UPDATES

ഓഫ് ബീറ്റ്

അതെ പോണ്‍ സൈറ്റുകളെക്കുറിച്ചാണ് പറയാനുള്ളത്, ബ്ലൂ വേല്‍ പോലെ പ്രശ്നമാണ് ബ്ലൂ ഫിലിംസും

ബ്ലൂ വെയില്‍ മാത്രമല്ല വില്ലന്‍. ബ്ലൂ ഫിലിംസും വില്ലന്‍ തന്നെയാണ്. ചില ആന്റി ക്ലൈമാക്‌സ് സിനിമകള്‍ പോലെ, സ്‌നേഹത്തിന്റെ രൂപത്തില്‍ വന്ന് ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന വില്ലന്‍.

സണ്ണി ലിയോണ്‍, അവരുടെ ജീവിതത്തെ കുറിച്ചും നന്മകളെക്കുറിച്ചും തെറ്റുകളെ കുറിച്ചുമെല്ലാം നമ്മള്‍ ചികഞ്ഞന്വേഷിച്ചു. പുരുഷാരത്തിന്റെ കപട സദാചാരത്തെ കുറിച്ച് സംവാദങ്ങളില്‍ ഏര്‍പ്പെട്ടു. ചര്‍ച്ചകളെല്ലാം തീര്‍ന്നെന്ന് കരുതുന്നു. അതെ സണ്ണിയുടേത് എന്നല്ല, ലോകത്തില്‍ ഒരാളുടെയും വ്യക്തി ജീവിതത്തിലേക്കോ അവരുടെ ശരി തെറ്റുകളിലേക്കോ തലയിട്ട് അവരെ വിധിക്കാന്‍ നാം ആരുമല്ല. അതവരുടെ ജീവിതമാണ്. അവരുടെ പ്രവൃത്തികള്‍ മറ്റൊരാളെയോ സമൂഹത്തെയോ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കാത്തിടത്തോളം നമ്മള്‍ അതില്‍ ഇടപെടേണ്ടതില്ല. പക്ഷെ ബ്ലൂ വെയില്‍…അതില്‍ നമ്മള്‍ ഇടപെടും… കാരണം അതൊരു മരണക്കളിയാണ്. അനേകം യുവതീ യുവാക്കളെ ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന suicide game.

ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത് സണ്ണിയെ കുറിച്ചല്ല, ബ്ലൂ വെയിലിനെ കുറിച്ചല്ല, നമുക്കിടയിലെ ചില ജീവിതങ്ങളെ കുറിച്ചാണ്. എല്ലാറ്റിലും നമ്പര്‍ വണ്‍ ആയ, അഭ്യസ്ഥവിദ്യര്‍ തിങ്ങിപാര്‍ക്കുന്ന നമ്മുടെ കൊച്ചു കേരളത്തിലെ ചെറിയ കുടുംബങ്ങളിലെ വലിയ ഒരു പ്രശ്‌നത്തെ കുറിച്ച്. ഇതഭിമുഖീകരിക്കുന്നയാള്‍ ഒരുപക്ഷെ നിങ്ങളുടെ സുഹൃത്താവാം, ബന്ധുവാകാം, സുഹൃത്തിന്റെ മകളാകാം മകനാകാം. നിങ്ങളുടെ വീടിനുള്ളില്‍ തന്നെയുള്ളവരാകാം. ഈ പ്രശ്‌നത്തെ കുറിച്ച് എന്നോട് പറഞ്ഞത് എന്റെ അമ്മച്ചിയാണ്. അമ്മച്ചി befrienders international എന്ന ആഗോള ആത്മഹത്യാ വിരുദ്ധ സംഘടനയുടെ തൃശൂരിലെ ശാഖയായ മൈത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. മനുഷ്യന്റെ നിസഹാസ്ഥയേയും business ആക്കി, counseling നടത്തി മണിക്കൂറിന് അഞ്ഞൂറും ആയിരവും ഫീസ് വാങ്ങുന്നവരുടെ ഇടയില്‍ തികച്ചും സൗജന്യമായി തങ്ങളുടെ ദുഃഖങ്ങള്‍ ആത്മാര്‍ത്ഥതയുള്ളവരോട് പങ്കുവെക്കാനാകും എന്ന് ചിന്തിച്ച് സമൂഹത്തിന്റ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ ജാതി, മത വ്യത്യാസമില്ലാതെ മനസ് തുറക്കാന്‍ അങ്ങോട്ട് വന്നിരുന്നു.

പൊതുവെ ഇത്തരം കാര്യങ്ങളില്‍ സന്തോഷത്തോടെ ഇടപെടുന്ന അമ്മച്ചിയുടെ മുഖത്തെ മ്ലാനത പെട്ടെന്ന് മനസ്സിലാക്കിയ ഞാന്‍ എന്ത് പറ്റിയെന്ന് ചോദിച്ചു. ‘എല്ലാം നിന്നോട് പറയാന്‍ പറ്റില്ല… കുമ്പസാര രഹസ്യം കേട്ട പുരോഹിതന്റെ അവസ്ഥയാണെന്റെ… ഞങ്ങളുടെ നിയമാവലിയനുസരിച്ച് ഒന്നും ആരോടും പറയാന്‍ പാടില്ല…എങ്കിലും പേരും സ്ഥലവും വെളിപ്പെടുത്താതെ ചില യാഥാര്‍ഥ്യങ്ങള്‍ ഞാന്‍ പറയാം…ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ വലിയൊരു പ്രശ്‌നം ലൈംഗികതയാണ്. ഇതിത്ര വലിയ പ്രശ്‌നമാണോ എന്ന് നമുക്ക് തോന്നാം. ഈ സെക്‌സ് ഇല്ലായിരുന്നെങ്കില്‍ ഞാനും നീയും നമ്മുടെ അമ്മൂമ്മമാരും അപ്പൂപ്പന്മാരും ഈ ലോകത്തില്‍ ജനിക്കില്ലായിരുന്നു. അവരൊന്നും ഇത് ചെയ്തത് ഇക്കിളി പുസ്തകങ്ങള്‍ വായിച്ചോ, ബ്ലൂ ഫിലിം കണ്ടോ, മൊബൈലില്‍ ക്ലിപ്പ് കണ്ടോ അല്ല. ഇതൊന്നും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. എന്റെ അടുക്കല്‍ വരുന്ന ഭൂരിഭാഗം കേസുകളും ഈ സെക്‌സിനെ ചുറ്റിപ്പറ്റി ആണെന്ന് കേള്‍ക്കുമ്പോള്‍ നിനക്കെന്താണ് തോന്നുന്നത്? ഒരു സമൂഹത്തിന്റെ ആത്മഹത്യാപ്രവണതക്ക് സെക്‌സ് എങ്ങിനെ ഒരു വില്ലനായി മാറുന്നു?

എനിക്ക് വരുന്ന ചില കേസുകള്‍ സിനിമയിലെ കഥയായിതോന്നാം:

ഭര്‍ത്താവ് ഭാര്യയെകൊണ്ട് നിര്‍ബന്ധിച്ച് ബ്ലൂ ഫിലിം കാണിക്കുകയും അതിലെ ചേഷ്ടകള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. കടുത്ത ഡിപ്രെഷന്‍ ബാധിച്ച അവള്‍ ഒരിക്കല്‍ ആത്മഹത്യക്കും ശ്രമിച്ചു.

മകന്‍ ഏഴാം ക്ലാസ്സുവരെ smart ആയിരുന്നു, നന്നായി പഠിക്കുമായിരുന്നു, ഇപ്പോള്‍ പത്താംക്ലാസ്സിലാണ് ബുക്ക് എടുത്താല്‍ തലവേദന. കുറേ ചികില്‍സിച്ചു. ഒന്നും ഫലിക്കുന്നില്ല. അവനുമായി രണ്ടു സിറ്റിങ് കഴിഞ്ഞപ്പോള്‍ അടുത്ത ബ്ലൂ ഫിലിം കഥ പുറത്തുവന്നു. ബന്ധുവായ ചേട്ടന്റ കൂടെ ഇത് കാണാനിടയായതും പിന്നീട് ആ ബന്ധുവിനാല്‍ ദുരുപയോഗിക്കപെട്ടതും.

കരഞ്ഞുകൊണ്ട് ഒരമ്മ, കാലൊടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ട മകള്‍ക്കൊപ്പം ഇവള്‍ ഏഴാം ക്ലാസ്സിലാണ്, വീണ് കാലൊടിഞ്ഞു. ഡോക്ടര്‍ പറയുന്നതനുസ്സരിച്ച് ഇടയ്ക്കിടെ ഹോസ്പിറ്റലില്‍ വന്ന് ഡ്രസ്സ് ചെയ്യാറുണ്ട്, എന്നെ പുറത്തു നിര്‍ത്തും. ഇന്നാണവള്‍ പറയുന്നത് ഡോക്ടര്‍ എപ്പോഴും നേഴ്‌സ് പോകുന്ന സമയത്ത് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാറുണ്ടെന്നും ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും. ഞങ്ങള്‍ക്ക് ആരോടും പരാതിയില്ല. ഇതിന്റെ പേരില്‍ എന്റെ മകളുടെ മനസ്സിലേറ്റ മുറിവ് മാഡത്തിന് മാറ്റാന്‍ കഴിയുമോ?

ഓഫീസില്‍ കൂടെ ജോലി ചെയ്യുന്ന പയ്യന്റെ കൂടെ ഐസ്‌ക്രീം പാര്‍ലറിലും സിനിമക്കും പോകുന്ന രണ്ട് മക്കളുടെ അമ്മയായ ഭാര്യയെ റിസൈന്‍ ചെയ്യിപ്പിച്ച് പുതിയ ജോലിയില്‍ പ്രവേശിപ്പിച്ചു. പക്ഷെ അവള്‍ അവിടുള്ള പുതിയ പയ്യനുമായി ലീവെടുത്ത് ഹോട്ടലില്‍ പോയത് കയ്യോടെ പിടിച്ചു. ഭാര്യയെ/രണ്ടുകുട്ടികളുടെ അമ്മയെ തിരിച്ചുനേടാന്‍ വഴിതേടി വന്ന ഭര്‍ത്താവ് പറഞ്ഞതും അവളുടെ മൊബൈലിലെ അശ്‌ളീല വീഡിയോകളുടെ ശേഖരത്തെ പറ്റി.

60 വയസ് കഴിഞ്ഞ ഭര്‍ത്താവിന് 55 കഴിഞ്ഞ ഭാര്യയെ പറ്റി പറയാനുള്ളത് – ‘ഇവളെ കണ്ടോ, ഏത് നേരവും പുറം വേദന…ബെല്‍റ്റ് ഇട്ടാണ് സ്ഥിരം നടപ്പ്. മരുന്നും ഡോക്ടറും മണ്ണാങ്കട്ടേം…ഒരു ഭര്‍ത്താവെന്ന നിലയില്‍ എന്റെ ഒരാവശ്യത്തിനും ഇവളെ കൊള്ളില്ല. അസുഖം വന്ന് യൂട്രസും കുന്ത്രാണ്ടോമൊക്കെ എടുത്തു കളഞ്ഞു. രണ്ട് ആണ്‍മക്കളില്‍ മൂത്തവന്‍ എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞ് ജോലിക്ക് കേറി. രണ്ടാമത്തവന്‍ എഞ്ചിനീറിങ്ങിന് ഹോസ്റ്റലില്‍ നിന്ന് പഠിക്കാ. ഇനി ഇവള്‍ക്കെന്തിന്റെ കേടാ. ദിവസത്തില്‍ മൂന്നും നാലും അഞ്ചും തവണ എനിക്ക് തോന്നിയെന്നുവരും. കൊറച്ച് കാശ് കൊടുത്താല്‍ എത്ര പെണ്ണുങ്ങളെ വേണേലും കിട്ടും. ഈ പെണ്ണുങ്ങളൊക്കെ എങ്ങനാണെന്ന് ഞാനും കണ്ടിട്ടുണ്ട്. വല്ല ഐഡ്‌സും വന്നാലൊന്ന് വിചാരിച്ചാ. മാഡം ഒന്ന് ഉപദേശിച്ച്‌കൊടുക്ക്.

ഒരു പെണ്‍കുട്ടി അവളുടെ കൂട്ടുകാരിയുടെ കൂടെ വന്നു. അവള്‍ ഒന്നും മിണ്ടുന്നില്ല. കൂട്ടുകാരിയാണ് അവള്‍ക്കുവേണ്ടി സംസാരിക്കുന്നത്. ‘മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലായി കാമുകന്‍ സമ്മാനിച്ച മൊബൈലിലൂടെ പലതും കൈമാറി. ഒടുവില്‍ നേരിട്ടും. ഇപ്പോള്‍ മാസങ്ങളായി ചെറുക്കന്‍ വിളിക്കുന്നില്ല. ഇവള്‍ രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചു. ഭാഗ്യം കൊണ്ട് മരിച്ചില്ല.’

ഉറക്കം കെടുത്തിയ മറ്റൊരു കേസുണ്ട്, ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി ഫോണ്‍ വിളിച്ച് പറഞ്ഞതാണ്, അവന്റ അച്ഛന്‍ ഗള്‍ഫിലാണ്. ഒറ്റമകന്‍. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഇന്റര്‍നെറ്റില്‍ ചില ബ്ലൂ ഫിലിമുകള്‍ കണ്ടു. എന്നും അമ്മയുടെ കൂടെ ഉറങ്ങുന്ന അവന്‍ അമ്മയെപോലും ഒരു ശരീരമായി കാണാന്‍ തുടങ്ങി. ഒരുദിവസം രാത്രി അമ്മക്ക് അത് മനസ്സിലാകത്തക്ക വിധത്തില്‍ പ്രകടമാക്കുകയും അമ്മ അവനെ തള്ളുകയും ചെയ്തു. അതിനുശേഷം അവന് അമ്മയെ ഫേസ് ചെയ്യാന്‍ പറ്റാതെ ആത്മഹത്യക്ക് ശ്രമിച്ചു..

Rape വീഡിയോകള്‍ കണ്ട് അതിന് addict ആയൊരാള്‍ ഭാര്യയെ നിരന്തരം rape ചെയ്യുന്ന കേസും മറ്റൊരു സ്റ്റാഫ് പറഞ്ഞറിഞ്ഞത്.

ആത്മഹത്യയുടെ വക്കിലെത്തുമ്പോഴോ, അതിന് ശ്രമിച്ച് പരാജയപ്പെടുമ്പോഴോ മാത്രമാണ് വളരെ ചുരുക്കം ചിലര്‍ കൗണ്‍സിലിങ്ങിനൊക്കെ വരുന്നതെന്നോര്‍ക്കണം. ഈ വിഷയം ഇപ്പോഴും തുറന്നുപറയാന്‍ നാണക്കേടുള്ള സമൂഹത്തില്‍ മറ്റു പല പ്രശ്‌നങ്ങളുടെയും കാരണം തേടിപ്പോകുമ്പോള്‍ മാത്രമാണ് ഇതില്‍ എത്തിച്ചേരുന്നത്. തെറ്റായ ലൈംഗിക കാഴ്ചപ്പാടിലേക്ക് ഒരു വ്യക്തി എത്തിച്ചേരുന്നത് പലരീതിയിലാണ്. ഒരേ വീഡിയോ പലരെ പല രീതിയില്‍ സ്വാധീനിക്കുന്നു. ചിലരുടെ മനസ് ഒരു തേങ്ങ പോലെയാണെങ്കില്‍ ചിലരുടേത് ഒരു തക്കാളി പോലെയാണ്. ഒരേ സൂചിയെടുത്ത് കുത്തിയാല്‍ തേങ്ങക്കും തക്കാളിക്കും രണ്ടനുഭവമാണ്. ഒരേ കാര്യത്തോട് പലരും react ചെയ്യുന്നത് പലവിധത്തിലാണ്.

നമ്മുടെ സമൂഹത്തില്‍ പോണ്‍ സിനിമകള്‍/തെറ്റായ ലൈംഗിക പ്രചാരണങ്ങള്‍ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അത് നമ്മുടെ കുട്ടികളെയും യുവാക്കളെയും യുവതികളെയും പ്രായമായവരെ പോലും വികല ചിന്തകളുടെ അടിമകളാക്കുന്നു. പോണ്‍ സിനിമകളും ഒളിക്യാമറ ക്ലിപ്പുകളും നമ്മുടെ സമൂഹത്തെ നേരിട്ട് ബാധിക്കുന്ന പ്രശനം തന്നെയാണ്. എല്ലാവരും കാണുന്നുണ്ടല്ലോ, ഷെയര്‍ ചെയ്യുന്നുണ്ടല്ലോ, എന്നുകരുതി നിങ്ങള്‍ നിസാരവത്കരിക്കുന്ന, ഷെയര്‍ ചെയ്യുന്ന, ഓരോ വീഡിയോ ക്ലിപ്പും ഒരു child abuseനോ ബലാത്സംഗത്തിനോ വഴിയൊരുക്കാം. അപ്പോള്‍ പറഞ്ഞുവന്നത്, ബ്ലൂ വെയില്‍ മാത്രമല്ല വില്ലന്‍. ബ്ലൂ ഫിലിംസും വില്ലന്‍ തന്നെയാണ്. ചില ആന്റി ക്ലൈമാക്‌സ് സിനിമകള്‍ പോലെ, സ്‌നേഹത്തിന്റെ രൂപത്തില്‍ വന്ന് ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്ന വില്ലന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റോസ്മിന്‍ ആന്റണി

റോസ്മിന്‍ ആന്റണി

തൃശൂര്‍ സ്വദേശി, ഇപ്പോള്‍ യുഎഇയില്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍