UPDATES

“കനലൊരു തരി മതിയെന്ന് പറഞ്ഞിട്ട് ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ആ കനല്‍ മറ്റ് 19 പേര്‍ക്കൊപ്പം ചേര്‍ന്നു”; എ എം ആരിഫിന് മറുപടിയുമായി അഡ്വ. ബിന്ദു

ഇവിടെ നിലനില്‍ക്കുന്ന അനാചാരങ്ങളുടെ സംരക്ഷകരായി മാറിയ ഈ ആളുകളില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് എന്ത് പ്രതീക്ഷയാണുള്ളത്?

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമായി ഫേസ്ബുക്ക് പോസ്റ്റിട്ട എ എം ആരിഫ് എംപിയ്ക്ക് മറുപടിയുമായി അഡ്വ. ബിന്ദു അമ്മിണി. കനകദുര്‍ഗ, ബിന്ദു അമ്മിണി എന്നിവരാണ് പ്രതിഷേധക്കാരെ മറികടന്ന് ശബരിമലയില്‍ പ്രവേശിക്കുകയും ദര്‍ശനം നടത്തുകയും ചെയ്തത്. ശബരിമല കയറിയ കനകദുര്‍ഗ ചെയ്തത് സര്‍ക്കാരിനെ കെണിയില്‍പ്പെടുത്താനാണോ എന്ന് അന്വേഷിക്കണമെന്ന് ഇന്നലെ എ എം ആരിഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. ശബരിമല കയറിയ കനകദുര്‍ഗയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ആരിഫ് ഉന്നയിച്ചത്.

കനക ദുര്‍ഗ്ഗയെ പോലുള്ള യുവതി യഥാര്‍ത്ഥ ഭക്തയാണോ എന്ന് സംശിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ശാന്തി, സമാധാനം, മാനസികമായ പിരിമുറുക്കങ്ങള്‍, എന്നിവ ഇല്ലാതെ സമ്പൂര്‍ണ്ണമായി മനസ്സും ദൈവത്തില്‍ സമര്‍പ്പിച്ച് അങ്ങേയറ്റത്തെ വിശ്വാസസമാധാനത്തോടുകൂടി ആണ് ഒരു ഭക്ത,ആരാധനാലയങ്ങളില്‍ എത്തിച്ചേരേണ്ടത് എന്ന് ഭഗവദ് ഗീതയില്‍ അനുശാസിക്കുന്നതായി ആരിഫ് പറഞ്ഞു. സംഘര്‍ഷം നിറഞ്ഞ സ്ഥലത്തേക്ക് സംഘര്‍ഷം നിറഞ്ഞ മനസുമായി പോയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനാണോ എന്ന് പോലും അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ കയറിയ ആളുകളുടെ പാപഭാരം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടേയും തലയില്‍ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങളാണ്, സര്‍ക്കാരിന് ഒരു പങ്കുമില്ലാത്ത കാര്യത്തില്‍, ആര്‍എസ്എസ്സും, കോണ്‍ഗ്രസ്സും, നടത്തിയതെന്നും ആരിഫ് കുറ്റപ്പെടുത്തി.

ശബരിമലയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും ആരിഫ് ചോദിച്ചു. അയ്യപ്പപ്രതിഷ്ഠയ്ക്ക് മുന്നില്‍ ആചാരം ലംഘിച്ചുനിന്ന തില്ലങ്കേരിയെ പോലുള്ളവര്‍ എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നതില്‍ നിഗുഢതയുണ്ടെന്ന് തോന്നിപ്പോകുന്നുവെന്നും ആരിഫ് പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട സ്വകാര്യബില്ലിനെ കുറിച്ച് സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടെ മറ്റുള്ളവര്‍ പറയേണ്ടതുള്ളൂവെന്നും ആരിഫ് പറഞ്ഞു.

ഈ വിഷയത്തെക്കുറിച്ച് യാതൊന്നും പ്രതികരിക്കാനില്ലെന്നാണ് കനകദുര്‍ഗ പറഞ്ഞത്. അതേസമയം ഇവിടുത്തെ ഇടതുപക്ഷവും പുരോഗമനവാദികളുമെല്ലാം ഒരു കനല്‍ മതിയെന്നാണ് പറഞ്ഞത്. എന്നിട്ട് ആ കനല്‍ ബാക്കി പത്തൊമ്പത് പേര്‍ക്കൊപ്പം ചേരുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്ന് ബിന്ദു അമ്മിണി അഴിമുഖത്തോട് പ്രതികരിച്ചു. മാത്രമല്ല, ഒരു നിയമബിരുദധാരിയാണ് ആരിഫ്. എന്നാല്‍ ആ നിലവാരത്തില്‍ നിന്നും താഴ്ന്ന് സാധാരണ നിലവാരത്തിലെത്തുകയാണ് ഈ പ്രതികരണത്തിലൂടെ ആരിഫ് ചെയ്തതെന്നും ബിന്ദു കുറ്റപ്പെടുത്തി. ഒന്നുകില്‍ ഒരു വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ടോ അല്ലങ്കില്‍ അജ്ഞതയോ തെറ്റിദ്ധാരണയോ മൂലവുമാകാം ഇത്തരത്തില്‍ പ്രതികരിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

read more:കനകദുര്‍ഗ മല കയറിയത് സര്‍ക്കാരിനെ കെണിയില്‍ പെടുത്താനോ എന്ന് സംശയിക്കുന്നതായി ആരിഫ് എംപി; സമരക്കാര്‍ അവരെ തടഞ്ഞില്ലെന്നതില്‍ നിഗൂഢത

‘ശബരിമല വിഷയമാകാം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചത് എന്ന തെറ്റിദ്ധാരണയില്‍ നിന്നും അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെ തന്നെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ അബദ്ധജഡിലമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇനി അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് തന്നെയാണോ പറഞ്ഞതെന്ന് അറിയില്ല. എന്തായാലും ഇവിടെ കനകദുര്‍ഗയുടെ പേര് മാത്രമാണ് ആ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത്. കനകദുര്‍ഗ ഭക്തയാണോ അല്ലയോ എന്ന് അയാള്‍ എങ്ങനെയാണ് അളക്കുക. ഭഗവത് ഗീത വച്ചിട്ടൊക്കെയുള്ള ഈ വ്യാഖ്യാനം വളരെ വിചിത്രമാണ്. സുപ്രിംകോടതി പോലും ഒരു ഭക്തയെ നിര്‍വചിച്ചിട്ടില്ല. ഞാനൊരു ഭക്തയാണെന്ന് പറഞ്ഞാല്‍ ഞാന്‍ ഭക്തയാണ് അത്ര തന്നെ. ആ സുപ്രിംകോടതിയുടെ മേലെ നിന്നാണ് ആരിഫ് എംപി ഇത്തരമൊരു വ്യാഖ്യാനം കൊടുത്തിരിക്കുന്നത്.

ഇവിടെ അയാളുടെ ഉള്ളിലുള്ള സംഘപരിവാര്‍ ബോധമാണ് കാണിക്കുന്നത്. ഒരുപക്ഷെ സംഘപരിവാറിനേക്കാള്‍ മോശമായ ചിന്തയാണ് ഇത്. സംഘപരിവാര്‍ പോലും ഇപ്പോള്‍ പറയുന്നത് സ്വകാര്യബില്ലുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നത് കൊണ്ട് നിയമപരമായ ബുദ്ധിമുട്ടുള്ളതിനാല്‍ ചെയ്യാന്‍ പറ്റില്ലെന്നാണ്. അവരെ മറികടന്ന് അവര്‍ക്കൊപ്പം നില്‍ക്കുന്ന ആളുകളെ കൂട്ടത്തില്‍ കിട്ടുമെന്ന് വിശ്വസിച്ചാണ് ആരിഫിന്റെ ഈ നീക്കം. അത് തീര്‍ച്ചയായും വലിയൊരു തിരിച്ചടിയാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരാളെയെങ്കിലും സിപിഎമ്മിന് കിട്ടിയെങ്കില്‍ അതുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് ഈ നിലപാട് മാറ്റം അവരെ എത്തിക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരിഫ് മത്സരിച്ച മണ്ഡലത്തില്‍ മിക്കയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാനിമോള്‍ക്കായിരുന്നു കൂടുതല്‍ വോട്ട് കിട്ടിയത്. അരൂര്‍ പോലുള്ള ചില സ്ഥലങ്ങളിലാണ് ആരിഫിന് മേല്‍ക്കൈയുണ്ടായിരുന്നത്. അത് കാലാകാലങ്ങളായി യുഡിഎഫിന് മേല്‍ക്കൈയുള്ള സ്ഥലങ്ങളാണ്. ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അയാളിലുള്ള പ്രതീക്ഷ പോലും നഷ്ടപ്പെടുന്ന തരത്തിലാണ് ജനങ്ങളില്‍ ഈ സന്ദേശം എത്തിച്ചേരുക. സ്വാഭാവികമായും സംഘപരിവാറിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന ആള്‍ എന്ന നിലയില്‍ ആരിഫിനും ആരിഫിന്റെ പാര്‍ട്ടിക്കും വലിയ തിരിച്ചടിയാകും ഇതിലൂടെ നേരിടേണ്ടി വരിക.

ഇത് ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നാടകമായി മാത്രമായേ എനിക്ക് ഇതിനെ കാണാന്‍ സാധിക്കൂ. കോണ്‍ഗ്രസിന് സത്യത്തില്‍ ഈ വിജയം ഒരു ആഘാതമായിരുന്നു. അവര്‍ പോലും ഇത് പ്രതീക്ഷിച്ചില്ല. ഈ വിജയം ഒരിക്കലും കോണ്‍ഗ്രസിന്റെ നേട്ടമല്ലെന്ന് ഇവിടുത്തെ എല്ലാവര്‍ക്കും അറിയാം. ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സംഘപരിവാറിന്റെ അഴിഞ്ഞാട്ടത്തില്‍ വളരെ വലിയ ഒരു ഭീതിയില്‍ ആയിരുന്നു. അമിത് ഷായെ പോലുള്ള നേതാക്കള്‍ ഇവിടെ വന്ന് നടത്തിയ ആഹ്വാനങ്ങളിലും അവര്‍ക്ക് ഭയമുണ്ടായിരുന്നു. അവരുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ടുണ്ടായ ഭീതിയില്‍ നിന്നാണ് അവര്‍ യുഡിഎഫിന് വോട്ട് ചെയ്തത്. അതൊരു വശത്ത്, സിപിഎമ്മിനെതിരെ പല വിഷയങ്ങളിലും ഉയര്‍ന്ന പ്രതിഷേധങ്ങളും കൂടി ചേര്‍ന്നപ്പോള്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകുകയായിരുന്നു.

എല്‍ഡിഎഫിന് അല്ലെങ്കില്‍ സിപിഎമ്മിന് വന്ന വീഴ്ചകള്‍ വിലയിരുത്തിക്കൊണ്ട് അത് മറികടക്കാനാണ് ശ്രമിക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ ഈ നവോത്ഥാനവുമായി ബന്ധപ്പെട്ടുകൊണ്ട് ഒരുപാട് ആളുകള്‍ ഇടതുപക്ഷ ധാരയില്‍ നിന്നും വിട്ടുപോകുകയും ഒപ്പം ചേരുകയും ചെയ്ത ഒരു സാഹചര്യമുണ്ടായിരുന്നു. ആ സാഹചര്യത്തെ പിന്നോട്ടടിച്ചു കൊണ്ട് ഇവിടെ നിലനില്‍ക്കുന്ന അനാചാരങ്ങളുടെ സംരക്ഷകരായി മാറിയ ഈ ആളുകളില്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് എന്ത് പ്രതീക്ഷയാണുള്ളത്? കാര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത സാധാരണയില്‍ താഴെയുള്ള ഒരു പൗരന്റെ തലത്തിലേക്ക് ബഹുമാനപ്പെട്ട എംപി മാറിയെന്നതില്‍ നമുക്ക് പരിതപിക്കാം. ബോധപൂര്‍വം ഇത്തരമൊരു നിലപാടിലേക്കെത്തുമ്പോള്‍ അത് സഹതാപം മാത്രമാണ് അര്‍ഹിക്കുന്നത്. ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. അത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലുമെല്ലാം ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും.’ അവര്‍ വ്യക്തമാക്കി.

read more:ആരിഫ് മുതല്‍ കടകംപള്ളി വരെ; യഥാര്‍ത്ഥത്തില്‍ ശബരിമലയില്‍ എന്താണ് സിപിഎം നിലപാട്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍