UPDATES

കുറ്റം സമ്മതിച്ചു, പക്ഷേ ഉത്തരം കിട്ടാതെ ഈ ചോദ്യം; സ്വന്തം കുഞ്ഞിനെ എന്തിനായിരിക്കും ആ അമ്മ ശ്വാസം മുട്ടിച്ചു കൊന്നത്?

ചേര്‍ത്തലയില്‍ ആതിര എന്ന യുവതി ഒന്നേകാല്‍ വയസ് പ്രായമുള്ള മകളെ കൊലപ്പെടുത്തിയ വാര്‍ത്തയറിഞ്ഞവരൊക്കെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്

സ്വന്തം കുഞ്ഞിനെ എന്തിനായിരിക്കും ആ അമ്മ ശ്വാസം മുട്ടിച്ചു കൊന്നത്? ചേര്‍ത്തലയില്‍ ആതിര എന്ന യുവതി ഒന്നേകാല്‍ വയസ് പ്രായമുള്ള മകളെ കൊലപ്പെടുത്തിയ വാര്‍ത്തയറിഞ്ഞവരൊക്കെ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. പൊലീസ് ഈ ചോദ്യം പലതവണ ചോദിച്ചിട്ടും ആതിര മറുപടി പറഞ്ഞിട്ടില്ല. ആദ്യം താന്‍ കുഞ്ഞിനെ കൊന്നില്ലെന്നു വാദിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിച്ചു. പക്ഷേ, എന്തിനാണ് കൊന്നതെന്നതിനു മാത്രം ഉത്തരം കൊടുക്കുന്നില്ല.

ആതിരയ്ക്ക് മാനസികമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരിക്കുമെന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. പൊലീസ് ഇതേക്കുറിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ആതിരയുടെ ഭര്‍ത്താവായ ഷാരോണിന്റെ മാതാപിതാക്കളും സഹോദരിയും ഇങ്ങനെയൊരു സംശയം പൂര്‍ണമായി തള്ളിക്കളയുകയാണ്. ആതിരയ്ക്ക് ഒരുതരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്നും തങ്ങളോടുള്ള ദേഷ്യം തീര്‍ക്കാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ബോധപൂര്‍വം തന്നെയാകും ആതിര കുഞ്ഞിനെ കൊന്നതെന്നാണ് ഇവര്‍ ഉറപ്പിച്ചു പറയുന്നത്.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പുതിയകാവ് കൊല്ലംവെളി കോളനിയിലെ ബൈജുവിന്റെയും പ്രിയയുടെ മകനായ ഷാരോണിന്റെ ഭാര്യയാണ് ആതിര. എന്നാല്‍ ഷാരോണും ആതിരയും നിയമപരമായി വിവാഹിതരായവരല്ലെന്നാണ് പറയുന്നത്. ചേര്‍ത്തല പാണാവള്ളി സ്വദശിയാണ് ആതിര. 2017 ല്‍ അവിടെയൊരു ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ജോലിക്ക് ഷാരോണ്‍ പോയിരുന്നു. അവിടെവച്ചാണ് ആതിരയുമായി അടുപ്പത്തിലാകുന്നത്. ഏഴു ദിവസമായിരുന്നു ഉത്സവം. ഉത്സവം കഴിഞ്ഞ രാത്രിയില്‍ ആതിര ഷാരോണിനൊപ്പം പോരുകയായിരുന്നു. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ആതിരയുടെ കുടുംബം. ആതിരയുടെ അമ്മ കാഴ്ച്ചശക്തിയില്ലാത്തയാളാണ്.

ഷാരോണിനൊപ്പം ഒരു രാത്രിയിലാണ് ആതിര വീട്ടിലെത്തുന്നതെന്നു ബൈജു പറയുന്നു. ഒപ്പം ജീവിക്കാനാണെന്നു പറഞ്ഞപ്പോള്‍ ഞാനാദ്യം എന്റെ മകനെ കുറിച്ച് പറഞ്ഞുകൊടുത്തു. കേസിലൊക്കെ പെട്ട് ജയിലില്‍ കിടന്നിട്ടുള്ളതാണ് ഷാരോണ്‍. ആതിരയ്ക്ക് അതിലൊന്നും കുഴപ്പമില്ലായിരുന്നു. പിറ്റേദിവസം ആതിരയുടെ വീട്ടുകാര്‍ തിരക്കിയെത്തി. അവര്‍ പൊലീസില്‍ പരാതി കൊടുത്തു. തനിക്ക് ഷാരോണിന്റെ ഒപ്പം ജീവിക്കാനാണ് താത്പര്യമെന്ന് ആതിര അവരോടു പറഞ്ഞു. ഇവിടെ നില്‍ക്കട്ടെയെന്നാണ് ഞാനും പറഞ്ഞത്. 2018 ല്‍ ആണ് അവര്‍ക്ക് മോള് ജനിക്കുന്നത്.

ആരെയും കൂസാത്ത സ്വഭാവമായിരുന്നു ആതിരയ്‌ക്കെന്നും നിസ്സാരകാര്യങ്ങള്‍ക്കു പോലും വഴക്കിനും തര്‍ക്കത്തിനും വരുമായിരുന്നുമെന്നുമാണ് പ്രിയ പറയുന്നത്. ഭര്‍ത്താവിന്റെ അമ്മയും അച്ഛനുമാണെന്ന പരിഗണനപോലും തരില്ലായിരുന്നു. കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞപ്പോഴും സ്വഭാവത്തിന് യാതൊരു മറ്റവും ഉണ്ടായില്ല. സ്വന്തം കുഞ്ഞിനോടു പോലും ക്രൂരത കാണിക്കാന്‍ മടിയില്ലായിരുന്നു. ഞങ്ങളോടുള്ള ദേഷ്യം ആ കൊച്ചിനോട് കാണിക്കുമായിരുന്നു. മോള്‍ക്ക് രണ്ട് മാസം പ്രായം മാത്രമുള്ളപ്പോഴാണ്. കൊച്ചിനെയും തോളിലിട്ട് പുറത്തിറങ്ങിയപ്പോള്‍, വെയിലാണ് അകത്തേക്ക് പോരാന്‍ അച്ഛന്‍(ബൈജു) പറഞ്ഞു. അതവള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അതിന്റെ ദേഷ്യം തീര്‍ത്തത് വെറും രണ്ടുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ മുതുകില്‍ ശക്തിയായി അടിച്ചായിരുന്നു. ഞങ്ങള്‍ അതിന്റെ പേരില്‍ പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തു. ഞങ്ങളോടും കൊച്ചിനോടും കാണിക്കുന്ന ക്രൂരതകളുടെ പേരില്‍ ഇതുപോലെ പലതവണ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ വഴക്കിട്ടപ്പോള്‍ ആതിര മണ്‍വെട്ടി കൊണ്ട് എന്റെ തലയില്‍ അടിച്ചു. ഞാന്‍ കേസ് കൊടുത്തു. പൊലീസ് അവളെ പിടിച്ചു കൊണ്ടു പോയപ്പോള്‍ കൈക്കുഞ്ഞായിരുന്ന ആദിഷയേയും അവള്‍ കൂടെ കൊണ്ടുപോയി. ഞങ്ങള്‍ ആവുന്നതും അവളോട് പറഞ്ഞതാണ് കുഞ്ഞിനെ ഞങ്ങളെ ഏല്‍പ്പിച്ചിട്ടു പോകാന്‍. അവള്‍ പക്ഷേ കേട്ടില്ല. ഞങ്ങളോടുള്ള വാശിയായിരുന്നു. ജയിലില്‍ കിടന്നത് ആ കുഞ്ഞിനെയും കൊണ്ടാണ്. എനിക്കത് സഹിക്കാന്‍ പറ്റില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെ പോയി അവളെയും കുഞ്ഞിനെയും ഇറക്കി കൊണ്ടു വരികയായിരുന്നു. പിന്നെയൊരു ദിവസം വഴിക്കിട്ടപ്പോള്‍ എന്റെ ഭര്‍ത്താവിനെ(ഷാരോണിന്റെ അച്ഛന്‍ ബൈജു) കുത്താന്‍ കത്തിയുമായി വന്നു. അവള്‍ അകത്ത് പച്ചക്കറി അരിയുകയായിരുന്നു. ചേട്ടന്‍ എന്തോ പറഞ്ഞെന്നും പറഞ്ഞ് അടുക്കളയില്‍ നിന്നും കത്തിയുമായി ഓടി വന്നു. ആദ്യം മുതുകത്ത് തുപ്പുകയാണ് ചെയ്തത്. പിന്നീടാണ് കത്തി കാണിച്ച് കുത്തുമെന്നു ഭീഷണിപ്പെടുത്തിയത്.

കുഞ്ഞിനെ കൊന്നതില്‍ യാതൊരു കുറ്റബോധവും ആതിരയ്ക്കില്ലെന്നും പ്രിയയും ബൈജുവും പറയുന്നു. കുഞ്ഞിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്തും ആതിര ഞങ്ങളെ മോശം വാക്കുകള്‍ പറയുകയും തല്ലാന്‍ വരികയുമാണ് ചെയ്തത്. ചെയ്തുപോയതാണെങ്കിലും ഒരു കുറ്റബോധം തോന്നുമല്ലോ, സ്വന്തം കുഞ്ഞല്ലേ. അനക്കമില്ലാതെ കിടക്കുന്ന അതിന്റെ ശരീരം കണ്ടാല്‍ എങ്കിലും മനസ് ഇളകില്ലേ..അവള്‍ക്ക് അങ്ങനെയൊരു മാറ്റവും ഇല്ലായിരുന്നു. നീ എന്തു ചെയ്തതാ കുഞ്ഞിനെയെന്നു ചോദിച്ചതിന് ഇക്കണ്ട ജനങ്ങളൊക്കെ നില്‍ക്കുമ്പോള്‍ തന്നെ അവള്‍ എന്നെ ചീത്ത വിളിക്കുകയായിരുന്നു. ഷാരോണും അവളോട് നീ എന്താ കുഞ്ഞിനെ ചെയ്തതെന്നു ചോദിച്ചപ്പോള്‍ അവിടെ കിടന്നൊരു സ്റ്റൂള്‍ എടുത്ത് അവനെ തല്ലാന്‍ ചെന്നു. വാതില്‍ ആഞ്ഞു ചവിട്ടി. ആതിരയുടെ അമ്മ ഇരുന്നു കരഞ്ഞപ്പോള്‍ അവള്‍ ചോദിച്ചത് ഡ്രാമ കാണിക്കുകയാണോ എന്നായിരുന്നു. ഒരു വനിത പൊലീസുകാരി ആതിരയെ കെട്ടിപിടിച്ചുകൊണ്ടാണ് ചോദിച്ചത്, എന്തിനാ ചെയ്തതെന്നു ചേച്ചിയോട് പറയാന്‍, പക്ഷേ അവള്‍ ചിരിക്കുകയായിരുന്നു. സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് ഉടുപ്പ് മാറണമെന്നു പറഞ്ഞു. ഒറ്റയ്ക്ക് മുറിയേലക്ക് വിടാതെ വനിത പൊലീസും ഒപ്പും ചെന്നാണ് വേറെ ഉടുപ്പ് ഇട്ട് കൊണ്ടു പോയത്. ഇതൊക്കെ കാണുമ്പോള്‍ ആതിരയ്ക്ക് മാനസിക പ്രശ്‌നം ഉണ്ടാകുമെന്ന് ആര്‍ക്കെങ്കിലും തോന്നും. അതവള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉപയോഗിക്കും. ആതിരയ്ക്ക് ഒരു മാനസികപ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഞാനല്ല കൊന്നതെന്ന് ആദ്യമവള്‍ പറയില്ലായിരുന്നല്ലോ. രക്ഷപ്പെടാന്‍ നോക്കിയിട്ട് പിന്നെ പിടിക്കപ്പെട്ടപ്പോള്‍ കുറ്റം സമ്മതിക്കേണ്ടി വന്നതല്ലേ… അതില്‍ തന്നെ കള്ളത്തരം മനസിലാകും. എന്തായാലും അവള്‍ ശിക്ഷപ്പെടണം. അത്ര വലിയ മഹാപാപമാണ് ചെയ്തത്.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍