാര്യത്തിന്റെ നടപ്പാക്കല്‍ ആയിരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. മഹാരാജാസില്‍ അത്ര ആള്‍ബലമില്ലാത്ത ക്യാമ്പസ് ഫ്രണ്ടിന് തങ്ങളുടെ പദ്ധതി നടപ്പാക്കാന്‍ പുറത്ത് നിന്ന് സഹായം വേണ്ടിയിരുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് തയ്യാറാക്കി വച്ചശേഷമായിരുന്നു പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കാമ്പസുകളില്‍ കൊടി കെട്ടുന്നതും ചുവരെഴുതുന്നതുമൊക്കെയായി വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ തര്‍ക്കങ്ങളും കയ്യേറ്റങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. മഹാരാജാസില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ നടന്ന ആ തര്‍ക്കവും അങ്ങനെയൊന്നായിരുന്നു. അതുകൊണ്ട് തന്നെ അഭിമന്യു അടക്കമുള്ള എസ് എഫ് ഐ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കെതിരേ ഇത്തരത്തിലൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. തര്‍ക്കം ഉണ്ടായതിനു പിന്നാലെ നടന്ന ആക്രമണത്തില്‍ അവര്‍ പകച്ചു പോയതും ഓടി മാറിയതും അതുകൊണ്ടായിരുന്നു. ആ രാത്രി സമയത്ത് പുറത്തു നിന്നും ശത്രുക്കള്‍ തങ്ങളെ തേടി വരുമെന്നത് അവരെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതം. വന്നവരാകട്ടെ തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ഉറച്ചും. ഓടി മാറാന്‍ കഴിയും മുന്നേ ശത്രുക്കള്‍ കെണിയില്‍ പെടുത്തുകയായിരിക്കുന്നിരിക്കാം അഭിമന്യുവിനെ. അഭിമന്യുവിനെ ആദ്യം ഇടിക്കട്ട കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു ചെയ്തത്. പിന്നീടാ ചെറുപ്പക്കാരനെ പിന്നില്‍ നിന്നും പിടിച്ചുവച്ചു കൊടുത്തു. മരണം ഉറപ്പാകുന്നിടത്ത് തന്നെ മറ്റയാള്‍ കുത്തി. അടിപടി തര്‍ക്കത്തില്‍ ഉണ്ടാകുന്ന തരത്തില്‍ മുറിവേല്‍പ്പിക്കല്‍ അല്ലായിരുന്നു. എവിടെ കുത്തിയാല്‍ കുത്തു കൊണ്ടവന്‍ രക്ഷപെടില്ലെന്ന് അറിയാവുന്നവര്‍ ചെയ്തത്. ഹൃദയത്തില്‍ തന്നെ അവര്‍ അഭിമന്യുവിനെ കുത്തി. കാമ്പസിന് തൊട്ടടുത്താണ് ആശുപത്രി. ഏതാണ്ട് അഞ്ചു മിനിട്ടേ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ എടുത്തുള്ളൂവെന്ന് പറയുന്നു. പക്ഷേ, അവിടെ എത്തും മുന്നേ ആ വിദ്യാര്‍ത്ഥി മരിച്ചുവെന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ എത്രമാത്രം മാരകമായിരുന്നു ആ മുറിവ് എന്ന് ഊഹിക്കാം. ഒരു പ്രൊഫഷണല്‍ കൊലയാളിക്ക് അല്ലാതെ, അതല്ലെങ്കില്‍ കൊലപാതകം ചെയ്യാന്‍ പരിശീലനം കിട്ടിയവനല്ലാതെ, അത്തരത്തില്‍ മരണകാരണമാകുന്ന മുറിവ് ഏല്‍പ്പിക്കാന്‍ കഴിയില്ല. അര്‍ജുനെ കുത്തിയത് കരള്‍ ഭാഗത്താണ്. അതും കരുതിക്കൂട്ടി തന്നെ. ആ വിദ്യാര്‍ത്ഥിക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്താന്‍ സാധ്യമായതുകൊണ്ട് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടില്ല.

കേവലം വാക്ക് തര്‍ക്കത്തിനിടയില്‍ സംഭവിച്ച അപകടം എന്ന് ഇതിനെ കാണാന്‍ കഴിയാത്തത്, കൊലപാതകികളുടെ ആ നേരത്തെ സാന്നിധ്യം തന്നെയാണ്. പിടിയിലായവര്‍ പുറത്ത് നിന്നുള്ളവരാണെന്ന് (എസ്ഡിപിഐ) ദൃക്‌സാക്ഷികളും പൊലീസും പറയുന്നുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അര്‍ദ്ധരാത്രി സമയത്ത് കാമ്പസില്‍ വരേണ്ട കാര്യമില്ല. ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും നേരത്തെ തന്നെ തീരുമാനം ഉണ്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സംഭവിച്ച ഒന്നല്ല അഭിമന്യുവിന്റെ കൊലപാതകം എന്നും അത് ആസൂത്രിതമായി നടന്ന അരുംകൊലയാണെന്നും പറയേണ്ടതും എഴുതേണ്ടതും അതുകൊണ്ടാണ്. തിങ്കളാഴ്ച നവാഗതരായ വിദ്യാര്‍ത്ഥികള്‍ കോളേജിലേക്ക് വരുന്ന ദിവസമായിരുന്നു. ഈ ദിവസം തന്നെ തിരഞ്ഞെടുത്തതിനു പിന്നില്‍ പുതിയ കുട്ടികളുടെ ഉള്ളില്‍ ഭയം വിതയ്ക്കുക തന്നെയാണ് ഉദ്ദേശമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

അഭിമന്യുവിനെ കുത്തിയത് കരുതിക്കൂട്ടി; ഇല്ലാതാക്കിയത് ദാരിദ്ര്യത്തിലും പൊരുതിക്കയറിയ ഒരു ജീവിതം

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

‘നിരായുധനായ ഒരു കൗമാരക്കാരനെ പച്ചക്ക് തീര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് എന്തു തരം വിഷമാണ്?’

ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീലം മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍