UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുടെ ഭീഷണിക്ക് പുല്ലുവില; കെഎഎസിനെതിരെയുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സമരം തുടരുന്നു

ഇന്ന് പണിമുടക്ക്, തിങ്കളാഴ്ച മുതല്‍ രാപ്പകല്‍ ഉപവാസ സമരമം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെഎസ്എ)  രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി  നിര്‍ദേശിച്ചതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ പ്രതിപക്ഷ സംഘടനകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു. കെഎഎസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് നടത്താന്‍ സായുക്ത സമരസമിതി തീരുമാനിച്ചത്. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ രാപ്പകല്‍ ഉപവാസ സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.

കെ എ എസ് നടപ്പാക്കുക എന്നത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണെന്നും അതിന്റെ കരട് രൂപം തയ്യാറാക്കുകയാണെന്നും ചീഫ് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. ജീവനക്കാരുടെ സമരം സെക്രട്ടറിയേറ്റിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും സമരത്തില്‍ നിന്നും പിന്‍മാറണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ 50 ദിവസമായി തുടരുന്ന സമരം രമ്യമായി പരിഹാരിക്കാനുള്ള ഉപാധിപോലും വെയ്ക്കാതെയുള്ള ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ ആവശ്യം ജീവനക്കാര്‍ തള്ളി. തുടര്‍ന്ന് കെഎഎസ് ചട്ട രൂപികരണ ചര്‍ച്ചയിലേക്ക് വിളിക്കാം എന്ന ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപ്പിലാക്കരുത് എന്നാവശ്യപ്പെടുന്ന സംവിധാനത്തിന്റെ ചട്ട രൂപീകരണ യോഗത്തില്‍ തങ്ങളെന്തിന് പങ്കെടുക്കണം എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

ഇതിനിടെ സെക്രട്ടേറിയറ്റില്‍ നില്‍പ്പ് സമരം നടത്തുന്ന ജീവനക്കാര്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടപടി എടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. പെന്‍ഡൗണ്‍ സ്ട്രൈക്ക് അടക്കമുളള സമരമാര്‍ഗങ്ങള്‍ക്കുശേഷമാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നേരത്തെ നില്‍പ്പ്സമരം ആരംഭിച്ചത്. പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ഫെബ്രുവരി 27 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്‍, കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്‍, ബിജെപി യുടെ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് എന്നീ സംഘടനകള്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.

സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ്  അസോസിയേഷന്‍ കെഎഎസ് നടപ്പാക്കുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ്സ് അസോസിയേഷന്‍ നേതാവ് ബിജുക്കുട്ടന്‍ ആവശ്യപ്പെട്ടത് യോഗത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍