UPDATES

ട്രെന്‍ഡിങ്ങ്

അഭയ കേസ്: അടയ്ക്കാ രാജു കോട്ടൂരച്ചനെ തിരിച്ചറിഞ്ഞു; കൊലക്കുറ്റം ഏറ്റെടുത്താൽ‌ ഭാര്യക്ക് ജോലിയും 2 ലക്ഷവും ക്രൈംബ്രാഞ്ച് വാഗ്ദാനം ചെയ്തെന്ന് മുഖ്യസാക്ഷി കോടതിയിൽ

പ്രതിഭാഗം ക്രോസ് വിസ്താരം ഇന്ന് നടക്കും.

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തിയിരുന്നെന്ന് കേസിലെ മുഖ്യസാക്ഷി അടയ്ക്കാ രാജു എന്ന രാജു. ഒന്നാംപ്രതിയായ തോമസ് എം കോട്ടൂരിനെ രാജു കോടതിയിൽ തിരിച്ചറിഞ്ഞു. കോട്ടൂരിനെതിരായ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും രാജു കോടതിയെ ബോധിപ്പിച്ചു.

അഭയ കൊല്ലപ്പെട്ട ദിവസം രണ്ടുപേർ ഏണി കയറി കോൺവെന്റിലേക്ക് പോകുന്നത് കണ്ടിരുന്നെന്നും അവരിലൊരാൾ കോട്ടൂരാണെന്ന് ഉറപ്പുണ്ടെന്നു രാജു പറഞ്ഞു. കോട്ടൂരിനെ കോടതിക്ക് ചൂണ്ടിക്കാണിച്ച് തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞദിവസം കേസിലെ രണ്ട് പ്രധാന സാക്ഷികൾ കൂറ് മാറിയിരുന്നു. ഇതിനു ശേഷം പ്രോസിക്യൂഷന് ലഭിക്കുന്ന നിർണായക മൊഴിയാണ് രാജുവിന്റേത്.

കഴിഞ്ഞദിവസം ആരും കൂറ് മാറുകയുണ്ടായില്ല. കേസിന്റെ വിചാരണ തുടങ്ങിയ ശേഷം മിക്ക ദിവസങ്ങളിലും കൂറുമാറ്റം നടന്നിരുന്നു. തിങ്കളാഴ്ചയാണ് സാക്ഷിവിസ്താരം ആരംഭിച്ചത്. സിസ്റ്റർ അനുപമ, സഞ്ജു പി മാത്യൂ എന്നീ സാക്ഷികൾ ഇതിനിടെ കൂറ് മാറി.

കേസിൽ അഞ്ചാം സാക്ഷിയാണ് രാജു. ഇദ്ദേഹം മോഷണത്തിനായാണ് പയസ് ടെൻത് കോൺവെന്റിൽ പോയത്. മിന്നലിൽ നിന്ന് സംരക്ഷണം ലഭിക്കാൻ സ്ഥാപിച്ചിരുന്ന ഇറിഡിയം മോഷ്ടിക്കുകയായിരുന്നു ലക്ഷ്യം. കോൺവെന്റിന് സമീപമുള്ള മരത്തിലൂടെ താൻ സ്ഥിരമായി കോമ്പൗണ്ടിൽ കടക്കാറുണ്ടായിരുന്നെന്നും അഭയ കൊല്ലപ്പെട്ട ദിവസവും അവിടെ പോയിരുന്നെന്നും രാജു പറഞ്ഞു. കോൺവെന്റ് കെട്ടിടത്തിനു സമീപം സ്ഥാപിച്ചിരുന്ന ഫയർ റെസ്ക്യൂ ഏണിയിലൂടെയാണ് രണ്ടുപേർ കയറിപ്പോകുന്നത് താൻ കണ്ടതെന്നാണ് രാജുവിന്റെ മൊഴി. അവരിലൊരാൾ കോട്ടൂരച്ചനാണെന്നും രാജു പറയുന്നു. കുറച്ചുസമയം കഴിഞ്ഞ് ഒരാൾ താഴേക്ക് വരികയും അയാൾ തന്നെ കാണുകയും ചെയ്തു. ഇതോടെ ഭയന്ന താൻ അവിടെ നിന്ന് പോകുകയും ചെയ്തെന്ന് രാജു പറഞ്ഞു.

കൊലക്കുറ്റം തന്നോട് ഏറ്റെടുക്കാനാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഏറ്റെടുക്കുകയാണെങ്കിൽ രണ്ട് ലക്ഷം രൂപയും ഭാര്യക്ക് ജോലിയുമായിരുന്നു വാഗ്ദാനം.

പ്രതിഭാഗം ക്രോസ് വിസ്താരം ഇന്ന് നടക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍