UPDATES

വികസനം ‘തെങ്ങിന്റെ മണ്ടയില്‍’ അല്ല, ഇനി അത് അദാനി വഴി; കളമശ്ശേരി എച്ച്എംടി ഭൂമി അദാനിയിലേക്കെത്തിച്ചേര്‍ന്ന വിധം

ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ മേജര്‍ ഷെയറുകള്‍ സ്വന്തമാക്കിയതോടെ കളമശേരി എച്ച്എംടി ഭൂമിയുടെ ഉടമസ്ഥത അദാനി ഗ്രൂപ്പിന്‌

കളമശേരിയിലെ വിവാദ എച്ച്എംടി ഭൂമി അദാനിയുടെ ഉമസ്ഥതയിലായി. എച്ച്എംടിയില്‍ നിന്ന് ഭൂമി വാങ്ങിയ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ മുഖ്യഓഹരിയും അദാനി ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് കൈവശം വച്ചിരുന്ന 70 ഏക്കര്‍ എച്ച്എംടി ഭൂമിയും അദാനിഗ്രൂപ്പിന്റെ ഉടമസ്ഥതയിലേക്ക് വന്ന് ചേര്‍ന്നു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനെ പിടിച്ചുലച്ച വിവാദ ഭൂമിയിടപാട് ഇതോടെ പുതിയ വഴിത്തിരിവിലേക്കെത്തിയിരിക്കുകയാണ്.

മഹരാഷ്ട്രയിലെ താന ആസ്ഥാനമായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ആണ് 2007-ല്‍ എച്ച്എംടിയില്‍ നിന്ന് ഭൂമി വാങ്ങിയത്. സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കിയതിനെതിരെ അന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമപരമായ നടപടികളിലേക്കെത്തിയെങ്കിലും ഭൂമി കൈമാറ്റം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചു. തുടര്‍ന്ന് ഏകജാലക സംവിധാനം വഴി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ മുഴുവന്‍ പ്രോജക്ടുകള്‍ക്കും സര്‍ക്കാര്‍ അംഗീകാരവും നല്‍കി. എന്നാല്‍ ഏഴ് വര്‍ഷം കഴിയുമ്പോഴും എച്ച്എംടി ഭൂമിയില്‍ വ്യവസായം ആരംഭിക്കാന്‍ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന് കഴിഞ്ഞിരുന്നില്ല. പ്രധാനമായും സാമ്പത്തിക പ്രതിസന്ധി മൂലമാണ് പ്രോജക്ട് തുടങ്ങാനാവാതിരുന്നതെന്ന് പ്രോജക്ട് കണ്‍സള്‍ട്ടന്റും കമ്പനിയുടെ സിഇഒയുമായ ജോണ്‍, അഴിമുഖത്തോട് പറഞ്ഞു. പിന്നീട് അദാനി ഗ്രൂപ്പ് താത്പര്യം കാണിച്ചെത്തിയപ്പോള്‍ ഷെയറുകള്‍ വില്‍ക്കാന്‍ ബ്ലൂസ്റ്റാര്‍ തയ്യാറാവുകയും അദാനി ഗ്രൂപ്പ്, കമ്പനിയുടെ മേജര്‍ ഷെയറുകള്‍ സ്വന്തമാക്കുകയുമായിരുന്നു എന്നും ജോണ്‍ പറയുന്നു. “എന്നാണ് അദാനി ഗ്രൂപ്പ് കമ്പനിയുടെ മേജര്‍ ഷെയറുകള്‍ ഏറ്റെടുത്തതെന്ന് എനിക്ക് അറിയില്ല. ഡയറക്ടര്‍മാര്‍ മാറുകയും ഷെയറുകള്‍ അദാനി കമ്പനി വാങ്ങുകയും ചെയ്തപ്പോള്‍ എന്നെ അറിയിക്കുക മാത്രമാണ് ചെയ്തത്. ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ പേര് മാറ്റുകയോ, കമ്പനിയോ എച്ച്എംടി ഭൂമിയോ മറ്റാര്‍ക്കെങ്കിലും വില്‍ക്കകയോ ഉണ്ടായിട്ടില്ല. എന്നാല്‍ കമ്പനിയുടെ മേജര്‍ ഷെയറുകളെല്ലാം വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ ചുമതലയുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതോടെ എച്ച്എംടി ഭൂമിയും അവരുടെ ഉടമസ്ഥതയിലായി.

സര്‍ക്കാര്‍ ഏകജാലക സംവിധാനം നടപ്പിലാക്കി കമ്പനിയുടെ മുഴുവന്‍ പ്രോജക്ടുകള്‍ക്കും ക്ലിയറന്‍സ് നല്‍കി. എന്നാല്‍ ക്ലിയറന്‍സ് ലഭിച്ച് ഏഴ് വര്‍ഷം കഴിയുമ്പോഴും വ്യവസായ സ്ഥാപനം തുടങ്ങാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. ഇതിന് പ്രധാന കാരണം എച്ച്ഡിഐഎല്‍ കമ്പനിക്ക് വലിയ സാമ്പത്തിക പ്രതിസന്ധി വന്നതാണ്. മറ്റ് കാരണങ്ങളും ഉണ്ട്. ഐടി ടൗണ്‍ഷിപ്പ് തുടങ്ങാനായിരുന്നു ലക്ഷ്യം. എഴുപത് ശതമാനം സ്ഥലം ഐടി കമ്പനികള്‍ക്കും 30 ശതമാനം സ്ഥലം റസിഡന്‍ഷ്യല്‍ പര്‍പ്പസിനും എന്ന രീതിയിലായിരുന്നു. ഇതില്‍ ഷോപ്പിങ് മാളും ഹോസ്പിറ്റലും സ്വിമ്മിങ് പൂളും എല്ലാം വരും. ഇനി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനാല്‍ അവര്‍ ഈ പ്രോജക്ട് തന്നെയാണോ മുന്നോട്ട് കൊണ്ടുപോവുന്നതെന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയില്ല. ഷെയറുകള്‍ അദാനിഗ്രൂപ്പ് സ്വന്തമാക്കിയതിന് ശേഷവും അവര്‍ എന്നെ വന്ന് കാണുകയോ എന്തെങ്കിലും തരത്തില്‍ ചര്‍ച്ച നടത്തുകയോ ഉണ്ടായിട്ടില്ല. പ്രോജക്ട് സ്ട്രക്ചറില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ബ്ലൂസ്റ്റാറോ, അദാനിയോ ആരുമാവട്ടെ, ആ സ്ഥലത്ത് വ്യവസായം വന്ന് ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്നാണ് ഞങ്ങള്‍ കരുതുന്നത്.”

അദാനി ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരും മാനേജിങ് ഡയറക്ടര്‍മാരുമായ ഗുഡേന ജഗന്നാഥ റാവു, വിഴിഞ്ഞം പോര്‍ട്ട് എംഡി കൂടിയായ രാജേഷ് കുമാര്‍ ഝാ, ദീപക് കൃഷ്ണ ഗോപാല്‍ മഹേശ്വരി എന്നിവരാണ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ പുതിയ ഡയറക്ടര്‍മാര്‍. ജഗന്നാഥ റാവുവും രാജേഷ് കുമാറും 2018 ഏപ്രില്‍ 26-നാണ് ഡയറക്ടര്‍മാരായി ചുമതലയേറ്റത്. ദീപക് കൃഷ്ണ മെയ് ഏഴിനും ചുമതലയേറ്റു.

വിവാദമായ എച്ച്എംടി ഭൂമികൈമാറ്റത്തിന്റെ നാള്‍വഴികളിലൂടെ

സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കിയ ഭൂമി: 1986-ലാണ് സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ മിഷ്യന്‍ ടൂള്‍സിന് (എച്ച്എംടി) കളമശേരിയില്‍ 878 ഏക്കര്‍ ഭൂമി വ്യവസായം തുടങ്ങാനായി നല്‍കുന്നത്. ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് എച്ച്എംടിക്ക് കൈമാറിയത്. നിബന്ധനകള്‍ക്ക് വിധേയമായാണ് സ്ഥലം നല്‍കിയത്. എറണാകുളം ജില്ലയിലെ വിസ്തൃതമായ ഏക കരഭൂമിയാണെന്ന പ്രത്യേകതയും ഈ സ്ഥലത്തിനുണ്ടായിരുന്നു. ഇതില്‍ 18 ഏക്കര്‍ സ്ഥലം മാത്രമാണ് എച്ച്എംടി കമ്പനി ഉപയോഗപ്പെടുത്തിയത്. ബാക്കിയുള്ള ഭൂമി ഉപയോഗിക്കാതെ വര്‍ഷങ്ങളോളം കാട് പിടിച്ചുകിടന്നു. ഇതിനിടെ സര്‍ക്കാര്‍ കളമശേരി-ഇരുമ്പനം റോഡിന് 20 ഏക്കറും, എന്‍എഡിക്ക് 25 ഏക്കറും വൈദ്യുതിവകുപ്പിന് 15 ഏക്കറും ഭൂമി നല്‍കിയിരുന്നു. ബാക്കിയുള്ള ഭൂമി ഉപയോഗിക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ എച്ച്എംടിക്ക് നോട്ടീസ് നല്‍കി. എന്നാല്‍ മറുപടിയുണ്ടായില്ല. ഭൂമി ഉപയോഗിക്കുന്നില്ലെങ്കില്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വീണ്ടും സര്‍ക്കാര്‍ നോട്ടീസ് നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല.

മിച്ചഭൂമിയായി ഏറ്റെടുത്തു: 2002-ല്‍ എച്ച്എംടിക്ക് നല്‍കിയ 400 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ലാന്‍ഡ് റവന്യൂ ബോര്‍ഡ് ഏറ്റെടുത്തു. ഇതിനെതിരെ എച്ച്എംടി കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നോട്ടിഫിക്കേഷനിലൂടെ ആ ഭൂമി പിടിച്ചെടുത്തു.

ഭൂമി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്: 2007-ലാണ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് എന്ന് കമ്പനിക്ക് എച്ച്എംടി ഭൂമി വില്‍ക്കുന്നത്. 70 ഏക്കര്‍ ഭൂമിയാണ് ബ്ലൂസ്റ്റാറിന് വിറ്റത്. സെന്റിന് 1,34,000 രൂപ നിരക്കില്‍ 93,80,00,000 (93 കോടി 80ലക്ഷം) രൂപയ്ക്ക് കച്ചവടം നടന്നു. സോഫ്റ്റ് വെയര്‍ രംഗത്ത് 70,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന അവകാശവാദത്തോടെയാണ് എച്ച്ഡിഐഎല്‍ സബ്‌സിഡിയറിയായ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ഭൂമി വാങ്ങിയത്.

പിന്നാലെ എത്തിയത് ആരോപണങ്ങള്‍: മതിപ്പ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഭൂമി വില്‍പ്പന നടത്തിയെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. ചുരുങ്ങിയത് 700 കോടി രൂപയുടെ മൂല്യമുള്ള ഭൂമി 94 ലക്ഷം തികച്ച് കിട്ടാതെ വിറ്റതില്‍ തന്നെ അഴിമതിയുണ്ടെന്ന ആരോപണമായിരുന്നു ശക്തമായത്. അന്ന് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനെതിരെ വലിയ പ്രതിഷേധങ്ങളും ഉടലെടുത്തു. റവന്യൂ മന്ത്രിയോ വകുപ്പോ അറിയാതെ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന വില്‍പ്പനയെ പലരും ചോദ്യം ചെയ്തു. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിന്റെ ഓഫീസില്‍ വച്ചായിരുന്നു ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട പ്രധാന യോഗങ്ങളെല്ലാം ചേര്‍ന്നതെന്ന് വിവരാവകാശ രേഖയും തെളിവ് നല്‍കി. മന്ത്രിയുടെ പ്രത്യേക താത്പര്യമായിരുന്നു ഭൂമി വില്‍പ്പനക്ക് പിന്നിലുണ്ടായിരുന്നതെന്ന ആരോപണമുയര്‍ന്നു. വല്ലാര്‍പാടം ടെര്‍മിനലിനായി കുടിയൊഴിപ്പിക്കപ്പെട്ടവരടക്കം നൂറ് കണക്കിന് പേര്‍ ഒരുതുണ്ട് ഭൂമിയില്ലാതെ കഴിയുമ്പോള്‍ സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് വിറ്റതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉണ്ടായി. മന്ത്രി എളമരം കരീമിനെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഉള്‍പ്പെടെ സമരങ്ങള്‍ സംഘടിപ്പിച്ചു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ എച്ചഡിഐഎല്‍ ഭൂമി വാങ്ങിയതിന് പിന്നില്‍ മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നും, ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് ഒരു പേപ്പര്‍ കമ്പനിയാണെന്നും ഇതിന് പിന്നാലെ വലിയ ഭീമന്‍മാര്‍ എത്തുമെന്നും അന്ന് തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് നടപ്പിലാക്കാനുദ്ദേശിക്കുന്ന ഏക പദ്ധതിയാണ് കളമശേരിയിലെ ഐടി വ്യവസായ പദ്ധതിയെന്നുള്ള വിവരം ആരോപണത്തിന് ശക്തിപകര്‍ന്നു. റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ബ്ലൂസ്റ്റാറിന് ഐടി വ്യവസായവുമായി ഒരു ബന്ധവുമില്ലെന്നും ഇത് ഭൂമിക്കച്ചവടത്തിനുള്ള മറ മാത്രമാണെന്നും അന്ന് രാഷ്ട്രീയപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ആരോപണമുന്നയിച്ചിരുന്നു.

മറുപടികള്‍ പല വിധത്തില്‍: ‘വികസനം ഭൂമിയലല്ലാതെ പിന്നെ തെങ്ങിന്റെ മണ്ടയില്‍ ഉണ്ടാവുമോ’ എന്ന മന്ത്രി എളമരം കരീമിന്റെ പ്രസംഗം പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചു. ‘വികസന വിരോധികളെ പേപ്പട്ടിയെപ്പോലെ തെരുവില്‍ കൈകാര്യം ചെയ്യും’ എന്ന പ്രസ്താവനയും എച്ച്എംടി ഭൂമിയിടപാടുമായി ബന്ധപ്പട്ടുയര്‍ന്ന പ്രതിഷേധങ്ങള്‍ക്കുള്ള മന്ത്രിയുടെ മറുപടിയായിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും റവന്യൂ മന്ത്രി കെപി രാജേന്ദ്രനും ഭൂമി വില്‍പ്പനയെ വിമര്‍ശിക്കുകയും എഴുപതിനായിരം പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്തുകൊണ്ട് തുടങ്ങാനിരുന്ന സൈബര്‍ പാര്‍ക്കിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതോടെ വിവാദം കൊഴുത്തു.

അന്വേഷണം: 2008ല്‍ സാമൂഹ്യപ്രവര്‍ത്തകനായ ജോയ് കൈതാരം ഉള്‍പ്പെടെയുള്ളവര്‍ ഭൂമിക്കച്ചവടത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചു. ഭൂപരിഷ്‌കരണ നിയമപ്രകാരം ഏറ്റെടുത്ത ഭൂമിയാണ് ബ്ലൂസ്റ്റാറിന് വിറ്റത് എന്ന ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനമായി. സര്‍വേ നടത്തിയപ്പോള്‍ ബ്ലൂസ്റ്റാറിന് വിറ്റ ഭൂമിയില്‍ 58 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തി. പിന്നീട് ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു. എന്നാല്‍ പിന്നീട് ഈ ഭൂമിയില്‍ ഐടി വ്യവസായം തുടങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അതിനായി ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന് ഭൂമി നല്‍കിയതുമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചു.

വില്‍പ്പന അംഗീകരിച്ച് ഉപാധികള്‍ വച്ച് കോടതി വിധി: 2010-ല്‍ ഹൈക്കോടതി സര്‍ക്കാരിനും ബ്ലൂസ്റ്റാറിനും അനുകൂലമായി വിധിച്ചു. ഭൂമി കൈമാറ്റം അംഗീകരിച്ചു. എന്നാല്‍ വ്യവസായം നടത്താന്‍ മാത്രം ഭൂമി ഉപയോഗിക്കാം, മറ്റൊന്നിനും ഭൂമി ഉപയോഗിക്കാനാവില്ല എന്ന ഉപാധി വച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. ഭൂമി കൈമാറ്റവും കോടതി നിരോധിച്ചു. ഈ വിധി സുപ്രീംകോടതിയും ശരിവച്ചു. മറ്റ് ആവശ്യങ്ങള്‍ക്കായി ഭൂമി ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ പരാതിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു.

ആരോപണങ്ങളെ ശരിവക്കുന്ന നിഷ്‌ക്രിയത്വം: സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ പദവി ലഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ പദ്ധതി പ്രദേശങ്ങളിലൊന്നുകൂടിയാണ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ കൈവശമുണ്ടായിരുന്നത്. 2010-ല്‍ കോടതി വിധി അനുകൂലമായി വന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഏകജാലക സംവിധാനം വഴി 2011-ല്‍ തന്നെ ഐടി ടൗണ്‍ഷിപ്പിനുള്ള എല്ലാവിധ ക്ലിയറന്‍സും ലഭിച്ചു എന്ന് സിഇഒ ജോണ്‍ തന്നെ പറയുന്നു. എന്നാല്‍ ഏഴ് വര്‍ഷമായിട്ടും കെട്ടിട നിര്‍മ്മാണ ജോലികള്‍ പോലും ആ ഭൂമിയില്‍ ആരംഭിച്ചിട്ടുമില്ല. ഇതിനിടെ കോടികളുടെ ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനിയുടെ ഉദ്ദേശശുദ്ധി പലരും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെ കുറഞ്ഞവിലയ്ക്ക് ഭൂമി വില്‍പ്പന നടത്തിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോയ്‌ കൈതാരമുള്‍പ്പെടെയുള്ളവര്‍ പിന്നീട് വന്ന യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അന്വേഷണമുണ്ടായില്ല. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഭൂമിയ്ക്കുള്ളതിനാല്‍ വില മുമ്പത്തേതിലും നാലിരട്ടിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭൂമി കൈമാറ്റത്തിനുള്ള സാധ്യതകള്‍ ഉണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങളുമുണ്ടായി. എന്നാല്‍ കോടതിവിധി ഇതിന് തടസ്സം നില്‍ക്കുന്നതിനാല്‍ ഭൂമി മറിച്ച് വില്‍ക്കാന്‍ കമ്പനിക്ക് ആവുമായിരുന്നില്ല.

സര്‍ക്കാര്‍ ഉത്തരവ്: ഭൂമി ലഭിച്ച് ഏഴ് വര്‍ഷവും യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തികളും നടത്താതെ ഭൂമി വെറുതെയിട്ടിരിക്കുന്നതിനെ പലരും ചോദ്യം ചെയ്തു. വിവിധ പദ്ധതികള്‍ക്കായി നല്‍കിയ ഭൂമിയില്‍ നിര്‍മ്മാണം നടത്താത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സ് വെട്ടിലായി. എന്നാല്‍ വില്‍പ്പന സാധ്യതകള്‍ ഇല്ലാത്തതിനാല്‍ ഭൂമി മറിച്ചുകൊടുത്ത് രക്ഷപെടാനും ഇവര്‍ക്ക് കഴിഞ്ഞില്ല.

ഭൂമി അദാനി ഗ്രൂപ്പിലേക്ക്: സര്‍ക്കാര്‍ നടപടിക്ക് മുതിരുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് ബ്ലൂസ്റ്റാര്‍ റിയല്‍ട്ടേഴ്‌സിന്റെ മേജര്‍ ഷെയറുകള്‍ വാങ്ങുന്നത്. അതോടെ വിവാദ ഭൂമിയും അദാനിയുടെ കൈവശമെത്തി. എന്നാല്‍ വ്യവസായ ആവശ്യത്തിന് മാത്രം ഉപയോഗിക്കാനാവുന്ന ആ ഭൂമി ഇനി ഏത് തരത്തില്‍ വിനിയോഗിക്കുമെന്നാണ് ഏവരും കാത്തിരിക്കുന്നത്. ഐടി വ്യവസായം മുമ്പത്തെപ്പോലെ ലാഭമല്ലാത്തതിനാല്‍ മറ്റേതെങ്കിലും തരത്തിലുള്ള വ്യവസായ സംരംഭങ്ങള്‍ക്കായി പുതിയ ഉടമസ്ഥര്‍ ഭൂമി ഉപയോഗിക്കുമോ എന്നറിയില്ല എന്ന കമ്പനി സിഇഒ ജോണിന്റെ പ്രതികരണം നല്‍കുന്ന സൂചന പലതാണ്.

അദാനിയുടെ അവിശ്വസനീയ വളര്‍ച്ച; ചങ്ങാത്ത മുതലാളിത്തത്തിന്റെ മോദി മാതൃക

അദാനിയുടെ വിഴിഞ്ഞം പോര്‍ട്ടിനു വേണ്ടി വള്ളം പിടിച്ചെടുത്തു; മീന്‍ പിടിക്കുന്നത് വിലക്കി; നഷ്ടപരിഹാരവുമില്ല; അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികള്‍ കുടിയിറക്ക് ഭീഷണിയില്‍

അദാനി ഗ്രൂപ്പിന് അഞ്ഞൂറു കോടിയുടെ നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ SEZ നിയമത്തില്‍ ഭേദഗതി വരുത്തിയെന്ന് ആരോപണം

അദാനി കുടുംബത്തിന്റെ അടുത്ത ബന്ധു; മോദി സര്‍ക്കാരിന് കീഴില്‍ ജതിന്‍ മേത്ത സുരക്ഷിതനായതെങ്ങനെ?

എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍