UPDATES

റോപ് വേ, ചെക്ക് ഡാം, പാര്‍ക്ക്, റെസ്റ്റോറന്റ്… നിയമലംഘനങ്ങളുടെ നീണ്ടനിര; എന്നിട്ടും അന്‍വര്‍ എംഎല്‍എ സുരക്ഷിതന്‍

വ്യക്തിവൈരാഗ്യമെന്ന് എംഎല്‍എ പറയുമ്പോള്‍ തെളിവുകള്‍ സഹിതമാണ് നടപടികള്‍

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ മേല്‍ നടപടികള്‍ തുടങ്ങി. ആരോപണങ്ങള്‍ തന്നെ തകര്‍ക്കാനാണെന്നും വ്യക്തിവൈരാഗ്യം മൂലമാണെന്നും എംഎല്‍എ പറയുമ്പോള്‍, അതങ്ങനെയല്ലെന്നാണ് പുതിയ നടപടികള്‍ തെളിയിക്കുന്നത്. ഇന്നലെ ഊര്‍ങ്ങാട്ടേരി പഞ്ചായത്തില്‍ അന്‍വര്‍ നിര്‍മിച്ച ചെക്ക് ഡാം പൊളിച്ചു നീക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ഇന്നു നടക്കുന്ന ഹിയറിങില്‍ പങ്കെടുക്കാനും പെരിന്തല്‍മണ്ണ സബ് കലക്ടര്‍ എംഎല്‍എയ്ക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. അന്‍വറടക്കം 12 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഡാം പൊളിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍ നിര്‍ദേശം നല്‍കി. ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു . ഇതു ജില്ലാ കലക്ടര്‍ക്കു കൈമാറിയ ശേഷം തടയണ പൊളിച്ചു നീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ റസ്‌റ്റോറന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് ചെക്ക് ഡാം നിര്‍മിച്ചുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മലപ്പുറം ഊര്‍ണാട്ടേരി പഞ്ചായത്തിലാണ് എംഎല്‍എയുടെ റസ്‌റ്റോറന്റ് നിര്‍മ്മിക്കുന്നത്. അനധികൃത നിര്‍മാണം നടത്തിയതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റോപ്പ് മെമ്മോയും നല്‍കി. എന്നാല്‍ ഈ രണ്ട് വിവരങ്ങളും മറച്ചുവെച്ചാണ് നിലമ്പൂര്‍ എംഎല്‍എ ഊര്‍ണാട്ടേരി പഞ്ചായത്തില്‍ നിന്ന് റെസ്‌റ്റൊറന്റിന് അനുമതി തേടിയത്.

ഇതിനായി സമര്‍പ്പിച്ച പ്ലാനിലുമുണ്ട് തിരിമറി. പ്ലാനില്‍ മഴവെള്ളക്കൊയ്ത്തിനായി സംഭരണി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇത് കാട്ടരുവി തടസപ്പെടുത്തി അനധികൃതമായി നിര്‍മ്മിച്ച ചെക്ക്ഡാമാണ്. ഈ അനധികൃത ഡാം പൊളിച്ചുകളയാന്‍ വനംവകുപ്പും ജില്ല കളക്ടറും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവുകള്‍ നടപ്പിലായില്ല. മാത്രമല്ല, ഉത്തരവിട്ട കളക്ടറെ സ്ഥലംമാറ്റുകയാണ് ഉണ്ടായത്.

ഇതിന് പിന്നാലെയാണ് വനത്തിന് സമീപം യാതൊരു അനുമതിയും വാങ്ങാതെ റോപ് വേ നിര്‍മ്മാണവും ആരംഭിച്ചിരിക്കുന്നത്. ഈ പ്രദേശത്തേക്ക് ആളുകള്‍ പ്രവേശിക്കാതിരിക്കാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. 480 മീറ്ററാണ് റോപ് വേയുടെ നീളം. എന്നാല്‍ നിര്‍മ്മാണത്തിന് മുമ്പ് തേടേണ്ട അനുമതി എംഎല്‍എ ഇതിനും നേടിയിട്ടില്ല.

ഇവ സംബന്ധിച്ച പരാതികളിലും നടപടികള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് റോപ് വേയ്ക്കായി നിര്‍മാണം നടക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നിയമലംഘനങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കുക എന്ന പതിവ് രീതിയാകും ഇവിടെയും തുടരുക. നിര്‍മാണത്തില്‍ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ 1000 രൂപ പിഴയടച്ചാല്‍ മതിയെന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്.

‘പരാതി ഉയര്‍ത്തുന്നവരെയും നടപടി എടുക്കാനാരൊങ്ങുന്ന ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും അന്‍വര്‍ പണവും ഗുണ്ടായിസവും ഉപയോഗിച്ച് വരുതിയിലാക്കുകയാണ്. നഗ്നമായ നിയമലംഘനം നടന്നെന്നു വ്യക്തമായിട്ടും കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിനു അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത് ഇത്തരമൊരു നീക്കത്തിനൊടുവിലാണ്. അതുതന്നെ ചിലപ്പോള്‍ ഇന്നു നടക്കുന്ന ഹിയറിങ്ങിലും സംഭവിച്ചേക്കാം. എനിക്കെതിരെ ഒരുപാട് പൊള്ളയായ ആരോപണങ്ങള്‍ എംഎല്‍എ ആരോപിക്കുന്നുണ്ട്. അതെനിക്കു പ്രശ്‌നമില്ല. അന്‍വറിന്റെ ഗുണ്ടായിസത്തിനും പണാധിപത്യത്തിനുമെതിരെയാണ് എന്റെ പേരാട്ടം. അത് അവസാനിപ്പിക്കണം. അങ്ങനെ ഗുണ്ടായിസവും പണാധിപത്യവും ഉപയോഗിച്ച് ആരും അനധികൃതമായ കാര്യങ്ങള്‍ ചെയ്യുകയും അത് ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കുകയും ചെയ്യരുത്’- പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്‍ അഴിമുഖത്തോട് പറയുന്നു.

"</p

കോഴിക്കോട് കക്കാടംപൊയിലില്‍ നിയമങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മാണത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണത്തിനു ഉത്തരവിട്ടിരുന്നത്. പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഇടപാടുകള്‍ അന്വേഷിക്കാനും ഉത്തരവുണ്ട്.

അന്‍വര്‍ എംഎല്‍എയുടെ അനധികൃത ചെക്ക് ഡാം നിര്‍മ്മാണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചിരുന്നു. നിലമ്പൂര്‍ ഡിഎഫ്ഒമാരുടെ റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് സംഭവിച്ചെന്നും അന്വേഷിക്കുമെന്നു മന്ത്രി പറഞ്ഞിട്ടിട്ടുണ്ട്.

കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയാണ് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പി.വി അന്‍വറിന് നടപടി ക്രമങ്ങള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്. പാര്‍ക്കില്‍ സുരക്ഷ ക്രമീകരണങ്ങളോ ജലശുദ്ധീകരണ പരിശോധന സംവിധാനങ്ങളോ ഇല്ല. സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലാണ് കോഴിക്കോട് കക്കാടംപൊയില്‍. അസംബ്ലി കെട്ടിടത്തിന് താല്‍ക്കാലിക ലൈസന്‍സിനായി ലഭിച്ച ഫയര്‍ എന്‍ഒസി ഉപയോഗിച്ചാണ് പാര്‍ക്കിലെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നത്. എല്ലാ നിര്‍മ്മിതികള്‍ക്കും വ്യത്യസ്ത ഫയര്‍ എന്‍ഒസി ആവശ്യമാണെന്നിരിക്കെയാണ് അസംബ്ലി കെട്ടിടത്തിന്റെ എന്‍ഒസിയുടെ നിര്‍മ്മാണത്തിന്റെ മറവില്‍ മുഴുവന്‍ നിര്‍മ്മിതികളും പൂര്‍ത്തിയാക്കിയത്. 1409 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന്റെ നിര്‍മ്മിതിക്ക് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതിയും ഇല്ല. ആയിരം ചതുരശ്ര അടി നിര്‍മിതിയ്ക്ക് മുകളിലുള്ള നിര്‍മാണത്തിന് ചീഫ് ടൗണ്‍ പ്ലാനറിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് നിലമ്പൂര്‍ എംഎല്‍എ ഇതെല്ലാം കാറ്റില്‍ പറത്തിയത്. വാട്ടര്‍ തീംപാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ കണ്ടിട്ടുപോലുമില്ലെന്ന് സിടിപി ഓഫീസില്‍ നിന്നും ലഭിക്കുന്ന മറുപടി. 1409.96 ചതുരശ്ര അടി വിസ്തൃതിയുള്ള പാര്‍ക്കിന് 900 ചതുരശ്ര അടിയാണ് പഞ്ചായത്തിന്റെ നിര്‍മ്മാണാനുമതിയില്‍ ഉള്ളത്.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് പഞ്ചായത്ത് വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത്. വാട്ടര്‍ തീം പാര്‍ക്കിന് അനുമതി ലഭിക്കും മുന്‍പേ ടിക്കറ്റ് വച്ച് പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴയൊടുക്കി ഒതുക്കി തീര്‍ക്കുകയായിരുന്നു. വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകള്‍ക്ക് ബിഐഎസ് അംഗീകാരം ഉണ്ടോ എന്നത് ഇതുവരെ പരിശോധിച്ചിട്ടില്ല.

ആരോപണങ്ങളെ പിവി അന്‍വര്‍ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നാണ് എംഎല്‍എയുടെ വാദം. നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണത്തിന് പിന്നാലെ എംഎല്‍എക്കെതിരെ പൊതുവഴി കെയ്യേറിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട് . അതേ സമയം പാര്‍ക്കിന് അനുമതി നല്‍കിയതില്‍ നിയമലംഘനം നടന്നിട്ടില്ലെന്നാണ് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന നിലപാടെടുത്തിരിക്കുന്നത്. യു.ഡി.എഫാണ് നിലവില്‍ പഞ്ചായത്ത് ഭരിക്കുന്നത്.

മുഖ്യമന്ത്രി സഭയില്‍ അന്‍വറിനെ ന്യായീകരിച്ചതിന് പിന്നാലെ വാട്ടര്‍ തീം പാര്‍ക്കിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൂട്ടിട്ടിരുന്നു. കക്കാടംപൊയിലിലുളള വാട്ടര്‍ തീം പാര്‍ക്കിന് മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ കീഴിലുളള മലീനികരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ചത്. പരിസ്ഥിതിലോല പ്രദേശത്ത് രണ്ട് മലകള്‍ ഇടിച്ച് വിനോദ സഞ്ചാര പാര്‍ക്ക് നിര്‍മ്മിച്ച വാര്‍ത്ത നിയമസഭയിലും ചര്‍ച്ചയായിരുന്നു. എന്നാല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് നിയമലംഘനങ്ങള്‍ നടന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിനുളള അനുമതി പിന്‍വലിച്ചതും.

‘വ്യവസ്ഥകള്‍ പാലിച്ചും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോടും കൂടിയാണ് പാര്‍ക്കിന്റെ നിര്‍മാണവും പ്രവര്‍ത്തനവും. പാര്‍ക്കിന്റെ കാര്യത്തില്‍ അധികാര ദുര്‍വിനിയോഗം ഉണ്ടായിട്ടില്ല. ഏത് കാലത്താണ് അധികാര ദുര്‍വിനിയോഗം ഉണ്ടായതെന്ന് വ്യക്തമാക്കണം. വഴിവിട്ട നടപടി ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും സംരക്ഷിക്കില്ല. വഴിവിട്ട പ്രവര്‍ത്തി ചെയ്തത് ഏത് ഉന്നതനായാലും കുടുങ്ങും’ – സഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ.

‘എന്റെ ഉടമസ്ഥതയിലുളള പാര്‍ക്കിന് എല്ലാവിധ അനുമതിയുമുണ്ട്. എല്ലാ എന്‍ഒസികളും നല്‍കിയാണ് ലൈസന്‍സ് നേടിയത്. ഇതിന്റെ കോപ്പികള്‍ പരിശോധിക്കാം. ആരോപണത്തിന് പിന്നില്‍ മുരുകേശ് നരേന്ദ്രന്‍ എന്ന വ്യക്തിയാണ്. ഇയാള്‍ക്കുളള വ്യക്തിവിരോധമാണ് ഇതിന് പിന്നില്‍.

മുരുകേശിന് എല്ലാ വിധ സഹായങ്ങളും കൊടുക്കുന്നതും പിന്നില്‍ അണിനിരക്കുന്നതും യുഡിഎഫ് ക്യാമ്പാണ്. കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദും ഷൗക്കത്തും ഇതിന് പിന്തുണ നല്‍കുന്നുണ്ട്. മുരുകേശിന്റെയും ബന്ധുക്കളുടെയും എസ്‌റ്റേറ്റ് തര്‍ക്കത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് എനിക്കെതിരെ നീക്കങ്ങളുണ്ടായത്.

മുരുകേശ് നരേന്ദ്രന്റെ ബന്ധുക്കളാണ് അവരുടെ എസ്‌റ്റേറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് തന്നെ വന്നു കാണുന്നത്. എംഎല്‍എ എന്ന നിലയില്‍ അവരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തു. തുടര്‍ന്ന് മുരുകേശ് നരേന്ദ്രന്‍ തന്നെ വന്നുകാണുകയും കുടുംബ പ്രശ്‌നമാണ് ഇതില്‍ നിന്നും മാറിനില്‍ക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്താണ് വേണ്ടതെന്നും ആവശ്യമുളളത് തരാമെന്നും മുരുകേശ് പറഞ്ഞു.

ആറു കോടി രൂപയുടെ മുതലാണ് തര്‍ക്കത്തിലുളളതെന്നും എംഎല്‍എ ഇതില്‍ നിന്നും പിന്മാറിയാല്‍ 50 ലക്ഷം രൂപ നല്‍കാമെന്നും മുരുകേശ് പറഞ്ഞു. കൂടാതെ ഇദ്ദേഹത്തിന്റെ വക്കീലും തന്നെ വന്നുകണ്ടിരുന്നു. എന്നാല്‍ എംഎല്‍എയെന്ന നിലയിലുളള ഇടപെടലുകള്‍ താന്‍ അവസാനിപ്പിക്കാത്തതിനാല്‍ മുരുകേശ് തനിക്കെതിരെ നീങ്ങുകയും പൊലീസ് സ്‌റ്റേഷനിലടക്കം പരാതി നല്‍കുകയും ചെയ്തു. കൂടാതെ പഞ്ചായത്തില്‍ നിന്നുളള വിവരാവകാശം വഴി ഹൈക്കോടതിയെ സമീപിച്ചതും മുരുകേശാണ്.‘ പി.വി. അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞതിങ്ങനെ.

"</p

പാട്ടകരിമ്പു റീഗള്‍ എസ്‌റ്റേറ്റ് വസ്തു തര്‍ക്കത്തില്‍ ഇടപെട്ട് ഈ വസ്തുവിന്റെ ഉടമകളെ ഭീഷണിപ്പെടുത്തി എസ്‌റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എംഎല്‍എക്കെതിരെ പൂക്കോട്ടുംപാടം പോലീസ് ഒന്നാം പ്രതിയായി കേസ് രജിസ്റ്റര്‍ ചെയ്യുകയും, പിന്നീട് എംഎല്‍എ ജാമ്യം നേടുകയും ചെയ്തിരുന്നു. മറ്റൊരു സാമ്പത്തിക തട്ടിപ്പു കേസിലും അന്‍വര്‍ കോടതിയില്‍ പറഞ്ഞ സംഖ്യ കക്ഷികള്‍ക്ക് കൊടുക്കാത്തതു മൂലം വാറന്റ് നേരിടുകയും പിന്നീട് പണം കോടതിയില്‍ കെട്ടിവച്ചു രക്ഷപ്പെട്ടുകയും ചെയ്തു.

തികച്ചും പരിസ്ഥിതിക്ക് ആഘാതമാവുന്ന, മൃഗ, വന പ്രകൃതി സമ്പത്തിന് നാശം വിതക്കുന്ന ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ യുവജനങ്ങളെ അണിനിരത്തി വന്‍ ജനപ്രക്ഷോപത്തിന്നു ഒരുങ്ങുകയാണ് വിവിധ ബഹുജന സംഘടനകള്‍.

അതേ സമയം നിയമംലംഘിച്ച് അദ്ദേഹം റോപ് വേ നിര്‍മ്മിച്ചെന്നാണ് മറ്റൊരു പരാതി ഉയരുന്നത്. വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായുളള റോപ് വേ നിര്‍മ്മാണത്തിലാണ് ക്രമക്കേട്. റോപ് വേയുടെ നിര്‍മ്മാണത്തിന് പഞ്ചായത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. സ്‌റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്താണ് റോപ് വേ നിര്‍മ്മാണം നടക്കുന്നത്. ഇതിന്റെ പ്ലാനിലും കൃത്രിമം കാട്ടിയതായാണ് വിവരം.

സ്‌റ്റോപ്പ് മെമ്മോയുടെ കാര്യം മറച്ചുവെച്ചുകൊണ്ടാണ് എംഎല്‍എയുടെ നിയമലംഘനം. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ പേരിലുളള സ്ഥലത്താണ് അനധികൃത നിര്‍മാണങ്ങള്‍ അരങ്ങേറിയത്. അതേസമയം റോപ് വേ നിര്‍മ്മിക്കുന്നതിനെതിരെ തങ്ങള്‍ നോട്ടീസ് അയച്ചിരുന്നതാണെന്നും മറുപടി ലഭിച്ചില്ലെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. നിര്‍മ്മാണമൊക്കെ നടന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് റോപ് വേയ്ക്ക് പെര്‍മിഷന്‍ കൊടുക്കേണ്ടതെന്ന് പഞ്ചായത്തില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് എംഎല്‍എയുടെ മറുപടി. അയ്യായിരം രൂപ പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്തുമെന്നാണ് ഇക്കാര്യത്തില്‍ എംഎല്‍എയുടെ നിലപാട്.

അനധികൃത പാര്‍ക്കിനെതിരെ പരാതി ഉന്നയിച്ച പൊതുപ്രവര്‍ത്തകന് വധഭീഷണി ഉള്ളതായും പരാതി ഉണ്ട്. എംഎല്‍എയുടെ ആളുകളാണ് പൊതുപ്രവര്‍ത്തകനായ ജിജു വെള്ളിപ്പാറയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത് എന്നാണ് ആരോപണം. ഫോണിലൂടെ മുമ്പും ഭീഷണിയുണ്ടായിരുന്നതായി ജിജു പറയുന്നു. ജിജു വെള്ളിപ്പാറയുടെ വിവരാവകാശ ചോദ്യങ്ങളിലൂടെയാണ് എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക് അനധികൃതമാണെന്ന കാര്യം പുറത്തു വന്നത്. പാര്‍ക്കിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് തനിക്കെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നതെന്ന് ജിജു പറയുന്നു.

അതേ സമയം മലപ്പുറം മഞ്ചേരിയില്‍ മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അന്‍വറിന്റെ സില്‍സില പാര്‍ക്കും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പുതിയ ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി തുറക്കാനും സാധ്യതയുണ്ട്.

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍