UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഇനിയെനിക്ക് അവാർഡൊന്നും കിട്ടാനില്ല, ജിലേബി വല്ലതും തന്നാൽ വാങ്ങാം’: ബി ഗോപാലകൃഷ്ണന് അടൂരിന്റെ മറുപടി

ഇനി തനിക്ക് അവാർഡുകളൊന്നും കിട്ടാനില്ലെന്നും കിട്ടാവുന്ന എല്ലാ അവാർഡുകളും കിട്ടിയിട്ടുണ്ടെന്നും അടൂർ പറഞ്ഞു. വല്ല ജിലേബിയോ മറ്റോ തരികയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കാമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറഞ്ഞിരിക്കുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിസ്സാര കാരണങ്ങൾ പറഞ്ഞ് ന്യൂനപക്ഷ വിഭാഗങ്ങളെ ആക്രമിക്കുന്ന സ്ഥിതിയുണ്ടെന്നും അതിനെ തടയാൻ സർക്കാർ നടപടിയെടുക്കണമെന്നുമാണെന്ന് സിനിമാസംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. കത്തിൽ‌ സർക്കാരിന് വിമർശിച്ചിരുന്നില്ലെന്നും പ്രശ്നങ്ങളിൽ നടപടി വേണമെന്നു മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അടൂർ കത്തിലൊപ്പിട്ടതിനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഭീഷണിയുമായി രംഗത്തു വന്നിരുന്നു. അടൂര്‍ തന്റെ പേര് മാറ്റണമെന്നും ചന്ദ്രനിലേക്ക് പോകണമെന്നും ബി ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. വീട്ടിനു മുന്നിലേക്ക് ജയ് ശ്രീരാം വിളികളുമായി ചെല്ലുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുകയുണ്ടായി.

“ശ്രീരാമചന്ദ്രൻ ഉത്തമപുരുഷനാണ്. ഏറ്റവും നീതിമാനായ ദേവനും രാജാവുമാണ്. അദ്ദേഹത്തെ ഇങ്ങനെ അധിക്ഷേപിക്കുന്നത് സഹിക്കാൻ പറ്റുന്നതല്ല,” അടൂർ പ്രതികരിച്ചു. ജയ് ശ്രീരാം വിളിച്ചതിനല്ല തങ്ങൾ പരാതി പറയുന്നതെന്നും ആ വിളിയെ ഒരു കൊലവിളിയാക്കി മാറ്റരുതെന്നാണ് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഭൂരിപക്ഷമായവർ ന്യൂനപക്ഷമായവരെ അപമാനിക്കുകയും മർദ്ദിക്കുകയും കൊല്ലുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് തങ്ങളെല്ലാവരും ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതെന്നും അടൂര്‍ പറഞ്ഞു.

സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം എല്ലാ പൗരന്മാർക്കുമുള്ളതാണെന്ന് അടൂർ ചൂണ്ടിക്കാട്ടി. സർക്കാർ ഈ കൊലപാതകങ്ങളും ആക്രമണങ്ങളും നിയന്ത്രിച്ചില്ലെങ്കിൽ സമുദായ ലഹളകളിലേക്കാണ് രാജ്യത്തെ നയിക്കുകയെന്ന് അടൂർ പറഞ്ഞു. രാജ്യത്ത് അരാജകത്വമാണ് ഉണ്ടാകാൻ പോകുന്നത്. അതിന് വലിയ വില നമ്മളെല്ലാം കൊടുക്കേണ്ടി വരും. ആരെയും കത്തിൽ തങ്ങൾ വിമർശിക്കുകയുണ്ടായില്ല. ആൾക്കൂട്ട കൊലപാതകങ്ങളിൽ ഉൾപ്പെട്ടവരെല്ലാം യാതൊരു നടപടിക്കും വിധേയരാകാതെ രക്ഷപ്പെടുന്നതും സാധാരണമായിരിക്കുകയാണ്. ആളുകൾ കൂടിച്ചേർന്ന് കൊല നടത്തുമ്പോൾ ഒരു നടപടിയും ഏൽക്കേണ്ടി വരില്ലെന്നതാണ് ഇത്തരം സംഭവങ്ങൾക്ക് പ്രോത്സാഹനമാകുന്നതെന്നും അടൂർ വിശദീകരിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവരെയെല്ലാം വധശിക്ഷയ്ക്ക് വിധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാർ അവാർഡുകളൊന്നും നൽകാത്തതുകൊണ്ടാണ് എതിരഭിപ്രായം പറയുന്നതെന്ന ബി ഗോപാലക‍ൃഷ്ണന്റെ ആരോപണത്തെ അടൂർ പരിഹസിച്ചു തള്ളി. ഇനി തനിക്ക് അവാർഡുകളൊന്നും കിട്ടാനില്ലെന്നും കിട്ടാവുന്ന എല്ലാ അവാർഡുകളും കിട്ടിയിട്ടുണ്ടെന്നും അടൂർ പറഞ്ഞു. വല്ല ജിലേബിയോ മറ്റോ തരികയാണെങ്കിൽ സന്തോഷത്തോടെ സ്വീകരിക്കാമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

ചന്ദ്രനിലേക്ക് ആരെങ്കിലും ടിക്കറ്റ് തരികയാണെങ്കിൽ പോകാമെന്നും പരിഹാസത്തോടെ അടൂർ പ്രതികരിച്ചു. തന്റെ ഒരു പ്രസ്താവനയെ ചില ഹിന്ദി ചാനലുകൾ വളച്ചൊടിച്ച് നൽകിയ സംഭവവും അടൂർ വിശദീകരിച്ചു. വാർത്ത കണ്ട് ചില ഉത്തരേന്ത്യക്കാർ വിളിച്ചു. കടുത്ത ക്ഷോഭത്തോടെയാണ് അവർ സംസാരിച്ചത്. ആ ക്ഷോഭം കണ്ടപ്പോൾ അവർക്കെല്ലാം ഭ്രാന്തായിട്ടുണ്ടെന്നാണ് തനിക്ക് തോന്നിയതെന്നും കാര്യങ്ങൾ അപകടത്തിലേക്കാണ് പോകുന്നതെന്നും അടൂർ പറഞ്ഞു. അവരുടെയൊന്നും ക്ഷോഭം തീരുന്നില്ല. അങ്ങനെയുള്ളവരോടൊന്നും തനിക്കൊന്നും പറയാനില്ലെന്നും അടൂര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍