UPDATES

ട്രെന്‍ഡിങ്ങ്

പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട് / മണ്ഡലങ്ങളിലൂടെ

കോണ്‍ഗ്രസ് ഇപ്പോഴും 2009-ലും 2014-ലും നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ തന്നെയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് അവര്‍ വിശ്വസിക്കുന്നു

കേരളത്തിലേറ്റവുമധികം മഴ പെയ്യുന്ന പ്രദേശമായിരുന്നു വയനാട്. കുരുമുളകിന്റെയും ഏലത്തിന്റെയും കാപ്പിയുടേയുമൊക്കെ വശ്യ ഗന്ധത്താല്‍ സായിപ്പിനെ വരെ മയക്കിയിരുന്ന നാട്. എന്നാലിന്ന് വയനാടിന്റെ ആകാശവും ഭൂമിയും വെളളവുമെല്ലാം അതിവേഗം മാറുകയാണ്. വയനാടന്‍ കാലാവസ്ഥയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പാടങ്ങള്‍ വരണ്ടു കീറുമ്പോഴും, കുന്നുകളും മലകളും ഇടിച്ചു നിരത്തപ്പെടുമ്പോഴും, ക്വാറികളില്‍ നിന്നും ഉഗ്ര സ്‌ഫോടനങ്ങള്‍ കേള്‍ക്കുമ്പോഴും വയനാട്ടുകാര്‍ രാഷ്ട്രീയ നേതൃത്വങ്ങളിലേക്ക് നോക്കും. വയനാടിന്റെ സൂക്ഷ്മ കാലാവസ്ഥപോലെ ദുര്‍ബലമാണ് അവിടുത്തെ രാഷ്ട്രീയ കാലാവസ്ഥയുമെന്ന് അവര്‍ നെടുവീര്‍പ്പിടും.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ എന്നീ നിയോജകമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. അതിനുമുമ്പ് കല്‍പ്പറ്റ, ബത്തേരി, തിരുവമ്പാടി മണ്ഡലങ്ങള്‍ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിന്റെയും വണ്ടൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങള്‍ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെയും മാനന്തവാടി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെയും ഭാഗമായിരുന്നു. വയനാട് മണ്ഡലം നിലവില്‍വന്ന ശേഷം 2009-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എം.ഐ. ഷാനവാസിന് 1,53,439 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് വയനാട് യുഡിഎഫ് ക്യാമ്പുകളെപ്പോലും അമ്പരപ്പിച്ചത്.

കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്കും മുന്‍പ് ലഭിക്കാത്തത്ര ഭൂരിപക്ഷം ഷാനവാസിന് ലഭിച്ചതിനു പിന്നില്‍ കൃത്യമായ ചില രാഷ്ട്രീയ ഇടപെടലുകളുണ്ടായിരുന്നു. പല സാമ്പത്തിക പ്രതിസന്ധികള്‍മൂലം കാര്‍ഷിക മേഖലയും കര്‍ഷകരും തകര്‍ന്നിരിക്കുന്ന സമയത്ത് ഒന്നാം യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളാന്‍ തീരുമാനിച്ചതായിരുന്നു ഒന്നാമത്തെ കാരണം. രണ്ടാമതായി, അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഏറ്റവും വലിയ ആശ്വാസമായി മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന സമ്പൂര്‍ണ്ണ തൊഴിലുറപ്പ് പദ്ധതി. ജില്ലയിലെ സാധാരണക്കാര്‍ക്ക് കൈപ്പത്തി ചിഹ്നത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ അതുതന്നെ ധാരാളമായിരുന്നു. ഒപ്പം, സംസ്ഥാനമൊട്ടാകെ യുഡിഫ് തരംഗം ആഞ്ഞുവീശുക കൂടി ചെയ്തതോടെ ഭൂരിപക്ഷം കുതിച്ചു.


ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളില്‍ അന്‍പത് ശതമാനത്തോളം വോട്ടുകള്‍ സ്വന്തം പോക്കറ്റിലാക്കിയാണ് എം.ഐ ഷാനവാസ് ഇന്ദ്രപ്രസ്ഥത്തിലേക്ക് യാത്ര തിരിച്ചത്. പ്രധാന എതിരാളിയായിരുന്ന എല്‍എഫിന്റെ എം. റഹ്മത്തുള്ളക്ക് ലഭിച്ചതാകട്ടെ ആകെ 257264 വോട്ടുകള്‍ മാത്രം. എന്‍.സി.പി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. മുരളീധരന്‍ ഒരു ലക്ഷത്തോളം വോട്ട് പിടിച്ചിരുന്നു. വയനാട് നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ ഷാനവാസില്‍ അത്രത്തോളം വിശ്വാസമര്‍പ്പിച്ചിരുന്നു എന്ന് സാരം. അക്കാലത്തും എല്ലാ മുന്നണികളും ഉയര്‍ത്തിക്കാട്ടിയിരുന്നത് കര്‍ഷക രാഷ്ട്രീയം തന്നെയായിരുന്നു. കൃഷിയുടെ വീണ്ടെടുപ്പും കര്‍ഷകരുടെ ഉന്നമനവും എല്ലാ സ്ഥാനാര്‍ത്ഥികളും മുഖ്യ വാഗ്ദാനമായി അവതരിപ്പിച്ചു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ കടാശ്വാസ പ്രഖ്യാപനത്തോളം വലുതായിരുന്നില്ല അതൊന്നും.

Also Read: വയലില്‍ നിന്ന് റോഡിലേക്ക് കയറിവന്ന ആനയെ രാഘവന്‍ കണ്ടില്ല; വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ ഒരു കര്‍ഷകന്‍ കൂടി കൊല്ലപ്പെട്ടു; ഊരുപേടിച്ച് ജനം

2014 എത്തിയപ്പോഴേക്കും ചിത്രം മാറി മറിഞ്ഞു. ജയിച്ചതിനു ശേഷം ഒരിക്കല്‍ പോലും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത എം.പിയാണ് ഷാനവാസെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. ഷാനവാസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ കലാപമുണ്ടായി. മുസ്ലിം ലീഗിലെ യുവജന വിഭാഗം പരസ്യമായിത്തന്നെ കോണ്‍ഗ്രസിനെ ആശങ്കയറിയിച്ചു. എന്നിട്ടും മണ്ഡലം നിലനിര്‍ത്തുകയെന്ന ദൗത്യം എം.ഐ ഷാനവാസിനെ തന്നെ കോണ്‍ഗ്രസ് ഏല്‍പ്പിച്ചു.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രികാല യാത്രാ നിരോധനം തടയാനായില്ല, ജയിക്കും മുന്‍പ് കൊട്ടിഘോഷിച്ച് നടന്നിരുന്ന ‘വയനാട് പാക്കേജ്’ വാക്കുകളിലൊതുക്കി, ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ ശാഖ കൊണ്ടുവരുമെന്ന് പറഞ്ഞു വഞ്ചിച്ചു… തുടങ്ങി നിരവധി ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. കൂടാതെ കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ കൂടുതല്‍ ഭീതിയിലാവുകയും കൂടെ ചെയ്തതോടെ ഷാനവാസിന്റെ ഭൂരിപക്ഷം കുത്തനെ താഴ്ന്നു. കെ.മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നിട്ടും ഷാനവാസിന്റെ ഭൂരിപക്ഷം 20,870-ലേക്ക് കൂപ്പുകുത്തി.

നിരവധി കര്‍ഷക സമരങ്ങളുടെ നേതാവായ സി.പി.ഐയുടെ സത്യന്‍ മൊകേരിയായിരുന്നു ഷാനവാസിന്റെ എതിരാളി. കര്‍ഷക വോട്ടുകളില്‍ ഭൂരിഭാഗവും അദ്ദേഹം കരസ്ഥമാക്കി. ഒരുഘട്ടത്തില്‍ യുഡിഎഫ് കോട്ട തകരുമെന്നുവരേ കരുതി. മാനന്തവാടിയിലും ബത്തേരിയിലും ഭൂരിപക്ഷം ഉറപ്പിച്ച സത്യന്‍ മൊകേരി കല്‍പ്പറ്റയിലും തിരുവമ്പാടിയിലും ഇഞ്ചോടിഞ്ചു പൊരുതി നിന്നു. ഏറനാട്, വണ്ടൂര്‍ നിയോജക മണ്ഡലങ്ങള്‍ നല്‍കിയ മുപ്പതിനായിരത്തിലധികം ഭൂരിപക്ഷമാണ് യുഡിഎഫിനെ നാണക്കേടില്‍ നിന്നും കരകയറ്റിയത്. സ്വതന്ത്രനായി നിന്ന് പി. വി. അന്‍വര്‍ നേടിയ മുപ്പത്തേഴായിരം വോട്ടും നിര്‍ണ്ണായകമായിരുന്നു.

പ്രളയാനന്തര വയനാട് ആകെ തകര്‍ന്നിരിക്കുകയാണ്. രാത്രിയാത്രാ നിരോധനം നീക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. നഞ്ചന്‍കോട് – നിലമ്പൂര്‍ റെയില്‍പാത ഇപ്പോഴും ഒരു മരീചികയാണ്. മെഡിക്കല്‍ കോളേജിനായി ഇനിയും എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് അറിയില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും വിളത്തകര്‍ച്ചയും എക്കാലത്തേയും വലിയ നിരക്കിലെത്തി. വലിയ തോതില്‍ നടക്കുന്ന പരിസ്ഥിതിയിലേക്കുള്ള കടന്നുകയറ്റം കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടിയെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ തന്നെയാകും ഇത്തവണയും ചര്‍ച്ചചെയ്യപ്പെടുക.

കോണ്‍ഗ്രസ് ഇപ്പോഴും 2009-ല്‍ നേടിയ വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ തന്നെയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഷാനവാസ് അന്തരിച്ചതിനാല്‍ ആദിവാസി-ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ പറ്റിയ പുതിയൊരു സ്ഥാനാര്‍ത്ഥിയെ കണ്ടത്താനുള്ള പരിശ്രമത്തിലാണവര്‍.

അതേസമയം, 2014-ല്‍ യുഡിഎഫിനെ വിറപ്പിച്ച പ്രകടനം കാഴ്ച വച്ചതാണ് എല്‍ഡിഎഫിന്റെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ആദിവാസി ഗോത്ര സഭാ നേതാവ് സി.കെ ജാനുവും എം.പി വിരേന്ദ്ര കുമാറിന്റെ ലോക് താന്ത്രിക് ജനതാദളും ഇന്ന് എല്‍.ഡി.എഫിനൊപ്പമാണെന്നതും വിജയത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്ന് അവര്‍ കരുതുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി.പി സുനീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. യു.ഡി.എഫും ബിജെപിയും ഇതുവരെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ലാത്തതിനാല്‍ മത്സരത്തിന്റെ നേര്‍ചിത്രം ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. വോട്ടു വിഹിതം എത്ര വര്‍ദ്ധിപ്പിക്കാം എന്നത് മാത്രമാകും ബിജെപിയുടെ പ്രഥമ പരിഗണന.

മണ്ഡലങ്ങളിലൂടെ

1. ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്

2.
സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം

3.
 കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര

 

സുഫാദ് ഇ മുണ്ടക്കൈ

സുഫാദ് ഇ മുണ്ടക്കൈ

വയനാട് സ്വദേശി; സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍