കല്ലേക്കാട് ക്യാമ്പില്‍ കുമാര്‍ മാത്രം അനുഭവിച്ചിരുന്ന പ്രതിസന്ധികളല്ല ഇവയെന്നും, ആദിവാസി ഊരുകളില്‍ നിന്നുള്ള കീഴുദ്യോഗസ്ഥരെ പലപ്പോഴും ഇത്തരത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുകയാണ്
കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. അട്ടപ്പാടി അഗളി കുന്നഞ്ചാല്‍ ഊരില്‍ നിന്നുള്ള കുമാറിനെ ജൂലായ് 25നാണ് ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സിവില്‍ പൊലീസുദ്യോഗസ്ഥനായിരുന്ന കുമാര്‍. എ.ആര്‍ ക്യാമ്പില്‍ വച്ച് മേലുദ്യോഗസ്ഥരുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി ഭാര്യ സജിനി ആരോപിക്കുകയും ചെയ്തിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട കുമാറിനെ മര്‍ദ്ദിക്കുകയും നഗ്‌നനാക്കി റൂമില്‍ പൂട്ടിയിടുകയുമടക്കമുള്ള നടപടികള്‍ ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായിട്ടുണ്ട് എന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കല്ലേക്കാട് ക്യാമ്പില്‍ കുമാര്‍ മാത്രം അനുഭവിച്ചിരുന്ന പ്രതിസന്ധികളല്ല ഇവയെന്നും, ആദിവാസി ഊരുകളില്‍ നിന്നുള്ള കീഴുദ്യോഗസ്ഥരെ പലപ്പോഴും ഇത്തരത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇതേത്തുടര്‍ന്ന് ഉയര്‍ന്നിരിക്കുകയാണ്.
ഇരുള വിഭാഗത്തില്‍ നിന്നുമുള്ള കുമാറിന്, കല്ലേക്കാട് ക്യാമ്പില്‍ പ്രവേശിച്ചതു മുതല്‍ക്കു തന്നെ ധാരാളം ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളതായാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. അത്തരമൊരു മോശം അനുഭവത്തെത്തുടര്‍ന്ന് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിപ്പോന്ന കുമാറിനെ, ഇനിമേല്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന വാക്കിന്റെ പുറത്ത് തിരികെ ക്യാമ്പിലേക്ക് വരുത്തിയിട്ട് ദിവസങ്ങളായതേയുള്ളൂവെന്ന് ബന്ധുവും അടുത്ത സുഹൃത്തുമായ പ്രമോദ് ചൂണ്ടിക്കാട്ടുന്നുണ്ട്. ക്യാമ്പില്‍ നിന്നും നേരിട്ട മാനസിക പ്രശ്നങ്ങളെക്കുറിച്ച് സുഹൃത്തുക്കളോടു പോലും സംസാരിക്കാതിരുന്ന കുമാര്‍, ജ്യേഷ്ഠന്‍ രങ്കസ്വാമിയോടു മാത്രമാണ് എല്ലാ കാര്യങ്ങളും വിശദമായി വെളിപ്പെടുത്തിയിരുന്നതെന്നും പ്രമോദ് പറയുന്നു. ‘ജാതി വച്ചുള്ള പീഡനങ്ങളടക്കം ക്യാമ്പില്‍ അവന് ഒരുപാട് മാനസിക പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അധിക ഡ്യൂട്ടി ചെയ്യിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു കൂടുതലും. ഒരു ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍, ഒന്നു വിശ്രമിക്കാന്‍ പോലും സമയം കൊടുക്കാതെ അടുത്ത ഡ്യൂട്ടിക്ക് വിളിപ്പിക്കുമായിരുന്നു. കുറച്ചു കാലം മുന്നെ ഒരു പ്രശ്നമുണ്ടായത് ഇതിന്റെ പേരിലാണ്. ഒരു ദിവസം ഇങ്ങനെ ഡ്യൂട്ടി കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന സമയത്ത് എ.എസ്.ഐ. വന്ന് അവനെ വിളിച്ചു. ഡ്യൂട്ടിയ്ക്ക് പോകാന്‍ പറ്റില്ലെന്ന് അവന്‍ പറയുകയും ചെയ്തു. പിന്നീട് എസ്.ഐ വന്നു വിളിച്ചു. എസ്.ഐയുമായി അന്നെന്തോ പ്രശ്നമുണ്ടാകുകയും ചെയ്തു. ഇടവേളയില്ലാതെ ഇങ്ങനെ ഡ്യൂട്ടി ചെയ്യാന്‍ പറ്റില്ല എന്ന് അവന്‍ പറഞ്ഞതിന്റെ പേരില്‍ എന്തോ തര്‍ക്കമുണ്ടായി. അതിന്റെ പേരില്‍ അവന്‍ കുറേ അനുഭവിക്കേണ്ടിവരികയും ചെയ്തു. അപ്പോഴൊന്നും ഇക്കാര്യം അവന്‍ വീട്ടുകാരോടോ സുഹൃത്തുക്കളോടോ പറഞ്ഞുമില്ല. ആരോടും ഒന്നും പറയാതെ അവന്‍ ഇറങ്ങിപ്പോകുകയാണ് ചെയ്തത്. പിന്നേയും പത്തു പന്ത്രണ്ട് ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ വിവരമറിയുന്നത്. എസ്.ഐയെ പിണക്കി അവിടെ നില്‍ക്കാന്‍ പറ്റില്ല എന്നു തോന്നിയപ്പോള്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നും മാറിയതാവും.’
ഈ സംഭവത്തിനു ശേഷം, ക്വാര്‍ട്ടേഴ്സില്‍ നിന്നും കുമാറിനെ കാണാനില്ലെന്നറിയിച്ച് ക്യാമ്പിലുള്ളവര്‍ നോട്ടീസുകള്‍ പോലും ഒട്ടിച്ചിരുന്നുവെന്ന് പ്രമോദ് പറയുന്നു. കുമാറിന്റെ ഫോണ്‍ പോലും മേലുദ്യോഗസ്ഥര്‍ വാങ്ങിവച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഈ സംഭവത്തിനു ശേഷം അഗളി സ്റ്റേഷനില്‍ നിന്നടക്കം വിളിച്ചന്വേഷിച്ചപ്പോഴാണ് സഹോദരനോട് മര്‍ദ്ദനമേറ്റ കാര്യം കുമാര്‍ തുറന്നു പറയുന്നത്. തനിക്കേറ്റ പീഡനങ്ങളെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സഹോദരനോട് കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ബന്ധുക്കളുടെ പക്ഷം. ഉപദ്രവിച്ചിരുന്ന ഉന്നത പൊലീസുദ്യോഗസ്ഥരെ തനിക്ക് നേരിട്ടു കാണിച്ചു തന്നിട്ടുള്ളതായി സഹോദരന്‍ രങ്കസ്വാമിയും പറയുന്നു. ഉദ്യോഗസ്ഥരുടെ പേരോ സ്ഥാനമോ അറിയില്ലെങ്കിലും, കണ്ടാല്‍ തിരിച്ചറിയാനാകുമെന്നാണ് രങ്കസ്വാമിയുടെ വാദം. ഇക്കാര്യം സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി അടക്കമുള്ളവര്‍ക്ക് നല്‍കിയ മൊഴിയിലും രങ്കസ്വാമി സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു മൂന്നു മാസക്കാലമായി അനുഭവിക്കുന്ന ഈ പീഡനങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന വിശ്വാസത്തിലാണ് കുമാര്‍ ക്യാമ്പിലേക്ക് ദിവസങ്ങള്‍ക്കു മുന്നേ തിരിച്ചുപോയതെന്നും പ്രമോദ് പറയുന്നു.
‘ക്യാമ്പില്‍ നിന്നും പൊലീസുകാര്‍ വന്ന്, അവനോട് തിരിച്ചു ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ മാറിയെന്നും, ഇനി അത്തരം പ്രശ്നങ്ങളുണ്ടാകില്ലെന്നും വാക്കു കൊടുത്തിട്ടാണ് അവന്‍ വീണ്ടും അങ്ങോട്ടു പോയത്. ചേട്ടനും ഇവനും കൂടിയാണ് എസ്.പിയെക്കാണാന്‍ പോയത്. അനുമതി വാങ്ങി ജോയിന്‍ ചെയ്യുകയും ചെയ്തു. ഭാര്യയുടെ പി.എസ്.സി പരീക്ഷയുടെ കാര്യവുമായി ബന്ധപ്പെട്ട് ജൂലായ് 20 മുതല്‍ അവന്‍ വീണ്ടും അവധിയെടുത്തിരുന്നു. ആ ലീവും കഴിഞ്ഞ് 24ന് രാവിലെ ഇവന്‍ ക്യാമ്പിലേക്ക് പോയി. ജോയിന്‍ ചെയ്തുവെന്ന് ഭാര്യയെയും ചേട്ടനെയും വിളിച്ചു പറഞ്ഞു. ഉച്ച വരെ ഭാര്യയോട് ഫോണില്‍ സംസാരിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം മുഴുവന്‍ ഫോണ്‍ ഓഫായിരുന്നു. ഇടയ്ക്ക് ഒരു മെസേജ് കണ്ട് ഭാര്യ വിളിച്ചു നോക്കിയെങ്കിലും, അപ്പോഴും ഫോണില്‍ കിട്ടിയില്ല. പത്തര പതിനൊന്നു മണിയോടു കൂടിയാണ് അപകടം പറ്റിയ വിവരമറിഞ്ഞത്.’ പ്രമോദ് പറയുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട പൊലീസുകാര്‍, തങ്ങള്‍ ഇതേ ക്യാമ്പില്‍ ഇത്തരം പ്രശ്നങ്ങള്‍ കാലങ്ങളായി നേരിടുന്ന കാര്യം തന്നോട് വ്യക്തിപരമായി പങ്കുവച്ചിട്ടുണ്ടെന്നും പ്രമോദ് ആരോപിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വിവേചനപരമായ പെരുമാറ്റവും പീഡനവും ഒഴിവാക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍പ്പോലും, പരസ്യമായി അക്കാര്യം വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥരാരും തയ്യാറല്ല എന്നതാണ് വസ്തുത. കാലങ്ങളായി അനുഭവിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ പിന്നാക്കാവസ്ഥയെ മറികടക്കാന്‍ തങ്ങള്‍ക്കു ലഭിച്ച അവസാന സാധ്യതയായി സര്‍ക്കാര്‍ ജോലിയെ കാണുന്നവരാണ് ഇവരെല്ലാവരും. ഏതെങ്കിലും തരത്തില്‍ ജോലിക്കോ നിലനില്‍പ്പിനോ ഭീഷണിയായേക്കാവുന്ന നീക്കങ്ങളൊന്നും തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവരുടെ പക്ഷം.
ഇക്കാര്യം ശരിവയ്ക്കുന്നതാണ് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെ നേതാവ് സുരേഷ് പട്ടിമാളത്തിന്റെ വാക്കുകളും. ‘കുമാറിന്റെ കാര്യം അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അതാണ് ഇത്രയേറെ വഷളാകാനുണ്ടായ കാരണവും. ആരും വ്യാപകമായ പരാതികള്‍ ഉന്നയിക്കാറില്ല. ജോലി പോകും എന്ന ഭയമാണ് ഇതിന്റെ അടിസ്ഥാനം. മൂവായിരത്തിയഞ്ഞൂറോളം ആദിവാസി സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അട്ടപ്പാടിയിലുള്ളത്. ഇത്രയേറെ മാറ്റമുണ്ടായിട്ടും, സര്‍ക്കാര്‍ ജോലികളിലും ആദിവാസികള്‍ രണ്ടാം തരക്കാരായാണ് കണക്കാക്കപ്പെടുന്നത്. എന്തു പ്രശ്നമുണ്ടെങ്കിലും ആരുമാരും പുറത്തുപറയില്ല. കുമാറിനെപ്പോലെ, കാര്യങ്ങള്‍ കൈവിട്ടു പോയ ശേഷമേ പുറം ലോകം വിവരമറിയൂ. ഒറ്റപ്പെടുമോ, ജോലി പോകുമോ എന്നെല്ലാമുള്ള ആശങ്കയാണ് ആദിവാസികള്‍ക്ക്. ജോലി അവര്‍ക്ക് അത്രയേറെ ആവശ്യമാണ്. എന്നെങ്കിലും ശരിയാകും എന്ന പ്രതീക്ഷയിലാണ് എല്ലാവരും മുന്നോട്ടുപോകുന്നത്. കുമാറിന്റെ കാര്യത്തില്‍ മറ്റൊരു തരത്തിലുള്ള വൈരാഗ്യവും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കു വേണ്ടിയുള്ള നോഡല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണന്‍ കുട്ടി എസ്.ഐയ്ക്കൊപ്പമാണ് കുമാര്‍ ആദ്യകാലത്ത് ജോലി ചെയ്തിരുന്നത്. കല്ലേക്കാട് ക്യാമ്പിലെത്തിയ ശേഷമാണ് ഈ പ്രശ്നങ്ങളെല്ലാം. അഞ്ചു പൊലീസുകാരുണ്ടായിരുന്നു കൃഷ്ണന്‍കുട്ടി എസ്.ഐയ്ക്കൊപ്പം. അദ്ദേഹം പിന്നീട് സ്ഥാനക്കയറ്റം കിട്ടി പോയപ്പോള്‍ ഈ അഞ്ചു പേരും പലവഴിക്കായി മാറ്റപ്പെട്ടു. ആദിവാസികളുടെ ആവശ്യങ്ങള്‍ക്കായി ആദിവാസികള്‍ക്കൊപ്പം നിന്നു പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘമായിരുന്നു അത്. അദ്ദേഹത്തിനൊപ്പം നിന്നതുകൊണ്ടുള്ള പ്രശ്നമെന്തെങ്കിലും ഇതിലുണ്ടോ എന്നു സംശയമുണ്ട്. ആ ടീമില്‍ നിന്നും വിട്ടുപോന്നവര്‍ക്ക് മറ്റു പൊലീസുദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടിവരുന്ന പ്രശ്നമാണോ ഇതെന്ന് പരിശോധിക്കണം.’
തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും സംഘവും വിഷയത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുമാറിന്റെ ബന്ധുക്കളുടെയും എ.ആര്‍. ക്യാമ്പംഗങ്ങളുടെയും മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ട് അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തേ, കുമാറിന് മാനസിക രോഗമായിരുന്നു എന്നതടക്കമുള്ള പ്രതികരണമാണ് ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമുണ്ടായതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ആവശ്യപ്പെടുന്നത് ജുഡീഷ്യല്‍ അന്വേഷണമാണെന്നാണ് ബന്ധുക്കളുടെയും ആദിവാസി ആക്ഷന്‍ കൗണ്‍സിലിന്റെയും വാദം. പൊലീസുകാര്‍ക്കെതിരെ ആരോപണം നിലനില്‍ക്കുന്ന കേസ് ഡി.വൈ.എസ്.പി അന്വേഷിക്കുന്നതില്‍ ശരികേടുണ്ടെന്നും, ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നേക്കുമെന്നുമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പക്ഷം. ഈ സാഹചര്യത്തില്‍, ജുഡീഷ്യല്‍ അന്വേഷണമല്ലാതെ മറ്റൊന്നും അംഗീകരിക്കാനാകില്ലെന്നും ഇവര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുകയും ചെയ്യും. ആദിവാസി ആക്ഷന്‍ കൗണ്‍സിലിനൊപ്പം ആദിവാസി ഉദ്യോഗസ്ഥ സംഘടനയടക്കം അനവധി ആദിവാസി കൂട്ടായ്മകള്‍ കുമാറിന്റെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണം എന്ന ആവശ്യവുമായി ശക്തമായിത്തന്നെ രംഗത്തുണ്ട്.
മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ജാതീയമായ പീഡനങ്ങള്‍ സഹിക്കാനാകാതെ കണ്ണൂരില്‍ കുറിച്യ വിഭാഗത്തില്‍ നിന്നുള്ള സിവില്‍ പൊലീസുദ്യോഗസ്ഥന്‍ രതീഷ് ജോലിയുപേക്ഷിച്ചത് അടുത്ത കാലത്താണ്. ജനങ്ങളുടെ ജീവനും സമ്പത്തിനും സംരക്ഷണം കൊടുക്കാന്‍ എന്ന പേരില്‍ വിഭാവനം ചെയ്യപ്പെട്ട പൊലീസ് സേനയില്‍ ആദിവാസിയ്ക്ക് നിലനില്‍പ്പില്ലെങ്കില്‍, പിന്നെ സേനയുടെ വിശ്വാസ്യതയെന്താണെന്ന് ആദിവാസി അവകാശ പ്രവര്‍ത്തക അമ്മിണിയും ചോദിക്കുന്നു. ‘ഉദ്യോഗം കിട്ടിയാലും അന്തസ്സായി ജോലി ചെയ്ത് ജീവിക്കാന്‍ ആദിവാസിയെ അനുവദിക്കുന്നില്ല. എന്തു തരത്തിലുള്ള അധഃപതനമാണിത്? ആദിവാസി സമൂഹത്തില്‍ നിന്നുള്ള ധാരാളം പേരെ ഉള്‍പ്പെടുത്തിയ ട്രെയിനിംഗ് ബാച്ച് പരിശീലനം പൂര്‍ത്തിയാക്കി ഇറങ്ങിയതെല്ലാം വലിയ വാര്‍ത്തായിരുന്നല്ലോ. ആര്‍ക്കുവേണ്ടിയുള്ളതാണ് ഈ ബാച്ചുകളെല്ലാം? ക്യാമ്പുകളില്‍ നടക്കുന്നത് ഇതല്ലേ.’
ഭാര്യയും കൈക്കുഞ്ഞുമാണ് കുമാറിന്റെ കുടുംബം. വീട്ടിലെ ഇളയ സഹോദരനായിരുന്ന കുമാറിന് പൊലീസില്‍ ജോലി കിട്ടിയപ്പോള്‍ തങ്ങള്‍ ഏറെ സന്തോഷിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ഏറെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ലഭിച്ച സര്‍ക്കാര്‍ ജോലി ജീവിതം കരകയറ്റും എന്നു വിശ്വസിച്ചിരിക്കേയാണ് കുമാറിന്റെ മരണം. ജാതീയമായ വേര്‍തിരിവിനു പുറമേ, തന്നോട് എന്തോ വൈരാഗ്യമുള്ളതുപോലെയായിരുന്നു ഉദ്യോഗസ്ഥരുടെ പെരുമാറ്റമെന്ന് കുമാര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്താണ് ആ വൈരാഗ്യത്തിനു കാരണം എന്നതു വെളിപ്പെടുന്നതോടൊപ്പം, കല്ലേക്കാട് ക്യാമ്പിലും മറ്റിടങ്ങളിലും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു കൂടി അന്വേഷണമുണ്ടാകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.