UPDATES

അഭിമന്യുവിന്റെ വട്ടവട

വായനയില്ലാത്തതിന്റെയും വിദ്യാഭ്യാസം നേടാത്തതിന്റെയും ദോഷമാണ് തങ്ങള്‍ അനുഭവിക്കുന്ന തിരിച്ചടികള്‍ക്ക് കാരണം എന്നായിരുന്നു അഭിമന്യു പറയാറുള്ളത്- ഭാഗം 3

അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയിലേറെയായി. വട്ടവടയിലെ വീട്ടിലേക്ക് ഇന്നും ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ ശക്തിയുള്ള പ്രദേശമാണ് ഇവിടം. നിരവധി പേര്‍ ചോര കൊടുത്തും പോരാട്ടം കൊണ്ടും പാര്‍ട്ടിയെ ശക്തമാക്കിയ പ്രദേശം. ആ പ്രസ്ഥാനത്തിന്റെ ഇങ്ങേ തലയ്ക്കലായിരുന്നു വട്ടവടയില്‍ എസ്എഫ്‌ഐക്ക് ആദ്യമായി യൂണിറ്റ് രൂപീകരിച്ച അഭിമന്യുവും. അവിടുത്തെ ജീവിതങ്ങളിലൂടെ. ആദ്യ രണ്ടു ഭാഗങ്ങള്‍ ഇവിടെ വായിക്കാം; വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ് 

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

ഭാഗം 3

ഇനി പറയുന്നത് വട്ടവടയെക്കുറിച്ചാണ്… അഭിമന്യുവിന്റെ വട്ടവടയെക്കുറിച്ച്…

പുരാണത്തില്‍ നിന്നു പറഞ്ഞു തുടങ്ങേണ്ടതുണ്ട് വട്ടവടയെക്കുറിച്ച്. 12 വര്‍ഷത്തെ വനവാസകാലത്തിന്റെ അവസാന വര്‍ഷം പാണ്ഡവര്‍ തങ്ങിയിരുന്നത് വട്ടവടയിലും കാന്തല്ലൂരും മറയൂരിലുമൊക്കെയായിരുന്നു എന്നാണ് മിത്ത്. അന്ന് പാണ്ഡവര്‍ തീര്‍ത്ത മുനിയറകളാണ് ഇപ്പോഴും ഈ പ്രദേശങ്ങളിലായി കാണുന്നതെന്നാണ് പറയപ്പെടുന്നത്. പുരാണകഥയില്‍ നിന്നും പോന്നാല്‍, വട്ടവടയിലെ ജനജീവിതത്തിന്റെ ബന്ധം തുടങ്ങുന്നത് മധുരയില്‍ നിന്നാണ്. ടിപ്പുസുല്‍ത്താന്‍, പിതാവ് ഹൈദരാലി നടത്തിയ പടയോട്ടത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സൈന്യം മധുര രാജാവ് തിരുമല നായ്ക്കരുമായും ഏറ്റുമുട്ടി. ഹൈദരാലിയുടെ പടയോട്ടത്തില്‍ ഭയന്ന്, അവിടെ നിന്നും പലായനം ചെയ്ത 13 കുടുംബങ്ങള്‍ എത്തിച്ചേര്‍ന്നത് വട്ടവടയിലാണ്. മന്നാടിയാര്‍ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. തമിഴ്മണ്ണിനോട് ചേര്‍ന്നു കിടക്കുന്ന വട്ടവടയില്‍ ഇവര്‍ വാസം ഉറപ്പിച്ചു. കണ്ണകിയുടെ കോപത്തില്‍ മധുര സാമ്രാജ്യം ചുട്ടുചാമ്പാലയപ്പോള്‍ ആ തീയില്‍ നിന്നും രക്ഷതേടി പോന്ന മുതുവാന്മാരില്‍ ചിലരും ഇവിടെ ഉണ്ടായിരുന്നുവെന്നു പറയുന്നു. വട്ടവട ഈ സമയം പൂഞ്ഞാര്‍ രാജാവിന്റെ കീഴിലാണ്. വട്ടവടയില്‍ ആരൊക്കെയോ കുടിയേറി വന്നിട്ടുണ്ടെന്ന് വിവരം കിട്ടിയ പൂഞ്ഞാര്‍ രാജാവ് കാര്യം നേരിട്ട് അന്വേഷിച്ച് അറിയാനായി ഇവിടെയെത്തി. വന്ന ആളുകളെ വിളിപ്പിച്ച് കാര്യങ്ങളൊക്കെ അന്വേഷിച്ചറിഞ്ഞപ്പോള്‍ സാധുക്കളാണെന്നു മനസിലാകുകയും ഇവിടെ തന്നെ കൂടിക്കോളാന്‍ രാജാവ് കല്‍പ്പിക്കുകയും ചെയ്തു. നാടിന്റെ അതിര്‍ത്തി പ്രദേശമല്ലേ, ആളുകളുണ്ടെങ്കില്‍ അതൊരു സംരക്ഷണവുമാകുമല്ലോ എന്നും രാജാവ് കരുതി. കൂടാതെ കൃഷി ചെയ്യാനുള്ള അനുമതിയും നല്‍കി. കപ്പം കൊടുത്താല്‍ മതി. അങ്ങനെ പറമ്പുകള്‍ തെളിച്ചെടുത്ത് കൃഷിയാരംഭിച്ച് അവരവിടെ ജീവിതം ഉറപ്പിച്ചു. എതാണ്ട് 495 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കുടിയേറ്റം വട്ടവടയില്‍ ഉണ്ടായതെന്നു പറയുന്നു. ഇവരുടെ ഏഴമത്തെ തലമുറയാണ് ഇപ്പോള്‍ ഇവിടെയുള്ള മുതിര്‍ന്നവര്‍. അഭിമന്യുവൊക്കെ എട്ടാമത്തെ തലമുറയില്‍പ്പെട്ടവരും.

മന്നാടിയാന്മാര്‍ക്കൊപ്പം മറ്റു ചില ജാതിക്കാരും തമിഴ്‌നാട്ടില്‍ നിന്നും ഇവിടെയെത്തി. ചെട്ടിയാര്‍, സേര്‍വര്‍, മറവര്‍ അങ്ങനെ ചിലര്‍. പില്‍ക്കാലത്ത് ടാറ്റയുടെ തോട്ടങ്ങളില്‍ പണിയെടുത്തിരുന്നവരില്‍ ചില വിഭാഗങ്ങള്‍ അവിടെ നിന്നും പിരിയുന്ന സമയത്ത് ലയങ്ങള്‍ ഒഴിഞ്ഞ് വട്ടവടയിലേക്ക് താമസത്തിനെത്തി. അങ്ങനെ ആദിവാസി, ദലിത് പല വിഭാഗങ്ങള്‍ വട്ടവടയിലെ ജനതയില്‍ ചേര്‍ന്നു.

ആര്യസംസ്‌കാരം കേരളത്തിന്റെ മറ്റിടങ്ങളില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും ഇന്നും ദ്രാവിഡസംസ്‌കാരത്തില്‍ തന്നെ നിലനിന്നുപോരുന്ന ഒരു പ്രദേശം കൂടിയാണ് വട്ടവട. വട്ടവടയ്ക്ക് അതിന്റെതായ തനത് സംസ്‌കാരം ഇന്നുമുണ്ട്. കേരളത്തിന്റെ പൊതുരീതികളില്‍ നിന്നും ഏറെ വ്യത്യസ്തമായി.

തമിഴ് സംസ്‌കാരവും ഭാഷയുമാണെങ്കിലും ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ഇടുക്കിയ്‌ക്കൊപ്പം വട്ടവടയും കേരളത്തിനൊപ്പം ആവുകയായിരുന്നു. എന്നാല്‍ ഇന്നും കേരളത്തില്‍ നിന്നും മറ്റൊരുപാട് കാര്യങ്ങളില്‍ ഒരുപാട് കാതം പിന്നിലാണ് വട്ടവട. സാമ്പത്തിക, വികസന, വിദ്യാഭ്യാസ മേഖലകളിലൊക്കെ… അങ്ങനെ പല രംഗങ്ങളിലും പതിനാലായിരത്തോളം വരുന്ന ജനങ്ങള്‍ താമസിക്കുന്ന, കേരളത്തിന്റെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വട്ടവട എന്ന പഞ്ചായത്ത് പിന്നില്‍ നില്‍ക്കുകയാണ്. അങ്ങനെയുള്ള ഈ നാടിനെ അതിന്റെ എല്ലാ രംഗങ്ങളിലൂടെയും മുന്നോട്ടു കൊണ്ടുവരണമെന്നും തനിക്ക് പിന്നാലെ വരുന്ന തലമുറയെങ്കിലും മാറിയൊരു വട്ടവടയുടെ ജനതയായി ജീവിക്കണമെന്നും സ്വപ്‌നം കണ്ടവനും അതിനായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചവനുമായ ഒരു ചെറുപ്പക്കാരനാണ് ജൂലൈ രണ്ട് പുലര്‍ച്ചെ മഹാരാജാസ് കോളേജിന്റെ മണ്ണില്‍ കൊല്ലപ്പെട്ടത്.

"</p

1954-ലാണ് വട്ടവട പഞ്ചായത്ത് രൂപീകരിക്കുന്നത്. 13 വാര്‍ഡുകളാണ് പഞ്ചായത്തില്‍. മൊത്തം ജനസംഖ്യ പതിനാലായിരത്തോളം. കാട്ടുമൃഗങ്ങളുടെ ഭീഷണിയില്‍ കൂട്ടംചേര്‍ന്ന് താമസിക്കുന്ന ഗോത്രവര്‍ഗ രീതിയിലാണ് ഇന്നും വട്ടവടയിലെ ജനവാസം. കൃഷിസ്ഥലങ്ങള്‍ വേറെയും താമസസ്ഥലങ്ങള്‍ വേറെയുമായി. കേരളത്തില്‍ പൊതുവെ ഒറ്റയ്ക്കയ്‌ക്കൊറ്റയ്ക്കായി താമസിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ ഏറ്റവും പുതിയ തലമുറയിലുള്ളവരില്‍ ചിലര്‍ക്കൊഴിച്ച് ഇന്നും വട്ടവടക്കാര്‍ക്ക് കൂട്ടമായി താമസിക്കാന്‍ തന്നെയാണ് താത്പര്യം. ഇവിടുത്തെ ഭൂപ്രകൃതിക്ക് ഇണങ്ങി, ഭൂമിയില്‍ നിന്നു കിട്ടുന്ന സാധനങ്ങള്‍ കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍. സംസ്ഥാനത്ത് നടക്കുന്ന പല കാര്യങ്ങളും ഇന്നും വട്ടവടക്കാര്‍ യഥാസമയം അറിയുന്നില്ല. രാവിലെ ആറുമണിയോടടുത്ത് കൃഷിയിടങ്ങളിലേക്ക് പോകുന്ന ഇവര്‍ നേരമിരുട്ടിയശേഷമായിരിക്കും തിരിച്ച് വീടുകളില്‍ എത്തുന്നത്. അതിനിടയില്‍ ജീവിക്കാന്‍ വേണ്ടി മണ്ണില്‍ പണിയെടുക്കുന്നതില്‍ മാത്രമായിരിക്കും ഇവരുടെ ശ്രദ്ധ.

തനത് വരുമാനം ഏറ്റവും കുറഞ്ഞ പഞ്ചായത്തുകളില്‍ ഒന്നാണ് ഇന്നും വട്ടവട. നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അതുതന്നെ. ജനങ്ങളില്‍ ബഹുഭൂരിഭാഗവും ഒറ്റമുറി വീടുകളില്‍ കഴിയുന്നവര്‍. പഞ്ചായത്തിലേക്ക് നികുതി വരുമാനം തീരെ കുറവ്. സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ജനറല്‍ പര്‍പ്പസ് ഫണ്ട് ആണ് പ്രധാന ആശ്രയം. വരുമാനം കുറവായതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് മാസാമാസം കൃത്യമായ ശമ്പളം കൊടുക്കാന്‍ പോലും ബുദ്ധിമുട്ടാണെന്നു പറയുകയാണ് പഞ്ചായത്ത് പ്രസിഡന്റ് രാമരാജ്. ഉദ്യോഗസ്ഥര്‍ക്കും ഇവിടെ നില്‍ക്കുന്നതില്‍ വല്യ താത്പര്യം ഇല്ല. എങ്ങനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി പോകാനാണ് തിരക്ക്.

പ്ലാന്‍ ഫണ്ട് ആണ് മറ്റൊരു ആശ്രയം. അത് വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കേണ്ടത്. തലയെണ്ണിയാണ് ഓരോ പഞ്ചായത്തിനും പ്ലാന്‍ ഫണ്ട് നിശ്ചയിക്കുന്നത്. വളരെ കുറഞ്ഞ ജനസംഖ്യയുള്ളത് കൊണ്ട് ആ രീതിയില്‍ കിട്ടുന്ന ഫണ്ടും കുറവ്. എങ്കിലും കിട്ടുന്ന തുകയുടെ തൊണ്ണൂറ്റിയഞ്ച് ശതമാനവും പഞ്ചായത്തിന്റെ വികസനത്തിനായി ഉപയോഗിക്കാറുണ്ടെന്ന് രാമരാജ് പറയുന്നു. പക്ഷേ, ഇന്നും കേരളത്തില്‍ നിന്നും വളരെ വര്‍ഷങ്ങള്‍ പിന്നില്‍ നില്‍ക്കുന്ന ഈ പഞ്ചായത്തില്‍ ആവശ്യമായ വികസനങ്ങള്‍ ഉണ്ടാകണമെങ്കില്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് വട്ടവടയെ സംരക്ഷിക്കണമെന്നാണ് പ്രസിഡന്റ് ആവശ്യപ്പെടുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇപ്പോള്‍ പ്രതിക്ഷാനിര്‍ഭരമായ നീക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും വട്ടവടയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടി രാമരാജ് കൂട്ടിച്ചേര്‍ക്കുന്നു.

ശീതകാല പച്ചക്കറി കൃഷിക്ക് പേരുകേട്ട സ്ഥലമാണ് വട്ടവട. മറ്റു ചില കൂലിപ്പണികള്‍ക്ക് പോകുന്നതൊഴിച്ചാല്‍ ഇവിടുത്തുകാരുടെ പ്രധാന തൊഴില്‍ കൃഷി തന്നെയാണ്. എങ്കിലും ഈ കൃഷിയില്‍ നിന്നും വലിയ ലാഭമൊന്നും കിട്ടാതെ ഇടനിലക്കാരുടെ ചൂഷണത്തില്‍ കുടുങ്ങിക്കിടക്കുന്ന വട്ടവടക്കാര്‍ക്ക് കൃഷി അവരുടെ പട്ടിണി മാറ്റാന്‍ പോലും സഹായകമാകുന്നില്ല. എന്നാല്‍ വട്ടവടയിലെ പച്ചക്കറികളും മറ്റും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലും ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഹോട്ടലുകളിലെ വിലയേറിയ വിഭവങ്ങളാകുന്നുണ്ട്. ഈ ജനതയെ പറ്റിച്ചു കൊണ്ടുപോകുന്ന ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ധാരാളം പണം മറ്റുള്ളവര്‍ സമ്പാദിക്കുന്നുണ്ട്. കാരറ്റ് എന്ന് എഴുതാന്‍ പോലും അറിയാത്ത ഇടനിലക്കാരന്‍ പക്ഷേ, അതേ കാരറ്റും മറ്റുള്ള പച്ചക്കറികളും വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നുണ്ടെന്ന് നിഷ്‌കളങ്കമായ ചിരിയോടെ വട്ടവടയിലെ കര്‍ഷകര്‍ പറഞ്ഞുകേട്ടു. തട്ടു കൃഷിയാണ് പ്രധാനം. അവിടെ കാരറ്റ്, കാബേജ്, ബീന്‍സ്, വെള്ളുത്തുള്ളി (വട്ടവടയിലെ വെള്ളുത്തുള്ളി പ്രത്യേക ഔഷധഗുണമുള്ളതാണ്) ഉരുളന്‍കിഴങ്ങ് തുടങ്ങി പലതരം കൃഷികളാണിവര്‍ ചെയ്യുന്നത്. സൂചി ഗോതമ്പ് കൃഷിയുള്ള കേരളത്തിലെ ഒരേയൊരിടം വട്ടവടയാണ്. ഇതുകൂടാതെ സ്‌ട്രോബറി കൃഷിയും വ്യാപകമാണ്. ബട്ടര്‍ഫ്രൂട്ട് (അവക്കാഡോ) ഇവിടെ കൃഷി ചെയ്യുന്നുണ്ട്. സുഗന്ധദ്രവ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ജറോണിയവും വട്ടവടയില്‍ ഉണ്ട്. മാര്‍ക്കറ്റുകളിലും മുന്തിയ ഹോട്ടലുകളിലും ഇവ എത്രയെത്ര പണമാണ് ഉണ്ടാക്കുന്നത്. പക്ഷേ, ഇതിന്റെയൊന്നും ഗുണം വട്ടവടക്കാര്‍ക്ക് കിട്ടുന്നില്ല.

ഇവിടുത്തെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തറവില നിശ്ചയിട്ടില്ല. തറവില നിശ്ചയിച്ചിട്ടില്ലാത്തതുകൊണ്ട് ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് കൃത്യമായ വിലയും കിട്ടുന്നില്ല. കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാന കാരണവും അത് തന്നെയാണ്.

“വട്ടവടയില്‍ ഉത്പാദിക്കുന്ന എല്ലാ കാര്‍ഷിക വിളകളും ഇവിടെ തന്നെ സംഭരിച്ച് വില്‍ക്കുന്ന പദ്ധതി നടപ്പാക്കിയാല്‍ കാര്‍ഷികരംഗം രക്ഷപ്പെടും. എന്നാല്‍ അതിനായുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമ്പോള്‍ പോലും ഉദ്യോഗസ്ഥതലത്തില്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണ്. അവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്… പുറത്തു നിന്നും പച്ചക്കറി എടുക്കുമ്പോള്‍ കിട്ടുന്ന കമ്മിഷന്‍ ഇവിടെ നിന്നും കിട്ടില്ലല്ലോ, അതു തന്നെയാണ് ഉദ്യോഗസ്ഥരുടെ തടസത്തിനും കാരണവും”, രാജമരാജ് ചൂണ്ടിക്കാണിക്കുന്നു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും ഇവിടുത്തെ കാര്‍ഷികോത്പന്നങ്ങള്‍ ഏറ്റെടുത്ത് വില്‍പ്പന നടത്തി, ലാഭം കര്‍ഷകര്‍ക്ക് നല്‍കി വട്ടവടയിലെ ദാരിദ്ര്യമെങ്കിലും മാറ്റാന്‍ തയ്യാറാകണമെന്നും പ്രസിഡന്റ് പറയുന്നു. വട്ടവടയിലുള്ളവര്‍ ധാരാളം ഭൂമിയുള്ളവര്‍ ആണെന്നും ഏറ്റവും ചുരുങ്ങിയത് രണ്ടേക്കര്‍ കൃഷിഭൂമിയെങ്കിലും ഓരോരുത്തര്‍ക്കും സ്വന്തമായി ഉണ്ടെന്നുമൊക്കെ എന്തോ വലിയകാര്യമെന്നുപോലെ ചിലര്‍ പറയുന്നുണ്ട് (അഭിമന്യുവിന്റെ കുടുംബത്തിനെ കുറിച്ചും ഇത്തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു). എന്നാല്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ അഞ്ച് സെന്റ് ഉള്ളവരോടു പോലും തുലനം ചെയ്യാന്‍ ഇവിടുത്തെ രണ്ടേക്കറുകാരന് കഴിയില്ലെന്നും രാമരാജ് ചൂണ്ടിക്കാട്ടുന്നു.

"</p

ഒരു വര്‍ഷം തന്നെ മൂന്നും നാലും കാലാവസ്ഥ വ്യതിയാനങ്ങള്‍ വട്ടവടയില്‍ ഉണ്ടാകും. മഴക്കാലം, മൈനസ് ഡിഗ്രിയിലേക്ക് താഴുന്ന തണുപ്പ് കാലം, കോടമഞ്ഞ് മാത്രം നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കാലം, വേനല്‍ കാലം- ഇങ്ങനെ മൂന്നോ നാലോ കാലാവസ്ഥ വട്ടവടയില്‍ ഉണ്ട്. പുറത്ത് നിന്നും വരുന്നവര്‍ക്ക് ഈ കാലാവസ്ഥകള്‍ താങ്ങാന്‍ കഴിയില്ല. അവര്‍ക്കിവിടെ താമസിക്കാനോ കൃഷി ചെയ്യാനോ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെയാകാം പുറത്തു നിന്നും അധികം പേര്‍ ഇങ്ങോട്ട് വരാരത്തതെന്നാണ് വട്ടവടക്കാര്‍ പറയുന്നത്. പുറംലോകത്തുനിന്നുള്ള ആളുകള്‍ താമസിക്കാത്തതുകൊണ്ടാകാം വട്ടവട പഞ്ചായത്ത് വികസിക്കാത്തതെന്നു പറയുമ്പോഴും അത്തരം കുടിയേറ്റങ്ങള്‍ ഇല്ലാത്തത് തങ്ങളുടെ തനത് സംസ്‌കാരത്തില്‍ തുടര്‍ന്നു പോകാന്‍ ഒരു തരത്തില്‍ സഹായകമാണെന്നും ഇവര്‍ പറയുന്നൂ. പുറത്തു നിന്നു വരുന്നവരെന്ന് പറയാന്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ മാത്രമാണ് ഉള്ളത്.

വിനോദസഞ്ചാരത്തിന് ഏറ്റവും ആകര്‍ഷകമായ പ്രദേശമാണ് വട്ടവട. ഇവിടുത്തെ കാലാവസ്ഥയും ശീതകാല പച്ചക്കറി കൃഷിയും സ്ഥലങ്ങളുമൊക്കെ വിനോദസഞ്ചാരികള്‍ക്ക് പ്രത്യേക അനുഭവമാണ്. എന്നാല്‍ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും വട്ടവട വളര്‍ന്നിട്ടില്ല.

മൂന്നാറില്‍ നിന്നും കൊടൈക്കനാലിലേക്ക് വട്ടവടയിലേക്കു പോകുന്ന ദേശീയപാത നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ വട്ടവടയുടെ മുഖച്ഛായ മാറും. പുറംലോകവുമായി അവര്‍ക്ക് കൂടുതല്‍ ബന്ധമാകും. മാട്ടുപ്പെട്ടി ഡാം തകര്‍ന്നാല്‍ തങ്ങള്‍ ഒറ്റപ്പെട്ടു പോകുമെന്ന് അവര്‍ പറഞ്ഞത് തമാശയാണെങ്കിലും അതിലൊരു ഭീതിയുമുണ്ട്. കൊച്ചി-കൊടൈക്കനാല്‍ ദേശീയപാത പൂര്‍ത്തിയായാല്‍ തങ്ങളുടെ കാര്‍ഷികമേഖലയ്ക്കും കൂടി ഗുണം കിട്ടുമെന്നും ഇവര്‍ പറയുന്നു. കൊട്ടാക്കാമ്പൂരില്‍ നിന്നും ഏകദേശം ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വര്‍ഷങ്ങളായി ഇതങ്ങനെ തന്നെ അപൂര്‍ണമായി കിടക്കുകയാണ്. കൊടൈക്കനാല്‍ റോഡ് എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് പഞ്ചായത്തിന്റെ പ്രധാന ആവശ്യം.

വനം വകുപ്പും ചില പരിസ്ഥിതി സ്‌നേഹികളുമാണ് തങ്ങളെ ഈ തരത്തില്‍ ഒറ്റപ്പെടുത്തിയിട്ടിരിക്കുന്നതെന്നാണ് രാമരാജ് പറയുന്നത്. “സെന്‍സിറ്റീവ് പ്രദേശം എന്നു പറഞ്ഞ് വട്ടവടയെ വളരാന്‍ അനുവദിക്കാത്ത, എ.സി മുറികളിലിരുന്ന് പ്രസംഗിക്കുന്ന കപട പരിസ്ഥിതിവാദികള്‍ കരുട്ടുവാദങ്ങളാണ് നിരത്തുന്നത്. ഇവിടെ റോഡ് വേണ്ട, ജനവാസം വേണ്ട എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇവിടുത്തെ പ്രകൃതിയെ ഞങ്ങള്‍ നശിപ്പിക്കുകയാണെന്നവര്‍ കുറ്റപ്പെടുത്തുന്നത്. ഈ പ്രകൃതിയെ സംരക്ഷിക്കുന്നത് ഇവിടുത്തെ ജനങ്ങള്‍ തന്നെയാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ പാരമ്പര്യമായി പിന്തുടരുന്ന ഒരുപാട് രീതികളുണ്ട്. ഇവിടെ കോണ്‍ക്രീറ്റ് വീടുകള്‍ അധികം ഇല്ല. ആളുകള്‍ക്ക് അതില്‍ താത്പര്യവുമില്ല. വാനോളം ഉയര്‍ന്ന കെട്ടിടങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ട. ഒരു കാട്ടുതീ ഉണ്ടായാല്‍ അത് ഞങ്ങള്‍ തന്നെ കൂട്ടമായി ചേര്‍ന്ന് അണയ്ക്കാറാണ് പതിവ്. നീലക്കുറിഞ്ഞി പൂക്കുന്ന സമയങ്ങളില്‍ രോഗങ്ങള്‍ പടരും. ആ സമയം വീടുകളും മറ്റും കൂടുതല്‍ ശുചിയായി സൂക്ഷിച്ചും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചും ഞങ്ങള്‍ സ്വയം സംരക്ഷണം ഒരുക്കും. പിന്നെയെങ്ങനെയാണ് ഞങ്ങളീ പ്രകൃതിയെ നശിപ്പിക്കുന്നത്?” പ്രസിഡന്റ് രാമരാജ് ചോദിക്കുന്നു.

“ഈ നാട് നശിപ്പിച്ചത് ഞങ്ങളല്ല, ഇവിടെ ഗ്രാന്റിസ് മരങ്ങള്‍ നട്ടുപിടിപ്പിച്ച് മണ്ണിന്റെ ജലാംശം നഷ്ടപ്പെടുത്തിയത് ആരാണ്? ഉപജീവന മാര്‍ഗമായ കൃഷി പോലും അപകടത്തിലാകും വിധം ജലസ്രോതസ്സുകള്‍ ഇല്ലാതാക്കി ഞങ്ങളെ ബുദ്ധിമുട്ടിലാക്കിയത് ഫോറസ്റ്റുകാരാണ്. ഇന്തോ-സ്വിസ് പ്രൊജക്റ്റിന്റെ ഭാഗമായി ഗ്രാന്റിസ് മരങ്ങള്‍ വച്ചു പിടിപ്പിച്ചത് ഫോറസ്റ്റുകാരാണ്. ആദ്യ കാലങ്ങളില്‍ ഞങ്ങള്‍ക്കും ഇതിന്റെ തൈകള്‍ വിതരണം ചെയ്തു. ആറോ ഏഴോ വര്‍ഷങ്ങള്‍ കഴിഞ്ഞ് മരം വലുതായി വെട്ടി വിറ്റാല്‍ ലക്ഷങ്ങള്‍ കിട്ടുമെന്നവര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലേക്ക് വേണ്ടിയും ഗ്രാന്റിസ് ഉപയോഗിച്ചു. ശരിയാണ്, ആദ്യകാലങ്ങളില്‍ ഞങ്ങള്‍ക്ക് ഇതില്‍ നിന്നും വരുമാനം കിട്ടി. പലരും പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതും കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകള്‍ വച്ചതുമൊക്കെ ആ പണം കൊണ്ടാണ്. അന്നൊന്നും ഞങ്ങള്‍ അറിഞ്ഞില്ല ഗ്രാന്റിസ് മരങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദോഷം. ഇപ്പോഴത് മനസിലാക്കിയപ്പോള്‍ വെട്ടിയൊഴിപ്പിക്കാനും സമ്മതിക്കുന്നില്ല ഫോറസ്റ്റുകാര്‍. കൂടെ കുറെ പരിസ്ഥിതിവാദികളും. ഗ്രാന്റിസ് കാടുകളാണ് ഇവിടെയിപ്പോള്‍ കൂടുതലും. ആ സ്ഥലങ്ങള്‍ കൂടി കൃഷിഭൂമിയാക്കി കിട്ടിയാല്‍ അതാണ് ഞങ്ങള്‍ക്കിപ്പോള്‍ നല്ലത്. എന്നാല്‍ വനസംരക്ഷണത്തിന്റെ പേര് പറഞ്ഞ് അതിനും സമ്മതിക്കുന്നില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ഗ്രാന്റിസ് മരങ്ങള്‍ മുറിച്ചു നീക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അത് നടന്നാല്‍ ഞങ്ങള്‍ക്കും നാടിനും നല്ലത്”, കര്‍ഷകനായ ചന്ദ്രശേഖരന്‍ പറയുന്നു.

"</p

ഏറെ ബുദ്ധിമുട്ടിലാണെങ്കിലും പുതിയ പഞ്ചായത്ത് ഭരണസമതി കുറെയേറെ മാറ്റങ്ങള്‍ ഇവിടെ കൊണ്ടുവരുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് സിപിഎം ഭരിക്കുന്ന വട്ടവട പഞ്ചായത്തിന്റെ പ്രസിഡന്റായ രാമരാജ് പറയുന്നത്. “മൂന്നുവര്‍ഷം മുമ്പ് ഈ പഞ്ചായത്തില്‍ നൂറു മീറ്റര്‍ നീളത്തില്‍ ഒരു ടാര്‍ റോഡ് പോലും ഉണ്ടായിരുന്നില്ല. ഇന്നതല്ല സ്ഥിതി. എഴുപത്തിയഞ്ച് ശതമാനം റോഡുകളും ടാര്‍ ചെയ്തു. രണ്ട് രണ്ടര വര്‍ഷം മുമ്പ് വരെ കേരളത്തില്‍ ബാങ്കോ എടിഎമ്മോ ഇല്ലാത്ത ഒരു പഞ്ചായത്ത് ആയിരുന്നു വട്ടവട. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ മുന്‍കൈയെടുത്ത് ഇവിടെ ഗ്രാമീണ്‍ ബാങ്ക് ശാഖ കൊണ്ടുവന്നു. ഇപ്പോള്‍ രണ്ട് ദേശസാത്കൃത ബാങ്കുകള്‍ വട്ടവട പഞ്ചായത്തില്‍ ഉണ്ട്. ഇവിടുത്തെ ജനങ്ങള്‍ ഇപ്പോള്‍ എടിഎം ഉപയോഗിക്കുന്നുണ്ട്. അതുപോലെ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ടാക്കി. കൃഷി കഴിഞ്ഞാല്‍ തൊഴിലുറപ്പ് പദ്ധതിയാണ് ഇവിടുത്തെ ജനങ്ങളടെ പ്രധാനമായൊരു വരുമാന മാര്‍ഗം. കൃത്യമായ രീതിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം ജനങ്ങള്‍ക്ക് നല്‍കാന്‍ പഞ്ചായത്തിന് കഴിയുന്നുണ്ട്. ഇടുക്കി ജില്ലയില്‍ തന്നെ തൊഴിലുറപ്പ് സൗകര്യം പ്രയോജനപ്പെടുത്തുന്നതില്‍ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വട്ടവട തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. അതുപോലെ പഞ്ചായത്ത് അഡ്മിനിസ്‌ട്രേഷനില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്മിനിസ്‌ട്രേഷന്റെ പുരസ്‌കാരവും വട്ടവടയ്ക്ക് കിട്ടി. ജനപ്രതിനിധികള്‍ക്ക് ഇരിക്കാന്‍ ഒരു കസേര പോലും ഇല്ലാതിരുന്ന അവസ്ഥ ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. റെക്കോര്‍ഡ് റൂം എന്നത് വെറും സങ്കല്‍പ്പം മാത്രമായിരുന്നു. ഇന്ന് ജില്ലയിലെ മികച്ച റെക്കോര്‍ഡ് റൂമുള്ള പഞ്ചായത്ത് വട്ടവടയാണ്. അതുപോലെ പുറത്തു നിന്നുവരുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഒരു ഗ്രാമസത്രം ഉണ്ടാക്കി. ഇടുക്കി ജില്ലയില്‍ ആകെയുള്ള 52 പഞ്ചായത്തുകളില്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് കിട്ടിയ ആറാമത്തെ പഞ്ചായത്തും വട്ടവടയാണ്.

ഇവിടെയുള്ള ജനപ്രതിനിധികളില്‍ പലരും അതുപോലെ നാട്ടുകാരുമൊക്കെ ഇരുപതും ഇരുപത്തിയഞ്ചും കിലോമീറ്ററുകളൊക്കെ നടന്നാണ് പഞ്ചായത്തില്‍ എത്തുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് 20 കിലോമീറ്റര്‍ നടന്നാണ് എത്തുന്നത്. ഇത്രയും ദൂരം നടന്ന് ക്ഷീണിച്ച് എത്തുന്നവരില്‍ പലര്‍ക്കും ഒരു ചായ കുടിക്കാനുള്ള കാശ് പോലും പോക്കറ്റില്‍ കാണില്ല. സാമ്പത്തിക ബുദ്ധിമുട്ട് അത്രയധികം ഉണ്ട്. അതുകൊണ്ട് പഞ്ചായത്തില്‍, തനത് ഫണ്ടില്‍ നിന്നും തുകയെടുത്ത് ഒരു ടീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചു. ഇവിടെ വരുന്ന ആര്‍ക്കും അതില്‍ നിന്നും സൗജന്യമായി ചായ കുടിക്കാം. കേരളത്തില്‍ തന്നെ ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയ പഞ്ചായത്ത് വട്ടവടയായിരിക്കാം. എറണാകുളത്ത് കിഴക്കമ്പലം പഞ്ചായത്തില്‍ ടീ വെന്‍ഡിംഗ് മെഷീന്‍ ഉണ്ടെങ്കിലും അത് ട്വന്റി-ട്വന്റി സ്‌പോണ്‍സര്‍ഷിപ്പില്‍ സ്ഥാപിച്ചതാണ്. പഞ്ചായത്ത് തന്നെ മുന്‍കൈയെടുത്ത് ജനങ്ങള്‍ക്കു വേണ്ടി സൗജന്യമായി ഒരു ടീ വെന്‍ഡിംഗ് മെഷീന്‍ ഇവിടെയായിരിക്കണം ആദ്യമായി സ്ഥാപിച്ചിരിക്കുന്നത്.

ഒറ്റമുറി വീടുകളില്‍ നിന്നും ജനങ്ങളെ മാറ്റുകയെന്നതാണ് പഞ്ചായത്തിന്റെ മറ്റൊരു ലക്ഷ്യം. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി അതിന് സഹായം ചെയ്യുകയാണ്. ലൈഫ് പദ്ധതിയില്‍ 788 പേരെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുന്നൂറോളം ഗുണഭോക്താക്കള്‍ക്ക് നാലുലക്ഷം (എസ് സി / എസ് ടി വിഭാഗത്തിന് ആറു ലക്ഷം) രൂപയില്‍ നിന്നും അഡ്വാന്‍സ് നല്‍കി കഴിഞ്ഞു. കുറേപ്പേര്‍ക്ക് റേഷന്‍ കാര്‍ഡില്‍ എപിഎല്‍/ബിഎപില്‍ വിഭാഗത്തില്‍ പാളിച്ചവന്നതുമൂലം പദ്ധതിയില്‍ ഉള്‍പ്പെടാനാകാതെ പോയിരുന്നു. അവരുടെ കാര്യത്തിലും സര്‍ക്കാര്‍ അനുകൂല തീരുമാനം എടുത്തിട്ടുണ്ട്. ലൈഫ് പദ്ധതി പൂര്‍ത്തിയായാല്‍ ഒരുപാട് പേര്‍ക്ക് ഒറ്റമുറി ജീവിതത്തില്‍ നിന്നും മോചനം കിട്ടും.

ഇത് കൂടാതെ കേരളത്തിന് ആകെ മാതൃകയായൊരു പദ്ധതിയും വട്ടവട പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. ഒരു മാതൃകാഗ്രാമം. വട്ടവടയില്‍ ഇന്നും ഏറെ പിന്നാക്കം നില്‍ക്കുകയും ചില ഉച്ഛനീചത്വങ്ങള്‍ക്ക് വിധേയരാകേണ്ടിയും വരുന്ന ഒരു വിഭാഗമുണ്ട്, ചൊക്ലിയാര്‍ വിഭാഗം. പണ്ട് തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കാന്‍ വന്ന് അവിടെ നിന്നും പോന്നശേഷം വട്ടവടയില്‍ താമസമാക്കിയവരാണ്. ഈ സമുദായത്തിന് മറ്റുള്ളവരില്‍ നിന്നും ചില അവഗണനകള്‍ നേരിടേണ്ടി വരുന്നുണ്ട്. വട്ടവടയില്‍ ഉള്ള ഒറ്റമുറി വീടുകളെക്കാള്‍ കഷ്ടമാണ് ഇവരുടെ ഒറ്റമുറി വീടുകള്‍. പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഇവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പഞ്ചായത്ത് ഒരു പദ്ധതി നടപ്പാക്കി വരികയാണ്. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ സ്വപ്‌ന പദ്ധതിയായാണ് ഇതിന്റെ തുടക്കം. അതാണ് മാതൃക ഗ്രാമം. രണ്ട് ഏക്കര്‍ സ്ഥലത്ത് ഫ്ലാറ്റ് നിര്‍മിച്ച് ഇവരെ അങ്ങോട്ട് മാറ്റും. 460 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത താമസസ്ഥലമാണ് ഒരുക്കുന്നത്. ഒരു ഹാള്‍, രണ്ട് കിടപ്പു മുറി, അടുക്കള, സിറ്റ് ഔട്ട്, അറ്റാച്ച്ഡ് ബാത്ത് റൂം എന്നിവ ഉണ്ടാകും. ഇലക്ട്രിക്കല്‍, പ്ലംബിംഗ് ജോലികളും പഞ്ചായത്ത് തന്നെ നിര്‍വഹിക്കും. എല്ലാം പൂര്‍ത്തിയാക്കിയായിരിക്കും താക്കോല്‍ കൈമാറുക. ഈ മാതൃക ഗ്രാമത്തില്‍ ഒരു കമ്യൂണിറ്റി ഹാള്‍, വിശ്രമ സങ്കേതം, കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു പാര്‍ക്ക്, ഷോപ്പിംഗ് മാള്‍ എന്നിവയും ഉണ്ടാകും. 116 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ മാറ്റുക. ഏകദേശം 234 കുടുംബങ്ങളാണ് ചൊക്ലിയാര്‍ സമുദായത്തില്‍ ഉള്ളത്. ബാക്കിയുള്ളവരെ അടുത്തഘട്ടത്തില്‍ മറ്റൊരു സ്ഥലം വാങ്ങി അവിടെ ഇതേ രീതിയില്‍ തന്നെ മാതൃക ഗ്രാമം തയ്യാറാക്കി അങ്ങോട്ടേയ്ക്കും മാറ്റും.

കാശിനാഥന്‍; അഭിമന്യുവിനു മുന്നേ വട്ടവടയില്‍ രക്തസാക്ഷിയായ കമ്യൂണിസ്റ്റുകാരന്‍

ഈ പദ്ധതി എംഎല്‍എയാണ് പഞ്ചായത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് പഞ്ചായത്ത് ടിപിആര്‍ തയ്യാറാക്കുകയും ‘കില’യില്‍ സമര്‍പ്പിക്കുകയും ചെയ്തു. അവര്‍ക്ക് ഈ പദ്ധതി ഒരുപാട് ഇഷ്ടപ്പെട്ടു. തുടര്‍ന്നിത് സര്‍ക്കാരിന്റെ മുന്നിലെത്തിയപ്പോള്‍ അവിടെയും വലിയ താത്പര്യത്തോടെ സ്വീകരിച്ചു. ഇതിനെ തുടര്‍ന്ന് തദ്ദേശഭരണ വകുപ്പ് വട്ടവട പഞ്ചായത്തിന്റെ മാതൃക ഗ്രാമ പദ്ധതി ഒരു പൈലറ്റ് പ്രൊജക്ടായി അംഗീകരിക്കുകയും ഇക്കാര്യം ചൂണ്ടിക്കാട്ടി കേരളത്തിലെ എല്ലാ പഞ്ചായത്തുകള്‍ക്കും കത്തെഴുതി ഇത്തരമൊരു പദ്ധതി വേണമെങ്കില്‍ നടപ്പാക്കാം എന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. അടുത്ത ഒരു കൊല്ലത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തണമെന്നാണ് തീരുമാനം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട്, എംപി ഫണ്ട്, ജലനിധി ഫണ്ട്. ശുചിത്വ മിഷന്‍ പദ്ധതിയില്‍ നിന്നുള്ള ഫണ്ട് തുടങ്ങി പലയിടങ്ങളില്‍ നിന്നുള്ള തുക സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുക. എകദേശം പതിനൊന്നു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കൃഷിയും ടൂറിസവും കൂടുതല്‍ വികസിപ്പിച്ചും പഞ്ചായത്തിന് വരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. 54 ഏക്കറില്‍ പഴം, പച്ചക്കറി വിത്ത് ഉത്പാദന കേന്ദ്രം സ്ഥാപിക്കാനുള്ള ഒരുക്കള്‍ നടക്കുന്നുണ്ട്. ഓസ്ട്രേലിയന്‍ സര്‍ക്കാരും വട്ടവട പഞ്ചായത്തും ചേര്‍ന്നുള്ള സംരംഭമായിരിക്കും ഇത്. അതോടൊപ്പം വട്ടവടയിലെ കാര്‍ഷികോത്പന്നങ്ങളെ ബ്രാന്‍ഡുകളാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വട്ടവട ബ്രാന്‍ഡ് എന്ന പേരില്‍ ഇവിടുത്തെ കാര്‍ഷികോത്പ്പന്നങ്ങളെ വിപണിയില്‍ അവതരിപ്പിക്കും. വട്ടവടയിലെ വെളുത്തുള്ളി ഔഷധ ഗുണമുള്ളതാണ്. ഇതില്‍ വേള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വില്ലേജ് ടൂറിസത്തിനും വേണ്ട പ്രചാരണം നല്‍കി വട്ടവടയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കും. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കി കര്‍ഷക ചൂഷണം ഇല്ലാതാക്കാനും പഞ്ചായത്തും സര്‍ക്കാരും നീക്കങ്ങള്‍ നടത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് വിപണിയില്‍ നേരിട്ട് ഇടപെടാനുള്ള സൗകര്യം ഒരുക്കും. ഓണ്‍ലൈന്‍ വിപണി തുറക്കാനുള്ള ശ്രമങ്ങള്‍ അവസാഘട്ടത്തിലാണ്. ഒപ്പണ്‍ മാര്‍ക്കറ്റ് സൃഷ്ടിച്ചു കഴിഞ്ഞാല്‍ ഇടനിലക്കാരുടെ ചൂഷണം ഉണ്ടാകില്ല, കര്‍ഷകര്‍ക്ക് അവരുടെ അദ്ധ്വാനത്തിന് മാന്യമായ ലാഭവും കിട്ടും.

ദാരിദ്ര്യനിര്‍മാര്‍ജ്ജനം വട്ടവടയില്‍ നടപ്പിലാക്കുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം. സൂചി ഗോതമ്പ്, റാഗി കൃഷികള്‍ വട്ടവടയില്‍ ഉണ്ട്. ഈ കൃഷികള്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്. ഓരോ കുടുംബത്തിനും ഭക്ഷണത്തിന് മുടക്കം വരാത്തവണ്ണം ആവശ്യമായ വിളകള്‍ ഉത്പാദിപ്പിച്ച് ഉപയോഗിക്കണം. അതില്‍ കൂടുതല്‍ ഉണ്ടായാല്‍ വിപണിയില്‍ എത്തിച്ച് വില്‍പ്പന നടത്തി ആ പണവും നേടാം എന്നാണ് പഞ്ചായത്ത് ബോധവത്കരിക്കുന്നത്.

"</p

മറ്റൊരു പ്രധാന വെല്ലുവിളി വിദ്യാഭ്യാസ രംഗത്താണ്. 1947-ലാണ് വട്ടവടയില്‍ ആദ്യത്തെ ഹൈസ്‌കൂള്‍ വരുന്നത്, അത് തമിഴ് മീഡിയം ആയിരുന്നു. 1982 ല്‍ മലയാളം മീഡിയം ഹൈസ്‌കൂള്‍ വന്നു. വിദ്യാഭ്യാസപരമായി വളരെ പിന്നില്‍ തന്നെയാണ് വട്ടവടയിലെ ജനങ്ങള്‍. കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒപ്പിടാന്‍ മാത്രം പഠിച്ചവര്‍ ആയിരുന്നു അറുപത് ശതമാനത്തോളം ആളുകള്‍. ഏതാണ്ട് 82-നു ശേഷമാണ് വിദ്യാഭ്യാസം നേടണമെന്നു തന്നെ പലരിലും തോന്നല്‍ ഉണ്ടാകുന്നത്. തമിഴും മലയാളവും എഴുതാനും വായിക്കാനും അറിയാത്തവര്‍ ഇവിടെയുണ്ട്. മാര്‍ത്തോമ എന്ന സംഘടനയാണ് ആദ്യമായി ഇവിടെ നിന്നും കുട്ടികളെ പുറത്തു കൊണ്ടു പോയി പഠിപ്പിക്കുന്നത്. പത്താം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ ഒരുപാട് പേര്‍ ഇപ്പോള്‍ വട്ടവടയില്‍ ഉണ്ടെങ്കിലും തുടര്‍ പഠനത്തിന് കഴിയുന്നില്ല. പലരും സാമ്പത്തിക പരാധീനത മൂലമാണ് പഠനം തുടരാത്തത്. വീട്ടിലെ അവസ്ഥ കണ്ട് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണവര്‍. ഇവര്‍ പോലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ക്കാന്‍ പോലും തയ്യാറായിട്ടില്ല. പലര്‍ക്കും അതിനെ കുറിച്ച് ധാരണയില്ലാതെ പോവുകയാണ്. പി എസ് സി പരീക്ഷ എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ കയറാം എന്നുപോലും അറിയാത്തവര്‍ ഉണ്ട്. എന്നാല്‍ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നുണ്ട്. അത് വട്ടവടയിലെ വരുന്ന തലമുറയ്ക്ക് ഒരുപാട് ഗുണം ചെയ്യും. ആ കൂട്ടത്തില്‍ ഒരാളായിരുന്നു അഭിമന്യു.

വിദ്യാഭ്യാസം നേടിയാല്‍ തന്റെ ജനം രക്ഷപ്പെടുമെന്നാണ് അഭിമന്യു എപ്പോഴും പറയുന്നത്. വായനയില്ലാത്തതിന്റെയും വിദ്യാഭ്യാസം നേടാത്തതിന്റെയും ദോഷമാണ് തങ്ങള്‍ അനുഭവിക്കുന്ന തിരിച്ചടികള്‍ക്ക് കാരണം എന്നായിരുന്നു അഭിമന്യു പറയാറുള്ളത്. അതുകൊണ്ടാണ് അഭിമന്യു ഞങ്ങളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നത് നമുക്കിവിടെ നല്ലൊരു ലൈബ്രറി വേണം, പി എസ് സി കോച്ചിംഗ് സെന്റര്‍ വേണം എന്നായിരുന്നു. ഈ നാട് വേഗം വളര്‍ച്ച നേടണം എന്നായിരുന്നു അവന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂര്‍ത്തിയായി കാണാന്‍ അഭിമന്യുവിന് സാധിച്ചില്ല. പക്ഷേ, അഭിമന്യുവിന്റെ ആഗ്രഹങ്ങള്‍ പോലെ ഈ നാട് മാറ്റാന്‍ ഞങ്ങളോരോരുത്തരും കടമപ്പെട്ടിരിക്കുകയാണ്. ഉടന്‍ തന്നെ ലൈബ്രറി ഉണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ പി എസ് സി കോച്ചിംഗ് ക്ലാസുകള്‍ നടത്തും. കോച്ചിംഗ് നല്‍കാന്‍ വരുന്ന അധ്യാപകര്‍ക്ക് പഞ്ചായത്ത് ഓണറേറിയം നല്‍കും. ഈ നാട് ഞങ്ങള്‍ അഭിമന്യുവിന് വേണ്ടി മാറ്റിയെടുക്കും. അതിന് സര്‍ക്കാരിന്റെയും നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ തേടുകയാണ്. അഭിമന്യുവിന്റെ വട്ടവട വളരുക തന്നെ ചെയ്യും”, രാമരാജ് ഉറപ്പോടെ പറയുന്നു.

വട്ടവടയ്ക്കും മഹാരാജാസിനുമിടയില്‍ അഭിമന്യു താണ്ടിയ ദൂരങ്ങള്‍; നിലച്ചു പോയത് ഒരു നാടാണ്

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍