UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര

1951-ല്‍ എകെജിയെ പാര്‍ലമെന്റിലേക്ക് അയച്ചുകൊണ്ടാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത്

കമ്മ്യൂണിസവും ഗാന്ധിസവും ഒരുപോലെ സ്വാധീനിച്ച മണ്ണാണ് കണ്ണൂരിന്റേത്. കര്‍ഷക സമരങ്ങളുടെ ചുവന്ന തിളക്കമുള്ള നാട്. സാമ്രാജ്യത്വ – ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളുടെ വിളനിലം. മുഖ്യമന്ത്രിയടക്കമുള്ള മൂന്ന് മന്ത്രിമാര്‍ പ്രതിനിധാനം ചെയ്യുന്ന നിയമസഭാ മണ്ഡലങ്ങള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. പക്ഷെ, ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകം മമത കാട്ടിയ ചരിത്രം ഈ മണ്ഡലത്തിനില്ല (ലോക്‌സഭാ തിരഞ്ഞെടുപ്പില്‍). അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്.
Read: ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര
Read: കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര/ മണ്ഡലങ്ങളിലൂടെ ഒരു യാത്ര

1951-ല്‍ എകെജിയെ പാര്‍ലമെന്റിലേക്ക് അയച്ചുകൊണ്ടാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം തുടങ്ങുന്നത്. 1957-ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ജനങ്ങള്‍, 1962-ല്‍ എസ്. കെ. പൊറ്റക്കാടിനെ വിജയിപ്പിച്ച് സി.പി.എമ്മിന്റെ കൂടെനിന്നു. എന്നാല്‍, 1977-ല്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സി.പി.ഐ.യുടെ സി.കെ. ചന്ദ്രപ്പന്‍ സി.പി.എമ്മിനെ തോല്‍പ്പിച്ച് മണ്ഡലം വലത്തോട്ടേക്ക് മാറ്റി. 1980-ല്‍ കഥമാറി. എ കെ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം കോണ്‍ഗ്രസുകാര്‍ ഇടതു പാളയത്തിലേക്ക് ചേക്കേറി. എല്‍.ഡി.എഫിലെ ആന്റണി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. കുഞ്ഞമ്പു തെരെഞ്ഞെടുക്കപ്പെട്ടു. 1984-മുതല്‍ പിന്നീടങ്ങോട്ട് അഞ്ചു തവണ തുടര്‍ച്ചയായി യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു കണ്ണൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 1999-ല്‍ സി.പി.എമ്മിലെ എ.പി. അബ്ദുള്ളക്കുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. 2004-ലും അതുതന്നെ ആവര്‍ത്തിച്ചു.

2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചതിന്റെ പേരില്‍ അബ്ദുള്ളക്കുട്ടിയെ കണ്ണൂര്‍ മയ്യില്‍ ഏരിയാ കമ്മിറ്റി ഒരു വര്‍ഷത്തേക്ക് സസ്പന്റ് ചെയ്തു. തുടര്‍ന്ന് അദ്ദേഹം സി.പി.എം. വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറി. അതേ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. സുധാകരനെയിറക്കി കണ്ണൂര്‍ കോട്ട കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. എന്നാല്‍ 2014-ല്‍ രണ്ടാമങ്കത്തിനിറങ്ങിയ സുധാകരന് കാലിടറി. എല്‍.ഡി.എഫിലെ പി.കെ ശ്രീമതി 6566 വോട്ടിന് സുധാകരനെ തോല്‍പ്പിച്ചു. സുധാകരന്റെ അപരന്മാര്‍ സമാഹരിച്ച ഏഴായിരത്തോളം വോട്ടുകള്‍ അദ്ദേഹത്തിന് വിനയായി.

സംസ്ഥാനത്ത് സിപിഎമ്മിന് ഏറ്റവും ശക്തമായ സംഘടനാ സംവിധാനമുള്ള ജില്ലയാണ് കണ്ണൂര്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാരുടേയും, സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെയും ജന്മനാട് കണ്ണൂരാണ്. കണ്ണൂര്‍ നിയമസഭാ മണ്ഡലവും കോര്‍പ്പറേഷനും സിപിഎമ്മിന്റെ കയ്യിലാണ്. അതുകൊണ്ടുതന്നെ മണ്ഡലം നിലനിര്‍ത്തുക എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നവുമാണ്. അതേസമയം, പുതിയ സാഹചര്യത്തില്‍ കണ്ണൂര്‍ തിരിച്ചുപിടിക്കുകയെന്നത് ജില്ലയിലെ യുഡിഎഫിന്റെ രാഷ്ട്രീയമായ നിലനില്‍പ്പിന്റെ ആവശ്യംകൂടിയാണ്.

ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ നാലു മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പമാണ്. അഴീക്കോട്, പേരാവൂര്‍, ഇരിക്കൂര്‍ എന്നിവ യുഡിഎഫിനൊപ്പവും. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലത്തിന്റെ കണക്ക് നോക്കിയാല്‍ എല്‍.ഡി.എഫിന് ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. എന്നാലും വ്യക്തമായ മുന്‍തൂക്കം ആര്‍ക്കും പ്രവചിക്കാനാവില്ല എന്നതാണ് കണ്ണൂര്‍ മണ്ഡലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഒരുകാലത്തും ഒരു സ്വാധീന ശക്തിയായിരുന്നില്ല. 60 ശതമാനത്തില്‍ കൂടുതല്‍ വരുന്ന ഹിന്ദു വോട്ടര്‍മാര്‍, അതില്‍ തന്നെ തീയ വിഭാഗമാണ് കൂടുതല്‍, എല്ലാ കാലത്തും എല്‍ഡിഎഫിനേയോ യുഡിഎഫിനേയോ മാത്രമാണ് പിന്തുണച്ചത്. ഇത്തവണ കാര്യമായ മാറ്റം തന്നെ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല വിഷയം തന്നെയാണ് അതിന്റെ അടിസ്ഥാനം. കേവലം 51636 വോട്ടുകള്‍ മാത്രമാണ് 2014-ലെ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് സമാഹരിക്കാനായത്. എത്ര ശക്തരായ സ്ഥാനാര്‍ഥികളെ നിറുത്തിയാലും കണ്ണൂരിന്റെ മനസ്സു മാറ്റാന്‍ ബിജിപിക്കാവില്ലെന്ന് ഇരു മുന്നണികള്‍ ഉറച്ചു വിശ്വസിക്കുന്നു.

ശക്തനായൊരു സ്ഥാനാര്‍ഥി വന്നാല്‍ മണ്ഡലം അനായാസമായി കൈപിടിയിലൊതുക്കാമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. മലയോര മേഖലയിലെ ന്യൂനപക്ഷ വോട്ടുകളിലാണ് അവര്‍ കൂടുതല്‍ പ്രതീക്ഷ വക്കുന്നത്. കണ്ണൂരില്‍ നടക്കുന്ന കൊലപാതക രാഷ്ട്രീയമാണ് യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധം. മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ടതിനു ശേഷം ഒരു വര്‍ഷം തികയും മുന്‍പേതന്നേ പെരിയയില്‍ രണ്ട് കോണ്ഗ്രസ് പ്രവര്‍ത്തകര്‍കൂടെ കൊലചെയ്യപ്പെട്ടു. രണ്ടു കേസുകളിലും സിപിഎം പ്രാദേശിക നേതാക്കളാണ് പ്രതിസ്ഥാനത്ത്. ശബരിമല വിഷയത്തിലും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിനെതിരെ കെ. സുധാകരന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ കണ്ണൂരിലാകമാനം നടന്നിരുന്നു. അതെല്ലാം വോട്ടായി മാറുമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

അതേസമയം, എം.പി. എന്ന നിലയില്‍ പി. കെ. ശ്രീമതി അഞ്ചുവര്‍ഷം കൊണ്ട് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളായിരിക്കും എല്‍.ഡി.എഫ് മോന്നോട്ടു വയ്ക്കുന്ന പ്രധാന വിഷയങ്ങള്‍. അതു വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ‘ഉണരുന്ന കണ്ണൂര്‍’ എന്ന തലക്കെട്ടോടെ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. കൊലപാതക രാഷ്ട്രീയവും, കീഴാറ്റൂരിലെ വയല്‍ക്കിളികളടക്കം നടത്തിക്കൊണ്ടിരിക്കുന്ന നിരവധി പാരിസ്ഥിതിക സമരങ്ങളും, ശബരിമലയുമെല്ലാം ഇടതുപക്ഷത്തിന് കൂടുതല്‍ പ്രതിരോധിക്കേണ്ട വിഷയമായിവരും.

ദേശീയ-സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം കണ്ണൂരിന്റെ പ്രാദേശിക വിഷയങ്ങളും ഇത്തവണയും സജീവ ചര്‍ച്ചയാകുമെന്ന് ചുരുക്കം. നിലവില്‍ 1212678 വോട്ടര്‍മാരാണ് ഈ നിയോജക മണ്ഡലത്തില്‍ ഉള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 42412 വോട്ടര്‍മാര്‍ അധികം. ഈ പുതിയ വോട്ടര്‍മാരും കേരളത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യവും കണ്ണൂരില്‍ ആരെ പിന്തുണയ്ക്കുമെന്ന് കാത്തിരുന്ന് കാണാം.

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍