UPDATES

ട്രെന്‍ഡിങ്ങ്

ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് / മണ്ഡലങ്ങളിലൂടെ

വിരേന്ദ്രകുമാറും കൂട്ടരും തിരിച്ചെത്തിയത് എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപിയും ശക്തമായ സാന്നിധ്യമാണ്.

തിരഞ്ഞെടുപ്പ് ചരിത്രവും കണക്കുകളും എത്ര വിശകലനം ചെയ്താലും പിടിതരാത്ത മണ്ഡലമാണ് കോഴിക്കോട്. നിയമസഭാ – തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ മണ്ഡലത്തിന്റെ അകക്കാമ്പ് ചുവന്ന് തുടുത്തതാണെന്ന് ബോധ്യപ്പെടും. പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെത്തുമ്പോള്‍ ചിത്രം മാറും; ചെങ്കോട്ട തകര്‍ന്നടിഞ്ഞ് യുഡിഎഫിന്റെ ഉറച്ച കൊട്ടയായി അത് രൂപാന്തരം പ്രാപിക്കും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കോഴിക്കോട് ജില്ലയിലെവിടെയും ഒരു നിയമസഭാ സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനു സാധിച്ചിട്ടില്ല. ശക്തി ദാരിദ്ര്യമല്ല, സംഘടനാ ദൗര്‍ബല്യമാണ് കാരണം. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തില്‍ നിന്നും കഷ്ടിച്ചു ജയിച്ചു കയറിയ മുസ്ലിം ലീഗാണ് യുഡിഎഫിന്റെ മാനം കാത്തത്.

1952-ല്‍ ഇന്ത്യയില്‍ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു കോഴിക്കോട്. മലബാറില്‍ കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അന്ന് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മത്സരിച്ച കിസാന്‍ മസ്ദൂര്‍ പാര്‍ട്ടിയുടെ അച്യുത ദാമോദര മേനോന്‍ മികച്ച ഭൂരിപക്ഷത്തോടെ വിജയക്കൊടി പാറിച്ചു. നെഹ്രുവടക്കമുള്ള അതികായന്‍മാരോട് പടപൊരുതിയാണ് പ്രഥമ തിരഞ്ഞെടുപ്പില്‍ കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി ഒന്‍പതു മണ്ഡലങ്ങളില്‍ വിജയിച്ചത്. അതിലൊന്നായിരുന്നു കോഴിക്കോട്.

കേരളപ്പിറവിക്കുശേഷം നടന്ന 1957-ലെ രണ്ടാം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.പി. കുട്ടികൃഷ്ണന്‍ നായരിലൂടെയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് കോഴിക്കോട് വരവറിയിക്കുന്നത്. പിന്നീടുള്ള രണ്ട് പതിറ്റാണ്ട് കാലം ലീഗ് നേതാക്കളായ സി. എച്ച് മുഹമ്മദ് കോയയും ഇബ്രാഹീം സുലൈമാന്‍ സേട്ടും, കോണ്‍ഗ്രസിന്റെ സയ്യിദ് മുഹമ്മദും കോഴിക്കോടിനെ പ്രതിനിധീകരിച്ചു പാര്‍ലമെന്റിലെത്തി. 1980-ല്‍ ഇ.കെ ഇമ്പിച്ചിബാവ കോഴിക്കോടിനെ ആദ്യമായി ചെങ്കടലാക്കി. എന്നാല്‍ അത് നില നിര്‍ത്താന്‍ ഇടതുപക്ഷത്തിനായില്ല. പിന്നീടുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് തന്നെ വിജയിച്ചു. 1996-ല്‍ ജനതാദളിന്റെ വീരേന്ദ്രകുമാറിലൂടെ മണ്ഡലം വീണ്ടും ഇടത്തേക്ക് ചാഞ്ഞു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പി. ശങ്കരനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. 99-ല്‍ കെ. മുരളീധരന്‍ കോഴിക്കോടിനെ കോണ്‍ഗ്രസിന്റെ കൈകളില്‍ ഭദ്രമാക്കി നിലനിര്‍ത്തി. പക്ഷെ, 2004-ല്‍ വീരേന്ദ്രകുമാറിലൂടെ ഇടതുപക്ഷം തിരിച്ചുവന്നു. 2009-ല്‍ എം.കെ രാഘവന്‍ നേരിയ ഭൂരിപക്ഷം നേടി വിജയിച്ചു. 2014-ല്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ച രാഘവനില്‍ തന്നെയാണ് ഇത്തവണയും യുഡിഎഫിന്റെ പ്രതീക്ഷ.

ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ വോട്ടു ചെയ്യുന്നത് ഒരേ മാനദണ്ഡപ്രകാരമല്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് കോഴിക്കോട്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഏഴു മണ്ഡലങ്ങളില്‍ ബാലുശേരി, ഏലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം എന്നീ അഞ്ചു നിയോജക മണ്ഡലങ്ങളിലും എല്‍.ഡി.എഫ് മുന്നണിക്കായിരുന്നു വിജയം. കോഴിക്കോട് സൗത്തും, കൊടുവള്ളിയും മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. എന്നാല്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എലത്തൂര്‍, ബേപ്പൂര്‍ മണ്ഡലങ്ങളൊഴിച്ച് എല്ലായിടത്തും ജനങ്ങള്‍ യുഡിഎഫിനൊപ്പം നിന്നു. 2016-ലും കോഴിക്കോട് സൗത്തൊഴിച്ച് എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് ഭൂരിപക്ഷമുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ക്ക് കോഴിക്കോട്ടെ വോട്ടര്‍മാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളുടെയെല്ലാം ആന്തരികാര്‍ത്ഥം. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും സംഘപരിവാറിന്റെയും സോഷ്യലിസ്റ്റുകളുടെയും മതന്യൂനപക്ഷ സംഘടനകളുടെയുമെല്ലാം ശക്തമായ സ്വാധീനമാകാം ഒരുപക്ഷെ അത്തരമൊരു വിധി സാധ്യമാക്കുന്നത്. ഭൂരിപക്ഷ തീവ്ര ഭീകരതയെ ശക്തിയുക്തം ആര് നേരിടുന്നുവോ അവരെ വിജയിപ്പിക്കുക എന്ന ന്യൂനപക്ഷ രാഷ്ട്രീയവും, ബിജെപിക്കെതിരെ ദേശീയതലത്തില്‍ ബദലായി മാറാന്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും മാത്രമേ സാധിക്കൂ എന്ന ഭൂരിപക്ഷ ചിന്തയും യുഡിഎഫിന് കൂടുതല്‍ പിന്തുണ ലഭിക്കുന്നതിന് കാരണമാകാം. മുന്നണി, പൊതുരാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കപ്പുറം സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവത്തിന് കൂടുതല്‍ വോട്ടു ലഭിക്കുന്ന നഗര പ്രദേശങ്ങളിലെ പ്രതിഭാസം മറ്റൊരു കാരണമാകാം.

വടകര കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ വിജയ സാധ്യതയുള്ള മണ്ഡലമാണ് കോഴിക്കോട്. അതിനു ശേഷം മാത്രമേ കാസര്‍ഗോഡുപോലും വരികയുള്ളൂ. എം.കെ രാഘവന് മണ്ഡലത്തിലെ മുക്കിലും മൂലയിലുമുള്ള വ്യക്തി ബന്ധങ്ങളാണ് വോട്ടായി മാറുന്നത്. കോഴിക്കോട് യുഡിഎഫ് അല്ല എം.കെ രാഘവനാണ് വിജയിക്കുന്നത് എന്ന് നിരീക്ഷിക്കുന്നവര്‍ വരെയുണ്ട്. അതുകൊണ്ടുതന്നെയാണ് കോഴിക്കൊട്ടെ ജനകീയനായ എംഎല്‍എ എ. പ്രദീപ് കുമാറിനെ സിപിഎം രംഗത്തിറക്കുന്നത്. മത്സരം തീപാറുമെന്നുറപ്പ്. വികസനത്തിന്റെ കാര്യത്തില്‍ രണ്ടുപേര്‍ക്കും ഒരേ പ്രതിച്ഛായയാണുള്ളത്. ജനകീയനായ എംപിയും ജനകീയനായ എംഎല്‍എയും നേര്‍ക്കുനേര്‍ വരുമ്പോള്‍ പ്രതിസന്ധിയിലാകാന്‍ പോകുന്നത് വോട്ടര്‍മാരാണ്.

2009-ല്‍ കോഴിക്കോട് സീറ്റ് നിഷേധത്തെ തുടര്‍ന്ന് പിണങ്ങിപ്പോയ വിരേന്ദ്രകുമാറും കൂട്ടരും എല്‍ഡിഎഫില്‍ തിരിച്ചെത്തിയെന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ശക്തമായ സാന്നിധ്യമാണ്. മികച്ച സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ടുവിഹിതം വര്‍ദ്ധിപ്പിക്കുന്നതിലാകും ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സവര്‍ണ്ണ വോട്ടുകള്‍ കൂടുതലുളളതുകൊണ്ട് ശബരിമല വിഷയത്തിലെ നിലപാടുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാവും. കേരളത്തില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന സീറ്റുകളിലൊന്നായി കോഴിക്കോട് ഇതിനകംതന്നെ മാറിയിരിക്കുന്നു. വീണ്ടുമൊരിക്കല്‍ കൂടി സിപിഎമ്മിന്റെ ചെങ്കൊടി കോഴിക്കോട് പാറുമോയെന്ന് കാത്തിരുന്നു കാണാം.

മണ്ഡലങ്ങളിലൂടെ

1. ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്
.
2.
സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം
.
3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര


4.
 പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍